Current Date

Search
Close this search box.
Search
Close this search box.

ബാല്യം

തിരുമേനിയെ മാതാവ് ആമിനാ ബീവിയാണ് ആദ്യം മുലയൂട്ടിയത്. തന്റെ മാതാവിന് ശേഷം കുഞ്ഞിന് ആദ്യം മുലയൂട്ടിയത് അബൂലഹബിന്റെ ദാസി സുവൈബയാണ്. ഇതിനു മുമ്പ് സുവൈബ അബ്ദുല്‍ മുത്വലിബിന്റെ പുത്രന്‍ ഹംസയേയും പിന്നീട് മഖ്‌സും ഗോത്രക്കാരന്‍ അബ്ദുല്‍ അസദിന്റെ പുത്രന്‍ അബൂസലമയേയും മുലയൂട്ടിയിട്ടുണ്ട്.

സഅദ് ഗോത്രത്തില്‍
തങ്ങളുടെ മക്കള്‍ക്ക് മുലയൂട്ടാന്‍ മാതാക്കളെ അന്വേഷിക്കുക നാഗരികമായ അറബികളുടെ പതിവാണ്. ഇത് നാഗരിക ദൂഷ്യങ്ങള്‍ ഏല്‍ക്കാതിരിക്കാനും ശരീരപുഷ്ടിയും ഭാഷാശുദ്ധിയും കൈവരാനുമായിരുന്നു. അബ്ദുല്‍ മുത്വലിബും ഒരു മാതാവിനെ അന്വേഷിച്ചു. സഅദ്ബ്‌നു ബക്‌റ് ഗോത്രത്തിലെ അബൂദുവൈബിന്റെ പുത്രി ഹലീമയെ ഇതിന്നായി ലഭിച്ചു. അവരുടെ ഭര്‍ത്താവ് അബൂകബ്ശ: എന്നറിയപ്പെടുന്ന ഹാരിഥ് ബിന്‍ അബ്ദുല്‍ ഉസ്സയായിരുന്നു. അവിടെ മുലകുടി ബന്ധത്തിലൂടെയുള്ള റസൂല്‍(സ)യുടെ സഹോദരങ്ങള്‍, അബ്ദുല്ലാഹ്ബിന്‍ ഹാരിസ്, അനീസ ബിന്‍ത് ഹാരിസ്, ഹുദാഫ (ജൂദാമ) ബിന്‍ത് ഹാരിസ് (ശൈമാഅ് യഥാര്‍ഥ പേര്) എന്നിവരാണ്.
രണ്ടു വര്‍ഷത്തിനുശേഷം ഹലീമ കുട്ടിയെ മടക്കിക്കൊണ്ടുവന്നു. മക്കയില്‍ ഒരുരോഗം പടര്‍ന്നു പിടിച്ച കാലമായിരുന്നു അത്.അതിനാല്‍ തിരുമേനിയെ മാതാവ് കുട്ടിയെ വീണ്ടും ഗ്രാമത്തിലേക്ക് തന്നെ തിരിച്ചയച്ചു. തിരുമേനി ഏതാണ്ട് ആറ് വയസ് വരെ അവിടെതന്നെ താമസിച്ചു.

നെഞ്ച് പിളര്‍ന്ന സംഭവം
സഅദ് കുടുംബത്തില്‍ കഴിച്ചുകൂട്ടുന്നതിനിടയില്‍ നാല് വര്‍ഷം പിന്നിട്ടപ്പോള്‍ ഹൃദയഭേദകമായ സംഭവം നടന്നു. മുസ്‌ലിം അനസ്(റ)വില്‍ നിന്ന് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) കൂട്ടുകാരുടെ കൂടെ കളിച്ചുകൊണ്ടിരിക്കെ ജിബരീല്‍(അ) പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ പിടിച്ചു ,അതോടെ അദ്ദേഹം ബോധരഹിതനായി. എന്നിട്ട് നെഞ്ച് പിളര്‍ത്തിഹൃദയം പുറത്തെടുത്ത് അതില്‍ നിന്ന് ഒരംശം പുറത്ത് കളഞ്ഞു. ജിബരീല്‍(അ) പറഞ്ഞു: ഇത് പിശാചിന്റെ അംശമാണ്. പിന്നീടത് സ്വര്‍ണ്ണത്തളികയില്‍ സംസം വെള്ളം കൊണ്ട് കഴുകി തുന്നിച്ചേര്‍ത്ത് പൂര്‍വ്വസ്ഥിതിയില്‍ സ്ഥാപിച്ചു. കുട്ടികള്‍ പോറ്റുമ്മയുടെ അടുക്കലേക്ക് ‘മുഹമ്മദ് വധിക്കപ്പെട്ടു’ എന്ന് പറഞ്ഞ്‌കൊണ്ട് ഓടി. അവര്‍ വന്നപ്പോള്‍ അദ്ദേഹം വിവര്‍ണനായി നില്‍ക്കുന്നതാണ് കണ്ടത്. ആ തുന്നിയ പാട് അവിടുത്തെ മാറില്‍ കണ്ടിരുന്നുവെന്ന് അനസ്(റ) പറയുന്നു.

 

മാതാവിന്റെ മരണം
തിരുമേനിക്ക് ആറുവയസ്സായപ്പോള്‍ മാതാവ് കുട്ടിയെയും കൂട്ടി മദീനയിലേക്ക് പോയി. തന്റെ ഭര്‍ത്താവിന്റെ മഖ്ബറ സന്ദര്‍ശിക്കാനായിരുന്നു ഈ യാത്രയെന്നു കരുതപ്പെടുന്നു. ഏകദേശം അങ്ങനെ അഞ്ഞൂറ് കി. മീ. താണ്ടി അവളും അനാഥബാലനും ദാസ്യഉമ്മു ഐമനും സംഘം നേതാവ് അബ്ദുല്‍ മുത്വലിബും അവിടെ എത്തി. ഒരു മാസത്തിനു ശേഷം മടങ്ങി. മടക്കയാത്രയില്‍ ആമിന രോഗിണിയായി. മക്കക്കും മദീനക്കും ഇടയില്‍ അബ്‌വാ എന്ന സ്ഥലത്ത് വെച്ച് ആമിന നിര്യാതയായി. മയ്യിത്ത്് അവിടെ തന്നെ മറവ്‌ചെയ്യപ്പെട്ടു.

അബ്ദുല്‍ മുത്തലിബിന്റെയും അബൂത്വാലിബിന്റെയും കൂടെ
മാതാവിന്റെ മരണശേഷം തിരുമേനിയുടെ സംരക്ഷണ ഭാരം മുഴുവന്‍ പിതാമഹന്‍ അബ്ദുല്‍ മുത്തലിബിനായി. അദ്ദേഹം തിരുമേനിയെ കൂടെ കൊണ്ടുനടന്നു. തിരുമേനിക്ക്് എട്ടുവയസ്സായപ്പോള്‍ അദ്ദേഹം മരണപ്പെട്ടു.
മരണസമയത്ത് തിരുമേനിയെ സംരക്ഷിക്കാന്‍ അദ്ദേഹം പുത്രന്‍ അബൂത്വാലിബിനെ ഭരമേല്‍പിച്ചു. അദ്ദേഹം വളരെ നല്ലനിലയില്‍ ആ കടമ നിര്‍വഹിച്ചു. അബൂത്വാലിബിന്റെയും തിരുമേനിയുടെ പിതാവ് അബ്ദുല്ലയുടെയും മാതാവ് ഒന്നായിരുന്നു. ഈ പരിഗണനയിലും അബൂത്വാലിബിന് തിരുമേനിയോട് വളരെ ഇഷ്ടമായിരുന്നു. സ്വന്തം കുട്ടികളേക്കാളുപരി തിരുമേനിയോടായിരുന്നു അദ്ദേഹത്തിന് വാല്‍സല്യം. ഉറങ്ങുമ്പോള്‍ തിരുമേനിയെ കൂടെ കിടത്തും. പുറത്തിറങ്ങുകയാണെങ്കില്‍ കൂടെ കൂട്ടും.
നബിക്ക് പന്ത്രണ്ടു വയസ്സായപ്പോള്‍ കൂട്ടുകാരോടൊത്ത് ആടുമേച്ചു തുടങ്ങി. അറബികള്‍ക്കിടയില്‍ ഇതൊരു താഴ്ന്ന ജോലി ആയിരുന്നില്ല. കുലീന കുടുംബത്തിലെ കുട്ടികള്‍ ആടുമേക്കുക പതിവായിരുന്നു.
വ്യാപാരിയായിരുന്ന അബൂത്വാലിബ് ഖുറൈശികളുടെ പതിവനുസരിച്ച് വര്‍ഷത്തിലൊരിക്കല്‍ സിറിയയിലേക്ക് യാത്രപോകാറുണ്ടായിരുന്നു. നബിക്ക് പന്ത്രണ്ടു വയസ്സായപ്പോള്‍ തിരുമേനിയും യാത്രക്ക് വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചു. യാത്രയിലെ പ്രയാസങ്ങളോര്‍ത്തപ്പോല്‍ തിരുമേനിയെ കൂടെകൂട്ടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. പക്ഷെ, നബിയോടുളള അതിയായ സ്‌നേഹം കാരണം സിറിയയിലേക്ക് ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

Related Articles