Current Date

Search
Close this search box.
Search
Close this search box.

പുഞ്ചിരിയെ ചിരിച്ചു തള്ളല്ലേ….

ചിലയാളുകള്‍ക്ക് പുഞ്ചിരിക്കാനും മനസ്സുതുറന്ന് ചിരിക്കാനുമെല്ലാം വല്ലാത്ത മടിയാണ്. മസിലുപിടിച്ചാലെ ആളുകള്‍ അംഗീകരിക്കൂ എന്ന തോന്നലുകൊണ്ട് ചിരിക്കാന്‍ കഴിയാത്തവരുണ്ട്. അന്തര്‍മുഖത്വവും അപകര്‍ഷതയും ചിലരുടെ മുഖം സദാ മേഘാവൃതമാക്കുന്നു. സ്വന്തം സഹോദരനെ പ്രസന്നവദനനായി അഭിമുഖീകരിക്കുന്നതു പോലും ദാനദര്‍മ്മമായി പഠിപ്പിച്ചിട്ടുണ്ട് പ്രവാചകന്‍.

പാകത്തിനുള്ള ചിരി പ്രയാസങ്ങള്‍ ലഘൂകരിക്കാനും ദു:ഖങ്ങള്‍ മായ്ചുകളയാനും സഹായിക്കും. മനസ്സിന്റെ സന്തോഷവും ഹൃദയത്തിന് ഉന്മേഷവും പകരുന്നതായിരിക്കും അവ. അത് നന്മയുടെ പൂര്‍ണതയും ആശ്വാസത്തിന്റെ ഉച്ഛിയുമാണ്. അതിനാല്‍ അധികമാവാതെ മിതമായി ചിരിക്കുക.

ചിരി ഇഷ്ടത്തിലേക്കുള്ള കവാടവും, സ്‌നേഹത്തിലേക്കും അടുപ്പത്തിലേക്കുമുള്ള വഴിയും സൗന്ദര്യഫലകവുമാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ അലങ്കാരമാണത്. സുതാര്യമായ പ്രവര്‍ത്തനവും വിഷമമുണ്ടാക്കാത്ത ജോലിയുമാണ് അത്. നീ നിന്റെ എതിരാളിക്ക് നല്‍കുന്ന ഓരോ പുഞ്ചിരിയും അദ്ദേഹത്തിന്റെ ഇരുള്‍മുറ്റിയ മനസ്സില്‍ സ്‌നേഹത്തിന്റെ വിളക്ക് തെളിയിക്കും. കോപം വെടിഞ്ഞ് അയാളുടെ കണ്ണുകളില്‍ പ്രസന്നത ദൃശ്യമാവും. അല്ലാഹു സ്വര്‍ഗവാസികളുടെ സവിശേഷതയയായി പറയുന്നു. ‘അന്നേ ദിവസം അവരുടെ മുഖങ്ങള്‍ പ്രശോഭിതമാവുകയും സന്തോഷവാര്‍ത്തയാല്‍ പ്രസന്നവുമായിരിക്കും’.

പുഞ്ചിരിക്കുകയോ ചിരിക്കുകയോ ചെയ്യാത്ത ജീവിതം ഏറെ ഭാരമേറിയതായി മാത്രമേ അനുഭവപ്പെടൂ. ചിരിയുടെ പാതയിലൂടെ ജീവിതത്തില്‍ നിന്ന് ദു:ഖങ്ങള്‍ ഇല്ലാതാക്കുന്നു. മുതുകുകളില്‍ നിന്ന് ഭാരങ്ങള്‍ ഇറക്കി വെക്കുന്നതും കുടുസ്സതയില്‍ നിന്ന് തുറസ്സ് നല്‍കുന്നതുമാണ്.

നബി (സ) നന്നായി പുഞ്ചിരിക്കുകയും സന്തോഷം ഇഷ്ടപ്പെടുകയും ദു:ഖത്തെ വെറുക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. അതു കൊണ്ട് തന്നെ അദ്ദേഹം ഉപദ്രവങ്ങളില്‍ നിന്ന് അല്ലാഹുവിനോട് ശരണം തേടുകയും ചെയ്തിരുന്നു. ‘അല്ലാഹുവേ, ഞാന്‍ ദു:ഖത്തില്‍ നിന്നും പ്രയാസത്തില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു.’

പ്രവാചകന്‍ (സ) പുഞ്ചിരിതൂകുകയും ചിലപ്പോള്‍ പ്രവാചകന്റെ അണപ്പെല്ല് വെളിവാകുന്നത് വരെ ചിരിക്കുകയും ചെയ്തിരുന്നു. പക്വമായ ചിരി മനസ്സില്‍ നിന്ന് വരുന്നതാണ്. നബി(സ) ജനങ്ങളില്‍ ഏറ്റവും സരസനായിരുന്നു.

പുഞ്ചിരി ജീവിതസൗഭാഗ്യങ്ങളിലേക്കുള്ള വാതില്‍പടിയാണ്. ഒരു ചൈനീസ് പഴമൊഴിപോലെ ‘പുഞ്ചിരിക്കാത്ത വ്യക്തിക്ക് കട തുടങ്ങാനാവില്ല’. നന്നായി നടന്നു പോകുന്ന ഒരു കച്ചവട സ്ഥാപനം. തൊഴിലാളികള്‍ വേതന വര്‍ധനവിനായി മുറവിളി കൂട്ടിയതിനെ സ്ഥാപന ഉടമ തള്ളിക്കളഞ്ഞപ്പോള്‍ തൊഴിലാളികള്‍ വരുന്ന ഉപഭോക്താക്കളോടുള്ള പെരുമാറ്റത്തിലും മാറ്റം വരുത്തി. ആളുകളോട് ചിരിക്കാതെ മുഖം ചുളിച്ച് നില്‍പായതോടെ കച്ചവടം നഷ്ടത്തിലാവുകയും മുതലാളി മാറിച്ചിന്തിക്കേണ്ടി വരുകയും ചെയ്ത സംഭവം പാരീസിലുണ്ടായത്രെ.

പ്രമുഖ ഇസ്‌ലാമിക പ്രബോധകനായ ശൈഖ് നബീല്‍ അല്‍ ഔദി പറയുന്നു: അമേരിക്കയിലെ ഒരു വ്യക്തി ഇസ്‌ലാമാശ്ലേഷിച്ചു. താങ്കളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിപ്പിച്ച ഘടകം എന്താണെന്ന ചോദ്യത്തിന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. എനിക്ക് സ്വന്തമായി ധാരാളം സമ്പത്തും, കമ്പനിയും എല്ലാമുണ്ട്. പക്ഷെ എല്ലാമുണ്ടായിരുന്നിട്ടും മനസ്സിന് യാതൊരു സമാധാനമില്ല. ഇന്ത്യക്കാരനായ ഒരു മുസ്‌ലിം ചെറപ്പക്കാരന്‍ എന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിനാവട്ടെ കുറഞ്ഞ വേതനമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ പുഞ്ചിരിച്ചു നില്‍ക്കുന്നതായി കണ്ടു. എനിക്ക് മില്യണ്‍ കണക്കിന് രൂപയുടെ ആസ്തിയുണ്ടായിട്ടും ഒരു ദിവസം പോലും ചിരിക്കാനായിട്ടില്ല. ഒരു ദിവസം ഞാന്‍ അയാളോട് ചോദിച്ചു. താങ്കളുടെ മുഖം ഞാന്‍ കാണുമ്പോഴെല്ലാം പ്രസന്നമാണ്. എനിക്കാവട്ടെ അതിന് കഴിയുന്നുമില്ല? ഞാനെന്ത് ചെയ്യണം?’
അദ്ദേഹം പറഞ്ഞു: ഞാനൊരു മുസ്‌ലിം ആണ്. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നു.’
ഞാന്‍ ചോദിച്ചു: അതായത് മുസ്‌ലിംകള്‍ക്ക് സന്തോഷത്തിന്റെ നാളുകള്‍ സമ്മാനിക്കുന്നത് ഇതു കൊണ്ടാണോ?
അദ്ദേഹം പറഞ്ഞു: അതെ.
ഞാന്‍ ചോദിച്ചു: അതെങ്ങിനെയാണ്?
പ്രാവചകന്‍(സ) യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കേള്‍ക്കാം.
‘വിശ്വാസികളുടെ കാര്യം അത്ഭുതകരം തന്നെ. സുനിശ്ചിതമായും എല്ലാകാര്യങ്ങളും അവര്‍ക്ക് നന്മയാണ്. എന്തെങ്കിലും വിഷമഘട്ടം അവനെ ബാധിച്ചാല്‍ അവരതില്‍ ക്ഷമിക്കും. അങ്ങനെ അവര്‍ക്കത് അനുഗ്രഹമായിത്തീരും. ഇനി വല്ല ആഹ്ലാദനിമിഷങ്ങള്‍ വന്നെത്തിയാലോ അവര്‍ കൃതജ്ഞത കാണിക്കുകയും ചെയ്യും. അപ്പോള്‍ അതും അവന് ഗുണകരമായിത്തീരുന്നു.’ എല്ലാ മനുഷ്യരും അഭിമുഖീകരിക്കുന്ന രണ്ട് ഘട്ടങ്ങളാണ് ഇവ. സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും അവസരങ്ങളില്‍ ഈ നിലപാട് സ്വീകരിക്കുന്നതോടെ ജീവിതം മുഴുക്കെ തന്നെ ആഹ്ലാദത്തിനുമേല്‍ ആഹ്ലാദപ്രദമാവുന്നു.

ഇത് കേട്ടമാത്രയില്‍ ഞാന്‍ പറഞ്ഞു: ഞാനിതാ ഈ മതത്തില്‍ പ്രവേശിച്ചിരിക്കുന്നു. അശ്ഹ്ദു അന്‍ ലാ ഇലാഹ ഇല്ലല്ലാ, വ അശ്ഹദു അന്ന മുഹമ്മദ റസൂലുല്ലാ… ഒടുവിലദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി എനിക്ക് അനുഭവിക്കാനാവാത്ത മാനസിക സന്തോഷമാണ് ഞാനിപ്പോള്‍ അനുഭവിക്കുന്നത്.

പ്രമുഖ പണ്ഡിതന്‍ അഹ്മദ് അമീന്‍ തന്റെ ഗ്രന്ഥമായ ‘ഫൈദുല്‍ ഖാതിറി’ല്‍ പറയുന്നു. ചിരിക്കാത്ത ആളുകള്‍ക്ക് ജീവിതത്തില്‍ ഒരു ആഹ്ലാദവും ഉണ്ടാവുകയില്ല. അവരുടെ ജോലിക്കിടയിലോ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതിലോ യാതൊരുവിധ സംതൃപ്തിയുമുണ്ടാവില്ല. ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങങ്ങളെ തരണം ചെയ്യാന്‍ അവര്‍ക്കാവില്ല.
ഇത്തരം ദൗര്‍ഭാഗ്യവാന്മാരായ ആളുകള്‍ ജനങ്ങളോടുള്ള പെരുമാറ്റത്തിലും മോശം സമീപനമായിരിക്കും പുലര്‍ത്തുക. ജീവിതത്തില്‍ സൗഭാഗ്യങ്ങളും അവര്‍ക്ക് കുറവായിരിക്കും. ചില സ്ത്രീകളും അവ്വിധമുണ്ട്. തങ്ങളുടെ വീട്ടുജോലികളും പാചകവുമെല്ലാം മുഖം ചുളിച്ചു കൊണ്ടായിരിക്കും നിര്‍വ്വഹിക്കുക. അവരുണ്ടാക്കിയ ഭക്ഷണത്തിന് രുചിയുണ്ടെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പുഞ്ചിരി ഒരു ജീവിതകലയാണ്. നല്ല മനസ്സുള്ളവര്‍ക്ക് ആ കല ഭംഗിയായി നിര്‍വ്വഹിക്കാനാവും.

പുഞ്ചിരികൊണ്ട് മാനസികമായി മാത്രമല്ല ശാരീരികമായും പ്രയോജനങ്ങളുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം ശരീരത്തിന് ഉന്മേഷം പകരാന്‍ സന്തോഷത്തിനാവും. ആരോഗ്യം അനുഭവഭേദ്യമാവുകയും അന്തര്‍മുഖത്വം ഇല്ലാതാക്കുകയും ബുദ്ധിയെ പരിപോഷിപ്പിക്കുകയും ചെയ്യും. ചിരിയിലൂടെ മുഖകാന്തി വര്‍ധിക്കുകയും ഹൃദയവിശാലത കൈവരികയും ആഹ്ലാദജീവിതമുണ്ടാവുകയും ചെയ്യുന്നു.

വിവ. സുഹൈറലി തിരുവിഴാംകുന്ന്

 

Related Articles