Interview

ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ജനാധിപത്യം

ഭരണഘടനയുടെ 370, 35എ വകുപ്പുകള്‍ റദ്ദു ചെയ്യുകയും ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ നടപടിയെ എതിര്‍ത്തുകൊണ്ട് കര്‍ഗില്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചത്തോളമായി പ്രക്ഷോഭപരിപാടികള്‍ അരങ്ങേറുകയുണ്ടായി. പുതിയ നടപടിയുടെ അടിസ്ഥാനത്തില്‍ കാര്‍ഗില്‍, ലേ ജില്ലകള്‍ യൂണിയന്‍ ടെറിട്ടറി ഓഫ് ലഡാക്കായി മാറുകയും, നിയമനിര്‍മ്മാണസഭ ഇല്ലാതാവുകയും ചെയ്യും.

ലേ ജില്ലക്കാര്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് നടപടിയെ വ്യാപകമായി സ്വാഗതം ചെയ്തപ്പോള്‍, കര്‍ഗില്‍ വമ്പിച്ച പ്രക്ഷോഭങ്ങള്‍ക്കു സാക്ഷിയായി. പ്രക്ഷോഭപരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നതിനു വേണ്ടിയുള്ള ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനു വേണ്ടി വിവിധങ്ങളായ മത, രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍ മുന്നോട്ടുവന്നിരുന്നു.

കോണ്‍ഗ്രസ് നേതാവും ജമ്മുകശ്മീര്‍ മുന്‍നിയമസഭാംഗവുമായ അസ്ഗര്‍ അലി കര്‍ബലായിയുമായി ‘ദി വയര്‍’ പ്രതിനിധി സംസാരിക്കുന്നു. കാര്‍ഗില്‍ പ്രക്ഷോഭത്തിലെ മുന്‍നിര നേതാവാണ് അസ്ഗര്‍ അലി കര്‍ബലായ്.

(വ്യക്തതയ്ക്കു വേണ്ടി അഭിമുഖത്തില്‍ ചില തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്)

Q: ജമ്മു കശ്മീര്‍ വിഭജിക്കപ്പെടുകയും 370, 35എ വകുപ്പുകള്‍ റദ്ദാക്കുകയും ചെയ്തപ്പോള്‍ എന്തുകൊണ്ടാണ് കാര്‍ഗില്‍ ജനത പ്രതിഷേധിച്ചത്?

A: കാര്‍ഗില്‍ എല്ലാകാലത്തും സംസ്ഥാന വിഭജനത്തിനെതിരെയായിരുന്നു. അതുപോലെ തന്നെ 370, 35എ വകുപ്പുകള്‍ എടുത്തുകളയുന്നതിനും ഞങ്ങള്‍ എതിരായിരുന്നു. ഈ രണ്ടു വിഷയങ്ങളില്‍ ഞങ്ങളുടെ നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം രാജ്നാഥ് സിങ് കാര്‍ഗില്‍ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ ഇതേകാര്യം പറയുകയും ചെയ്തിരുന്നു.

പെട്ടെന്നാണ് ഇതൊക്കെ സംഭവിച്ചത്. ഞങ്ങള്‍ പ്രതിഷേധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതില്‍ ആരെങ്കിലും അതിശയപ്പെടുന്നുണ്ടെങ്കില്‍, അവര്‍ വിവരമില്ലാത്തവരും കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരുമാണ്.

ഞങ്ങളോട് അഭിപ്രായം ചോദിക്കാതെയാണ് നിങ്ങള്‍ ഇതൊക്കെ ചെയ്തിരിക്കുന്നത്. നിങ്ങള്‍ ഗവര്‍ണറോടാണ് അഭിപ്രായം ആരാഞ്ഞത്, അദ്ദേഹം ജമ്മുകശ്മീരിന്‍റെ പ്രതിനിധിയല്ല. അദ്ദേഹം ഇന്ത്യന്‍ പ്രസിഡന്‍റിനെയാണ് പ്രതിനിധീകരിക്കുന്നത്. ജമ്മുകശ്മീരിലെ സാധാരണജനങ്ങളെയല്ല അദ്ദേഹം പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്‍റെ ശുപാര്‍ശപ്രകാരമാണ് നിങ്ങള്‍ 370, 35എ വകുപ്പുകള്‍ റദ്ദാക്കിയത്.

കാര്‍ഗില്‍ കൂടി ഭാഗമായ, കേന്ദ്രഭരണപ്രദേശമായി മാറിയ ലഡാക്കില്‍ ഒരു നിയമസഭ പോലും ഇന്നില്ല. സംസ്ഥാന നിയമസഭയില്‍ ഞങ്ങള്‍ക്ക് ആറു പ്രതിനിധികള്‍ ഉണ്ടായിരുന്നു, ഇന്ന് ആരും തന്നെയില്ല. വോട്ടുചെയ്യാനുള്ള ഞങ്ങളുടെ അവകാശവും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 70 വര്‍ഷക്കാലം ഞങ്ങള്‍ക്കുണ്ടായിരുന്ന ഏക അവകാശമായിരുന്നു അത്. ഇതാണ് ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള വ്യത്യാസമെന്ന് ഞങ്ങള്‍ അഭിമാനപൂര്‍വ്വം പറഞ്ഞിരുന്നു. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ ഞങ്ങളുടെ സഹോദരന്‍മാര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് പ്രതിനിധികളില്ല. ഇന്നിതാ, 72 വര്‍ഷങ്ങള്‍ക്കു ശേഷം, നരേന്ദ്രമോദിയും അമിത് ഷായും ചേര്‍ന്ന് ലഡാക്കിലെ ജനങ്ങളെയും അതേ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ ജനാധിപത്യ സ്ഥാപനമായ പാര്‍ലമെന്‍റിലൂടെയാണ് ഇതെല്ലാം നടപ്പില്‍ വരുത്തിയത്. ഞങ്ങള്‍ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രദാനം ചെയ്ത ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഞങ്ങള്‍ അഭിമാനം കൊണ്ടിരുന്നു. ഇന്ന്, അതേ ഇന്ത്യന്‍ ജനാധിപത്യം അതിന്‍റെ ഏറ്റവും വലിയ ജനാധിപത്യ സ്ഥാപനം ഉപയോഗിച്ചു കൊണ്ട് ലഡാക്ക് ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും കവര്‍ന്നെടുത്തിരിക്കുകയാണ്.

വളരെയധികം നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്. ലോകസഭയും രാജ്യസഭയും ചേര്‍ന്നാണ് ഇത് നടപ്പിലാക്കിയത്. പ്രത്യേകിച്ച്, ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ച പ്രതിനിധികള്‍ അടങ്ങുന്ന ലോകസഭ. ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ലെന്നാണ് ലഡാക്ക് ജനതയോട് ജനപ്രതിനിധികള്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കേട്ട് ഞങ്ങള്‍ സന്തോഷത്തോടെ ഇരിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?

Q: പക്ഷേ, ലേയില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നിരുന്നല്ലോ? കേന്ദ്രഭരണപ്രദേശമാക്കുക എന്നത് അവരുടെ നീണ്ടകാലമായുള്ള ആവശ്യമായിരുന്നല്ലോ. പക്ഷേ, കാര്‍ഗില്‍ അതിനെതിരായിരുന്നു. എന്തുകൊണ്ട്?

A: നോക്കൂ, പാകിസ്ഥാനും ഇന്ത്യയും പോലും ഞങ്ങളുടെ സ്റ്റേറ്റും വിഭജിക്കപ്പെട്ടിരിക്കുകയാണ്. 1947-ല്‍ ഞങ്ങളുടെ സ്റ്റേറ്റ് വിഭജിക്കപ്പെട്ടു. പകുതി ആ ഭാഗത്താണ് (പാകിസ്ഥാന്‍റെ). കാര്‍ഗിലും ലഡാക്കുമടങ്ങുന്ന പകുതി ഈ ഭാഗത്തും. സാംസ്കാരികമായും, ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ലഡാക്ക് പോലെ തന്നെയാണ് അതും. ഒരു വ്യത്യാസവുമില്ല. മതത്തിന്‍റെ പേരിലുള്ള ഈ വിഭജനങ്ങള്‍ കാരണമാണ്, 70 വര്‍ഷത്തിലധികമായി ഞങ്ങള്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നത്. 7000ത്തിലധികം കുടുംബങ്ങളാണ് ഇത്തരത്തില്‍ ഇന്നും രണ്ടു ഭാഗങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നത്. ഈ വിഭജനങ്ങള്‍ വിദ്വേഷവും ശത്രുതയും വേദനയും മാത്രമേ ഉണ്ടാക്കുകയുള്ളു. നമ്മള്‍ ഇത് അനുഭവിക്കേണ്ടി വരും. ഒരിക്കല്‍ കൂടി മതത്തിന്‍റെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീര്‍ വിഭജിക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

Q: എന്നാല്‍, പുതിയ വിഭജനം മതത്തിന്‍റെ അടിസ്ഥാനത്തിലല്ല. ജമ്മുവില്‍ ഒരുവിധം വലിയ ഹിന്ദു ജനവിഭാഗമുണ്ട്, മുസ്ലിം ഭൂരിപക്ഷമുള്ള താഴ്വരയോടൊപ്പം അതു നിലകൊള്ളും. ലേയില്‍ ബുദ്ധമതവിശ്വാസികള്‍ ഭൂരിപക്ഷവിഭാഗമാണ്, മുസ്ലിം ഭൂരിപക്ഷമുള്ള കാര്‍ഗിലിനോടൊപ്പമാണ് ലേ നിലകൊള്ളുക.

A: നിങ്ങള്‍ക്കിത് വ്യക്തമായി കാണാന്‍ കഴിയുന്നില്ല. പക്ഷേ ഉദ്ദേശം ഇതു തന്നെയാണ്. ലഡാക്ക് എം.പിയുടെ പ്രസ്താവനകളില്‍ നിന്നും ഇതു വളരെ വ്യക്തമാവും. ലോകസഭയില്‍ നടത്തിയ പ്രസംഗത്തില്‍, കാര്‍ഗില്‍ ഒരു ചെറിയ അങ്ങാടി മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കാര്‍ഗിലിലെ 70 ശതമാനം ജനങ്ങള്‍ കേന്ദ്രഭരണപദവിക്കു വേണ്ടിയുള്ള ആവശ്യത്തെ പിന്തുണച്ചു എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പേരെടുത്തുപറഞ്ഞ പ്രദേശങ്ങളെല്ലാം തന്നെ ബുദ്ധമത സ്വാധീനമുള്ള പ്രദേശങ്ങളാണ്. ബുദ്ധമതവിശ്വാസികള്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ വ്യക്തമായ ഒരു രേഖ വരക്കുകയാണ് അദ്ദേഹം. ലഡാക്കിലെ ഭൂരിപക്ഷ മുസ്ലിം ജനതയുടെ നിലപാടിനെ അദ്ദേഹം പ്രതിനിധീകരിച്ചില്ല. ഔദ്യോഗികഭാഷ്യത്തില്‍ മതാടിസ്ഥാനത്തിലുള്ള വിഭജനരേഖകള്‍ ചിലപ്പോള്‍ കണ്ടെന്ന് വരില്ല. പക്ഷേ അതാണ് അവരുടെ ഉദ്ദേശമെന്ന കാര്യം വളരെ വ്യക്തമാണ്.

ഇവിടുത്തെ 70 ശതമാനം ജനങ്ങള്‍ കേന്ദ്രഭരണപ്രദേശ പദവിയെ പിന്തുണക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ അദ്ദേഹത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, എന്ത് സര്‍വ്വെയാണ് താങ്കള്‍ നടത്തിയത്? ആരാണ് താങ്കള്‍ പറയുന്ന ജനങ്ങള്‍? നിങ്ങള്‍ കാര്‍ഗിലില്‍ വന്നിട്ടുണ്ടല്ലോ. കേന്ദ്രഭരണപ്രദേശ പദവിയില്‍ സന്തോഷിക്കുന്ന ആരെയെങ്കിലും നിങ്ങള്‍ കണ്ടോ?സംസ്ഥാനപദവി നഷ്ടപ്പെട്ടതിലും മൗലികാവകാശങ്ങള്‍ നഷ്ടപ്പെട്ടതിലും ആഹ്ലാദിക്കുന്ന ആരെയെങ്കിലും നിങ്ങള്‍ കാണാന്‍ സാധിച്ചോ?

ജനങ്ങള്‍ക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, അതേസമയം അവരുടെ ജനപ്രതിനിധി ആഘോഷത്തിലാണ്.

Q: നിലവിലെ കാര്‍ഗില്‍ പ്രക്ഷോഭത്തിന്‍റെ ആവശ്യങ്ങള്‍ എന്തൊക്കെയാണ്?

A: അതു വളരെ വ്യക്തമാണ്. നിങ്ങളുടെ തീരുമാനങ്ങള്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് ഇന്ത്യന്‍ ഗവണ്‍മെന്‍റിനോട് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. ലഡാക്കിന്‍റെ സംസ്കാരവും ചരിത്രവും ഭൂമിശാസ്ത്രവും ഇന്ത്യയുടെ പ്രദേശങ്ങളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. 370, 35എ വകുപ്പുകളുടെ കീഴില്‍ അതിനെല്ലാം ചില സംരക്ഷണങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയിലെ 1.3 ബില്ല്യണ്‍ വരുന്ന ജനങ്ങള്‍ക്ക് നിങ്ങള്‍ ലഡാക്ക് തുറന്നുകൊടുത്തിരിക്കുകയാണ്. അതായത്, 3 ലക്ഷം മാത്രം വരുന്ന ലഡാക്ക് ജനതയുടെ നേര്‍ക്ക് 1.3 ബില്ല്യണ്‍ ആളുകളെ അഴിച്ചുവിട്ടിരിക്കുന്നു. തൊഴിലവസരങ്ങള്‍ ഇല്ലാതായി. ഭൂസംരക്ഷണ വ്യവസ്ഥകളും ഇല്ലാതായി. പരമാധികാരവും നഷ്ടപ്പെട്ടു. പ്രാതിനിധ്യവും നഷ്ടപ്പെട്ടു. ഇത് വഞ്ചനയല്ലെ?

വിഭജനത്തിനു ശേഷം, ആറു മാസത്തോളം കാര്‍ഗില്‍ പാകിസ്ഥാന്‍റെ അധിനിവേശത്തിനു കീഴിലായിരുന്നു. സോജില പാസ് ഇന്ത്യന്‍ സൈന്യം മുറിച്ചുകടന്നത് ഞങ്ങളുടെ സഹായത്തോടെയായിരുന്നു. ഞങ്ങളത് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാരായി സ്വയം തെരഞ്ഞെടുത്തവരാണ് ഞങ്ങള്‍.

1965-ലെ യുദ്ധത്തില്‍ പോലും, സൈന്യത്തിന് എല്ലാവിധ സഹായങ്ങളുമായി കാര്‍ഗില്‍ നിവാസികള്‍ കൂടെയുണ്ടായിരുന്നു. 1971-ലെ യുദ്ധത്തിലും അതു കണ്ടതാണ്. 1999-ലെ യുദ്ധത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. കാര്‍ഗില്‍ ജനതയെ കൂടാതെ ഇന്ത്യക്ക് കാര്‍ഗില്‍ യുദ്ധം ജയിക്കാന്‍ കഴിയുമായിരുന്നില്ല.

1990-കളില്‍, താഴ്വരയില്‍ സൈനികസാന്നിധ്യം അതിന്‍റെ ഉത്തുംഗതയില്‍ എത്തിയപ്പോഴും, കാര്‍ഗിലില്‍ ഒരുവിധത്തിലുള്ള വിഘടനവാദ പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നില്ല. ഇന്നും, ജമ്മുകശ്മീരിന്‍റെ ഭാഗമായിട്ടാണ് ഞങ്ങള്‍ സ്വയം കണക്കാക്കുന്നത്.

Q: ഇന്ത്യന്‍ ഗവണ്‍മെന്‍റിനോട് ഇന്നു നിങ്ങള്‍ എന്തൊക്കെയാണ് ആവശ്യപ്പെടുന്നത്?

അവര്‍ ഞങ്ങളോട് സംസാരിക്കണം. ഒരു ജനതയെ മൊത്തത്തില്‍ അവഗണിച്ചു കൊണ്ട് എന്തിന് ഇതു ചെയ്തു എന്ന് അവര്‍ ആദ്യം വ്യക്തമാക്കട്ടെ. ജനങ്ങളുടെ താല്‍പര്യ സംരക്ഷണമാണ് രണ്ടാമത്തെ കാര്യം.

Q: ഏതാനും ചില ആവശ്യങ്ങള്‍ പട്ടികപ്പെടുത്താമോ?

A: പട്ടിക വളരെ വലുതാണ്. ഞങ്ങള്‍ക്കു വേണ്ടി അവര്‍ ഒന്നും ബാക്കിവെച്ചിട്ടില്ല. ഞങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പിടിച്ചെടുക്കപ്പെട്ടു. ഞങ്ങളുടെ എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടു. അവകാശങ്ങള്‍ ഞങ്ങള്‍ക്ക് തിരികെ വേണം.

കാര്‍ഗില്‍ ഇന്ത്യയുടെ ഭാഗമാണെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ സംസാരിക്കട്ടെ. അവര്‍ ഞങ്ങളെ അവഗണിക്കുകയാണെങ്കില്‍, സ്ഥിതിഗതികള്‍ വളരെ വഷളാവും. അരികുവത്കരണം ശക്തമാവും. രോഷം വെറുപ്പായി മാറും. നിയന്ത്രിക്കാവുന്ന രോഷം മാത്രമേ ഇപ്പോഴുള്ളു. എന്നാലത് വെറുപ്പായി രൂപാന്തരം പ്രാപിക്കുകയാണെങ്കില്‍, അതിനെ നിയന്ത്രിക്കുകവളരെ പ്രയാസകരമായിത്തീരും.

Q: താഴ്വരയില്‍ നമ്മള്‍ കാണുന്നതു പോലെയുള്ള ഒരവസ്ഥയിലേക്ക് ഇപ്പോഴത്തെ ജനരോഷം വഴിമാറുമോ?

A: അതു പറയുക എളുപ്പമല്ല. താഴ്വരയിലേതു പോലെയുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കും. എന്നാല്‍, യുവാക്കള്‍ക്കും വളര്‍ന്നുവരുന്ന തലമുറകള്‍ക്കും തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അരികുവത്കരിക്കപ്പെടുകയാണെന്നുമുള്ള തോന്നലുണ്ടായാല്‍, പൂച്ചെണ്ടുകളുമായി അവര്‍ നിങ്ങളെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ.

മൊഴിമാറ്റം: ഇര്‍ഷാദ്
അവലംബം: thewire

Facebook Comments
Related Articles
Close
Close