Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനിന്ദ അന്നും ഇന്നും

ആദരവായ മുഹമ്മദ് മുസ്ത്വഫാ(സ)യുടെ പ്രതിമയോ പടമോ ലോകത്തെങ്ങുമില്ല. അദ്ദേഹത്തിന്റെ ചൈതന്യം വഹിക്കുന്നതെന്നവകാശപ്പെടുന്ന പ്രതിഷ്ഠകളും ആസ്ഥാനങ്ങളുമില്ല. അദ്ദേഹം ആരാലും പൂജിക്കപ്പെടുന്നില്ല. പ്രാര്‍ഥിക്കപ്പെടുന്നുമില്ല. ഇതൊന്നുമില്ലാതെത്തന്നെ കോടാനുകോടി മുസ്‌ലിം ഹൃദയങ്ങളില്‍ നിത്യമായി നിറഞ്ഞുനില്‍ക്കുന്ന അത്ഭുത പ്രതിഭാസമാണ് മുഹമ്മദീയ പ്രവാചകത്വം. ദിവസത്തില്‍ ഒരു ഇരുപത് തവണയെങ്കിലും അന്ത്യപ്രവാചകനെ ഓര്‍ക്കാത്ത, ആ തിരുനാമം ഉരുവിടാത്ത, അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥന ചൊല്ലാത്ത വിശ്വാസികള്‍ വിരളമാണ്. കേവലം ഒരു ജഡരൂപമല്ല മുസ്‌ലിം ഹൃദയങ്ങളില്‍ നിത്യസാന്നിധ്യമായ മുഹമ്മദീയ വ്യക്തിത്വം; പ്രപഞ്ചത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഒരു ദര്‍ശന യാഥാര്‍ഥ്യവും അതിന്റെ പ്രയോഗ വ്യാഖ്യാനവുമാണ്. അത് അവന്റെ സ്വത്വമാണ്, ജീവിതത്തിന്റെ വെളിച്ചമാണ്, അര്‍ഥമാണ്, അസ്തിവാരമാണ്. അതുകൊണ്ട് മുസല്‍മാന്‍ സ്വന്തം പുത്രകളത്രങ്ങളേക്കാളും മാതാപിതാക്കളേക്കാളും എന്നു വേണ്ട ലോകത്തെങ്ങുമുള്ള മറ്റെല്ലാറ്റിനേക്കാളും ഏറെ മുഹമ്മദ് നബി(സ)യെ സ്‌നേഹിക്കുന്നു. അങ്ങനെ സ്‌നേഹിക്കുന്നവനേ യഥാര്‍ഥ വിശ്വാസിയാകൂ എന്നാണ് പ്രമാണം. പ്രവാചകനോടുള്ള സ്‌നേഹാധിക്യത്തിന്റെ തോതാണ് ഒരുവന്റെ വിശ്വാസ ബലത്തിന്റെ മാനദണ്ഡം. വിശ്വാസ ബലം പ്രവാചക സ്‌നേഹത്തിന്റെയും മാനദണ്ഡമാകുന്നു. കാരണം, ഉദാത്തമായ ഈ സ്‌നേഹാതിരേകം ശരീര രൂപങ്ങളോടുള്ള ഭ്രമമല്ല; ഒരു ജീവിതദര്‍ശനത്തോടുള്ള പ്രതിജ്ഞാബദ്ധതയാകുന്നു. പ്രവാചകന്റെ തത്ത്വോപദേശങ്ങള്‍, സ്വഭാവ ചര്യകള്‍, നടത്തം, ഇരുത്തം, അടക്കം, അനക്കം, സംസാരം, മൗനം എല്ലാം മുസല്‍മാന് ഏറ്റം പ്രിയപ്പെട്ട മാതൃകകളും പ്രമാണങ്ങളുമാകുന്നു. ഈ രീതിയില്‍ ആദരിക്കപ്പെടുന്ന ഒരാള്‍ ജനഹൃദയങ്ങളില്‍ നിലനില്‍ക്കാന്‍ പ്രതിമകളും പ്രതിഷ്ഠകളും ആവശ്യമില്ല. പ്രതിമകളും പ്രതിഷ്ഠകളും ആശയ യാഥാര്‍ഥ്യങ്ങളോടുള്ള പ്രതിബദ്ധതയെ നിര്‍ജീവമായ ജഡരൂപങ്ങളോടുള്ള ആരാധനയാക്കി മാറ്റുന്നു. അതിനാല്‍ തന്റേതു മാത്രമല്ല, ലോകത്ത് ഒരു രൂപവും ദൈവരൂപം പോലും ആരാധിക്കപ്പെടുന്നത് കര്‍ശനമായി വിലക്കിയ ആചാര്യനാണ് മുഹമ്മദ്(സ). പ്രവാചകന്മാരെ വിഗ്രഹങ്ങളാക്കി പ്രതിഷ്ഠിക്കുകയും അദ്ദേഹം പ്രബോധനം ചെയ്ത സന്ദേശങ്ങളനുസരിക്കുന്നതിനു പകരം ആ വിഗ്രഹങ്ങള്‍ക്ക് പൂജ ചെയ്ത് സായൂജ്യമടയുകയും ചെയ്യുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണ് മുഹമ്മദ് നബി(സ)യോടുള്ള മുസ്‌ലിംകളുടെ ഈ സമീപനം.

ഇസ്‌ലാമിന്റെ ആദ്യ നാളുകള്‍ തൊട്ടേ ഇസ്‌ലാംവിരുദ്ധ ശക്തികള്‍ വിശുദ്ധ ഖുര്‍ആനെയും അന്ത്യപ്രവാചകനെയും ക്രൂരമായി അപഹസിക്കുകയും നിന്ദിക്കുകയും ചെയ്തുവന്നിട്ടുണ്ട്. നേര്‍ക്കുനേരെ എതിര്‍ത്തു തോല്‍പിക്കാനാവാത്ത സത്യങ്ങള്‍ക്കെതിരെ പ്രതിയോഗികള്‍ എക്കാലത്തും ഉപയോഗിക്കാറുള്ള തന്ത്രങ്ങളാണ് നിന്ദയും പരിഹാസവും. വിശുദ്ധ ഖുര്‍ആന്റെ ആശയഗരിമയും അമാനുഷിക ഗാംഭീര്യവും ഭാഷാ സൗന്ദര്യവും രഹസ്യമായി സമ്മതിച്ചിരുന്ന ഖുറൈശികള്‍ തന്നെയാണ് അത് പൈശാചിക വചനങ്ങളാണ്, മന്ത്രവാദ ശ്ലോകങ്ങളാണ്, ജിന്നുബാധയേറ്റവന്റെ ജല്‍പനങ്ങളാണ്, എങ്ങു നിന്നൊക്കെയോ കേട്ടെഴുതി കൊണ്ടുവന്നതാണ് എന്നൊക്കെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തിരുന്നത്. ഭ്രാന്തന്‍, ജിന്നുബാധിച്ചവന്‍, വ്യാജന്‍ എന്നെല്ലാം പ്രവാചകനെ നിന്ദിച്ചിരുന്നവര്‍ക്ക്, നബിയുടെ ബുദ്ധിവൈഭവത്തിലോ വിവേകത്തിലോ സത്യസന്ധതയിലോ ഒട്ടും സംശയമുണ്ടായിരുന്നില്ല. പ്രവാചകന് ശിഷ്യന്മാര്‍ വര്‍ധിക്കുമ്പോള്‍ പ്രതിയോഗികളുടെ ആക്ഷേപശകാരങ്ങളും നിന്ദയും വര്‍ധിച്ചിരുന്നതായും കാണാം. അതുവഴി പ്രവാചകനിലേക്കുള്ള അന്വേഷകരുടെ ഒഴുക്ക് തടയാനും അദ്ദേഹത്തിന്റെ പിന്നിലുള്ളവരില്‍ അപകര്‍ഷതയുളവാക്കി വിശ്വാസിസമൂഹത്തെ ശിഥിലമാക്കാനും കഴിയുമെന്ന് വ്യാമോഹിക്കുകയായിരുന്നു അവര്‍. ഇന്നും ‘പൈശാചികവചനങ്ങള്‍’ രചിക്കപ്പെടുന്നതിന്റെയും ഖുര്‍ആന്‍ ചീന്തിയെറിഞ്ഞും കത്തിച്ചുകളഞ്ഞും അവമതിക്കപ്പെടുന്നതിന്റെയും പ്രവാചകനിന്ദാ കാര്‍ട്ടൂണുകളും സിനിമകളും പ്രചരിപ്പിക്കപ്പെടുന്നതിന്റെയും ലക്ഷ്യം മറ്റൊന്നല്ല. ഇന്നത് പണ്ടത്തേക്കാള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്യപ്പെടുന്നുവെന്നേയുള്ളൂ. നാനാ വിധ വംശ വര്‍ണ ദേശ ഭാഷാ വൈവിധ്യങ്ങളെല്ലാമുണ്ടായിട്ടും ലോകത്തെങ്ങും ചിതറിക്കിടക്കുന്ന മുസ്‌ലിംകളെ ഐക്യപ്പെടുത്തുകയും ആത്മവീര്യം പകരുകയും ചെയ്യുന്ന ഏറ്റം ശക്തമായ ചിഹ്നങ്ങളാണ് വിശുദ്ധ ഖുര്‍ആനും മുഹമ്മദീയ പ്രവാചകത്വവുമെന്ന് പൈശാചിക ശക്തികള്‍ക്ക് നന്നായറിയാം. അവയെ ദുര്‍ബലപ്പെടുത്താനും മലിനമാക്കാനും ഏത് നെറികെട്ട രീതിയും അവര്‍ അവലംബിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ പ്രകാശത്തെ വാ കൊണ്ട് ഊതിക്കെടുത്താനാണവര്‍ ശ്രമിക്കുന്നത്. പക്ഷേ, അതു കെട്ടുപോകുമെന്നത് വ്യാമോഹം മാത്രമാകുന്നു.

ഖുര്‍ആന്‍ അവമതിക്കപ്പെടുകയും പ്രവാചകന്‍ നിന്ദിക്കപ്പെടുകയും ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ ദുഃഖിതരും വികാരവ്രണിതരുമാവുക സ്വാഭാവികമാണ്. തീര്‍ച്ചയായും പ്രതിഷേധാര്‍ഹവും അപലപനീയവുമായ നടപടി തന്നെയാണ് വേദവും പ്രവാചകനും അവഹേളിക്കപ്പെടുന്നത്. അതുപക്ഷേ, സമചിത്തത കൈവെടിയാനും അന്ധമായ രോഷാവേശത്താല്‍ അക്രമാസക്തരായിത്തീരാനും കാരണമായിക്കൂടാ. പ്രവാചകനെ ഏറ്റവുമധികം സ്‌നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍, പ്രതിയോഗികളുടെ ആക്ഷേപശകാരങ്ങളും പരിഹാസങ്ങളും കേട്ട് ഒരിക്കലും അക്രമാസക്തരായി പ്രതികാരത്തിന് മുതിര്‍ന്ന ചരിത്രമില്ല. അവിവേകികളുടെ പുഛവും പരിഹാസവും അവഗണിക്കാനാണ് അല്ലാഹു പ്രവാചകനോടും ശിഷ്യന്മാരോടും കല്‍പിച്ചത്. അതായിരുന്നു അവര്‍ക്കുള്ള ഏറ്റം ശക്തമായ മറുപടി. അന്ന് പ്രവാചകശിഷ്യന്മാര്‍ അക്രമാസക്തരായി പ്രതികരിച്ചിരുന്നുവെങ്കില്‍ മുസ്‌ലിം സമൂഹം അതിന് കൊടുത്തു തീര്‍ക്കാനാവാത്ത വില നല്‍കേണ്ടിവരുമായിരുന്നു. ഈ യാഥാര്‍ഥ്യം ആധുനിക സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നു. ഇന്ന് ഖുര്‍ആന്‍പ്രവാചക നിന്ദകള്‍ കൊണ്ട് മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന കുടില ശക്തികള്‍ക്ക് ഈയൊരു ദുഷ്ടലാക്ക് കൂടിയുണ്ടെന്ന് സമുദായം തിരിച്ചറിയണം. പ്രതിയോഗികള്‍ പ്രകോപിപ്പിക്കുമ്പോള്‍ സമുദായം പ്രകോപിതരാകുന്നത് അവരുടെ വിജയവും സമുദായത്തിന്റെ പരാജയവുമാണ്.

Related Articles