1978ൽ സ്പെയിനിലെ ഇബിസയിലാണ് നൂരിയ ഗാർഷിയ മാസിപ്പിൻ്റെ ജനനം. പിന്നീട് അമേരിക്കയിലും സ്പെയിനിലുമായി പഠനം. 1999ൽ കോളേജ് പഠനം പൂർത്തിയാക്കി ഇസ്ലാമിക കലാവിഷ്കാരങ്ങളെ അടുത്തറിയാൻ മൊറോക്കോയിലേക്ക് നടത്തിയ നൂരിയയുടെ യാത്രയാണ് അറബി കലിഗ്രഫി രംഗത്തേക്ക് വഴി നടത്തിയത്. പിന്നീട് അമേരിക്കയിലേക്ക് മടങ്ങിയ നൂരിയ ലോക പ്രശസ്ത അറബി കലിഗ്രഫറായ അമേരിക്കൻ സ്വദേശി മുഹമ്മദ് സക്കരിയയിൽ നിന്ന് സുലുസ്, നസഖ് ഖത്തുകൾ പഠിച്ചു തുടങ്ങി. 2004ൽ അറബി കലിഗ്രഫിയുടെ ലോകത്തെ തന്നെ പ്രധാന കേന്ദ്രമായ തുർക്കിയിൽ പോയി ലോക പ്രശസ്തരായ ഹസൻ ചെലേമ്പി, ദാവൂദ് ബക്താസ് എന്നിവരിൽ നിന്നും സുലുസ്, നസ്ഖ് ഖത്തുകളിൽ കൂടുതൽ പഠനങ്ങൾ നടത്തി. 2007 ൽ ലോകത്തെ തന്നെ പ്രധാന അറബി കലിഗ്രഫറുമാരിൽ നിന്ന് സമ്മതപത്രം (ഇജാസ) നേടി. പിന്നീട് ഈ മേഖലയിലെ പഠനങ്ങളിലേക്ക് തിരിഞ്ഞ നൂരിയ ഫ്രാൻസിലെ സർബോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർട്ട് ഹിസ്റ്ററിയിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കി. ഇപ്പോൾ പ്രസ്തുത യൂണിവേഴ്സിറ്റിയിൽ തന്നെ ആർട്ട് ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റിൽ പി.എച്ച് ഡി ചെയ്ത് കൊണ്ടിരിക്കുന്നു. ലോകത്തെ പ്രധാനപ്പെട്ട അറബി കലിഗ്രഫി മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച സ്ഥാനം ഉറപ്പിക്കാൻ നൂരിയക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രമുഖ അറബി കലിഗ്രഫി ആർട്ടിസ്റ്റുകളായ മുഹമ്മദ് സക്കരിയ, ഹസൻ ചലേബി, ‘ ദാവൂദ് ബക്ദാസ് തുടങ്ങിയവരുടെ കീഴിൽ അറബി കലിഗ്രഫി പഠിക്കാൻ കഴിഞ്ഞത് താങ്കൾക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായി ഞാൻ മനസ്സിലാകുന്നു. ആ കഴിഞ്ഞ കാലത്തെ ഇപ്പോൾ വിലയിരുത്തുമ്പോൾ എന്താണ് അനുവപ്പെടുന്നത്?
തുർക്കിയിലേക്ക് പോകുന്നതിന് മുമ്പ് മൊറോക്കയിലേക്കുള്ള യാത്രയാണ് ഈ മേഖലയെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്. യഥാർത്ഥത്തിൽ അറബി കലിഗ്രഫി പഠിക്കാൻ തുർക്കിയിലേക്ക് പോകുമ്പോൾ ലോക പ്രശസ്തരായ കലിഗ്രഫി ആർട്ടിസ്റ്റുകളാണ് എൻ്റെ ഉസ്താദ്മാരായ ഹസൻ ചെലേബിയും ദാവൂദ് ബക്താസ് എന്നിവരെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. അമേരിക്കയിലെ ഉസ്താദ് മുഹമ്മദ് സക്കരിയ്യയുടെ കീഴിലുള്ള കലിഗ്രഫി പഠനം എൻ്റെ കാഴ്ച്ചപ്പാടുകൾ മാറ്റുന്നതായിരുന്നു.
പക്ഷെ ഇപ്പോൾ പിന്നിലേക്ക് നോക്കുമ്പോൾ യഥാർത്ഥ ഉറവിടത്തിൽ നിന്ന് അറബി കലിഗ്രഫിയുടെ ബാലപാഠങ്ങൾ അറിയാൻ കഴിഞ്ഞത് ദൈവം എന്നോട് കാണിച്ച വലിയ ഔദാര്യങ്ങളിലൊന്നായി ഞാൻ മനസ്സിലാക്കുന്നു. ഈ മേഖലയിൽ എൻ്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതും അവരുടെ നിർദ്ദേശങ്ങൾ തന്നെയാണ്.
ഇപ്പോഴും അറബി കലിഗ്രഫി മേഖലയിലെ വിദ്യാർത്ഥിനിയായി അറിയപ്പെടാനാണ് തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നത്. താങ്കൾ പറഞ്ഞത് പോലെ ഈ മേഖലയിലെ ലോകപ്രശസ്തരും പ്രഗത്ഭരുമായ ഖത്താത്തുകളിൽ നിന്ന് അറബി കലിഗ്രഫിയുടെ അടിസ്ഥാനങ്ങൾ പഠിക്കാൻ കഴിഞ്ഞത് ഭാഗ്യമായി തന്നെയാണ് ഞാൻ കാണുന്നത്. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വ്യക്തമായി സ്വാധീനം ചെലുത്തിയവർ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഉണ്ടാവുക. എൻ്റെ കലിഗ്രഫി യാത്രകളിൽ മൂന്ന് പേരുടെ നാമങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല.
ഇസ്ലാമിക കലയെ കൂടുതൽ അടുത്തറിയാൻ നിരവധി യാത്രകൾ നടത്തിയതായി അറിയാൻ സാധിച്ചു. പ്രസ്തുത യാത്രകൾ ഏതെല്ലാം രീതികളിൽ താങ്കളുടെ ജീവിതത്തെ പ്രത്യേകിച്ച് ഖത്തിനെ സ്വാധീനിച്ചു എന്ന് വിശദീകരിക്കാമോ?
യാത്രകൾ ഒരാളുടെ ജീവിതത്തിലേക്ക് കൊണ്ട് വരുന്ന അഭ്ദുതങ്ങൾ നിരവധിയാണ്. സെപയിനിൽ ജനിച്ച്, മൊറോക്കോ അമേരിക്ക, തുർക്കി, ഇറാൻ, ചൈന എന്നിവിടങ്ങളിൽ നിന്നാണ് അറബി കലിഗ്രഫിയെ താങ്കൾ അടുത്തറിഞ്ഞത്. അറബി കലിഗ്രഫിയുടെ വ്യത്യസ്തതകളെ അടുത്തറിയാൻ ഈ രാജ്യങ്ങൾ സന്ദർശിച്ചാൽ മാത്രം മതിയാകും എന്ന കാര്യത്തിൽ തർക്കമില്ല. വ്യത്യസ്ത ഖത്തുകളെ അടുത്തറിയാൻ പ്രസ്തുത യാത്രകളിലൂടെ എത്രമാത്രം കഴിഞ്ഞിട്ടുണ്ട്?
മുകളിൽ പറഞ്ഞത് പോലെ ഓരോ പ്രദേശത്തിൻ്റെയും ഖത്തുകളെ നേരിട്ട് പഠിക്കാൻ അവസരം ലഭിച്ചിരുന്നു. അതിൽ ഖത്ത് ‘അൽ അന്ദുലൂസി’ നിലവിൽ ഉപയോഗത്തിലില്ല. സ്പെയിനിൽ ജനിച്ചത് കൊണ്ട് തന്നെ അന്ദലൂസി ഖത്തിൻ്റെ പ്രത്യേകതകൾ നേരത്തെ തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. മൊറോക്കോ, തുനീഷ്യ എന്നിവിടങ്ങളിലെ ഖത്തിൻ്റെ തുടർച്ചയെന്നോണം ഉയർന്നു വന്ന എഴുത്ത് ശൈലിയാണ് അന്ദലൂസി എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. എന്നാൽ പരമ്പരാഗതമായി പ്രസ്തുത എഴുത്ത് ശൈലി സ്പെയിനിൽ എങ്ങും നിങ്ങൾക്ക് കാണാൻ കഴിയില്ല. എന്നേക്കുമായി ഇസ്ലാമിക സംസകാരത്തെ പിഴുതെറിഞ്ഞ ചരിത്രം കൂടി പറയാനുണ്ട് ഇന്നത്തെ സെപയിന്. ഇപ്പോൾ കുറച്ച് യുവാക്കൾ ചേർന്ന് മുസ്ലിം സ്പെയിനിൻ്റെ അവശേഷിപ്പുകൾ പൊടി തട്ടിയെടുക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും പരമ്പരാഗത കലാവിഷ്കാരങ്ങളെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ല. തുർക്കിയിലെ ഒട്ടോമൻ കലിഗ്രഫി രൂപങ്ങൾ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പരമ്പരാഗത ഖത്താതുകളെ നിങ്ങൾക്ക് അവിടെ കാണാം.
ഓരോ രാജ്യത്തും ഉയർന്നു വന്ന പരമ്പരാഗത എഴുത്ത് ശൈലികൾക്ക് ചരിത്രത്തോട് ചിലത് പറയാനുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ചരിത്രം അന്വേഷിക്കേണ്ടത് വാമൊഴികളിലോ ഗ്രന്ഥശേഖരങ്ങളിലോ മാത്രമല്ല വരകളും, നിറങ്ങളും രൂപങ്ങളും പഴമയുടെ ചരിത്ര വായനയെ ജീവിപ്പിച്ച് നിർത്തുന്ന പ്രധാന ഉറവിടങ്ങൾ തന്നെയാണ് വിശേഷിച്ച് എഴുത്ത് ശൈലികൾ. ഓരോ പ്രദേശത്തും ഉയർന്ന് വന്ന ഖത്തുകളെ പരിപോഷിപ്പിക്കുക എന്നത് പുതിയ കാലത്തെ വിപ്ലവമായി നാം മനസ്സിലാക്കണം.
ഇത്തരത്തിലുള്ള ഇസ്ലാമിക കലാവിഷ്കാരങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നത് മറ്റ് അറബ് രാജ്യങ്ങളേക്കാൾ യൂറോപ്പിലാണെന്നതിനെ താങ്കൾ എങ്ങനെ നോക്കി കാണുന്നു.?
അക്കാദമിക സ്വഭാവത്തിലുള്ള പഠനങ്ങൾ ഈ മേഖലയിൽ വരേണ്ടത് അത്യാവശ്യമാണ്. യൂറോപ്പിൽ ഇസ്ലാമിക് സ്റ്റഡീസിന്, ഹിസ്റ്ററി, ആർക്കിയോളജി, ആർക്കിടെക്ച്ചർ എന്നീ പഠനശാഖകളുമായി ചേർന്നാണ് ഇസ്ലാമിക് ആർട്ട് പ്രവർത്തിച്ച് വരുന്നത്. താങ്കളുടെ ഈ മേഖലയിലെ അക്കാദമിക് സംഭാവനകൾ എന്താണ്?
പൊതുവിൽ ഹിസ്റ്റോറിക്കൽ സ്റ്റഡീസിന് കീഴിലാണ് ഇസ്ലാമിക് ആർട്ട് വരുന്നതെങ്കിലും താങ്കൾ പറഞ്ഞത് പോലെ ഇസ്ലാമിക് സ്റ്റഡീസിന് കീഴിൽ ഇസ്ലാമിക കല വരുന്ന ഡിപ്പാർട്ടുമെൻ്റുകളും കാണാം. ( അവരുടെ റിസർച്ചിനെക്കുറിച്ച്). ഫ്രാൻസിലെ സർബോൺ യൂണിവേഴ്സിറ്റിയിൽ ആർട്ട് ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റിന് കീഴിൽ ഇപ്പോൾ പി.എച്ച്. ഡി ചെയ്യുന്നു. വരകളേക്കാൾ ഈ മേഖലയിലെ ശക്തമായ പ്രതികരണം ഈ മേഖലയിൽ തന്നെയുള്ള ഗവേഷണം തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
താങ്കളെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത് അറബി കലിഗ്രഫിയുടെ ഏത് സവിശേഷ ഗുണമായിരിക്കും ?
അച്ചടക്കം (discipline). ഈ ഒരു വാക്കിൽ ഉൾചേർന്ന് പോയ എല്ലാ ഘടകങ്ങളും അറബി കലിഗ്രഫിയുടെ ആത്മീയ തലത്തിലേക്ക് നമ്മെ നയിക്കാൻ കഴിവുറ്റതാണ്. ജീവിതത്തിൽ നാം മുറുകെപ്പിടിക്കേണ്ടുന്ന ശരിയായ സ്വഭാവ ഗുണങ്ങളിലേക്ക് നമ്മെ നടത്തുന്ന പ്രക്രിയയാണ് ഖത്തിലൂടെ സാധ്യമാകുന്നത്.
ഈ മേഖലയിലെ പുതിയ സാധ്യതകളെയും വെല്ലുവിളികളെയും താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
ഇന്ന് ഈ കല നേരിടുന്ന പ്രധാന വെല്ലുവിളി എല്ലാവരും സ്വന്തമായി മാസ്റ്റേഴ്സായി മാറുന്നുവെന്നതാണ്. വരക്കാൻ അല്പം കഴിവുള്ള ഓരോ വ്യക്തിയും തങ്ങളുടേതായ രീതിയിൽ ഖത്തിനെ തെറ്റായി പ്രചരിപ്പിക്കുന്നു. അത് യൂറോപ്പിലായാലും ഇന്ത്യയിലായാലും ഒരു പോലെ പ്രതിരോധിക്കപ്പെടേണ്ടതാണ്. ‘ഇസ്ലാമിക് ആർട്ട്’ എന്നും ‘അറബി കലിഗ്രഫി’ എന്നെക്കെയുള വ്യാജേന യൂടൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയകൾ വഴിയും യാതൊരു വിധ അടിസ്ഥാനവുമില്ലാതെ പുറത്തു വിടുന്ന ‘ആർട്ട് വരകൾ’ യഥാർത്ഥ ഇസ്ലാമിക കലാവിഷ്കാരങ്ങളെ നശിപ്പിക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. ഒരു മാസ്റ്ററിൻ്റെ സാന്നിധ്യത്തിലല്ലാതെ അറബി കലിഗ്രഫി തനത് ശൈലിയിൽ അറിയാൻ മറ്റൊരു മാർഗ്ഗവും ലോകത്തില്ല. വരക്കാൻ കഴിവുണ്ടായത് കൊണ്ട് മാത്രം സ്വയത്തമാക്കാൻ കഴിയുന്ന കലാവിഷ്കാരമല്ല അറബി കലിഗ്രഫി.
സ്ത്രീകളടെ സാന്നിധ്യം കൂടുതൽ ഈ മേഖലയിലേക്ക് വരുന്നതിനെക്കുറിച്ച് ?
അറബി കലിഗ്രഫിയിലെ സ്ത്രീ സാന്നിധ്യം ചരിത്രത്തോളം തന്നെ ബന്ധമുള്ള വിഷയമാണ്, ഇപ്പോഴുണ്ടായ പ്രത്യേക പ്രതിഭാസമായി വിലയിരുത്തേണ്ടതില്ല.
( നൂരിയ ഗാർഷിയ മാസിപ്പുമായി ഓൺലൈനിൽ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗം)