Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി അഫ്ഗാനിലേക്ക് എന്‍ജിനീയര്‍മാരെയാണ് അയക്കേണ്ടത്, സൈന്യത്തെയല്ല’

താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദുമായി മിഡിലീസ്റ്റ് മോണിറ്റര്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്.

അഫ്ഗാനിസ്ഥാന്റെ എത്ര ഭാഗം നിങ്ങളുടെ നിയന്ത്രണത്തിലാണ് ?

അഫ്ഗാന്‍ ഭൂമിയുടെ 85 ശതമാനവും ഇപ്പോള്‍ ഞങ്ങളാണ് നിയന്ത്രിക്കുന്നത്.

കാന്തഹാറിലെ പ്രദേശങ്ങളിലും പാക്കിസ്ഥാനുമായുള്ള പ്രധാന ക്രോസിംഗിലും കാബൂള്‍ നിയന്ത്രണം തിരിച്ചുപിടിച്ചു എന്നത് വസ്തുതയാണോ ?

കാന്തഹാറിലെ പ്രധാന ഭാഗങ്ങള്‍ പിടിച്ചെടുത്തു എന്ന കാബൂളിന്റെ വാദം ശരിയല്ല. കാന്തഹാര്‍ ഗവര്‍ണറേറ്റിലെ സ്പിന്‍ ബോള്‍ഡക്ക് സമീപസ്ഥലം ഈ സമയം വരെ ഞങ്ങളാണ് നിയന്ത്രിക്കുന്നത്. ശത്രുക്കള്‍ ഇതുവരെ അതിന്റെ നിയന്ത്രണം വീണ്ടെടുത്തിട്ടില്ല.

ഈ വലിയ വിജയങ്ങള്‍ക്കെല്ലാം ശേഷം നിങ്ങളുടെ പദ്ധതികള്‍ എന്തൊക്കെയാണ്?

അഫ്ഗാനിസ്ഥാനില്‍ ഒരു ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അഫ്ഗാന്റെ എല്ലാ മേഖലകളും നിയന്ത്രിക്കുന്നതിനും സമാധാനത്തോടെയും അന്തസോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കുന്നതിന് എല്ലാ അഫ്ഗാന്‍ വംശങ്ങളെയും അതിന്റെ കീഴില്‍ കൊണ്ടുവരുന്ന ഒരു ഇസ്ലാമിക ഗവണ്‍മെന്റ് സൃഷ്ടിക്കുക എന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നത്.

അമേരിക്കക്കാരുമായി സഹകരിച്ച ആളുകളെ നിങ്ങള്‍ പിന്തുടരുന്നുണ്ടോ?

യു.എസ് സഹകാരികളെ ഞങ്ങള്‍ പിന്തുടരില്ല, കാരണം അവര്‍ അഫ്ഗാനികളാണെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ അവര്‍ തെറ്റുകള്‍ ചെയ്തു. അവര്‍ മാനസാന്തരപ്പെട്ടാല്‍ അവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ തുടരുന്നതിന് ഒരു പ്രശ്‌നവുമില്ല.

രാജ്യത്തിനകത്ത് ഞങ്ങള്‍ പരസ്പരം യുദ്ധമോ വിയോജിപ്പോ ആഗ്രഹിക്കുന്നില്ല.
എല്ലാ അഫ്ഗാന്‍ ജനതയോടും ഞങ്ങള്‍ക്ക് പറയാനുള്ളത് അവര്‍ മുമ്പ് ചെയ്ത കാര്യത്തില്‍ പരസ്പരം പ്രതികാരം ചെയ്യാതെ ഒരു രാജ്യത്ത് ഒരു പതാകയുടെ കീഴില്‍ ഒത്തുചേര്‍ന്ന് ജീവിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു.

20 വര്‍ഷത്തിനുശേഷം, വ്യക്തമായ സൈനിക ശക്തിയുമായി താലിബാന്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, അമേരിക്കന്‍ പിന്മാറ്റത്തിന് തൊട്ടുപിന്നാലെ അഫ്ഗാനിലെ വിശാലമായ ഭൂപ്രദേശങ്ങളെ വേഗത്തില്‍ നിയന്ത്രിക്കുകയും ചെയ്തു. അതിനുള്ള കാരണം എന്താണ് ?

ഒന്നാമതായി, ശരിയും തെറ്റും തമ്മിലുള്ള പോരാട്ടത്തില്‍ അല്ലാഹുവിന്റെ പിന്തുണയാണ് നമ്മുടെ ശക്തിക്കും നിയന്ത്രണത്തിനും കാരണം.

രണ്ടാമതായി, ഞങ്ങളുടെ സ്വാതന്ത്ര്യത്തെ നേടിയെടുക്കാനും അമേരിക്കക്കാരെ പിന്‍വലിക്കാന്‍ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ട ഞങ്ങളുടെ പോരാട്ടത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങളുടെ ജനങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്.

കൂടാതെ, നാം അവരുടെ ഭാഗമാണെന്നും അവര്‍ നമ്മുടെ ഭാഗമാണെന്നും ധര്‍മ സമരപോരാളികള്‍ ഈ രാജ്യത്തിന്റെ പുത്രന്മാരാണെന്നും നമ്മുടെ ആളുകള്‍ക്ക് നന്നായി അറിയാം.

തുര്‍ക്കിയുമായി നിങ്ങള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ അവരുമായി ഒരു കരാറിലെത്താന്‍ നിങ്ങള്‍ പ്രതിനിധികളെ അയച്ചിട്ടുണ്ടോ?

തുര്‍ക്കി ഒരു മുസ്ലീം രാജ്യമാണ്. തുര്‍ക്കികള്‍ ഞങ്ങളുടെ സഹോദരങ്ങളും സുഹൃത്തുക്കളും പങ്കാളികളുമാണ്. ഞങ്ങള്‍ക്ക് ഒരു പൊതുവായ മതവും വിശ്വാസങ്ങളും വിഭാഗവുമുണ്ട്. അവരുമായി ശക്തമായ സഹോദരബന്ധം ഞങ്ങള്‍ തേടുന്നു.

തങ്ങളുടെ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട തുര്‍ക്കി നിലപാടിനോട് ഞങ്ങള്‍ യോജിക്കുന്നില്ല. ഇത് സ്വാതന്ത്ര്യ തത്വത്തിന് വിരുദ്ധമാണ്, ഇസ്ലാമിക രാജ്യങ്ങളും ലോക രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടികള്‍ക്ക് വിരുദ്ധമാണ്. നിര്‍ഭാഗ്യവശാല്‍, അഫ്ഗാനിസ്ഥാനില്‍ തുര്‍ക്കി അസ്തിത്വം വന്നത് അമേരിക്കന്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്.

ഖത്തറിലെ ചര്‍ച്ചകള്‍ വഴി ഞങ്ങള്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു, ഈ നിലപാട് നമ്മുടെ രാജ്യത്തിന് നല്ലതല്ലെന്ന് അവരോട് പറയാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് തുര്‍ക്കി സൈന്യത്തെ പിന്‍വലിക്കുമെങ്കിലും തുര്‍ക്കി പക്ഷം ഞങ്ങളുമായി ബന്ധം നിലനിര്‍ത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

തുര്‍ക്കിക്കും അതിന്റെ പ്രസിഡന്റ് ഉര്‍ദുഗാനും നിങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശം എന്താണ് ?

ഉര്‍ദോഗന്‍ തുര്‍ക്കി റിപ്പബ്ലിക്കിന്റെ പ്രസിഡന്റും തുര്‍ക്കി ജനതയുടെ നേതാവുമാണ്. അദ്ദേഹം അഫ്ഗാന്‍ ജനതയ്ക്കൊപ്പം നില്‍ക്കുകയും അഫ്ഗാനിസ്ഥാന്‍ പുനര്‍നിര്‍മ്മിക്കുന്നതിന് സംഭാവന നല്‍കുകയും വേണം. 20 വര്‍ഷമായി നമ്മുടെ രാജ്യം നാശത്തിന് വിധേയമാണ്.
നമ്മുടെ രാജ്യം നശിപ്പിക്കപ്പെട്ടു, മുസ്ലിം രാജ്യങ്ങളില്‍ നിന്ന് മാനുഷിക സഹായം ആവശ്യമാണ്.

ഉര്‍ദോഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി നമ്മുടെ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിനും ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനും വീടുകള്‍ നിര്‍മിക്കുന്നതിനും നമ്മുടെ ജനങ്ങളെ ബാധിച്ച ദുരിതം അവസാനിപ്പിക്കുന്നതിനും സഹായിക്കുന്നതിന് എഞ്ചിനീയര്‍മാരെ അയയ്ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

കാബൂളില്‍ വിമാനത്താവളം സംരക്ഷിക്കാനുള്ള തുര്‍ക്കി സൈനികരുടെ നിലനില്‍പ്പ് പൊതുവായ ഘടകങ്ങളെ പ്രതിനിധീകരിക്കുന്നില്ല, മറിച്ച് ഞങ്ങളുടെ കാര്യങ്ങളിലെ ഇടപെടലായി കണക്കാക്കപ്പെടുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് പോകുകയും അഫ്ഗാന്‍ ജനതയെ ഒന്നിപ്പിക്കുകയും രാജ്യം പുനര്‍നിര്‍മ്മിക്കാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്ത ആദ്യത്തെ രാഷ്ട്രമായിരിക്കണം തുര്‍ക്കി. ഉര്‍ദോഗന്റെ നിലപാട് മാറ്റാനും തുര്‍ക്കി സൈന്യത്തെ അയക്കുന്നതിന് പകരം അവരെ പിന്‍വലിക്കാനും എഞ്ചിനീയര്‍മാരെയും സാമ്പത്തിക വിദഗ്ധരെയും വ്യവസായികളെയും അയയ്ക്കാനും മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.

തടവുകാര്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ സി എന്‍ എന്‍ പ്രസിദ്ധീകരിച്ചിരുന്നു, ഇത് യാഥാര്‍ത്ഥ്യമാണോ ?

സി എന്‍ എന്‍ വീഡിയോ ശരിയല്ല. വീഡിയോയില്‍ കാണിച്ചിരിക്കുന്നതെല്ലാം ഞങ്ങള്‍ നിഷേധിക്കുന്നു. ഞങ്ങളുടെ ശത്രുക്കള്‍ കെട്ടിച്ചമച്ച അഭിമുഖമാണത്. ആളുകളെ ഞങ്ങള്‍ക്കെതിരെ തിരിക്കുന്നതിന് വേണ്ടി അവര്‍ ഞങ്ങളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമില്ലാത്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. എന്നിരുന്നാലും, ധര്‍മസമരം ചെയ്യുന്ന സഹോദരന്മാര്‍ ആരാണെന്ന് നമ്മുടെ ആളുകള്‍ക്ക് അറിയാം. ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായതിനാല്‍ ഞങ്ങള്‍ക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഞങ്ങള്‍ തടവുകാരെ കൊല്ലുന്നില്ല, മറിച്ച് അവര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കുകയാണ് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനില്‍ എത്തുന്ന മാനുഷിക സഹായത്തെ നിങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുക ?

ലോകമെമ്പാടുമുള്ള ചാരിറ്റികളില്‍ നിന്ന് ഞങ്ങള്‍ സഹായം തേടുന്നു. ഞങ്ങള്‍ അവരോട് സഹായം ചോദിക്കുന്നു. എല്ലാ മനുഷ്യരാശിയിലും അടിയന്തിര സഹായം ആവശ്യമുള്ള ദരിദ്രരായ ആളുകളുണ്ട്. ലോകമെമ്പാടുമുള്ള ജീവകാരുണ്യപ്രവര്‍ത്തകരോട് ഞങ്ങളുടെ ജനങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, ദൈവം ഉദ്ദേശിക്കുന്നുവെങ്കില്‍, അവര്‍ നമ്മുടെ നാട്ടിലായിരിക്കുമ്പോള്‍ അവരെ ഞങ്ങള്‍ സംരക്ഷിക്കും. ഞങ്ങള്‍ അവരെ സഹായിക്കുകയും അവരുടെ ജോലിയുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യും.

അമേരിക്കന്‍, പാശ്ചാത്യ മാധ്യമങ്ങള്‍ നിങ്ങളെ തീവ്രവാദികളും ഭീകരവാദികളുമാണെന്ന് ആരോപിക്കുകയും ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു, അവരോട് എങ്ങനെ പ്രതികരിക്കുന്നു ?

നമുക്കെതിരെ പാശ്ചാത്യ, അമേരിക്കന്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണ യുദ്ധമുണ്ട്. അവര്‍ ഞങ്ങളെക്കുറിച്ചുള്ള വ്യാജ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 40 വര്‍ഷമായി ജീവിക്കുന്ന രാജ്യത്ത് യുദ്ധങ്ങളുമായി ജീവിക്കുന്നു. ഇതെല്ലാം അവസാനിപ്പിച്ച് സുരക്ഷ തേടുന്ന ഒരു രാജ്യമാണ് ഞങ്ങള്‍. നമ്മുടെ രാഷ്ട്രം ഈ യുദ്ധങ്ങളോട് ജിഹാദിലൂടെയാണ് പ്രതികരിച്ചത്. ഞങ്ങള്‍ തീവ്രവാദികളല്ല, ഞങ്ങള്‍ പോരാളികളുമല്ല, സമാധാനം ആഗ്രഹിക്കുന്നവരാണ് നമ്മള്‍. നമ്മുടെ രാജ്യം അഫ്ഗാന്‍ ജനതയുടേതാണ്. യുദ്ധങ്ങളാല്‍ നശിപ്പിക്കപ്പെട്ട നമ്മുടെ രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

നിങ്ങളുടെ പുരോഗതി അതിവേഗം കടന്നുപോകുമെന്ന് ഭയപ്പെടുന്ന അഫ്ഗാനികള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളത് ?

എല്ലാ അഫ്ഗാന്‍ പക്ഷങ്ങളിലക്കുമുള്ള ഞങ്ങളുടെ സന്ദേശം, ഭിന്നതകള്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ഒരു ഇസ്ലാമിക വ്യവസ്ഥയില്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ശക്തമായ ഇസ്ലാമിക വ്യവസ്ഥയില്‍ നാമെല്ലാവരും ഒന്നിക്കണം,
നമ്മുടെ രാജ്യം വീണ്ടും കെട്ടിപ്പടുക്കുകയും യുദ്ധങ്ങളുടെയും ഭിന്നിപ്പുകളുടെയും യുഗം അവസാനിപ്പിക്കുകയും ചെയ്യണം. ഇതാണ് ഞങ്ങളുടെ ദൗത്യവും ലക്ഷ്യവും. ആരോടും പ്രതികാരം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സാഹോദര്യവും സമാധാനവുമാണ് എല്ലാവര്‍ക്കുമായി ഞങ്ങള്‍ നല്‍കുന്ന സന്ദേശം.

അവലംബം: middleeastmonitor.com
വിവ: സഹീര്‍ വാഴക്കാട്

Related Articles