Current Date

Search
Close this search box.
Search
Close this search box.

ഉസാമ ബിന്‍ലാദന്റെ മകന്‍ കൊല്ലപ്പെട്ടെന്ന് യു.എസ്

വാഷിങ്ടണ്‍: അല്‍ ഖ്വയ്ദ നേതാവായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി അവകാശവാദമുന്നയിച്ച് യു.എസ്. യു.എസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബുധനാഴ്ച റോയിറ്റേഴ്‌സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, എന്നാണ് കൊല്ലപ്പെട്ടതെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ സന്ദര്‍ഭമമോ സമയമോ പുറത്തുവന്നിട്ടില്ല.

നേരത്തെ എന്‍.ബി.സി ന്യൂസ് വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ട്രംപ് വിസമ്മതിക്കുകയും ചെയ്തിരുന്നു. ഉസാമ ബിന്‍ലാദന്റെ മകന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് താങ്കള്‍ക്ക് അറിയുമോ എന്നാണ് ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഞാന്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ട്രംപ് അവരോട് പറഞ്ഞത്. വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെയായി വൈറ്റ് ഹൗസ് വൃത്തങ്ങളും തയാറായിട്ടില്ല.

അമേരിക്കയെയും സഖ്യകക്ഷികളെയും അക്രമിക്കണമെന്ന ഓഡിയോയും വീഡിയോയും പുറത്തിറങ്ങിയതിനെ തുടര്‍ന്ന് 2017ല്‍ അമേരിക്ക ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹംസ ബിന്‍ലാദനെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും പിടിച്ചുകൊടുക്കുന്നവര്‍ക്ക് അമേരിക്ക പത്ത് ലക്ഷം ഡോളര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സൗദിയില്‍ ജനിച്ച ഹംസ ബിന്‍ലാദന് ഇപ്പോള്‍ 30 വയസ്സുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിന്‍ലാദന്റെ മരണത്തിന് ശേഷം അല്‍ ഖാഇദയുടെ ചുമതലയേറ്റെടുത്ത ഹംസ ബിന്‍ലാദന്റെ പൗരത്വം സൗദി അറേബ്യ മാര്‍ച്ചില്‍ റദ്ദാക്കിയിരുന്നു

Related Articles