Current Date

Search
Close this search box.
Search
Close this search box.

അസ്അദ് ബിന്‍ സുറാറ: മുമ്പേ പറന്ന പക്ഷി

‘സല്‍സംരംഭങ്ങള്‍ക്ക് പ്രാരംഭം കുറിച്ചവന്ന്് അതിന്റെ അനുകര്‍ത്താക്കള്‍ക്ക് ലഭിക്കുന്ന പ്രതിഫലങ്ങളെല്ലാം ലഭ്യമാകും. എന്നാല്‍ അത് പിന്തുടര്‍ന്നവരുടെ പ്രതിഫലത്തില്‍ ഒരു കുറവും വരുത്തുകയില്ല. മോശമായ ചര്യകള്‍ക്ക് തുടക്കം കുറിച്ചവരുടെ അവസ്ഥയും തഥൈവ.’ (ഹദീസ്)

സല്‍പന്ഥാവിലേക്ക് ക്ഷണിച്ചവന് അത് പിന്തുടര്‍ന്നവരുടെ തത്തുല്യമായ പ്രതിഫലം ലഭ്യമാകും. പിന്തുടര്‍ന്നവരുടെ പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയുകയുമില്ല. തിന്മയിലേക്ക് വഴിനടത്തിയവരുടെയും അവസ്ഥ തഥൈവ.’ (ഹദീസ്) ഉത്തമ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ടതിന്റെ അനിവാര്യതയും ചീത്തയായ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടേണ്ടതിന്റെ ആവശ്യകതയും പ്രസ്തുത ഹദീസുകള്‍ സൂചിപ്പിക്കുന്നതായി ഇമാം നവവി(റ) രേഖപ്പെടുത്തുന്നു.

സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ച അന്‍സാരി സഹാബികളില്‍ പ്രമുഖനാണ് അസ്അദ് ബിന്‍ സുറാറ. അന്‍സാരികളില്‍ ആദ്യമായി ഇസ്‌ലാമിന്റെ വഴിവെളിച്ചത്തിലേക്ക് കടന്നുവന്നവന്‍, പ്രവാചക നഗരിയായ മദീനയില്‍ ആദ്യമായി പ്രബോധകനെ എത്തിച്ചയാള്‍, മുസ്അബ് ബിന്‍ ഉമൈറിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നവന്‍, ഒന്നാമത്തെ അഖബാ ഉടമ്പടിയില്‍ പ്രവാചകന്‍(സ)ക്ക് ബൈഅത്ത് നല്‍കിയ പ്രഥമ സംഘത്തിലെ അംഗം, പ്രവാചകന്റെ ഹിജ്‌റക്ക് മുമ്പേ മദീനയില്‍ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ വ്യക്തി, മദീനയില്‍ ആദ്യമായി പള്ളി നിര്‍മിച്ച സഹാബി….ഇത്തരം സല്‍സംരംഭങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കി മുമ്പേ നടന്ന സഹാബി പ്രമുഖനായിരുന്നു അസ്അദ് ബിന്‍ സുറാറ. ഇസ്‌ലാമിക പ്രബോധന സംരംഭങ്ങളിലൂടെ ആയിരങ്ങള്‍ ആ മാതൃക ഇന്നും പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇസ്‌ലാമിന്റെ സംരക്ഷകരും പ്രബോധക നക്ഷത്രങ്ങളുമായ അന്‍സാരി പ്രമുഖരും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചു. പക്ഷെ, ഹിജ്‌റക്ക് ശേഷം വൈകാതെ അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി. പ്രവാചകന്‍(സ) മയ്യിത്ത് നമസ്‌കരിച്ച ആദ്യത്തെ അന്‍സാരി, ജന്നതുല്‍ ബഖീഇല്‍ ആദ്യമായി ഖബറടക്കപ്പെട്ടതും അദ്ദേഹം തന്നെ. നേരത്തെ മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ പേര് പിന്നീട് കൂടുതലായി പരാമര്‍ശിക്കപ്പെടുകയോ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തില്ല.

കുടുംബം
അസ്അദ് ബിന്‍ സുറാറ ബിന്‍ ഉദസ് ബിന്‍ ഉബൈദ് അല്‍ അന്‍സാരി അല്‍ഖസ്‌റജി അന്നജാരി എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണനാമം. അബൂഉമാമ എന്നായിരുന്നു വിളിപ്പേര്. ആ പേരിലാണ് അദ്ദേഹം അറിയപ്പെട്ടതും. അസ്അദുല്‍ ഖൈര്‍ എന്നും അദ്ദേഹം അറിയപ്പെട്ടു. സുആദയായിരുന്നു മാതാവ്. ഫുറൈഅ ബിന്‍ത് റാഫി ബിന്‍ മുആവിയ എന്ന പേരില്‍ അവര്‍ വിളിക്കപ്പെട്ടിരുന്നു. സഅദ് ബിന്‍ മുആദി(റ)ന്റെ അമ്മായിയുടെ പുത്രനാണ്. ഉമൈറ ബിന്‍ത് സഹല്‍ ബിന്‍ സഅ്‌ലബ അന്നജ്ജാരിയാണ് സഹധര്‍മിണി. ഫുറൈഅ, കബഷ, ഹുബൈബ എന്നീ മൂന്ന് പുത്രിമാരാണദ്ദേഹത്തിനുണ്ടായിരുന്നത്.

ഇസ്‌ലാമിലേക്ക്
ഇബ്‌നുസഅ്ദ് വിവരിക്കുന്നു: അസ്അദ് തന്റെ സമൂഹത്തിലെ നാല്‍പത് പേരുമായി ശാമിലേക്ക് കച്ചവടത്തിനായി തിരിച്ചു. യാത്രാമധ്യെ കണ്ട സ്വപ്‌നത്തില്‍ ഒരാള്‍ അദ്ദേഹത്തിന്റെ അടുത്ത് വന്നു പറഞ്ഞു. ‘അബൂ ഉമാമ, മക്കയില്‍ ഒരു പ്രവാചകന്‍ ആഗതനായിട്ടുണ്ട്. നിങ്ങള്‍ ഇറങ്ങുന്ന സ്ഥലത്ത് വിപത്ത് ബാധിക്കുകയും, താങ്കളുടെ കൂടെയുള്ളവരെ പിടികൂടുകയും ചെയ്യും. താങ്കള്‍ അതില്‍ നിന്ന് രക്ഷപ്പെടും.ഇത് അദ്ദേഹത്തിന്റെ ദൃഷ്ടാന്തമാണ്’. തദനുസൃതമായി അവര്‍ വന്നിറങ്ങിയ പ്രദേശത്തെ ഒരാള്‍ക്ക് പ്ലേഗ് ബാധിച്ചു. അബൂ ഉമാമ ഒഴിച്ചുള്ള എല്ലാവരിലേക്കും അത് പടര്‍ന്നു.

അസ്അദ് ബിന്‍ സുറാറ ബിംബങ്ങളെ വെറുത്തിരുന്നു. ജാഹിലിയ്യ കാലത്ത് തന്നെ തൗഹീദിന് വേണ്ടി ശബ്ദിച്ചിരുന്നു. അന്‍സാരികളില്‍ പ്രഥമമായി ഇസ്‌ലാം സ്വീകരിച്ചതും അദ്ദേഹമായിരുന്നു. അസ്അദ് ബിന്‍ സുറാറയും സക്‌വാനു ബിന്‍ അബദു ഖൈസും മക്കയിലേക്ക് രണ്ട് സംഘങ്ങളായി പുറപ്പെട്ടു. ഉത്ബത് ബിന്‍ റബീഅയുടെ അടുത്തേക്ക് പോയി. അവര്‍ റസൂലിനെ കുറിച്ച് കേട്ടു. അവര്‍ അദ്ദേഹത്തെയും കൊണ്ട് പ്രവാചകന്റെ അടുത്തെത്തി. തിരുമേനി അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് വിവരിച്ചു. ഖുര്‍ആന്‍ കേള്‍പ്പിച്ചു, അവരിരുവരും ഇസ്‌ലാം സ്വീകരിച്ചു. അവര്‍ മദീനയിലേക്ക് മടങ്ങി. മദീനയില്‍ ഇസ്‌ലാമുമായി ആദ്യമായെത്തിയത് അവരായിരുന്നു.(വാഖിദി)

ജീവിതത്തില്‍ നിന്നുള്ള ഏടുകള്‍
1. ഹജ്ജ് കാലത്ത് പന്ത്രണ്ട് പേരടങ്ങുന്ന ഒരുസംഘം മദീനയില്‍ നിന്നും എത്തി. അവരില്‍ അസ്അദ് ബിന്‍ സുറാറയും ഉബാദത് ബിന്‍ അസ്സാമിതു(റ)ം ഉണ്ടായിരുന്നു. അഖബയില്‍ വെച്ച് പ്രവാചകനെ അവര്‍ കണ്ടുമുട്ടി. സത്രീകള്‍ക്കു പുറമെ അവരും ബൈഅത്ത് ചെയ്തു. അവര്‍ക്ക് യുദ്ധം നിര്‍ബന്ധമാകുന്നതിന് മുമ്പായിരുന്നു അത്. ഉബാദതു ബിന്‍ സാബിതില്‍ നിന്ന് നിവേദനം: ഒന്നാമത്തെ അഖബയില്‍ പങ്കെടുത്ത ഒരാളായിരുന്നു ഞാന്‍. ഞങ്ങള്‍ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കില്ല, മോഷ്ടിക്കുകയില്ല, വ്യഭിചരിക്കുകയില്ല, സന്താനഹത്യ നടത്തുകയില്ല, കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയില്ല, നന്മയെ ധിക്കരിക്കുകയില്ല എന്നീ കാര്യങ്ങളില്‍ ബൈഅത്ത് ചെയ്തു. ഇനി നിങ്ങള്‍ കരാര്‍ പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗമുണ്ട്. അതില്‍ വഞ്ചന കാണിക്കുകയാണെങ്കില്‍ അവരുടെ കാര്യം അല്ലാഹുവിങ്കലാണ്. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരെ ശിക്ഷിക്കും, പൊറുത്തുകൊടുക്കും.’

അവര്‍ പിന്തിരിഞ്ഞപ്പോള്‍ അവരോടൊപ്പം മുസ്അബു ബിന്‍ ഉമൈറി(റ)നെ പ്രബോധകനായി പ്രവാചകന്‍ നിയോഗിച്ചു. അവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുക, ഇസ്‌ലാമിനെ മനസ്സിലാക്കിക്കൊടുക്കുക, ദീനില്‍ അവഗാഹമുള്ളവരാക്കുക തുടങ്ങിയതായിരുന്നു പ്രധാന ഉത്തരവാദിത്തങ്ങള്‍. കേന്ദ്രം മദീനയായിരുന്നു. അദ്ദേഹം താമസിച്ചത് അസ്അദ് ബിന്‍ സുറാറയു(റ)ടെ വീട്ടിലായിരുന്നു. നമസ്‌കാരത്തിന് അദ്ദേഹം നേതൃത്വം നല്‍കി. അസ്അദ്(റ) മദീനയിലെ പൊതുസഭകളിലും വീടുകളിലും അദ്ദേഹത്തോടൊപ്പം സന്ദര്‍ശിച്ചു. അവരുടെ സ്ഥാന മാനങ്ങളെല്ലാം അദ്ദേഹത്തെ പരിചയപ്പെടുത്തി. അവരുടെ കരങ്ങളാല്‍ ഗോത്രനേതാക്കളും സാധാരണ ജനങ്ങളുമെല്ലാം ഇസ്‌ലാമാശ്ലേഷിക്കുകയുണ്ടായി. അപ്രകാരം മദീനയില്‍ ഇസ്‌ലാം വ്യാപിച്ചു.

2. രണ്ടാം വര്‍ഷം പത്തംഗ പ്രതിനിധി സംഘം മക്കയിലേക്ക് പുറപ്പെട്ടു. മുസ്അബ് ബിന്‍ ഉമൈറും മക്കയിലേക്ക് മടങ്ങി. മുസ്‌ലിങ്ങളായ അന്‍സാരികളോടൊപ്പം ഹജ്ജിനായി ശിര്‍ക്കിന്റെ അനുയായികളും പുറപ്പെട്ടു. മക്കയിലെത്തിയപ്പോള്‍ അഖബയില്‍ വെച്ച് അയ്യാമുത്തശ്‌രീഖ് ദിനത്തില്‍ പ്രവാചകന്‍ ബൈഅത്ത് സ്വീകരിച്ചു. അതാണ് രണ്ടാം അഖബ ഉടമ്പടി എന്ന പേരില്‍ പ്രസിദ്ധമായത്. എഴുപത് പുരുഷന്മാരും രണ്ട് സ്ത്രീകളുമായിരുന്നു പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. അതില്‍ അസ്അദ് ബിന്‍ സുറാറ(റ)യും ഉണ്ടായിരുന്നു. ബൈഅത്തില്‍ അദ്ദേഹത്തിന് ശ്രദ്ദേയമായ നിലപാടുണ്ടായിരുന്നു. നിങ്ങളില്‍ നിന്നും വ്യത്യസ്ത ജനതയെ പ്രതിനിധീകരിച്ച് പന്ത്രണ്ട് നഖീബുമാരെ എന്നിലേക്ക് അയക്കുക. അതില്‍ ഒമ്പത് പേര്‍ ഖസ്‌റജ് ഗോത്രത്തിലുള്ളവരും മൂന്ന് പേര്‍ ഔസ് ഗോത്രക്കാരുമായിരുന്നു. ഒമ്പതില്‍ ഒരാളായ സഅ്ദ് ബിന്‍ സുറാറ(റ)യെയാണ് നഖീബുമാരുടെ നേതാവായി തെരഞ്ഞെടുത്തത്.
സംഘം ബൈഅത്തിനായി തയ്യാറായ സന്ദര്‍ഭത്തില്‍ പതിനേഴ്കാരനായ അസ്അദു ബിന്‍ സുറാറ(റ) പ്രവാചകന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു. ‘യസ്‌രിബ്കാരെ നില്‍ക്കൂ! അല്ലാഹുവിന്റെ ദൂതനാണ് അദ്ദേഹമെന്ന് അറിഞ്ഞത് കൊണ്ടാണ് നാം അദ്ദേഹത്തിലേക്ക് വന്നത്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെയടുത്ത് നിന്നും നാം മടങ്ങുന്നത് അറബികളുടെ മൊത്തം വെറുപ്പ് സമ്പാദിച്ചു കൊണ്ടാണ്. നിങ്ങളുടെ ഉറ്റവരെ അവര്‍ വധിക്കും, നിങ്ങള്‍ വാളുകള്‍ കയ്യിലേന്തിയിരിക്കുന്നു. നിങ്ങള്‍ ഈ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അത് മുറുകെ പിടിക്കുക, നിങ്ങളുടെ പ്രതിഫലം അല്ലാഹുവിങ്കലാണ്. എന്നാല്‍ നിങ്ങള്‍ സ്വന്തത്തോടുള്ള ഭയത്താല്‍ ആണ് ഇത് കയ്യിലേന്തിയതെങ്കില്‍ നിങ്ങള്‍ അത് ഉപേക്ഷിക്കുക. അല്ലാഹുവിങ്കല്‍ നിങ്ങള്‍്ക്ക് ഇളവ് ലഭിച്ചേക്കാം.’ അവര്‍ പറഞ്ഞു. ‘ഹേ അസ്അദ്, ഞങ്ങള്‍ പൂര്‍ണമായും അനുസരിക്കുന്നവരാണ്. അല്ലാഹുവില്‍ സത്യം, ഒട്ടും വൈകാതെ ഞങ്ങള്‍ ഓരോരുത്തരും എഴുന്നേറ്റ് അദ്ദേഹത്തിന് ബൈഅത്ത് ചെയ്യും, അതാണ് ഞങ്ങള്‍ക്ക് സ്വര്‍ഗം നല്‍കുക.’

അല്ലാഹുവുമായി ചെയ്ത കരാര്‍ അവര്‍ സത്യസന്ധമായി പുലര്‍ത്തിയിരിക്കുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത മാതൃക വ്യക്തിത്വങ്ങളടങ്ങുന്ന പ്രഥമ തലമുറയില്‍ പെട്ടവരായിരുന്നു അവര്‍. അതിന് സാക്ഷിയായി ഖുര്‍ആനുണ്ട്. അവരുടെ ശ്രേഷ്ഠതക്ക് പ്രവാചകനും സാക്ഷിയാണ്. ഇഹലോകത്തും പരലോകത്തും അവര്‍ അദ്ദേഹത്തിന്റെ കൂട്ടാളിയാണ്.

പിതൃവ്യന്‍ അബ്ബാസിനോടൊപ്പമാണ് മുഹമ്മദ് നബി(സ) എത്തിയത്. അദ്ദേഹമന്ന് ഇസ്‌ലാം സ്വീകരിച്ചിട്ടില്ലായിരുന്നു. അബ്ബാസ് അവരോട് പറഞ്ഞു: ‘ഖസ്രജ് ഗോത്രക്കാരെ, മുഹമ്മദിന് ഞങ്ങള്‍ക്കിടയിലുള്ള സ്ഥാനം നിങ്ങള്‍ക്കറിയാമല്ലോ? ഞങ്ങളുടെ ആളുകളില്‍ നിന്നും ഇത്രയും കാലം ഞങ്ങള്‍ അവനെ സംരക്ഷിച്ചു പോന്നിട്ടുണ്ട്. സ്വന്തം ജനതയില്‍ അന്തസ്സുള്ളവനും സ്വന്തം നാട്ടില്‍ സംരക്ഷിക്കപ്പെടുന്നവനുമാണ് അവന്‍. എങ്കിലും ഇപ്പോള്‍ നിങ്ങളുടെ നാട്ടിലേക്ക് വരാനും നിങ്ങളോടൊപ്പം ചേരാനും അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്് കൊടുത്ത വാക്കില്‍ നിന്നും വ്യതിചലിക്കില്ലെന്നും എതിരാളികളില്‍ നിന്നും അദ്ദേഹത്തെ സംരക്ഷിക്കുമെന്നും ഉറപ്പുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ക്ക് ഏറ്റെടുക്കാം. അതല്ല, നിങ്ങളോടൊപ്പം വന്ന ശേഷം അദ്ദേഹത്തെ ചതിക്കാനാണ് ഭാവമെങ്കില്‍ ഇപ്പോള്‍ തന്നെ വിട്ടേക്കുയാണ് നല്ലത്’.

അവര്‍ പറഞ്ഞു ‘താങ്കള്‍ പറഞ്ഞത് ഞങ്ങള്‍ ചെവികൊള്ളുന്നു, അല്ലാഹുവിന്റെ ദൂതരെ പറയൂ അങ്ങേക്കു വേണ്ടി എന്തു നിബന്ധനകളാണ് ഞങ്ങള്‍ പാലിക്കേണ്ടത്.’ ഈ സമയത്ത് മുഹമ്മദ് നബി അവര്‍ക്ക് ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചശേഷം പറഞ്ഞു: ‘നിങ്ങള്‍ ദൈവത്തിനു മാത്രം കീഴ്‌പ്പെടുകയും അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുയും ചെയ്യണം. നിങ്ങളുടെ സ്ത്രീകളേയും കുട്ടികളേയും നിങ്ങള്‍ ഏതുവിധം സംരക്ഷിക്കുന്നുവോ അതേ വിധം എന്നെയും സംരക്ഷിക്കണം.’ ഉടനേ അസ്അദ് ബിന്‍ സുറാറ നബിയുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ സ്ത്രീകളെ സംരക്ഷിക്കുന്നതിനേക്കാളധികം ഞങ്ങള്‍ അങ്ങയെ സംരക്ഷിക്കും. ആയുധത്തിന്റെ കൂട്ടാളികളും യുദ്ധത്തിന്റെ സന്തതികളുമാണ് ഞങ്ങള്‍. ഞങ്ങളുടെ പാരമ്പര്യമാണത്. ജൂതന്മാരും ഞങ്ങളും തമ്മില്‍ ചില കരാറുകളുണ്ട്, അവയെല്ലാം ഞങ്ങളിതാ പൊട്ടിച്ചെറിയുന്നു. എന്നാല്‍ ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്ത ശേഷം അല്ലാഹു താങ്കള്‍ക്ക് വിജയം നല്‍കിയാല്‍ ഞങ്ങളെ ഉപേക്ഷിച്ച് സ്വന്തം ജനതയുടെ അടുത്തേക്ക് താങ്കള്‍ തിരിച്ചു പോയ്ക്കളയുമോ?’. അതുകേട്ട് മുഹമ്മദ് പറഞ്ഞു: ‘ഒരിക്കലുമില്ല. നിങ്ങളോടുള്ള ശത്രുത എന്നോടുള്ള ശത്രുതയാണ്, നിങ്ങളുടെ രക്തം എന്റെയും രക്തമാണ്. നിങ്ങള്‍ എന്റേതും ഞാന്‍ നിങ്ങളുടേതുമാണ്. നിങ്ങള്‍ യുദ്ധം ചെയ്യുന്നവരോടൊക്കെ ഞാനും യുദ്ധം ചെയ്യും. നിങ്ങള്‍ സന്ധി ചെയ്യുന്നവരോടൊക്കെ ഞാനും സന്ധി ചെയ്യും’. അവരെല്ലാവരും കൈ നീട്ടി, നബിയും കൈനീട്ടി. അങ്ങനെ അവര്‍ ഉടമ്പടി ചെയ്തു.
അദ്ദേഹത്തിന്റെ സംസാരം ഗാംഭീര്യമുള്ളതും വിശ്വാസത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതുമായിരുന്നു. ഇസ്‌ലാമിനെകുറിച്ച ശരിയായ ബോധ്യത്തില്‍ നിന്നുള്ളതായിരുന്നു അവ. തങ്ങളുടെ ആശയം മനോഹരമായ രീതിയില്‍ സമര്‍പ്പിക്കാനുള്ള വാചാലത അദ്ദേഹത്തിനുണ്ടായിരുന്നു. ഇസ്‌ലാമിക മാര്‍ഗത്തിലെ സമര്‍പ്പണ സന്നദ്ധതയും രക്തസാക്ഷിത്വത്തിന് വേണ്ടിയുളള തയ്യാറെടുപ്പും നമുക്ക് ദര്‍ശിക്കാം.

3. പ്രവാചകന്‍(സ) മദീനയില്‍ പ്രവേശിച്ചപ്പോള്‍ അബൂഅയ്യൂബില്‍ അന്‍സാരി(റ)യുടെ വീട് താമസത്തിനായി തെരഞ്ഞെടുക്കുകയുണ്ടായി. അസ്അദ് ബിന്‍ സുറാറ(റ) അദ്ദേഹത്തിന് മനോഹരമായ ഒരു കട്ടില്‍ സമ്മാനിക്കുകയുണ്ടായി.
4. മദീനയില്‍ മുസ്അബ് ബിന്‍ ഉമൈറി(റ)ന്റെ നേതൃത്വത്തില്‍ ഓരോ ഗോത്രത്തലവന്മാരെയും കണ്ട് ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കുന്നതില്‍ അസ്അദ് ബിന്‍ സുറാറ(റ) മുന്‍നിരയിലുണ്ടായിരുന്നു. സഅദ് ബിന്‍ മുആദി(റ)നെപോലുള്ള പ്രമുഖര്‍ ഈ പ്രബോധനം വഴി ഇസ്‌ലാമാശ്ലേഷിക്കുകയുണ്ടായി.

ശ്രേഷ്ടതകള്‍
ഹൃസ്വമായ കാലമാണ് അസ്അദ് ബിന്‍ സുറാറ(റ) ജീവിച്ചതെങ്കിലും തന്റെ ജീവിതത്തിന്റെ താളുകളിലേക്ക് വൈവിധ്യമായ നിരവധി ഏടുകള്‍ തുന്നിച്ചേര്‍്ക്കാന്‍ അദ്ദേഹത്തിന്് സാധിക്കുകയുണ്ടായി.
1. ഇമാം ദഹബിയുടെ വിവരണമനുസരിച്ച അസ്അദായിരുന്നു അവരുടെനേതാവ്, ബനീ നജ്ജാറിലെ നഖീബ്, സഹാബികളില്‍ പ്രമുഖന്‍, അല്ലാഹുവിന്റെ മാര്‍ഗത്തിലെ രക്തസാക്ഷി, പന്ത്രണ്ട് നഖീബുമാരുടെ നേതാവ്…
2. മദീനയില്‍ സംഘടിത നമസ്‌കാരത്തിന് ആദ്യമായി നേതൃത്വം നല്‍കിയതും മദീനയില്‍ പ്രഥമ പളളി പണിതതും അസ്അദ് ബിന്‍ സുറാറയാണ്.
3. അനാഥരുടെ ഉറ്റതോഴനായിരുന്നു അസ്അദ്. സുഹ്‌രി പറയുന്നു. ‘മസ്ജിദ് സ്ഥാപിച്ച സ്ഥാനത്ത് പ്രവാചകന്റെ ഒട്ടകം മുട്ടുകുത്തി. അസ്അദ് അന്ന് മുസ്‌ലിങ്ങളെ ഒരുമിച്ചുകൂട്ടി നമസ്‌കരിക്കുകയായിരുന്നു. അന്‍സാരികളില്‍ പെട്ട സഹല്‍, സുഹൈല്‍ എന്നീ അനാഥകളുടെ സംരക്ഷകനായിരുന്നു അദ്ദേഹം. പ്രവാചകന്‍ ആ അനാഥരുടെ സ്ഥലത്ത് പള്ളി നിര്‍മിക്കാനുദ്ദേശിച്ചപ്പോള്‍ അവരോട് വില ചോദിച്ചു. അസ്അദും അവരും സംഭാവനയായി സ്ഥലം വിട്ടുകൊടുത്തപ്പോള്‍ പ്രവാചകന്‍ നിരസിച്ചു. പത്ത് ദീനാറിന് പ്രസ്തുത സ്ഥലം അവരില്‍ നിന്നും പ്രവാചകന്‍ വാങ്ങുകയുണ്ടായി. മേല്‍ക്കൂരയില്ലാത്ത റൂമുകളായിരുന്നു അവര്‍ നിര്‍മിച്ചത്. ബെതുല്‍ മഖ്ദിസിന് അഭിമുഖമായിട്ടായിരുന്നു അന്നവര്‍ നമസ്‌കരിച്ചത്. പ്രവാചകന്റെ നേതൃത്വത്തില്‍ അസ്അദ് ബിന്‍ സുറാറ അവിടെ നമസ്‌കാരം സംഘടിപ്പിച്ചു.’
4. അന്‍സാരികളുടെ ശ്രേഷ്ടതയെ വിവരിച്ച പ്രവാചകന്‍(സ) ബനൂനജ്ജാറിന്റെ സവിശേഷത പ്രത്യേകം വിവരിക്കുകയുണ്ടായി. പ്രവാചകന്‍ പറഞ്ഞു. അന്‍സാരികളില്‍ ഉത്തമമായ ദൗത്യനിര്‍വഹണം നിര്‍വഹിച്ചത് ബനൂനജ്ജാറാണ്. അസ്അദ് ബിന്‍ സുറാറ(റ) ബനൂനജ്ജാറിലെ നഖീബും നേതാവുമാണ്.

അസ്അദ് ബിന്‍ സുറാറക്ക് വെട്ടേറ്റു. തൊണ്ടയുടെ ഭാഗത്താണ് പരിക്കേറ്റത്. പ്രവാചകന്‍ (സ) അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചൂട് വെച്ചുകൊണ്ടുള്ള ചികില്‍സ നടത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം ശഹാദത്ത് വരിച്ചു. അദ്ദേഹത്തിന് ശേഷം, ബനൂനജ്ജാര്‍ നിവാസികള്‍ തങ്ങള്‍ക്കൊരു നഖീബിനെ നിശ്ചയിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. പ്രവാചകന്‍ പ്രതിവചിച്ചു. ‘നിങ്ങള്‍ എന്റെ സഹോദരങ്ങളാണ്. ഞാന്‍ നിങ്ങളുടെ നഖീബാണ്.’ ബനൂ നജ്ജാറിന് പ്രവാചകനില്‍ നിന്നുള്ള അംഗീകാരമായിരുന്നു അത്. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ നിരവധി സല്‍സംരംഭങ്ങളുടെ മുമ്പില്‍ നടന്ന കര്‍മയോഗിയും നന്മകളുടെ തോഴനുമായ ആ സഹാബി അല്ലാഹുവിലേക്ക് യാത്രയായി.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles