Current Date

Search
Close this search box.
Search
Close this search box.

ഇസ്‌റാഉം മിഅ്‌റാജും

പ്രബോധന മേഖലയിലെ തുല്യതയില്ലാത്ത ക്ലേശങ്ങള്‍ നിമിത്തം ദു:ഖിതനായി കഴിയുകയായിരുന്ന പ്രവാചകരെ അടുത്തുവിളിച്ച് സമാധാനിപ്പിക്കാനും ആത്മധൈര്യം പകരാനും അല്ലാഹു തീരുമാനിച്ചു. ഥാഇഫിലെ അനുഭവങ്ങളെല്ലാം പ്രവാചകരുടെ മനസ്സില്‍ വലിയ വേദനയാണ് സൃഷ്ടിച്ചിരുന്നത്. അതുകൊണ്ടുതന്ന, നുബുവ്വത്തിന്റെ പതിനൊന്നാം വര്‍ഷം റജബ് മാസം ഇരുപത്തിയേഴാം തിയ്യതി പ്രവാചകന് തന്റെ സുപ്രധാന മുഅ്ജിസത്തുകളിലൊന്നായ ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ചു. ഒരേ രാത്രികൊണ്ട് പ്രവാചകന്‍ മക്കയില്‍നിന്നും ഫലസ്ഥീനിലെ മസ്ജിദുല്‍ അഖ്‌സ്വയിലേക്കും അവിടെനിന്നും ഏഴാനാകാശങ്ങളിലേക്കും പ്രയാണം ചെയ്യിക്കപ്പെട്ടു. വാനലോകത്തുവെച്ച് മുന്‍കാല പ്രവാചകന്മാരെയും ബൈത്തുല്‍ മഅ്മൂറും സിദ്‌റത്തുല്‍ മുന്‍തഹായും സ്വര്‍ഗവും നരകവുമെല്ലാം പ്രവാചകന്‍ ദര്‍ശിച്ചു. അവസാനം അല്ലാഹുവിനെ കാണുകയും പാരിതോഷികമായി ലഭിച്ച അഞ്ചു വഖ്ത് നിസ്‌കാരവുമായി അതേ രാത്രിതന്നെ മക്കയില്‍ തിരിച്ചെത്തുകയും ചെയ്തു.
പ്രവാചകരെ സംബന്ധിച്ചിടത്തോളം വലിയൊരു സമാധാനവും അംഗീകാരവുമായിരുന്നു ഇത്. അടുത്ത ദിവസം പ്രഭാതത്തില്‍ പ്രവാചകന്‍ അനുയായികളെ വിളിച്ച് ഈ സംഭവം വിശദീകരിച്ചു. പലര്‍ക്കും വിശ്വസിക്കാനായില്ല. ചിലര്‍ അല്‍ഭുതം പ്രകടിപ്പിച്ചു. ചിലര്‍ ശക്തമായി നിഷേധിച്ചു. പോക്കുവരവിന് രണ്ടു മാസം വഴിദൂരമുള്ള ഫലസ്ഥീനിലേക്ക് ഒരു രാത്രിയുടെ അല്‍പ യാമങ്ങള്‍കൊണ്ട് ഒരാള്‍ക്ക് പോയിവരാന്‍ സാധിക്കുമോ എന്നതായിരുന്നു അവരുടെ ചോദ്യം. വിശ്വാസികളായ ചിലര്‍ മുര്‍തദ്ദായ സംഭവം വരെയുണ്ടായി. ആശയക്കുഴപ്പത്തിലായ ജനങ്ങള്‍ അബൂബക്ര്! (റ) വിന്റെ അടുത്തുചെന്നു. പ്രവാചകന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനാല്‍ അദ്ദേഹത്തിന് പില്‍കാലത്ത് സിദ്ദീഖ് എന്ന നാമം കൈവന്നു.
കൂട്ടത്തില്‍ മസ്ജിദുല്‍ അഖ്‌സ മുമ്പ് സന്ദര്‍ശിച്ചവരുണ്ടായിരുന്നു. അവര്‍ പരീക്ഷണാര്‍ത്ഥം പ്രവാചകനോട് അതിന്റെ വാതിലുകളുടെ എണ്ണവും മറ്റു വിശേഷണങ്ങളും ചോദിച്ചു. പുള്ളി വള്ളി വ്യത്യാസമില്ലാതെ പ്രവാചകന്‍ എല്ലാം വിശദീകരിച്ചുകൊടുത്തു. നാട്ടില്‍നിന്നും പോയ യാത്രാസംഘത്തെ കണ്ടുമുട്ടിയതും അതിന്റെ സഞ്ചാര രീതിയും വരെ പ്രവാചകന്‍ വിവരിച്ചു. യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധമുള്ള പ്രവാചകരുടെ വിവരണം കേട്ട് വിശ്വാസികള്‍ പ്രവാചകരോടൊപ്പം ഉറച്ചുനിന്നു. എതിരാളികള്‍ പ്രവാചകരെ കൂടുതലായി പരിഹസിക്കാനും തള്ളിപ്പറയാനും തുടങ്ങി.
ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും പണ്ഡിതന്മാരുടെ ഇജ്മാഅ് കൊണ്ടും സ്ഥരീരികരിക്കപ്പെട്ട ഒന്നാണ് ഇസ്‌റാഉം മിഅ്‌റാജും. നാല്‍പത്തിയഞ്ചോളം സ്വഹാബികള്‍ ഇവ്വിഷകമായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവാചകരുടെ ശരീരംകൊണ്ടും ആത്മാവുകൊണ്ടും ഉണര്‍വില്‍ ഉണ്ടായ ഒരു മഹാ സംഭവമായിരുന്നു അത്. ഇന്നു പലരം അതിനെ സ്വപ്നമായും ആത്മാവിന്റെ മാത്രം യാത്രയായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശരിക്കും പ്രവാചകന്‍ അല്ലാഹുവിനെ കണ്ടുമുട്ടിയ യാത്രയായിരുന്നു അത്.
തന്റെ പ്രബോധന ജീവിതത്തിലെ വലിയൊരു നാഴികക്കല്ലും വഴിത്തിരിവുമായിരുന്നു ഈ സംഭവം. ഇതോടെ അല്ലാഹുവിന്റെ ഭാഗത്തുനിന്നും പല അനുഷ്ഠാനങ്ങളും കര്‍മങ്ങളും വിശ്വാസികളുടെ ജീവിതത്തില്‍ നിര്‍ബന്ധമാക്കപ്പെട്ടു. പ്രവാചകര്‍ക്ക് പൂര്‍വോപരി ആത്മധൈര്യം കൈവരികയും പ്രബോധന മേഖല കൂടുതല്‍ കാര്യക്ഷമമാവുകയും ചെയ്തു.

Related Articles