Interview

എന്താണ് സി.എ.എ-എൻ.പി.ആർ-എൻ.ആർ.സി? ഇന്ത്യൻ പൗരൻമാരെ ഏതുവിധത്തിൽ ബാധിക്കും?

എന്താണ് എൻ.ആർ.സി? അതിനെന്തെങ്കിലും നിയമപരമായ അടിസ്ഥാനമുണ്ടോ?

ലളിതമായി പറഞ്ഞാൽ, ഈ രാജ്യത്തെ എല്ലാ പൗരൻമാരെയും ഔദ്യോഗികമായി പട്ടികപ്പെടുത്തുന്നതിനെയാണ് എൻ.ആർ.സി സൂചിപ്പിക്കുന്നത്. പൗരത്വനിയമത്തിന്റെ 14A വകുപ്പ് ആണ് എൻ.ആർ.സിയുടെ അടിസ്ഥാനം. 2003-ൽ അടൽ ബിഹാരി വാജ്പെയി പ്രധാനമന്ത്രിയും എൽ.കെ അദ്വാനി ആഭ്യന്തരമന്ത്രിയുമായിരുന്ന പ്രഥമ ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കുന്ന സമയത്താണ് ഇത് നിയമമായി പ്രാബല്യത്തിൽ വരുന്നത്. ഈ വകുപ്പ് പ്രകാരം, എല്ലാ പൗരൻമാരെയും ‘നിർബന്ധപൂർവം രജിസ്റ്റർ’ ചെയ്യാനും, രജിസ്റ്റർ ചെയ്തതിനു ശേഷം നാഷണൽ ഐഡന്റിറ്റി കാർഡുകൾ നൽകാനും സർക്കാറിനു കഴിയും. ഇതു പ്രാവർത്തികമാക്കുന്നതിനു വേണ്ടി സർക്കാറിന് നാഷണൽ രജിസ്റ്റർ ഓഫ് ഇന്ത്യൻ സിറ്റിസൺ (എൻ.ആർ.ഐ.സി) എന്ന പട്ടിക തയ്യാറാക്കേണ്ടതുണ്ട്. ഈ പട്ടികയാണ് എൻ.ആർ.സി അഥവാ ഓൾ ഇന്ത്യ എൻ.ആർ.സി എന്ന പേരിൽ വ്യാപകമായി അറിയപ്പെടുന്നത്.

എന്താണ് എൻ.പി.ആർ? ഇതിന് എൻ.ആർ.സിയുമായി ബന്ധമുണ്ടോ? ഇത് എപ്പോഴാണ് നടത്തപ്പെടുക?

ദേശീയ ജനസംഖ്യാ രജിസ്റ്റർ ആണ് എൻ.പി.ആർ- ഇന്ത്യൻ പൗരൻ ആകട്ടെ പൗരത്വമില്ലാത്ത ആളാവട്ടെ, ഇന്ത്യയിൽ സാധാരണയായി താമസിക്കുന്ന എല്ലാ വ്യക്തികളുടെയും വിവരങ്ങൾ അടങ്ങുന്ന പട്ടികയാണിത്. സെൻസസ് തയ്യാറാക്കുന്ന അതേ വകുപ്പ് തന്നെയാണ് എൻ.പി.ആർ തയ്യാറാക്കുന്ന പ്രക്രിയ നടത്തുന്നത്, അതിന് തികച്ചും വ്യത്യസ്തമായ നിയമപരമായ അടിസ്ഥാനവും ലക്ഷ്യവുമുണ്ട്. 2003-ലെ പൗരത്വചട്ടം പ്രകാരം 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ എൻ.പി.ആർ തയ്യാറാക്കൽ പ്രക്രിയ നടത്തുമെന്ന് സൂചിപ്പിച്ചു കൊണ്ട് 2019 ജൂലൈ 31ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2003-ലെ പൗരത്വചട്ടവും എൻ.ആർ.ഐ.സി അഥവാ അഖിലേന്ത്യ എൻ.ആർ.സി പ്രക്രിയ നടപ്പിലാക്കുന്നതിന് നിദാനമായ നിയമങ്ങളും സമാനമാണ്. 2003ലെ പൗരത്വചട്ടങ്ങളുടെ റൂൾ 4 പ്രകാരം, എൻ.ആർ.ഐ.സിയുടെ ആദ്യ പടി ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിന് ഓരോ പ്രദേശത്തെയും വീടുവീടാന്തരം കയറിയുള്ള വിവരശേഖരണമാണ്. എല്ലാ പ്രാദേശിക രജിസ്റ്ററുകളും ചേർത്ത് ഒരു ഉപജില്ല രജിസ്റ്റർ ഉണ്ടാക്കും, ഇതു പിന്നീട് ജില്ലാ രജിസ്റ്റർ, സംസ്ഥാന രജിസ്റ്റർ എന്നിവയായി രൂപാന്തരപ്പെട്ട് അവസാനം ദേശീയ ജനസംഖ്യാ രജിസ്റ്റർ ആയി മാറും.

Also read: സാവിത്രിഭായിയുടെയും ഫാത്തിമ ശൈഖിന്റെയും പെൺമക്കൾ

എൻ.പി.ആറിൽ നിന്നും എങ്ങനെയായിരിക്കും എൻ.ആർ.സി/എൻ.ആർ.ഐ.സി തയ്യാറാക്കുക?

പൗരത്വനിയമത്തിന്റെ ചട്ടം 4(3) അനുസരിച്ച്, എൻ.ആർ.ഐ.സി ആദ്യം പ്രാദേശിക തലത്തിൽ ഒരു പ്രാദേശിക രജിസ്ട്രാർ ആണ് തയ്യാറാക്കുക. ഇതിനു വേണ്ടി, പ്രാദേശിക ജനസംഖ്യ രജിസ്റ്ററിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ പ്രാദേശിക രജിസ്ട്രാർ സൂക്ഷമപരിശോധനക്കു വിധേയമാക്കും, ശേഷം ‘സംശയാസ്പദ പൗരൻമാർ’ എന്ന ഒരു വിഭാഗം സൃഷ്ടിക്കും, ഈ വിഭാഗത്തോട് അവരുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജറാക്കാൻ ആവശ്യപ്പെടും. എന്ത് അടിസ്ഥാനത്തിലാണ് പ്രാദേശിക രജിസ്ട്രാർ ആളുകളെ ‘സംശയാസ്പദ പൗരൻമാർ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുക എന്നതു സംബന്ധിച്ച് ചട്ടങ്ങൾ വ്യക്തമായി യാതൊന്നും പരാമർശിക്കുന്നില്ല. ലോക്കൽ രജിസ്ട്രാറിനെ സഹായിക്കാൻ ‘ഒന്നോ അതിലധികമോ ആളുകൾ’ ഉണ്ടാകുമെന്ന് ചട്ടങ്ങളിൽ പറയുന്നുണ്ടെങ്കിലും, ഈ സഹായികളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമോ അവരുടെ യോഗ്യതയോ സംബന്ധിച്ച് യാതൊന്നും പറയുന്നില്ല.

എന്തുകൊണ്ടാണ് സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ എന്നിവ പ്രശ്നകരമാവുന്നത്?

മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ പേരിലുള്ള എല്ലാവിധ വിവേചനങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന, നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 5, 10, 14, 15 വകുപ്പുകൾക്ക് എതിരുനിൽക്കുന്ന നിയമമാണ് സി.എ.എ.

ഏതു രേഖയാണ് പൗരത്വം തെളിയിക്കുക എന്നതു സംബന്ധിച്ച് സി.എ.എ നിയമം യാതൊരുവിധ മാർഗനിർദ്ദേശങ്ങളും നൽകുന്നില്ല. ഏതു രേഖയാണ് ഖണ്ഡിതമായി പൗരത്വം തെളിയിക്കുക എന്നതു സംബന്ധിച്ച് സർക്കാറും യാതൊരു വിധ മാർഗനിർദ്ദേശങ്ങളും മുന്നോട്ടുവെക്കുന്നില്ല, അവർക്കതിനെ കുറിച്ച് യാതൊരു വ്യക്തതയുമില്ല.

സാക്ഷരരായ ആളുകൾക്ക് പൗരത്വത്തെ കുറിച്ചും അതിനാവശ്യമായ രേഖകളെ കുറിച്ചും ധാരണ ഉണ്ടാവാൻ സാധ്യതയുണ്ട്, അതേസമയം ഇതിനെ കുറിച്ച് യാതൊരു വിധ ധാരണയും രേഖകളും ഇല്ലാത്ത നിരക്ഷരരും ദരിദ്രരുമായ ജനങ്ങൾ ഭൂരിപക്ഷമുള്ള ഒരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ നിരക്ഷരരെയും ദരിദ്രജനങ്ങളെയുമാണ് ഈ നിയമം ഗുരുതരമായി ബാധിക്കാൻ പോകുന്നത്. ഏതെങ്കിലും കാരണവശാൽ വിദേശികളായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥിതിവിശേഷം വന്നാൽ, സമ്പന്നർക്കും സാക്ഷരർക്കും എളുപ്പത്തിൽ നിയമസഹായം തേടാൻ കഴിയുമ്പോൾ, ദരിദ്രരും നിരക്ഷരരുമായ ജനവിഭാഗങ്ങളുടെ കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്ന് മാത്രമല്ല ദുരിതങ്ങളും യാതനകളുമാണ് അവരെ കാത്തിരിക്കുന്നത്.

സി.എ.എ പ്രശ്നകരവും ഭരണഘടനാവിരുദ്ധവുമാണെന്നിരിക്കെ തന്നെ, അതിന്റെ കൂടെ നടപ്പാക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്ന എൻ.ആർ.സി പ്രക്രിയ അതിനേക്കാൾ കൂടുതൽ ദുരന്തസമാനമാണ്. വ്യക്തമായ യാതൊരു വിധ മാർഗനിർദ്ദേശങ്ങളും ഇതുവരെ പുറപ്പെടുവിക്കപ്പെട്ടിട്ടില്ല, തികച്ചും ഏകപക്ഷീയമായാണ് അതു നടപ്പാക്കുക, നമ്മുടെ ബഹുസ്വരസമൂഹത്തിന്റെ ഘടനയെ അതു കീറിമുറിക്കും, മതത്തിന്റെ അടിസ്ഥാനത്തിൽ അതു ജനങ്ങളെ വിഭജിക്കുകയും ഒരു വിഭാഗം ജനങ്ങളുടെ പൗരത്വവും അവകാശങ്ങളും അതു കവർന്നെടുക്കുകയും ചെയ്യും.

Also read: ജാമിഅ നഗർ: വായിക്കപ്പെടേണ്ട ചരിത്രം

1980 മുതൽക്കു തന്നെ എൻ.പി.ആർ സെൻസസ് പ്രക്രിയയുടെ ഒരു ഭാഗമാണ്, എന്നാൽ സി.എ.എ-എൻ.ആർ.സിയുടെ പശ്ചാത്തലത്തിൽ എൻ.പി.ആറിനെ നോക്കിക്കാണുമ്പോൾ, എൻ.പി.ആർ എന്നത് എൻ.ആർ.സി പ്രക്രിയയുടെ ഒരു തുടക്കമാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ഇന്ത്യയിൽ താമസിക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ എൻ.പി.ആറിലൂടെ ശേഖരിക്കുകയും വേർതിരിക്കുകയും ചെയ്യുന്നതിനാൽ, എൻ.പി.ആർ ഡാറ്റ ഉപയോഗിച്ച് എൻ.ആർ.സി പ്രക്രിയ നടപ്പിലാക്കാനും, സംശയാസ്പദ പൗരൻമാരുടെ പട്ടിക ഉണ്ടാക്കാനും സർക്കാറിന് എളുപ്പം സാധിക്കും. ഇത്തരത്തിൽ സംശയാസ്പദ പൗരൻമാരുടെ പട്ടികയിൽ ഉൾപ്പെടുന്ന വ്യക്തികളോട് അവരുടെ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസുകൾ അയക്കപ്പെടും.

സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ നടപ്പിലാക്കിയാൽ എന്താണ് സംഭവിക്കുക?

സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ നടപ്പിലാക്കിയാൽ എന്തു സംഭവിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് അസ്സാം. ഒരു വലിയ പൗരൻമാർ (മുസ്ലിംകൾ മാത്രമല്ല) രേഖകളുടെ അഭാവം കാരണത്താൽ സംശയാസ്പദ പൗരൻമാരായി പ്രഖ്യാപിക്കപ്പെടും.

അസ്സമിൽ നാം കണ്ടതു പോലെ, എൻ.ആർ.സി പട്ടികയിൽ നിന്നും പുറത്തായവരിൽ 60-70 ശതമാനം മുസ്ലിംകൾ അല്ലാത്തവരാണ്. അതായത് മുസ്ലിംകളെ മാത്രമല്ല മറിച്ച് പൊതുവിൽ എല്ലാവരെയും ഇതു ബാധിക്കും എന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുക. കാരണം മതിയായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തവരൊക്കെ തന്നെ എൻ.ആർ.സി പട്ടികയിൽ നിന്നും പുറന്തള്ളപ്പെടുകയായിരിക്കും ഫലം. ഏതൊരു സമുദായത്തിൽപ്പെട്ട വ്യക്തിയെയും ഇതു ബാധിക്കും.

ഒരു വ്യക്തി നിയമവിരുദ്ധ താമസക്കാരനെന്ന് പ്രഖ്യാപിക്കപ്പെട്ടാൽ, അയാളുടെ പൗരത്വം റദ്ദു ചെയ്യപ്പെടും, എല്ലാവിധ അവകാശങ്ങളും അയാൾക്ക് നിഷേധിക്കപ്പെടും. അവരുടെ വസ്തുവകകളും സമ്പാദ്യങ്ങളും കണ്ടുകെട്ടും, അവരുടെ ജോലി നഷ്ടപ്പെടും. അവർക്ക് ഒരുതരത്തിലുള്ള അവകാശങ്ങളും ലഭിക്കില്ല, ഭരണകൂട സംരക്ഷണം അവകാശപ്പെടാനോ, നീതിക്കു വേണ്ടി ജുഡീഷ്യറിയെ ആശ്രയിക്കാനോ സാധിക്കില്ല. ആർക്കു വേണമെങ്കിലും ഏതുവിധേനയും അവരെ ചൂഷണം ചെയ്യാൻ സാധിക്കും.

അസ്സമിൽ സംഭവിച്ചതു പോലെ, എൻ.ആർ.സിയുടെ അനന്തരഫലമായി ഒരു വലിയ കരിച്ചന്ത തന്നെ ഉയർന്നുവരും. എൻ.ആർ.സി-സി.എ.എ ഉദ്യോഗസ്ഥർ സംശയാസ്പദ പൗരൻമാരിൽ നിന്നും (പട്ടികയിൽ പേരു ചേർക്കുന്നതിനു വേണ്ടി) വലിയ തോതിൽ കൈക്കൂലി വാങ്ങുന്ന ദുസ്ഥിതി സംജാതമാവും. അധികാര ദുർവിനിയോഗം അരങ്ങേറും. വ്യക്തിവൈരാഗ്യങ്ങളുടെ പേരിൽ ആളുകൾ വേട്ടയാടപ്പെടും.

സി.എ.എയുടെ മറ്റൊരു പ്രശ്നകരമായ വശം, അത് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളെ മാത്രമെ പരിഗണിക്കുന്നുള്ളു എന്നതാണ്. ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് വരുന്നവരാണ് തങ്ങളെന്ന് ആളുകൾ തെളിയിക്കേണ്ടി വരും. കൂടാതെ, ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈൻ, ബുദ്ധ, പാർസി എന്നീ ആറു മതങ്ങളിൽ ഏതെങ്കിലും ഒന്നിൽ അംഗമാവുകയും വേണം. സംശയാസ്പദ പൗരൻമാരെന്ന് പ്രഖ്യാപിക്കപ്പെട്ടാൽ, ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് വരുന്നവരല്ലെങ്കിൽ, അവരും നിയമവിരുദ്ധരെന്ന് പ്രഖ്യാപിക്കപ്പെടും, അവരുടെ പൗരത്വം റദ്ദു ചെയ്യപ്പെടും. ഉദാഹരണത്തിന്, രേഖകളുടെ അഭാവം മൂലം മഹാരാഷ്ട്രയിൽ നിന്നോ ആന്ധ്രയിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ ഉള്ള ഏതെങ്കിലും മുസ്ലിം ഇതര മതവിഭാഗത്തിൽപ്പെട്ട ആളുകൾ സംശയാസ്പദ പൗരൻമാരായി പ്രഖ്യാപിക്കപ്പെട്ടാൽ, അവർക്ക് പൗരത്വം നൽകാൻ സി.എ.എയിൽ വകുപ്പ് ഉണ്ടെങ്കിലും ശരി, നേരത്തെ സൂചിപ്പിച്ച മൂന്ന് രാജ്യങ്ങളുമായി മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട് എന്നിവയക്ക് യാതൊരു ബന്ധവുമില്ലാത്തതിനാൽ, ആ മൂന്ന് രാജ്യങ്ങളിൽ ഒന്നിൽ നിന്നാണ് തങ്ങൾ വരുന്നതെന്ന് തെളിയിക്കാൻ ഒരിക്കലും അവർക്ക് സാധിക്കില്ല. അതിനാൽ മുസ്ലിംകളെ പോലെതന്നെ അവരുടെ പൗരത്വത്തിന്റെ കാര്യവും പ്രശ്നത്തിലാവും, അവരുടെ പൗരത്വം പിൻവലിക്കപ്പെടും, സ്വത്തുവകകൾ കണ്ടകെട്ടുകയും അവകാശങ്ങൾ റദ്ദാക്കുകയും ചെയ്യും.

പ്രാദേശിക പൗരത്വ പട്ടികയിൽ നിന്നും പുറത്താവുന്നവർക്ക് എന്താണ് സംഭവിക്കുക?

വെരിഫിക്കേഷൻ പ്രക്രിയക്കു ശേഷം പൗരത്വ പട്ടികയിൽ നിന്നും പുറത്താക്കപ്പെടുന്നവർക്ക് രണ്ടു ഘട്ടങ്ങളായി അപ്പീലിന് പോകാൻ നിയമം അനുവദിക്കുന്നുണ്ട്; ആദ്യം ഉപജില്ല അല്ലെങ്കിൽ താലൂക്ക് തലത്തിൽ അപ്പീൽ നൽകാം, രണ്ടാമതായി ജില്ലാതലത്തിൽ അപ്പീലിനു പോകാം. അന്തിമ എൻ.ആർ.ഐ.സിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർക്കുള്ള നടപടിക്രമങ്ങൾ ചട്ടങ്ങൾ വ്യക്തമാക്കുന്നില്ലെങ്കിലും, ഇതൊരു ഉദ്യോഗസ്ഥതല പ്രവർത്തനം മാത്രമാണെന്നും നിയമപരമായ പ്രക്രിയകൾ കൂടാതെ ഒരു ഇന്ത്യക്കാരന്റെയും പൗരത്വം കവർന്നെടുക്കാൻ കഴിയില്ലെന്നും നാം ഓർക്കണം. എന്നിരുന്നാലും, എൻ.ആർ.ഐ.സി നടപടിക്രമം മൊത്തത്തിൽ എല്ലാ പൗരൻമാർക്കും കൊടിയ ദുരിതങ്ങൾ സമ്മാനിക്കും, തങ്ങളുടെ അടിസ്ഥാന പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി അവർക്ക് ഒരുപാട് കടമ്പകൾ കടക്കേണ്ടി വരും. പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്നവർക്ക് അതിലേറെ വേദനാജനകവും ദുരിതപൂർണവുമായ കേസുകളിലൂടെയും അപ്പീലുകളിലൂടെയും കടന്നുപോകേണ്ടി വരും.

Also read: സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍: കെട്ടുകഥകളും യാഥാര്‍ത്ഥ്യങ്ങളും

നാം എന്താണ് ചെയ്യേണ്ടത്?

ആദ്യമായി, മതേതര ഇന്ത്യയിലെ പൗരൻമാർ എന്ന നിലയിൽ, മതം, വംശം, ഭാഷ, വർഗം, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്ന എല്ലാതരത്തിലുള്ള നിയമനിർമാണങ്ങളും നാം ഒരുമിച്ച് നിന്ന് എതിർക്കേണ്ടതുണ്ട്. നമ്മുടെ ഭരണഘടനാ ആമുഖത്തിൽ പറഞ്ഞതു പോലെ അത് ഇന്ത്യയുടെ മതേതര, ബഹുസ്വര ആത്മാവിന് എതിരാണ്. ജനാധിപത്യപരമായി ഒരുമിച്ച് പ്രവർത്തിക്കണം, എതിർക്കാനുള്ള ഭരണഘടനാ അവകാശം നാം വിനിയോഗിക്കണം, ബി.ജെ.പി സർക്കാറിനെ കൊണ്ട് സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ പിൻവലിപ്പിക്കണം. അതിനു വേണ്ടി താഴെ പറയുന്ന കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്.

സി.എ.എ പൂർണമായും പിൻവലിക്കാൻ പാർലമെന്റിൽ സമ്മർദ്ദം ചെലുത്തുക.
സി.എ.എയുടെ ഭരണഘടനാപരമായ സാധുത സുപ്രീംകോടതിയിൽ വെല്ലുവിളിക്കുക, എൻ.ആർ.സി-എൻ.പി.ആർ നിർത്തിവെക്കാൻ ഹരജി സമർപ്പിക്കുക.
പൗര നിസ്സഹകരത്തിന്റെ ഭാഗമായി എൻ.ആർ.സി നടപടികൾ ഉപരോധിക്കുക.
എൻ.ആർ.സി നടപടിക്രമങ്ങൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാറുകൾക്കു മേൽ സമ്മർദ്ദം ചെലുത്തുക.

ഈ ലക്ഷ്യങ്ങൾ നേടുന്നതുവരേക്കും സമരപരിപാടികളിൽ നിന്നും പിൻമാറാതിരിക്കുക.

(സാമൂഹിക പ്രവർത്തകനാണ് സയ്യിദ് അസ്ഹറുദ്ദീൻ)

വിവ. മുഹമ്മദ് ഇർഷാദ്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker