Current Date

Search
Close this search box.
Search
Close this search box.

തെരുവിലെ പ്രവാചകന്‍

‘എന്തേയീ നബി തെരുവില്‍ നടക്കുന്നു, സാധാരണ ജനങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നു” എന്ന പ്രശ്‌നം ഖുറൈശികള്‍ നേരത്തെ തന്നെ ഉന്നയിച്ചിട്ടുണ്ട്. നബി തെരുവിലാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട് ഖുറൈശികളുടെ ആ ചോദ്യം. മതത്തിന്റെ പ്രവാചകനും പ്രബോധകനുമായവന്‍ അങ്ങാടിയില്‍ കഴിയേണ്ടവനല്ല, ആരാധനാലയത്തില്‍ ഒതുങ്ങേണ്ടവനാണ് എന്ന പുരോഹിത മതസങ്കല്‍പം തന്നെയാണ് പുരോഗമന മതേതര സങ്കല്‍പമെന്നും നമ്മെ ബോധ്യപ്പെടുത്തുന്നതു കൂടിയാണ് മേല്‍ പ്രസ്താവന. എല്ലാം മതേതര യോദ്ധാക്കളും മതത്തോട് പറയുന്നത് തെരുവ് വിടാനാണല്ലോ.

നബി പുരോഹിത മതത്തിന്റെ പ്രതിനിധിയല്ല. പുരോഗമന മതേതര വാദികള്‍ക്കും നബിയില്‍നിന്ന് വിശേഷിച്ചൊന്നും പകര്‍ത്താനില്ല. വിപ്‌ളവ പ്രാപ്തിയും ആത്മീയ വെളിച്ചവും ഒന്നായിച്ചേര്‍ന്ന ജീവിതദര്‍ശനത്തിന്റെ വക്താവായിരുന്നു നബി.
നബി നബിയാകും മുമ്പ്തന്നെ ജനങ്ങളോടൊപ്പമായിരുന്നു. ചെറുപ്പത്തില്‍ അദ്ദേഹം ആടിനെ മേയ്ച്ചു നടന്നു. കഅ്ബ പടുക്കാന്‍ കൂട്ടുകാരോടൊപ്പം അദ്ദേഹം കല്ലു ചുമന്നു. വീടുവീടാന്തരം കയറി ഇറങ്ങി. ജനങ്ങള്‍ക്കായി കൊച്ചുകൊച്ചു സേവനങ്ങള്‍ ചെയ്തു.

അല്‍പം വളര്‍ന്നപ്പോള്‍ നബി ഒരു ജനകീയ ജീവിതത്തിന്റെ തന്നെ വക്താവായി മാറി. വ്യാപാര പ്രമുഖന്‍ എന്ന ഖ്യാതിനേടി. അറിയപ്പെട്ട മാധ്യസ്ഥ വ്യക്തിത്വവുമായി. കഅ്ബാലയം പുനര്‍നിര്‍മിച്ച വേളയില്‍ ഹജറുല്‍ അസ്വദിന്റെ പുനസ്ഥാപന വിഷയം രമ്യമായി പരിഹരിക്കാന്‍ യുവാവായ മുഹമ്മദിന് സാധിച്ചത് എല്ലാവരുടെയും മതിപ്പിന് കാരണമായിത്തീര്‍ന്നു. ഗോത്രത്തലവന്മാര്‍ക്കിടയിലെ പോര് യുദ്ധത്തിന്റെ വക്കോളമെത്തിയപ്പോള്‍ നബി ഒരു വിരിപ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും കല്ലെടുത്ത് വിരിപ്പില്‍ വെച്ച് എല്ലാവരെയും കൊണ്ട് വിരിപ്പിന്റെ ഓരോ ഭാഗം പിടിപ്പിച്ച് പ്രശ്‌നം തീര്‍ക്കുകയും ചെയ്തു. പുതിയ ഭാഷയില്‍ പറഞ്ഞാല്‍ പ്രശ്‌നത്തെ അദ്ദേഹം ജനാധിപത്യരീതിയില്‍ ഭംഗിയായി പരിഹരിച്ചു.

അറബ് നാട്ടിലെ അധാര്‍മികതയില്‍ ദുഃഖിതനായ നബി ഹിറാഗുഹയില്‍ ഉപവസിച്ചത് ശ്രദ്ധേയമാണ്. അവിടെവെച്ച് ‘വഹ്യ്’ ലഭിക്കുകയും ‘നബി’ നബിയായി മാറുകയും ചെയ്തു. ആ സമയത്ത് ഭയന്ന് വിറച്ച് വീട്ടില്‍ ഓടിയെത്തിയ നബിയെ പത്‌നി ഖദീജ സമാധാനിപ്പിച്ചത് ‘താങ്കളെ ജനം പുറത്താക്കുകയില്ല; താങ്കള്‍ ഭാരം വഹിക്കുന്നവനും ജനങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കുന്നവനും കാലവിപത്തുകളില്‍ പെടുന്നവരെ സഹായിക്കുന്നവനും” ആണ് എന്ന് പറഞ്ഞുകൊണ്ടാണ്.

ഭാരം ഇറക്കിവെക്കാനും ചങ്ങലകള്‍ പൊട്ടിക്കാനുമായിരിക്കും നബി വരികയെന്ന് നേരത്തേ തന്നെ തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെട്ട വസ്തുതയുമാണ്. ജനം നിരവധി ഭാരങ്ങള്‍ പേറിക്കൊണ്ടിരുന്നപ്പോള്‍ നബി ആരാധനാലയത്തിലേക്ക് ഉള്‍വലിഞ്ഞില്ല. ജനങ്ങളുടെ ഭാരം ഇറക്കി കൊടുക്കുന്നതില്‍ അദ്ദേഹം ആത്മീയ നിര്‍വൃതി കണ്ടെത്തി, ‘മനഃസന്തോഷത്തോടെ ദരിദ്രരെയും അനാഥരെയും ബന്ധനസ്ഥരെയും ഭക്ഷിപ്പിക്കുന്നവനാണ് യഥാര്‍ഥ ദൈവദാസന്‍’ എന്ന വേദപാഠം റസൂല്‍ അവര്‍ക്ക് പകര്‍ന്ന് കൊടുത്തു. വിശപ്പിന്റെ ഭാരം ലഘൂകരിക്കുന്ന ഒരു നബിയെ അവര്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ് അയല്‍വാസിയുടെ വിശപ്പ് അകറ്റാതെ സ്വയം ഭക്ഷിക്കുന്നവന് തന്റെ അനുയായി എന്ന പരിഗണന നല്‍കാനാവില്ലെന്ന് നബി ഉറക്കെ പറഞ്ഞു.

ജനങ്ങളുടെ വിശപ്പ് മാറ്റുന്നതില്‍ ഒന്നും ചെയ്യാതെ ആരാധനയില്‍ ഒളിച്ചു കഴിയുന്ന പ്രാര്‍ഥനക്കാരെ നബി കളിയാക്കുകയാണ് ചെയ്തത്. ഈ ആരാധനാ നിര്‍വൃതിയില്‍ കാര്യമില്ലെന്നര്‍ഥം.

‘വിശക്കുന്ന വയറുകള്‍ക്ക് വേണ്ടത് മതമല്ല” എന്ന കമ്യൂണിസ്‌റ് സൂക്തം വീണ്ടും അവര്‍ ചുമരുകളില്‍ എഴുതാന്‍ തുടങ്ങിയിരിക്കുന്നു. ‘മാര്‍ക്‌സിസ’വുമല്ല എന്നാണതിന്റെ മറുപടി. ‘മതമല്ല’ എന്ന് മാര്‍ക്‌സിസ്‌റുകാരന്‍ ഇപ്പോള്‍ വീണ്ടും എഴുതി വെക്കുന്നത് മതം ശരിക്കും വിശപ്പില്‍ ഇടപെട്ടു കഴിഞ്ഞുവെന്നും, മതപക്ഷം ദരിദ്രന്റെ പക്ഷമായി തെരുവില്‍ എത്തി എന്നും ബോധ്യപ്പെട്ടപ്പോള്‍ മാര്‍ക്‌സിസത്തിന്റെ കാലിനടിയില്‍നിന്ന് മണ്ണുനീങ്ങുന്നത് കണ്ടതിലെ വെപ്രാളത്തിലാണ്.

വിശക്കുന്നവന്റെ പോരാളിയാണ് മുഹമ്മദ് നബി(സ). ആരാണ് പോരാളിയെന്ന ചോദ്യത്തിന് നബി നല്‍കിയ ഉത്തരങ്ങളില്‍ ഒന്ന് ‘ദരിദ്രന്റെയും വിധവയുടെയും മാര്‍ഗത്തില്‍ പണിയെടുക്കുന്നവന്‍ എന്നാണ്. സകാത്ത്, ഫിത്വ്ര്! സകാത്ത്, കഫാറത്ത്, ഉദ്ഹിയ്യത്ത്… എന്നീ ആരാധനാ കര്‍മങ്ങളുടെയെല്ലാം ഭൌതിക ഫലമായി നബി നിശ്ചയിച്ചത് ദാരിദ്യ്ര നിര്‍മാര്‍ജനമാണ്. വിശപ്പിനെതിരെ വിപ്‌ളവം നടത്താന്‍ തുനീഷ്യന്‍ ജനതയെ പ്രേരിപ്പിച്ചുകൊണ്ട് നബി വീണ്ടും തെരുവിലെത്തി എന്ന് പറയാവുന്ന ചരിത്ര സാഹചര്യത്തിലാണ് നബിദിനം കടന്നുവന്നിരിക്കുന്നത്.

ജനങ്ങളുടെ വിശപ്പിനേക്കാള്‍ ‘നബിയുടെ മുടിക്ക്’ (അതും വ്യാജം!) പ്രാധാന്യം നല്‍കുന്നത് മതമല്ല, മത പൌരോഹിത്യമാണ്. നബിക്ക് പ്രധാനം നബിയുടെ തിരുശേഷിപ്പുകളല്ല. അതിനാല്‍ തന്നെ നബിയുടെ കാലത്തോ ഖലീഫമാരുടെ കാലത്തോ മദീനയില്‍ ഒരു മ്യൂസിയം പോലും ഉയര്‍ന്നില്ല. അതേസമയം മദീനയില്‍ വിശക്കുന്നവരില്ല എന്ന് നബി ഉറപ്പ് വരുത്തി. ആരെങ്കിലും വിശക്കുന്നവരായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ വിശപ്പ് അകറ്റുന്ന ജോലി നബി ഏറ്റെടുത്തു. നബിയുടെ തൊട്ടടുത്ത ഭരണാധികാരികളായ ഖലീഫമാരും ആ ഡ്യൂട്ടി തുടര്‍ന്നും നിര്‍വഹിച്ചു.

മദീനാ പള്ളിയോടൊപ്പം മദീനാ മാര്‍ക്കറ്റും നബിയുടെ പ്രധാന പരിഗണനയായിരുന്നു. ജൂതമാര്‍ക്കറ്റിനെ തകര്‍ത്തുകൊണ്ടാണ് നബി മദീനയിലെ ജനകീയ മാര്‍ക്കറ്റ് പടുത്തുയര്‍ത്തിയത്. ജൂതമാര്‍ക്കറ്റ് പലിശയിലും ചൂഷണത്തിലും അധിഷ്ഠിതമായിരുന്നു ബദല്‍മാര്‍ക്കറ്റിലൂടെ പുതിയൊരു വിനിമയ സംസ്‌കാരം നബി വളര്‍ത്തിയെടുത്തു. പലിശ, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഊഹക്കച്ചവടം തുടങ്ങിയവയില്‍ നിന്നെല്ലാം മുക്തമായിരുന്നു നബിയുടെ മദീനാമാര്‍ക്കറ്റ്.

പള്ളിയിലെ ഇമാമത്ത് നിര്‍വഹിച്ച് മാര്‍ക്കറ്റിലെത്തുക നബിയുടെ പതിവായിരുന്നു. ആവശ്യമായ നിര്‍ദേശങ്ങള്‍, പരിശോധനകള്‍ എല്ലാം ആ സമയത്ത് നടക്കുകയും ചെയ്തു. തന്റെ പതിവ് പരിശോധനയില്‍ ഒരു ദിവസം നബി ഗോതമ്പ് ചാക്കില്‍ കൈയിട്ടപ്പോള്‍ ഒരു നനവ് അനുഭവപ്പെട്ടു. ‘നനഞ്ഞ ഗോതമ്പാണോ വില്‍ക്കുന്നത്” നബി ചോദിച്ചു. ‘അല്ല, തലേന്നാള്‍ മഴപെയ്തപ്പോള്‍ നനവ് തട്ടിയതാണ്.” കടയുടമ പ്രത്യുത്തരം ചെയ്തു. ‘മഴ പെയ്താല്‍ മേല്‍ഭാഗമല്ലേ നനയുക. അടിഭാഗമാണോ?” നബി വീണ്ടും ചോദിച്ചു. കടയുടമ ഒന്നു പതറി അവിടെ വെച്ച് നബി പറഞ്ഞു. ‘വഞ്ചന നടത്തുന്നവന്‍ നമ്മില്‍ പെട്ടവനല്ല.”

നബിയെ നാം ഇന്ന് മാര്‍ക്കറ്റിലേക്ക് കൊണ്ടുവരണം. സാമ്രാജ്യത്വവാണിജ്യ ലോബികള്‍ മാര്‍ക്കറ്റിനെ ഇന്നേറെ മലിനമാക്കിയിരിക്കുന്നു. എല്ലാറ്റിനെയും കമ്പോളവല്‍ക്കരിച്ചു കഴിഞ്ഞു മുതലാളിത്തം. മൂല്യങ്ങളുടെ ശവപ്പറമ്പാണ് വര്‍ത്തമാനകാലത്തെ മാര്‍ക്കറ്റ്. മാര്‍ക്കറ്റിനെ മൌലികമായും സമഗ്രമായും മാറ്റിപ്പണിയല്‍ നമ്മുടെ ദീനീബാധ്യതയാണ്. മുഹമ്മദ്‌നബി(സ) സാധിച്ച വിപ്‌ളവത്തിന്റെ തുടര്‍ച്ചയാണത്. പള്ളിയിലെ ആരാധ്യന്‍ തന്നെ മാര്‍ക്കറ്റിന്റെ അധിപനായും മാറ്റുന്ന ദീനീ സങ്കല്‍പമാണ് നബി നമ്മെ പഠിപ്പിച്ചത്.

ഇന്ന് ബാങ്കിംഗ്‌ഫൈനാന്‍സിംഗ് മേഖലയിലും പ്രവാചക നിയോഗം വേണ്ടതുണ്ട്. ബാങ്കിംഗ്‌ഫൈനാന്‍സിംഗ് മേഖല ചൂഷണത്തിന്റെ ഇബ്ലീസിയന്‍ കേന്ദ്രങ്ങളാണിന്ന്. ലോകത്ത് പലിശരഹിതമായ ഒരു ബാങ്കിംഗ് സിസ്‌റം ജനം കൊതിക്കുന്നുണ്ട്. അവര്‍ക്കവിടെ രക്ഷകനായി മുഹമ്മദ് നബിയെ വേണമെന്നര്‍ഥം. നാം ബാങ്കിംഗ് മേഖലയിലും ഒരു പ്രവാചക വിപ്‌ളവമാണ് ആഗ്രഹിക്കുന്നത്.

മനുഷ്യാവകാശ നിഷേധത്തിനും നീതി നിഷേധത്തിനും എതിരെ പൊരുതുന്ന എല്ലാ സമരഭൂമികളിലും നബിയുടെ സാന്നിധ്യമാണ് ഏറ്റവും പ്രസക്തം. ചൂഷണം ചെയ്യപ്പെടുന്ന ആദിവാസി ഊരുകളില്‍ അബൂലഹബിന്റെ വീട്ടില്‍ അവകാശം ചോദിക്കാന്‍ കടന്നു ചെന്ന റസൂലിനെ നാം പറഞ്ഞയക്കണം. കഅ്ബയുടെ ചാരത്ത് വിശ്രമിക്കുകയായിരുന്ന റസൂലിനെ ഒരു അപരിചിതന്‍ സന്ദര്‍ശിച്ച് പരാതി പറയുകയായിരുന്നല്ലോ, അബൂലഹബ് കൊടുക്കാനുള്ള കാശ് കൊടുക്കുന്നില്ലെന്ന്. റസൂല്‍ ഉടന്‍ തന്നെ ആ മര്‍ദിതനെയും കൂട്ടി അബൂലഹബിന്റെ അടുത്തോട്ടല്ലേ പോയത്. അബൂലഹബിനോട് കനത്ത സ്വരത്തില്‍ നബി ചോദിച്ചു ‘കൊടുക്കാനുണ്ടോ?” ‘ഉണ്ട്” എന്ന് അബൂലഹബും. പിന്നെ രണ്ടാമത്തെ ഇടിമുഴക്കം. ‘എങ്കില്‍ കൊടുക്കുക!” അബൂലഹബ് അനുസരണ ശീലനായ ഒരു കുട്ടിയെ പോലെ എടുത്തു കൊടുത്തു.

അവകാശം നിഷേധിക്കുന്ന ഭരണകൂടത്തിന്റെ/ഭരണാധികാരിയുടെ മുഖത്ത് നോക്കി കനത്ത സ്വരത്തില്‍ മര്‍ദിതനും ചൂഷിതനും വേണ്ടി സംസാരിക്കാന്‍ നബി വീണ്ടും വരികയാണെന്നാണ് ഈ നബിദിനത്തില്‍ നമുക്ക് ലോകത്തെ അറിയിക്കാനുള്ളത്.

മുസ്ലിം നാടുകളില്‍ മുഹമ്മദീയ പാഠങ്ങളുടെ അടിസ്ഥാനത്തില്‍ ചൂഷകപ്പരിശകള്‍ ചോദ്യം ചെയ്യപ്പെട്ട, നാടുകടത്തപ്പെട്ട ഇക്കാലത്തെ നബിദിനാഘോഷം ഏറെ വിപ്‌ളവാത്മകമായി മാറേണ്ടിയിരിക്കുന്നു. ശിര്‍ക്കിന്റെ ലോകാധിപത്യത്തെ തൌഹീദിന്റെ വിമോചനസാരമുയര്‍ത്തി ചോദ്യം ചെയ്യാനുള്ള അവസരമാക്കി ഈ റബീഉല്‍ അവ്വലിനെ നാം മാറ്റണം.

ജലവിഭവ പ്രതിസന്ധിയുടെ പടിവാതില്‍ക്കലാണ് നാം. നബിക്ക് ഒരു ജലനയമുണ്ടായിരുന്നു. ജൂത ജലനയത്തിന് നേര്‍വിപരീതമാണത്. ജലസ്രോതസ്സുകളെല്ലാം ജനങ്ങള്‍ക്ക് പൊതുവായി അവകാശപ്പെട്ടതാണെന്ന പ്രവാചക നയം വിപ്‌ളവകരമാണ്. ജൂതന്മാര്‍ ജലസ്വകാര്യവല്‍ക്കരണത്തിന്റെ വക്താക്കളായിരുന്നു. ജൂതന്മാരുടെ സ്വകാര്യ കിണറുകളെ വിലകൊടുത്ത് വാങ്ങി നബി ദേശസാല്‍ക്കരിച്ചിട്ടുണ്ട്. ഒരുനാള്‍ ജൂതന്മാര്‍ മുസ്ലിംകളെ കിണര്‍ ഉപയോഗത്തില്‍നിന്ന് വിലക്കിയപ്പോള്‍ 12000 ദീനാര്‍ കൊടുത്താണ് ഉസ്മാന്‍ ആ കിണര്‍ വാങ്ങിയത്. നബി അതിനെ പൊതുകിണറായി പ്രഖ്യാപിക്കുകയും ചെയ്തു. കുടിവെള്ളവും കൃഷിജലവും ലഭ്യമാക്കാനുള്ള പോരാട്ട വേദികളില്‍ തീര്‍ച്ചയായും നബി ഉണ്ട്. സമരവേദികള്‍ ബഹിഷ്‌കരിച്ച് പള്ളിയില്‍ ഭജനമിരിക്കുന്ന ഒരു നബിയെ നമുക്കറിയില്ല. പള്ളിയോട് അലര്‍ജി കാട്ടുന്ന മതേതര യുക്തിയിലും നബിക്ക് ഇടമില്ല.

വൃത്തിയുടെ സന്ദേശവാഹകനായിരുന്നു നബി. കൈകഴുകി ഭക്ഷണം കഴിക്കണം, ചവച്ചരച്ച് ഭക്ഷണം കഴിക്കണം, വയറ് നിറയെ ഭക്ഷണം കഴിക്കരുത് എന്ന് പഠിപ്പിച്ച നബി ആരോഗ്യ ബോധത്തിന്റെ കൂടി നബിയാണ്. പരിസ്ഥിതി പോരാട്ടത്തിന്റെ സമരപ്പന്തലുകളില്‍ നബി വേണം. മരം വെച്ച് പിടിപ്പിക്കാനും നനച്ച് വളര്‍ത്താനും യുദ്ധവേളയില്‍ പോലും മരം വെട്ടാതിരിക്കാനും പഠിപ്പിച്ച നബി. അന്തിമകാഹളത്തില്‍ ഊതുന്ന ശബ്ദം കേള്‍ക്കാനിടയായാല്‍ പോലും കൈയിലെ ചെടി നടാനും, വെള്ളമൊഴിച്ചു കൊടുക്കാനും പഠിപ്പിച്ച നബി. പരിസ്ഥിതി മലിനീകരണത്തിനെതിരായ ജാഗ്രതാ സമിതിയിലും നബിയുണ്ട്. കെട്ടിനില്‍ക്കുന്ന ജലാശയങ്ങള്‍ വൃത്തികേടാക്കാതിരിക്കാനും ഫലം കായ്ക്കുന്ന മരച്ചുവടുകള്‍ മാലിന്യ വിസര്‍ജനത്തിന്റെ ഇടമാക്കാതിരിക്കാനും ചെറുജീവികളുടെ വാസസ്ഥലമായ പൊത്തുകളും മാളങ്ങളും വിസര്‍ജനത്തിന് ഉപയോഗിക്കാതിരിക്കാനും പഠിപ്പിച്ച നബി. പുകക്കുഴലുകളും ഓവുചാലുകളും നടത്തുന്ന വിസര്‍ജനം നബി അന്ന് കണ്ടിട്ടില്ല. മൂത്രമൊഴിക്കുന്ന ‘ചേന’ക്കാര്യം സുന്നത്തില്‍കൂടി പഠിപ്പിക്കുകയും വ്യവസായ മാലിന്യം വിസര്‍ജിക്കുന്ന ‘ആന’ക്കാര്യം മതേതര യുക്തിക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന ന്യൂനീകൃത മതം നബിയുടേതല്ല. മാലിന്യം തുപ്പുന്ന പുകക്കുഴലുകളെ വികസനമായി കാണുന്ന മതേതര പുരോഗമന സങ്കല്‍പവും നബിയുടേതല്ല. പരിസ്ഥിതി സൌഹൃദ വികസനത്തിന്റെ മധ്യപാതയിലാണ് നബിയുള്ളത്.

അതെ നബി തെരുവിലാണ്. പള്ളിയിലെ നമസ്‌കാരവും പാതിരാവിലെ പ്രാര്‍ഥനയും വെള്ളിയാഴ്ചയിലെ ജുമുഅയും കുടുംബത്തിലെ ശിക്ഷണ വൃത്തികളും കഴിഞ്ഞ് പിന്നെ നബി തെരുവിലാണ്. വിപ്ലവത്തിന്റെ, വിമോചനത്തിന്റെ, പോരാട്ടത്തിന്റെ തെരുവില്‍.

Related Articles