Current Date

Search
Close this search box.
Search
Close this search box.

ഐക്യമാണ് കാലം ആവശ്യപ്പെടുന്നത് – ഉസ്താദ് അലിയാര്‍ ഖാസിമി

ചോദ്യം : നിരന്തരം സമുദായത്തിനിടയില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് സാമുദായിക ഐക്യം എന്നുള്ളത്. എന്തൊക്കെയാണ് അതിന്റെ സാധ്യതകളും പ്രതിസന്ധികളും?

ഉത്തരം: നിലവിലെ  രാഷ്ട്രീയ സാഹചര്യത്തില്‍ സാമുദായിക ഐക്യം അത്യാവശ്യമാണ് എന്നത് എല്ലാവര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്.സമുദായത്തിനുള്ളില്‍ വ്യത്യസ്ത ആശയങ്ങളെ പ്രധിനിതീകരിക്കുന്ന ഓരോ സംഘടനകള്‍ക്കും അവരവരുടെ ഭാഗവും,ആശയവും ശരിയാണ് എന്നു വാദിക്കുന്നതിനും, സ്ഥാപിക്കുന്നതിനുമുള്ള എല്ലാ അവകാശങ്ങളും ഉള്ളതോടൊപ്പം തന്നെ ആശയ സംവാദത്തിനിടയിലും പരസ്പരബന്ധവും, സഹവര്‍ത്തിത്വവും നിലനിര്‍ത്തേണ്ടതുണ്ട്. സമുദായത്തിന് പുറത്തുള്ളവരോട് പോലും അത്തരം സമീപനമാണ് സ്വീകരിക്കേണ്ടത് അതാണ് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക മൂല്യവും. എന്നതുകൊണ്ടുതന്നെ മുസ്ലിം സമുദായത്തിനിടയില്‍ ആശയപരമായ അഭിപ്രായഭിന്നതകള്‍ ഉണ്ടെന്നതിന്റെ പേരില്‍ ശത്രുതപരമായ സമീപനം സംഘടനകള്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത് പല രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ് സാമുദായിക ഐക്യത്തിലേക്കെത്താനുള്ള വലിയ പ്രതിസന്ധി.പല മുസ്ലിം സംഘടനകളും പരസ്പരം വെച്ചുപുലര്‍ത്തുന്ന അകല്‍ച്ചയും,വൈരവും ഇസ്ലാമിന്റെ ശതൃക്കളോടു വെച്ചുപുലര്‍ത്തുന്നതിനേക്കാള്‍ ഭയാനകവും ഖേദകരവുമാണ്. പാശ്ചാത്യ സ്വാഭാവത്തിലാണ് നമ്മുടെ സംഘടനകള്‍ ഒക്കെത്തന്നെ കെട്ടിപ്പടുത്തത്.അത്‌കൊണ്ട് തന്നെ വ്യത്യസ്ത തരത്തിലുള്ള പാശ്ചാത്യ സ്വാധീനവും അതിനകത്തു വന്നിട്ടുണ്ട്. ഒരു സംഘടനയുടെ പ്ലാറ്റ്‌ഫോമില്‍ മറ്റൊരു സംഘടന വന്നുകൂടാ, പരിപാടികളില്‍ സഹകരിച്ചു കൂടാ,നന്മയില്‍ ഒത്തൊരുമിച്ചുകൂടാ, എന്നതൊക്കെ ഇത്തരം സ്വാധീനങ്ങളുടെ ഫലമാണ്. ഇതൊക്കെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും, ആധുനിക പ്രത്യയശാസ്ത്രങ്ങളുടെയും രീതിയാണ്. ഇവയൊന്നും തന്നെ ഇസ്ലാമികമല്ല. ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ മാത്രമേ അതിനെ നമുക്ക് മറികടക്കാന്‍ സാധിക്കുകയുള്ളൂ. ഹിന്ദുത്വ ഫാസിസ്റ്റുകളുടെയും, മറ്റുവര്‍ഗീയദ്രുവീകരണ ശക്തികളുടെടെയും പ്രവര്‍ത്തനങ്ങള്‍ മൂലം രാജ്യത്തെ മുസ്ലിമിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. അതുകൊണ്ടു തന്നെ നമ്മുടെ ശബ്ദം ദുര്‍ബലമായാല്‍ നമുക്ക് നിലനില്‍ക്കാന്‍ കഴിയില്ല എന്നു തിരിച്ചറിഞ്ഞ് ഈ സാഹചര്യത്തിലെങ്കിലും ശബ്ദം ദുര്‍ബലമാകാതെയും ശക്തി ശിഥിലമാകാതെയും നോക്കേണ്ട ബാധ്യത നിലനില്‍പാഗ്രഹിക്കുന്ന ഏതൊരു മുസ്ലിം സംഘടനക്കുമുണ്ട് എന്ന് ഓരോ മുസ്ലിമും അവരുള്‍പ്പെട്ടിട്ടുള്ള ഓരോ സംഘടനയും തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോഴാണ് അതിനേറ്റവും അനിവാര്യമായ സാഹചര്യം.രാജ്യത്തെ മുപ്പതുകോടി മുസ്ലിംകള്‍ ഒന്നിച്ചു നിന്ന് ശബ്ദിച്ചാല്‍ ഒരു നീതിന്യായ വ്യവസ്ഥക്കോ, ഭരണകൂടത്തിനോ അത് തള്ളിക്കളയാനാവില്ല.പല മുസ്ലിം സംഘടനകളും അതിനു മുന്‍പന്തിയിലുണ്ട് എന്നത് ശുഭസൂചനയാണ്. നമ്മുടെ ശബ്ദം ശിധിലമാവുന്നു എന്നതില്‍ നിന്നാണ് ശത്രുവിന്റെ ശക്തി വര്‍ധിക്കുന്നത് എന്ന് നാം തിരിച്ചറിയുന്നതിലൂടെ മാത്രമാണ് ഐക്യപ്പെടലിനുള്ള സാധ്യത തുറന്നു വരുന്നത്.

ചോദ്യം: കെ. ആര്‍ ഇന്ദിരയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം, ചര്‍ച്ചചെയ്യപ്പെട്ടത് അവര്‍ ഒരു സംഘ്പരിവാര്‍ വക്താവ് എന്ന നിലയിലാല്ലോ. അതിലുപരി അവര്‍ ഒരു യുക്തിവാദി കൂടിയാണ്. അതുമായി ബന്ധപ്പെട്ട പല മേഖലകളിലും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പൊതുവെ പറയപ്പെടാറ് യുക്തിവാദികള്‍ എല്ലാമതങ്ങളെയും ഒരു പോലെ നോക്കി കാണുന്നു എന്നാണ്.പക്ഷേ എന്തുകൊണ്ടാണ് മുസ്ലിംകളുടെയും ഇസ്ലാമിന്റെയും കാര്യം വരുമ്പോള്‍ മാത്രം ഇത്തരം ഇസ്ലാമോഫോബിക് ആയിട്ടുള്ള മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളും ആക്രമണങ്ങളും ഉണ്ടാവുന്നത്.

ഉത്തരം: യുക്തിവാദികളെ സംബന്ധിച്ചിടത്തോളം അവര്‍ അരാജകത്വവാദികളും അരാജകജീവികളുമാണ്. ജീവിതത്തില്‍ ഒരു തരത്തിലുള്ള അച്ചടക്കമോ, ചിട്ടയോ അവര്‍ അംഗീകരിക്കുന്നില്ല. ഒരു thinking animal എന്നതിനപ്പുറത്തേക്ക് മനുഷ്യനു ഒരുതരത്തിലുള്ള അസ്ഥിത്തവും അവര്‍ അംഗീകരിക്കുന്നില്ല. അത്‌കൊണ്ട്തന്നെ ചിന്ത എന്നമൂല്യത്തിനപ്പുറത്തേക്ക് ഏതൊരു തരത്തിലുള്ള മാനുഷിക മൂല്യങ്ങളും അവര്‍ക്കുണ്ടന്നോ ഇല്ലന്നോ പറയാന്‍ കഴിയില്ല. മാനുഷിക മൂല്യങ്ങളെപ്പറ്റി വാചാലരായില്ലെങ്കില്‍ സമൂഹത്തിലെ നിലനില്‍പ് ഭീഷണിയിലാണ് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയത് കൊണ്ട് മാത്രം ഒരു പുറം മോഡിയായി അതിനെ ഉപയോഗിക്കുന്നവരാണ് അധികവും. അതിനാല്‍ തന്നെ അവര്‍ എല്ലാ തരം ചിട്ടകളെയും വെറുക്കുന്നു. പ്രപഞ്ചം താനേ ഉണ്ടായതാണ് എന്നു പറയുന്നതിലൂടെ എല്ലാ തരം അച്ചടക്കങ്ങളെയും ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. മറിച്ച് ഇസ്ലാം ചിട്ടയാണ്. പ്രകൃതിയില്‍ എല്ലാം ചിട്ടയോട്കൂടി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇസ്ലാം മുന്നോട്ടുവെക്കുന്ന ആശയം. ആ ചിട്ടയില്‍ നിന്ന് കൊണ്ട് മുസ്ലിംകള്‍ അവന്റെ ആചാരനുഷ്ടാനങ്ങളെ ക്രമീകരിക്കുന്നു. അതില്‍ അവനു ചിലത് അഭികാമ്യമാണ് മറ്റുചിലത് നിഷിദ്ധവുമാണ്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന്‌കൊണ്ടല്ലാതെ ഒന്നിലും മുസ്ലിംകള്‍ തീരുമാനം എടുക്കുന്നില്ല എന്നതാണ് അതിന്റെ കാരണം. ഇതൊന്നും ബാധകമാവാത്ത ആളുകള്‍ ആണ് യുക്തിവാദികള്‍ അതുകൊണ്ടു തന്നെ ഇസ്ലാം മാറ്റങ്ങള്‍ക്ക് വിധേയമാവാത്ത മതമാണ്, പ്രാകൃത മതമാണ് എന്നൊക്ക പറഞ്ഞുകൊണ്ട് അതിനെ എല്ലാ തരത്തിലും വെറുക്കുന്നു. മതത്തിന്റെ ആദര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നവരാണ് മുസ്ലിംകള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ കൊണ്ട്‌പോലും മൂല്യങ്ങള്‍ അടിയറവു വെക്കാത്തവരാണവര്‍. ഈ ഇസ്ലാമിക ആശയത്തെ വെറുത്താലേ അവര്‍ക്കു നിലനില്‍പുള്ളൂ എന്നവര്‍ മനസ്സിലാക്കുകയും, ഇസ്ലാമിനെ താങ്ങളുടെ ഏറ്റവും വലിയ ശത്രുവായികാണുകയും ചെയ്യുന്നു. അതിനാല്‍ തന്നെ കുപ്രചരണങ്ങള്‍ നടത്തിയും, മുസ്ലിംവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചും തീര്‍ത്തും islamophoboic ആയിട്ടുള്ള ഓരന്തരീക്ഷം നിര്‍മിചേടുക്കാന്‍ നിരന്തരം യുക്തിവാദികള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

(ഉസ്താദ് അലിയാര്‍ അല്‍ ഖാസിമിയുമായി ഇസ് ലാം ഓണ്‍ലൈവ് പ്രതിനിധി നടത്തിയ അഭിമുഖത്തില്‍ നിന്ന്.. )

Related Articles