Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിന്‍റെ ചതിയില്‍ അകപ്പെടാതിരിക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു

ഇസ്രയേലുമായുള്ള നോര്‍മലൈസേഷന്‍ ‘ന്യായീകരിക്കാനാകാത്ത വഞ്ചന’യായണെന്നും അടുത്തകാലത്ത് യു.എ.ഇയും ബഹ്റൈനും തെല്‍അവീവുമായി നടത്തിയ കരാര്‍ ഫലസ്ഥീന്‍ ജനതക്കുമേലുള്ള അധിനിവേശത്തിനും അതിക്രമങ്ങള്‍ക്കും കൂടുതല്‍ സഹായകമാകുമെന്നും അന്താരാഷ്ട്ര മുസ്ലിം പണ്ഡിത കൂട്ടായ്മയുടെ അദ്ധ്യക്ഷനായ ഡോ. അഹ്മദ് റയ്സൂനി. ‘ഈ കരാറുകളില്‍ നിന്നും കൈമാറ്റ ബന്ധങ്ങളില്‍ നിന്നും രാജ്യത്തിന് നേട്ടമുണ്ടാവുമെങ്കില്‍ ഫലസ്ഥീനികളെ നിഷ്കരുണം കൊല്ലുകയും വീടുകളും സമ്പത്തും നശിപ്പിക്കുകയും എഴുപത് വര്‍ഷത്തോളമായി ഭയാനകമായ കുറ്റകൃത്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അധിനിവേശ ശക്തികളുമായല്ല കൈകോര്‍ക്കേണ്ടത്. മറിച്ച് നേട്ടം സാധ്യമാക്കാവുന്ന മറ്റു രാജ്യങ്ങളുമായാണ് കരാറിലേര്‍പ്പെടേണ്ടത്. അതിന് ഫലസ്ഥീന്‍ എന്ന രാഷ്ട്രം എന്നാണ് ഉണ്ടായതെന്ന് പലരും ചോദിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഖുദ്സ് എന്നാണ് അവരുടെ തലസ്ഥാനമായതെന്നും ചോദിക്കുന്നവരുണ്ട്. അവരോടെല്ലാം എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ: എന്നാണ് യു.എ.ഇ എന്ന് പേരുള്ള രാജ്യമുണ്ടായത്? തെല്‍അവീവ് തലസ്ഥാനമായുള്ള ഇസ്രയേല്‍ എന്നാണ് നിലവില്‍ വന്നത്? ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന മിക്ക രാജ്യങ്ങളും ഈ അടുത്ത കാലത്താണ് രൂപം കൊണ്ടത്’ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് അല്‍-ജസീറക്കു വേണ്ടി മുഹമ്മദ് അഅ്മാരി നടത്തിയ അഭിമുഖത്തില്‍ ഡോ. അഹ്മദ് റയ്സൂനി പറഞ്ഞു.
അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപമാണ് താഴെ:

അല്‍പം ദിവസങ്ങള്‍ക്ക് മുമ്പ് താങ്കളുടെ ഒരു ലേഖനത്തില്‍ ഇസ്രയേല്‍ ബന്ധത്തെ സാധാരണഗതിയിലാക്കാന്‍ മുന്‍കൈയെടുത്ത യു.എ.ഇ, ബഹ്റൈന്‍ നേതാക്കളെ ‘അവര്‍ അവരുടെ മതത്തിനെതിരെ തരിഞ്ഞിരിക്കുന്നു. മുസ്ലിം ഉമ്മത്തിനെ ഭിന്നിപ്പിച്ചിരിക്കുന്നു. സ്വന്തം ഉത്തരവാദിത്വങ്ങള്‍ അവര്‍ മറന്നുപോയിരിക്കുന്നു. അവര്‍ ഉത്തരവാദിത്വ ബോധമുള്ളവരോ ഈ ദീനിനോ ഉമ്മത്തിനോ പറ്റിയവരോ അല്ല എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഓരോ രാഷ്ട്രീയ നേതാക്കളും അവരുടെ രാജ്യങ്ങള്‍ക്ക് ഉപകാരപ്രദമെന്ന് തോന്നുന്ന കാര്യങ്ങളായിരിക്കില്ലേ കൈകൊള്ളുക?

ആദ്യം തന്നെ പറയട്ടെ, എന്‍റെ അഭിപ്രായ പ്രകാരം അവര്‍ ഒരു കാര്യത്തിലും പരിശ്രമിച്ചിട്ടില്ല. അവര്‍ പരിശ്രമശാലികളുടെ കൂട്ടത്തിലുമല്ല. അതിന് ശ്രമിക്കാറുമില്ല. അവരോട് പ്രവര്‍ത്തിക്കാന്‍ കല്‍പിച്ചു. അതുകേട്ട് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. നോര്‍മലൈസേഷന്‍ സംബന്ധിച്ചെടുത്തോളം, നിശ്ചിത കാലയളവില്‍ അത് നടപ്പില്‍ വരുത്തണമെന്നതായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. ദീര്‍ഘകാലമായി ഇസ്രയേലും അമേരിക്കയും അവരുടെ ഓരോ കാര്യങ്ങള്‍ക്കും കൃത്യമായി സമയം നിശ്ചയിച്ച് നിയന്ത്രിക്കുകയും അഭ്യന്തര കാര്യങ്ങളില്‍ വരെ ഇടപെടുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം, ഈ പദ്ധതിയെല്ലാം നേര്‍വിപരീതമായി വന്നു ഭവിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞതു പോലെ രാജ്യത്തിനും മതത്തിനും ധാര്‍മ്മിക ഉത്തരവാദിത്വങ്ങള്‍ക്കും എതിരായ ഒരു വഞ്ചന പദ്ധതിയായി അമേരിക്കയും ഇസ്രയേലും ആ അവസരങ്ങളെ മാറ്റിയെടുത്തു.

Also read: ഇണകള്‍ ഇണങ്ങിയും പിണങ്ങിയും ജീവിക്കുമ്പോള്‍

ഇതിനെ പരിശ്രമം എന്നോ പ്രയത്നം എന്നോ വിളിക്കാനൊക്കുമോ? അറബ് ചരിത്രത്തിലൂടെനീളം മുസ് ലിം ഉമ്മത്ത് ഇതിനെ വഞ്ചനയെന്ന് മാത്രമായിരിക്കും വിളിക്കുക. കാരണം അവരൊരിക്കലും നിര്‍ബന്ധിതരായിരുന്നില്ല. മാത്രമല്ല, അവര്‍ക്ക് അത്തരം നീച ബന്ധത്തിന്‍റെ ഒരു ആവശ്യവും ഇല്ലായിരുന്നു. പിന്നെന്തിനാണ് ഈ കാര്യത്തിലെല്ലാം അമിത താല്‍പര്യമെടുക്കുന്നത്? അതിനുള്ള കാരണവും വ്യക്തമാണ്. കരാറിലൊപ്പിട്ടവരെല്ലാം അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മാത്രം ലക്ഷ്യം വെക്കുകയും അധികാരം സുസ്ഥിരമാക്കി നിര്‍ത്താന്‍ ഏറ്റവും തരംതാണ മാര്‍ഗം സ്വീകരിക്കുകയുമായിരുന്നു അവരെല്ലാം. അവരെ സംബന്ധിച്ചെടുത്തോളം, അതിനേറ്റവും ഉചിതവും നിര്‍ഭയവുമായ മാര്‍ഗമായി അവര്‍ കണ്ടത് ഇസ്രയേലിനെയാണ്. ഇസ്രയേലിന്‍റെ സംരക്ഷണത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് സ്വയം വഞ്ചിക്കപ്പെട്ടിരിക്കുകയാണ് അവര്‍. മേല്‍പറഞ്ഞ രാജ്യങ്ങള്‍ക്കൊന്നും സ്വന്തം സഹോദര രാജ്യങ്ങളിലും പൗരന്മാരിലും സൈനിക ശക്തിയിലും വിശ്വാസമില്ലെന്നതാണ് ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്. ഈ നേതാക്കള്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ തലത്തില്‍ ചാരന്മാരും സംരക്ഷകരും നിരീക്ഷകരുമുണ്ട്. എല്ലാം അമേരിക്കയുടെയും ഇസ്രയേലിന്‍റെതും തന്നെ.

ഇത്തരം തരംതാണ മര്‍ഗമാണ് സ്വയ പരിരക്ഷക്കായി അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തങ്ങളുടെ ശക്തിയും ആത്മവിശ്വാസവും ഉറപ്പിച്ചു നിര്‍ത്താന്‍ സാധ്യമായ നിരവധി വഴികള്‍ തങ്ങള്‍ നേടിയെടുത്തിരിക്കുന്നു എന്നവര്‍ കണക്കാക്കുന്നു. ഖലീഫയായിരുന്ന സമയത്ത് ഉമര്‍(റ) പറഞ്ഞൊരു വാക്കുണ്ട്: ‘ഞാന്‍ നീതി മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍തന്നെ ഞാന്‍ നിര്‍ഭയനാണ്. അതുകൊണ്ടെനിക്ക് സമാധാനത്തോടെ ഉറങ്ങാം സാധിക്കുന്നു’. നീതികൊണ്ടാണ് ഒരു ഭരണാധികാരി സുരക്ഷിതനാകുന്നത്. സ്വന്തം പൗരന്മാര്‍ക്കും ഉമ്മത്തിനും വേണ്ടിയെടുക്കുന്ന ശക്തമായ നിലപാടുകള്‍ ആ സമൂഹത്തിന്‍റെയും ഒപ്പം ഭരണാധികാരിയുടെ തന്നെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.

Also read: സ്ത്രീ രൂപത്തോട് പുരുഷ മസ്തിഷ്‌കം പ്രതികരിക്കുന്നതെങ്ങനെ?

അവര്‍ അവരുടെ അധികാരക്കസേരയും സ്വയം താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പരിശ്രമിക്കുന്നതെന്ന് താങ്കള്‍ പറയുന്നു. അതേസമയം, തങ്ങള്‍ തങ്ങളുടെ രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുകയാണെന്നതാണ് അവരുടെ പക്ഷം. യു.എ.ഇയുടെ കാര്യംതന്നെ നോക്കൂ, ഇതിനകം തന്നെ ഒരുപാട് ഇസ്രയേല്‍-യു.എ.ഇ ബാങ്കുകള്‍ തമ്മിലും സാമ്പത്തിക സ്ഥാപനങ്ങള്‍ തമ്മിലും പല കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം അത് യു.എ.ഇയുടെയും പൗരന്മാരും സാമ്പത്തിക അഭിവൃദ്ധിക്ക് മുതല്‍കൂട്ടാവുകയും ചെയ്യും. അകലെയുള്ള വികസിത രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിലും പകരം ഇസ്രയേല്‍ അയല്‍രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നത് തന്നെയല്ലെ നല്ലത്?

ലോകത്ത് ഇരുന്നൂറോളം വരുന്ന രാജ്യങ്ങളുണ്ട്. അതില്‍ കൊറിയ, ജപ്പാന്‍, ഇന്ത്യ, ചൈന തുടങ്ങി അമ്പതോ അല്ലെങ്കില്‍ നൂറോ വരുന്ന രാജ്യങ്ങളുമായി കരാറിലേര്‍പ്പെടുന്നത് കൊണ്ട് യാതൊരു പ്രശ്നവും സംഭവിക്കുകയുമില്ല. തെക്കെ അമേരിക്കയിലും വടക്കേ അമേരിക്കയിലും ഒരുപാട് രാജ്യങ്ങളുണ്ട്. അതുപോലെ ലോകത്തിന്‍റെ തെക്ക്, വടക്ക് ഭാഗങ്ങളിലും നിരവധി രാജ്യങ്ങളുണ്ട്. അവരാരുംതന്നെ കരാര്‍ നിഷേധിക്കുന്നവരുമല്ല.

നോര്‍മലൈസേഷന്‍ കരാറുകൊണ്ടുള്ള ലക്ഷ്യം കേവലം സാമ്പത്തിക കൈമാറ്റം മാത്രമല്ല. അത് ഇസ്രയേലിന്‍റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇസ്രയേലുമായുള്ള ഇടപാടുകളില്‍ നിന്നും കരാറുകളില്‍ നിന്നും വല്ല നേട്ടവും കരസ്ഥമാക്കാനാവുമെങ്കില്‍ ഫലസ്ഥീനികളെ ആട്ടിയോടിക്കുകയും വംശഹത്യയും ചെയ്ത് കയ്യേറ്റവും അധിനിവേശവും നടത്താത്ത മറ്റു രാജ്യങ്ങളില്‍ നിന്നും അത് നേടിയെടുക്കാനാകുമല്ലോ. എഴുപത് വര്‍ഷക്കാലമായി ഫലസ്ഥീനികളുടെ സമ്പത്തും ആവാസസ്ഥലങ്ങളും നശിപ്പിക്കാനും ഉന്മൂലനം ചെയ്യാനും ശ്രമിക്കാത്ത മറ്റു രാജ്യങ്ങളുമായി എന്തുകൊണ്ട് ബന്ധമായിക്കൂട?

Also read: ഇഖ്‌വാനുൽ മുസ്‌ലിമൂൻ ജോർദാൻ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ!

സ്വന്തം രാജ്യത്തിന്‍റെ സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെടുത്താന്‍ ഫലസ്ഥീനികളെ കൊല്ലുകയും അവരുടെ ഭൂമിയും പള്ളികളും പരിശുദ്ധ ഖുദ്സും കയ്യേറുകയും ചെയ്യുന്ന ക്രിമിനല്‍ സംഘങ്ങളെയല്ലാതെ മറ്റാരെയും ലഭിച്ചില്ലേ? സാമ്പത്തിക നേട്ടത്തിനെന്ന് പറയപ്പെടുന്ന ഈ കരാര്‍ വെറും നുണയാണ്. ആ ബന്ധം അനാവശ്യവുമാണ്. അവര്‍ക്കു മുന്നില്‍ വേറെ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്.

ശരീഅത്താണ് നോര്‍മലൈസേഷന്‍റെ കാര്യം പറയേണ്ടതെന്ന് താങ്കള്‍ പറയാന്‍ കാരണമൊണ്? സത്യാസത്യം, അനുവദനീയം, നിഷിദ്ധം എന്ന ശരീഅത്ത് നിയമങ്ങള്‍ക്കപ്പുറം ശരി- തെറ്റുകള്‍ക്ക് വിധേയമല്ലേ രാഷ്ട്രീയ നീതിശാസ്ത്രം?

സയണിസ്റ്റ് സംസ്ഥാപനത്തെക്കുറിച്ചാണ് നമ്മുടെ സംസാരം. അവരിവിടെ കാണിച്ചു കൂട്ടിയതെന്തെല്ലാമാണെന്ന് എല്ലാ ജനങ്ങള്‍ക്കുമറിയാം. ആദ്യം ഫലസ്ഥീനില്‍ അധിനിവേശം നടത്തുകയും മസ്ജിദുല്‍ അഖ്സ കയ്യേറുകയും ചെയ്തു. മില്ല്യണ്‍ കണക്കിന് ഫലസ്ഥീനികളെ ഭവനരഹിതരാക്കി ആട്ടിയോടിച്ചു. സ്വന്തം മാതൃരാജ്യത്ത് പേരിനു പോലും ഒരു വീടില്ലാതെ അഭയാര്‍ത്ഥി കാമ്പില്‍ കഴിയേണ്ടിവന്ന നിരവധി ഫലസ്ഥീനികളുണ്ട്. എത്ര കൂട്ടക്കുരുതികളാണ് അവര്‍ നടത്തിയത്. യുദ്ധങ്ങളിലും ബോംബ് വര്‍ഷത്തിലുമായി എത്ര പേരാണ് കൊല്ലപ്പെട്ടത്. എത്രെയെത്ര പ്രദേശങ്ങളും വീടുകളും കൃഷിടിയങ്ങളുമാണ് അവര്‍ കണ്ടുകെട്ടിയത്. മനുഷ്യന്‍റെ നിലനില്‍പായ ജലം വരെ അവര്‍ കൈവശപ്പെടുത്തി. അവര്‍ ഫലസ്ഥീനികള്‍ക്ക് വിട്ടു നല്‍കിയെന്ന് പറഞ്ഞതെല്ലാം കള്ളമായിരുന്നു. ഫലസ്ഥീനിയുടെ ഓരോ ദിനവും ഇസ്രയേല്‍ വംശീയത നിറഞ്ഞതാണ്. പാര്‍ശ്വവല്‍കരണവും പീഢനങ്ങളും അവര്‍ക്ക് നിത്യസംഭവമാണ്. ഈ കുറ്റകൃത്യങ്ങളെയെല്ലാം നമുക്ക് എങ്ങനെയാണ് ന്യായീകരിക്കാനാവുക.

Also read: ബില്‍ക്കീസ് ദാദി; പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം!

ഇസ്രയേലുമായി കരാറിലേര്‍പ്പെട്ടതോടെ അവരുടെ അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ പിന്തുണക്കുകയും കുറ്റവാളികളെ നിയമപരമായി സംരക്ഷിക്കുകയും അധിനിവേശത്തിന് അവരെ സഹായിക്കുകയുമാണ് ഈ അറബ് രാജ്യങ്ങള്‍ ചെയ്തത്. ഒരു വ്യക്തിയെ മാത്രം കൊലപാതകം നടത്തിയവനും ശിക്ഷാ ഇളവ് അനുവദിക്കുന്ന ഒരു നിയമവും ലോകത്തില്ല. കൊലപാതകം നടത്തിയവന് ശിക്ഷാ ഇളവ് സാധ്യമാണെന്ന് മുസ്ലിം ന്യായാധിപന്മാരില്‍ ഒരാള്‍ക്കും പറയാനാകില്ല. ഇസ്രയേല്‍ ക്രിമിനലുകള്‍ ഒരാളെ മാത്രമല്ല കൊന്നിട്ടുള്ളത്. മില്ല്യണ്‍ കണക്കിന് ഫലസ്ഥീന്‍ പൗരന്മാരെ അവര്‍ കൊന്നു. ധാരാളം പ്രദേശങ്ങള്‍ അനതികൃതമായി കയ്യേറി. നിയമവിരുദ്ധമായി തന്നെ നിരാലംബരുടെ സമ്പത്തെല്ലാം കയ്യേറി. എന്നിട്ടും ഇസ്രയേല്‍ ക്രിമിനല്‍ സംഘങ്ങളെക്കുറിച്ച് ഈ വഞ്ചകര്‍ക്ക് ഒന്നും മനസ്സിലാക്കാനായിട്ടില്ല.

അതിന് ഫലസ്ഥീന്‍ എന്ന രാഷ്ട്രം എന്നാണ് ഉണ്ടായതെന്ന് പലരും ചോദിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഖുദ്സ് എന്നാണ് അവരുടെ തലസ്ഥാനമായതെന്നും ചോദിക്കുന്നവരുണ്ട്. അവരോടെല്ലാം എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ: എന്നാണ് യു.എ.ഇ എന്ന് പേരുള്ള രാജ്യമുണ്ടായത്? തെല്‍അവീവ് തലസ്ഥാനമായുള്ള ഇസ്രയേല്‍ എന്നാണ് നിലവില്‍ വന്നത്? ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന മിക്ക രാജ്യങ്ങളും ഈ അടുത്ത കാലത്ത് മാത്രമാണ് രൂപം കൊണ്ടത്. വഞ്ചകരായ ഇസ്രയേലുമായി ഇതാദ്യമായൊന്നുമല്ല ഇവര്‍ കരാറിലേര്‍പ്പെടുന്നത്. ദീര്‍ഘകാലമായി അവര്‍ തങ്ങളുടെ സൗഹൃദം തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. ഗാസ അക്രമിക്കപ്പെട്ടപ്പോഴും ചില ഫലസ്ഥീനികളെ കാരണങ്ങളൊന്നുമില്ലാതെത്തന്നെ അറുകൊല ചെയ്തപ്പോഴും അവര്‍ നിശബ്ദത പാലിച്ചത് നാം കണ്ടതാണ്. അതിനെയൊന്നും രാഷ്ട്രീയ നീതിശാസ്ത്രത്തിന്‍റെ ഭാഗമായി മാത്രം കാണാനാകില്ല. അങ്ങനെയായാല്‍ പിന്നെ ലോകത്ത് മതവും ധാര്‍മ്മികതയും ശേഷിക്കുകയില്ല.

Also read: മകനുമായുള്ള നൂഹ് നബിയുടെ സംഭാഷണം

ഈ ഭരണാധാകാരികളുടെയും അവരെ പിന്തുണക്കുന്നവരുടെയും അഭിപ്രായ പ്രകാരം അധികാരത്തിന്‍റെ സന്തുലിതാവസ്ഥ, അന്താരാഷ്ട്ര ബന്ധങ്ങള്‍, രാഷ്ട്രീയ താല്‍പര്യങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ എന്നിവ മാത്രമാണ് ഇതിനെല്ലാം പിന്നില്‍. ഒരുപാട് മുസ്ലിംകളെ കൂട്ടക്കൊല ചെയ്തിട്ടുള്ള രാഷ്ട്രങ്ങള്‍ തന്നെയായ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതും യു.എന്‍ അംഗീകാരമുള്ള ഇസ്രയേലുമായും ബന്ധം സ്ഥാപിക്കുന്നതും തമ്മില്‍ വലിയ വിത്യാസമൊന്നുമില്ല. അവര്‍ ഇതിനെ രാഷ്ട്രീയമായി മാത്രം നോക്കിക്കാണുമ്പോള്‍ പിന്നെ നിങ്ങള്‍ എന്തുകൊണ്ടാണ് ഇസ്ലാമിക ശരീഅത്തിനനുസൃതമായി അതിന് വിധി കല്‍പിക്കുന്നത്?

അധികാര സന്തുലിതാവസ്ഥയെ സംബന്ധിച്ചെടുത്തോളം, അമേരിക്കയെക്കുറിച്ചും ബ്രിട്ടണെക്കുറിച്ചും അവര്‍ ഇതേ വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഒരു പരിതവരെയത് ന്യായയുക്തമാകുമായിരുന്നു. ഈ രണ്ട് കൂട്ടരും തമ്മില്‍ ഇസ്രയേല്‍ നോര്‍മലൈസേഷന് തയ്യാറായിട്ടുണ്ടോ? അതിനായി അവരെ നിര്‍ബന്ധിക്കുകയോ സമ്മര്‍ദ്ധം ചെലുത്തുകയോ ചെയ്തിട്ടുണ്ടോ? ഇല്ലെന്ന് തന്നെയാണ് മറുപടി. അമേരിക്കക്ക് വലിയ സ്വാധീനമുണ്ടെന്നത് ശരിയാണ്. അതേസമയം, നോര്‍മലൈസേഷന് വേണ്ടി അറബ് രാജ്യങ്ങളെയെല്ലാം സന്നദ്ധരാക്കാനുള്ള കഴിവും യോഗ്യതയും ബിട്ടണുമുണ്ടല്ലോ. പിന്നെ എന്തുകൊണ്ട് ഇസ്രയേല്‍ അവരുമായി ബന്ധപ്പെടാന്‍ തയ്യാറായില്ല? കാരണം വ്യക്തമാണ്. ഫലസ്ഥീനികളെയും ലബനാനികളെയും ഈജിപ്തികളെയും ജോര്‍ദാന്‍കാരെയും ഭയപ്പെടുത്തുകയെന്നത് തന്നെയാണ് അവരുടെ ലക്ഷ്യം. അമേരിക്കയുമായും അറബ് രാജ്യങ്ങളുമായും കൂട്ടുപിടിക്കാതെ അത് സാധ്യമാകില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം.

അധികാര സന്തുലിതാവസ്ഥയെക്കുറിച്ചൊന്നും ആരും ഇവിടെ പരാമര്‍ശിച്ചിട്ടില്ല. അത് കേവലം ഒരു അവകാശവാദം മാത്രമാണ്. ഇസ്രയേലുമായുള്ള ബന്ധം അമേരിക്കയും ബ്രിട്ടണുമായുള്ള ബന്ധം പോലെയാണെന്ന് പറയുന്നത് ശരിയല്ല. ഇസ് ലാമിക രാജ്യങ്ങളില്‍ ഇപ്പോള്‍ അധിനിവേശം നടത്തുന്നത് ഈ രണ്ട് രാജ്യങ്ങളുമല്ല. മുസ്ലിം സമൂഹം വിശുദ്ധമായി കണക്കാക്കുന്ന പള്ളികളില്‍ മൂന്നാമത്തെതായ മസ്ജിദുല്‍ അഖ്സ കൈവശപ്പെടുത്തിയത് അവരല്ല. ഫലസ്ഥീനികളെ കൊല്ലുന്നത് ദിനചര്യയാക്കി മാറ്റിയവരല്ല അവര്‍. ഫലസ്ഥീനികളുടെ വീടുകള്‍ തകര്‍ക്കുകയും കൃഷ്ടിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് അവരല്ല. രണ്ടും തമ്മില്‍ ഒരുപാട് വിത്യാസങ്ങളുണ്ട്.

മുസ്ലിംകള്‍ക്ക് അധികാരവും ശക്തിയുമുണ്ടായിരുന്നുവെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അമേരിക്കയെ സമ്മര്‍ദ്ധം ചെലുത്താന്‍ അവര്‍ക്ക് ആകുമായിരുന്നു. അമേരിക്കയെ പോലെത്തന്നെ ഇസ്രയേലിനെ പിന്തുണക്കുന്ന മറ്റു രാജ്യങ്ങളെയും അവരുടെ നിലപാടില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ധത്തിലാക്കാമായിരുന്നു. ഇപ്പോള്‍ അമേരിക്ക മാത്രമാണ് ഇസ്രയേലിനെ പൂര്‍ണ്ണമായും പിന്തുണക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് ശേഷം അമേരിക്കയുടെ നിലപാടിലും മാറ്റം വന്നേക്കാം.

Also read: നെറ്റ് വർക്ക് ബിസിനസ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അമേരിക്കയുടെ സമ്മര്‍ദ്ധമാണ് ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് തന്നെ കൊണ്ടുവരാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് അവര്‍ വാദിച്ചാല്‍ നിങ്ങള്‍ അതിനെന്തായിരിക്കും മറുപടി പറയുക? തെല്‍അവീവിനോടൊത്ത് മനാമയും അബൂദാബിയും നടത്തിയ രണ്ട് കരാര്‍ നടപടികള്‍ക്കും അമേരിക്കയായിരുന്നല്ലോ പൂര്‍ണ്ണമായും മേല്‍നോട്ടം വഹിച്ചിരുന്നത്. അങ്ങനെയെങ്കില്‍ അമേരിക്കയുടെ സമ്മര്‍ദ്ധത്തിന് മുമ്പില്‍ അവര്‍ നിസ്സഹായരായിരുന്നുവെന്നും കരാറില്‍ ഒപ്പ് ചേര്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞുകൂടെ?

ഇതേ ഭൂഖണ്ഡത്തില്‍ തന്നെ സമാന വലിപ്പവും പ്രാപ്തിയുമുള്ള മറ്റു രാജ്യങ്ങളുമുണ്ടല്ലോ. അവരൊന്നും അത്തരം ഒരു കരാറിന് മുതിര്‍ന്നിട്ടില്ലല്ലോ. ഇസ്രയേല്‍ നോര്‍മലൈസേഷന് എന്തുകൊണ്ട് അമേരിക്ക കുവൈത്തിനുമേല്‍ സമ്മര്‍ദ്ധം ചെലുത്തുന്നില്ല? അമേരിക്ക കുവൈത്തിന്‍റെ പേര് പരാമര്‍ശിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തിരുന്നു. കുവൈത്തും ഈ നോര്‍മലൈസേഷന്‍റെ ഭാഗമാകണമെന്നത് അമേരിക്കയുടെ താല്‍പര്യമായിരുന്നു. ഖത്തറും ചെറിയൊരു രാജ്യമാണ്. എന്തുകൊണ്ട് അമേരിക്ക അവരെയും കരാറിന് നിര്‍ബന്ധിച്ചില്ല? അവര്‍ അത്തരം വഞ്ചനക്ക് തയ്യാറല്ലെന്ന് ഖത്തര്‍ വളരെ വ്യക്തമായിത്തന്നെ നിലപാടെടുത്തില്ലേ? മാത്രമല്ല, ഈ വിഷയത്തില്‍ ഖത്തറിന്‍റെ നിലപാട് ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുകയും ചെയ്തില്ലേ?

സ്വന്തം രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും അഭിമാനവും കളങ്കപ്പെടുത്താന്‍ തയ്യാറല്ലാത്ത രാജ്യങ്ങളെക്കുറിച്ച് അമേരിക്ക ശരിക്കും ബോധവാന്മാരാണ്. മിക്ക അറബ് രാജ്യങ്ങളും ഇപ്പോള്‍ ഈ നോര്‍മലൈസേഷനില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയോ അല്ലെങ്കില്‍ അത്തരം നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്യുന്നുണ്ട്. മാത്രമല്ല, അത്തരത്തില്‍ നിലപാട് എടുക്കാന്‍ ആരും തന്നെ അവരെ നിര്‍ബന്ധിക്കുന്നുമില്ല. മൊറോക്കയെ തന്നെ നോക്കൂ, മരുഭൂമിയുമായുള്ള ഒരു ദേശീയ പ്രശ്നം അവരും നേരിടുന്നുണ്ട്. ഇസ്രയേലുമായി കരാറില്‍ ഒപ്പിട്ട് പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ അത്. എന്നിട്ടും മൊറോക്ക അതിന് അങ്ങനൊരു കരാറിന് തയ്യാറായില്ല.

Also read: ജീവിതാനന്ദത്തിന് ഭൂതകാലം മറക്കാം

രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് അള്‍ജീരിയന്‍ പ്രസിഡന്‍റ് ഈ വിഷയത്തില്‍ മഹത്തരവും ചരിത്രപരവുമായ ഒരു നിലപാട് വ്യക്തമാക്കിയത്. അള്‍ജീരിയ ഒരിക്കലും നോര്‍മലൈസേഷന്‍റെ ഭാഗമാവുകയില്ലെന്നും അത്തരം കാമ്പയിന് യാതൊരു പിന്തുണയും തങ്ങളുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും പ്രസിഡന്‍റ് തുറന്നു പറഞ്ഞു. അള്‍ജീരിയന്‍ ജനത്തെ സംബന്ധിച്ചെടുത്തോളം ഫലസ്ഥീന്‍ പ്രശ്നമാണ് അവരുടെ സുപ്രധാന വിഷയം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അള്‍ജീരിയയെ പോലെത്തന്നെയായിരുന്നു ഒമാനും നിലപാടെടുത്തത്. അവര്‍ സ്വയം കൈകൊണ്ട തീരുമാനമാണത്. അതിന് ആരും അവരെ നിര്‍ബന്ധിക്കുകയോ അല്ലെങ്കില്‍ ആ നിലപാടില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ധം ചെലുത്തുകയോ ചെയ്തിട്ടില്ല.

നിങ്ങളുടെ ആദ്യ ചോദ്യത്തില്‍ എന്‍റെ ലേഖനത്തിലെ വരികള്‍ താങ്കള്‍ പരാമര്‍ശിച്ചു. 2010 ല്‍ തന്നെ യു.എ.ഇ, ഇസ്രയേലുമായുള്ള അവരുടെ സഖ്യവും അവരോടുള്ള പക്ഷപാതിത്വവും പ്രകടമാക്കിയിട്ടുണ്ട്(പ്രകടമാക്കിയിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. അതല്ലാതെ സഖ്യം തുടങ്ങിയിട്ടുണ്ട് എന്നല്ല) എന്നാണ് അതില്‍ ഞാന്‍ പറഞ്ഞത്. ഫലസ്ഥീനികളോട് ശത്രുത മനോഭാവവും ഇസ്രയേലിനോട് സൗഹൃദ മനോഭാവവും എന്നതായിരുന്നു യു.എ.ഇയുടെ നിലപാട്. ആരും അവരെ നിര്‍ബന്ധിച്ചതല്ല. ഇത് അവര്‍ സ്വയം കൈകൊണ്ട തീരുമാനമാണ്. ഇതിന് നേര്‍വിപരീതമായിട്ടാണ് അവര്‍ നിലപാട് വ്യക്തമാക്കിയിരുന്നതെങ്കില്‍ അമേരിക്കക്ക് ഒന്നുംതന്നെ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. കാരണം, ലോകത്ത് അമേരിക്ക ഉള്ളത് പോലെത്തന്നെ അപ്പറുത്ത് ചൈനയും റഷ്യും ഇറാനും തുര്‍ക്കിയുമെല്ലാമുണ്ട്. അധികാര സന്തുലിതാവസ്ഥയെക്കുറിച്ച് ബോധ്യമുള്ളവാരാണ് എല്ലാ രാഷ്ട്രീയ കക്ഷികളും. നോര്‍മലൈസേഷനില്‍ ഒപ്പുവെച്ച എല്ലാ അറബ് രാജ്യങ്ങളും ഇസ്രയേലിന്‍റെ പാവകളാകാന്‍ സ്വയം തയ്യാറായ ചാവേറുകളാണ്.

ഇസ്രയേലുമായുള്ള അറബ് നേതാക്കളുടെ കരാറിനെ പിന്തുണക്കുന്ന ഒരുപാട് പണ്ഡിതന്മാരുമുണ്ടല്ലോ. ഈ ബന്ധത്തെ ന്യായീകരിക്കാന്‍ മതപരമായ പ്രമാണങ്ങളും തെളിവുകളും അവര്‍ ഉദ്ധരിക്കുന്നുണ്ട്. മാത്രമല്ല, അത്തരം കാര്യങ്ങളെല്ലാം ഭരണാധികാരികളുടെ വിവേചനാധികാരത്തിനും തീരുമാനങ്ങളുടെയും പരിധിയില്‍ വരുന്നതാണെന്നും അതിന്‍റെ പൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ക്ക് വിട്ടുകൊടുക്കേണ്ടതാണെന്നുമാണ് അവരുടെ പക്ഷം. യഹൂദിയുടെ അടുത്ത് പ്രവാചകന്‍ തന്‍റെ അങ്കി പണയം വെച്ചു, യഹൂദിയുടെ ഭക്ഷണം കഴിച്ചു, അവരില്‍ നിന്നും സാധനങ്ങള്‍ കൈമാറ്റം നടത്തി, രാഷ്ട്രീയമായി സംഖ്യത്തിലേര്‍പ്പെട്ടു തുടങ്ങിയതെല്ലാം അവര്‍ തെളിവുകളായി പറയുന്നതാണ്.

പ്രവാചകരുടെ കാലത്തുണ്ടായിരുന്ന യഹൂദികളോ അറബികളോ ഒരു രാജ്യവും പ്രദേശവും അധിനിവേശം നടത്തിയവരായിരുന്നില്ല. ഇരു വിഭാഗത്തിന്‍റെയും മൂല്യങ്ങളെയും വിശ്വാസങ്ങളെയും പാലിക്കുകയോ ലംഘിക്കുകയോ ചെയ്യുന്നതുമായുള്ള ബന്ധമായിരുന്നു അവര്‍ക്കിടയിലുണ്ടായിരുന്നത്. ബനൂ ഖുറൈള ഗോത്രം താമസിച്ച സ്ഥലം അവര്‍ കയ്യേറിയതാണെന്ന് ആരും പറയുകയില്ല. അതുപോലെത്തന്നയായിരുന്നു ഖൈബറും. പുരാതന കാലം തൊട്ടേ അവരെല്ലാം അവിടെയുണ്ടായിരുന്നു. മുശ്രിക്കുകളുമായി ചേര്‍ന്ന് അവര്‍ നടത്തിയ ഗൂഢാലോചനയും സഖ്യവുമല്ലാതെ പരസ്പരം മറ്റു തര്‍ക്കങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ബനൂ ഖുറൈളയുമായും മറ്റു യഹൂദി ഗോത്രങ്ങളുമായും ഇതേ നിലപാടായിരുന്നു. യഹൂദികളെപ്പോലെത്തന്നെയായിരുന്നു മുശ്രിക്കുകളും. അവര്‍ മക്ക കയ്യേറ്റം നടത്തിയവരാണെന്ന് ആരും പറയില്ല. ഇബ്രാഹീം നബിയുടെ പാവന ചര്യ പിന്തുടര്‍ന്ന ഏകദൈവ വിശ്വാസികള്‍ പരിശുദ്ധമായി കണ്ടിരുന്ന മസ്ജിദുല്‍ ഹറാം സന്ദര്‍ശിക്കാനുള്ള അനുവാദമായിരുന്നു പ്രവാചകന്‍ അവരില്‍ നിന്നും തേടിയത്. ആര്‍ക്കെതിരെയും ഏത് ദേശത്തും അന്ന് അധിനിവേശം നടന്നിട്ടില്ല. എന്നിരുന്നാലും മുശ്രിക്കുകളും യഹൂദികളും മുസ്ലിംകളുമായുള്ള കരാര്‍ പൊളിച്ചപ്പോള്‍ അവര്‍ക്ക് കിട്ടേണ്ടത് കിട്ടുകയും ചെയ്തു. അക്കാര്യങ്ങളൊന്നും ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളുമായി കൂട്ടിക്കെട്ടേണ്ടതില്ല.

Also read: നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് നിഷിദ്ധമായ സമ്പാദന മാര്‍ഗം

നോര്‍മലൈസേഷനെ പിന്തുണക്കുന്നവര്‍ ചില ഖുര്‍ആനിക സൂക്തങ്ങളുമായി വരാറുണ്ട്; ‘ഇനി സമാധാനത്തിലേക്കാണവര്‍ താല്‍പര്യം കാണിക്കുന്നതെങ്കില്‍ താങ്കളും അങ്ങോട്ട് ചായ് വ് കാണിക്കുകയും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. അവന്‍ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍ തന്നെയാണ്, തീര്‍ച്ച(അന്‍ഫാല്‍: 61). അപ്രകാരം തന്നെ സന്ധി ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന മറ്റു സൂക്തങ്ങളും അവര്‍ ഉദ്ധരിക്കുന്നു. യു.എ.ഇയും ബഹ്റൈനും ഇസ്രയേലും തമ്മില്‍ ഒരുതരത്തിലുള്ള യുദ്ധവും നടക്കുന്നില്ലല്ലോ.

ഫലസ്ഥീനികളാണ് ഇതെല്ലാം പറയുന്നതെങ്കില്‍ അത് അവസരോചിതമാണെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍, ഇസ്രയേലുമായി ചേര്‍ന്ന് സമാധാനമുണ്ടാക്കുമെന്ന് പറയുന്ന ഈ നേതാക്കന്മാര്‍ വലിയ തമാശക്കാര്‍ തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ഫലസ്ഥീനികളുമായുള്ള യുദ്ധത്തിന് ഇസ്രയേലിനെ സഹായിക്കുകയാണ്. ഇന്നത് ഒന്നുകൂടി ശക്തമായി. കേവല പിന്തുണ കടന്ന് ഇന്നത് സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണയായി. അവര്‍ ഇസ്രയേലുമായി യുദ്ധത്തിലൊന്നുമായിരുന്നില്ലല്ലോ. ഇസ്രയേലിനെതിരെ ഒരു മിസൈലുപോലും അവര്‍ പ്രയോഗിച്ചിട്ടില്ല. ഒരു സൈന്യത്തെയും അയച്ചിട്ടുമില്ല. പിന്നെയും ഇത്തരം പ്രമാണങ്ങള്‍ തെളിവായി ഉദ്ധരിക്കുന്നത് ന്യായീകരിക്കാനാകില്ല. അത് തെളിവുകളെ ചൂഷണം ചെയ്യുന്ന പ്രവര്‍ത്തിയാണ്.

മുന്‍കാലങ്ങളില്‍, ഫലസ്ഥീനെ പിന്തുണച്ചും ഇസ്രയേലുമായുള്ള കരാറുകളെ പരിപൂര്‍ണ്ണമായും നിരസിച്ചുമുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ നാം കണ്ടതാണ്. ഇസ്രയേല്‍ ഫലസ്ഥീനില്‍ യുദ്ധം ചെയ്യുമ്പോഴും അവരെ കൊല്ലുമ്പോഴുമെല്ലാം അറബ് രാജ്യങ്ങളുടെ തലസ്ഥാന നഗരികളില്‍ നടന്നിരുന്ന ദശലക്ഷക്കണക്കിന് മാര്‍ച്ചുകളും അതുവഴി ശക്തമായിരുന്ന അറബ് ഏകോപനവുമെല്ലാം നമുക്കറിയാം. എന്നാല്‍ ഇന്നത് കാണാനാകുന്നില്ല. നോര്‍മലൈസേഷനെ ഇത്രവേഗം പിന്തുണക്കാന്‍ മാത്രം അറബ്, മുസ്ലിം ലോകം ബലഹീനരും നിന്ദ്യരുമായി മാറിയോ? ഒരുപക്ഷെ, ഇനിയൊരു തിരിച്ചു വരവിന് സാധ്യമാകാത്ത വിധം വലിയൊരു തിരിച്ചടിയായി അത് മാറില്ലേ?

ഈ കരാറിന് മുന്നിട്ടിറങ്ങിയവര്‍ക്ക് പ്രതീകാത്മകതയല്ലാതെ മറ്റൊരു മൂല്യവും ലോകം നല്‍കുന്നില്ലെന്നതാണ് ഈ നോര്‍മലൈസേഷന്‍റെ പ്രാധാന്യം നഷ്ടപ്പെടുത്തിക്കളയുന്നത്. ഇന്ന ഭരണകൂടവും രാജ്യവും ഇസ്രയേലുമായി നോര്‍മലൈസേഷന്‍ കരാറില്‍ ഒപ്പുവെച്ചു എന്ന് മാത്രമേ പറയൂ. എന്താണ് ഈ രാജ്യങ്ങളുടെയെല്ലാം ലോക മൂല്യം? യു.എ.ഇ പോലെ ചിലതിന് സാമ്പത്തിക മൂല്യമുണ്ടായേക്കാം. എന്നാല്‍ ബഹ്റൈന് ഏത് മേഖലയിലാണ് മികവുള്ളത്. സ്വാഭാവികമായും ഈ രണ്ട് രാജ്യങ്ങളെക്കുറിച്ചാണല്ലോ നമ്മുടെ ഇപ്പോഴുള്ള ചര്‍ച്ചകള്‍. എന്നുവെച്ചാല്‍ നോര്‍മലൈസേഷനൊപ്പം അതിന് മുന്‍കൈയ്യെടുക്കുന്ന രാജ്യത്തിന്‍റെ മൂല്യം കൂടി നാം ചര്‍ച്ചക്കെടുക്കേണ്ടേ.
നോര്‍മലൈസേഷന്‍ പ്രശ്നം കൊണ്ട് മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ കൊണ്ടുകൂടിയാണ് ജനങ്ങള്‍ ഈ രണ്ടു രാജ്യങ്ങളെയും വിലകുറച്ചു കാണുന്നത്. വര്‍ഷങ്ങളായി നിരവധി പ്രതിസന്ധികളിലൂടെയാണ് അറബ്, മുസ്ലിം ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്വേച്ഛാധിപത്യത്തിനും അനീതികള്‍ക്കുമെതിരെ തെരുവില്‍ ജനങ്ങള്‍ നടത്തിയ നീണ്ട വിപ്ലവങ്ങളുടെ ശോഷിച്ച പത്ത് വര്‍ഷമാണ് കടന്നുപോയത്.

Also read: നമുക്കൊന്ന് മാറിയാലോ?

സഊദി അറേബ്യ, ഈജിപ്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ഗവണ്‍മെന്‍റുകള്‍ ജനങ്ങള്‍ക്കെതിരെ പ്രയോഗിച്ച പൈശാചിക ഭരണകൂട തന്ത്രം വലിയ രീതിയിലുള്ള ആഭ്യന്തര കലഹങ്ങള്‍ക്കും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും ഭിന്നതകള്‍ക്കുമാണ് വഴിമരുന്നിട്ടത്. ഇത് അറബ് സമൂഹത്തെ ശരിക്കും തിരക്കിലാക്കി. എന്നാണ് ഇതിനൊരു അന്ത്യമുണ്ടാവുകയെന്ന് പറയാനാകില്ല. ഇത്തരം പ്രശ്നങ്ങളെല്ലാം അവസാനിക്കാന്‍ പോകുന്നതിന്‍റെ സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, നിരവധി അറബ് പ്രശ്നങ്ങളില്‍ നടക്കുന്ന അനുരജ്ഞന പ്രവണതകളെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. ലിബിയയിലും, അടുത്തിടെ ഫലസ്ഥീന്‍ വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന കൂടിക്കാഴ്ചകളിലും, മാലി, ടുണീഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലുമെല്ലാം നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു ഞാന്‍ പറഞ്ഞത്. സഊദി, യു.എ.ഇ ഫണ്ടുകളും ഈജിപ്ഷ്യന്‍ ഇടപെടലുകളും മൂലം അറബ് ലോകത്തിനേറ്റ മുറിവുകളെ ഭേദമാക്കാന്‍ സഹായകമാകുന്ന രീതിയിലായിരുന്നു സംസാരം.

ശരിയാണ്, അറബ്, മുസ്ലിം ലോകം ദീര്‍ഘകാലമായി കലഹങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ഇത് മറ്റുള്ള പ്രശ്നങ്ങളെയും വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ഫലസ്ഥീന്‍ വിഷയത്തെ. ചില രാജ്യങ്ങളുടെ ആഭ്യന്തര പരിഷ്കാരങ്ങളെപ്പോലും ഇത് മോശമായി ബാധിച്ചിട്ടുണ്ട്. ഭിന്നതകളും കലഹങ്ങളുമില്ലാത്ത സമാധാനപൂര്‍വമായ അന്തരീക്ഷവും ഐക്യവുമാണ് എല്ലാ ജനങ്ങളും ഇന്ന് ആഗ്രഹിക്കുന്നത്. അതിനുമാത്രമാണ് എല്ലാ മേഖലയിലും അവര്‍ മുന്‍ഗണന നല്‍കുന്നത്. ഈ സ്തംഭനാവസ്ഥയെല്ലാം ക്ഷണികമാണ്. അത് അധിക കാലമൊന്നും നീണ്ടുനില്‍ക്കുകയില്ല. സ്തംഭനാവസ്ഥ സൃഷ്ടിച്ചവര്‍ തന്നെ അതിന്‍റെ പാപവും ചുമക്കേണ്ടി വരും. മുസ്ലിം ഉമ്മത്ത് ഇത്തരം പ്രതിസന്ധികളെയെല്ലാം മറികടക്കും. ഈ കാര്യങ്ങളിലെല്ലാം വ്യക്തമായൊരു മാറ്റം കൊണ്ടുവരാന്‍ പ്രാപ്തിയുള്ളവര്‍ തന്നെയാണ് മുസ്ലിം സമൂഹം.

മുസ്ലിം ഉമ്മത്തിന്‍റെ ഏറെക്കാലത്തെ അഭിലാഷമായിരുന്ന മസ്ജിദുല്‍ അഖ്സാ സന്ദര്‍ശനവും നമസ്കാരവും സാധ്യമാക്കാന്‍ നോര്‍മലൈസേഷന്‍ കാരണമാകുമല്ലോ എന്നതാണ് അതിനെ പിന്തുണക്കുന്നരുടെ അഭിപ്രായം. ഇസ്രയേലുമായുള്ള ഈ കരാര്‍ മുസ്ലിംകള്‍ക്ക് മസ്ജിദുല്‍ അഖ്സയിലേക്ക് യാത്ര പോകാനും അവിടെ ചെന്ന് പ്രാര്‍ത്ഥിക്കാനും സഹായകമാകും. അത് നല്ല കാര്യമല്ലേ?

Also read: ഖുര്‍ആന്‍ കേരളത്തിൽ ചര്‍ച്ചചെയ്യുന്ന വിധം ?!

മുഹമ്മദ് ബ്ന്‍ സായിദിനും ഹമദ് ബ്ന്‍ ഈസക്കും അവരുടെ സഹോദങ്ങള്‍ക്കും കുടുംബത്തിനും മാത്രമായിരിക്കും അഖ്സയിലെ സന്ദര്‍ശനാനുമതി. എല്ലാ മുസ്ലിംകള്‍ക്കും അതിനുള്ള അവസരം ഇസ്രയേല്‍ അനുവദിച്ചു തരില്ല, അത് ഉറപ്പാണ്. മസ്ജിദുല്‍ അഖ്സ ആരൊക്കെ സന്ദര്‍ശിക്കണമെന്ന് തീരുമാനിക്കുന്നത് ഇസ്രയേലായിരിക്കും. എന്നിട്ട് അതിന്‍റെമേല്‍ അവര്‍ പ്രശംസിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യും. വര്‍ഷങ്ങളായി നോര്‍മലൈസേഷന്‍ സന്ദര്‍ശനങ്ങള്‍ നടക്കുന്നത് പോലെത്തന്നെയായിരിക്കും ഇതും. ഇസ് ലാമിക ലോകത്തെ മറ്റു ജനങ്ങള്‍ക്ക് ഇസ്രയേല്‍ ഒരിക്കലും സന്ദര്‍ശനാനുമതി നല്‍കില്ല.

ഇസ്രയേലുമായി വിസ ബന്ധമില്ലാത്ത പല രാജ്യങ്ങളില്‍ നിന്നും വരുന്ന സന്ദര്‍ശകരെ അധിനിവിഷ്ട ഫലസ്ഥീനിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ അവര്‍ തിരിച്ചയക്കുന്നുണ്ട്. പ്രവേശിച്ചവരെ ഖുദ്സ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കുകയും അതിന് എതിര് ചെയ്യുന്നവരെ അവര്‍ ആക്രമിക്കുകയും ചെയ്യുന്നു. തുര്‍ക്കികളോടെല്ലാം സമാന രീതിയിലാണ് അവര്‍ പെരുമാറിയിട്ടുള്ളത്.

ഇനി എല്ലാവര്‍ക്കും സന്ദര്‍ശനത്തിന് അനുമതി ലഭിച്ചാല്‍ തന്നെ(അത് അസംഭവ്യമാണ്, എങ്കില്‍ പോലും) സാധ്യമായവര്‍ക്ക് മാത്രം സുന്നത്താക്കപ്പെട്ട മസ്ജിദുല്‍ അഖ്സ സന്ദര്‍ശനത്തിനും അവിടെ വെച്ചുള്ള പ്രാര്‍ത്ഥനക്കും ഞങ്ങള്‍ അമിത താല്‍പര്യം കാണിക്കുകയില്ല. ഫലസ്ഥീനികളെ അറുംകൊല ചെയ്യുന്നതിനെതിരെയും അവരുട മഹത്തായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുമാണ് ഞങ്ങള്‍ രോഷം കൊള്ളുക. അതോടൊപ്പം തന്നെ ഖുദ്സിന്‍റെ പരമാധികാരവും അതിന്‍റെ നേതൃത്വവുമാണ് ഞങ്ങള്‍ക്ക് ആവശ്യം.

ഫലസ്ഥീനികള്‍ തന്നെ ഇസ്രയേലുമായി സുരക്ഷാ ഏകോപനത്തില്‍ പരസ്പരം സഹായിക്കുന്നുവെന്നും ഇരുവര്‍ക്കുമിടയില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധങ്ങളുണ്ടെന്നും പറഞ്ഞ് നോര്‍മലൈസേഷനെ ന്യായീകരിക്കുന്നവരുമുണ്ട്. ഹമാസ് പോലെയുള്ള ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ തന്നെ തെല്‍അവീവുമായി പരോക്ഷമായി ചര്‍ച്ചകള്‍ നടത്തുന്നു. ഫലസ്ഥീനികള്‍ ചെയ്യുമ്പോള്‍ നാം അംഗീകരിക്കുകയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് എന്തിനാണ്?

Also read: വ്യക്തിത്വവും വിദ്യാഭ്യാസവും

ഫലസ്ഥീനികള്‍ ഇന്ന് ഏറെക്കുറെ ഇസ്രയേല്‍ അധിനിവേശത്തിന് കീഴിലാണ്. അതിനാല്‍ തന്നെ പല കരാറുകളും ഒപ്പിടാന്‍ അവര്‍ നിര്‍ബന്ധിതരാകും. അതുപോലെയാണോ അറബ് രാജ്യങ്ങള്‍? അറേബ്യന്‍ ഉപദ്വീപുകളിലെ മറ്റു അറബ് രാജ്യങ്ങള്‍ എന്തിനാണ് ഇത്തരം ചര്‍ച്ചകളുമായി സഹകരിക്കുന്നത്? എന്ത് സന്ധിസംഭാഷണങ്ങളാണ് അവര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്? അതിന് ആരാണ് അവരെ നിര്‍ബന്ധിക്കുന്നത്? ആരാണ് അതിനെക്കുറിച്ചെല്ലാം അവരോട് ചോദിച്ചത്?

ഫലസ്ഥീനികളില്‍ പലരും പല കാര്യങ്ങള്‍ക്കും ഇസ്രയേല്‍ നിലപാടുകള്‍ക്ക് മുമ്പില്‍ നിസ്സഹായരാണ്. പലരുടെതും ഇസ്രയേലി പാസ്പോര്‍ട്ടുകളാണ്. ബാക്കിയുള്ളവര്‍ക്ക് ഇസ്രയേല്‍ അനുമതിയില്ലാതെ ഒരിക്കലും മറ്റൊരിടത്തേക്ക് യാത്രപോകാന്‍ സാധ്യമല്ല. ഫലസ്ഥീനികളുടെ ഭക്ഷണ-പാനീയങ്ങള്‍ വരെ ഇസ്രയേല്‍ അനുമതിയോടെയാണ് ഫലസ്ഥീനില്‍ പ്രവേശിക്കുന്നത്. അവര്‍ക്ക് ലഭിക്കുന്ന പല സാമ്പത്തിക സഹായങ്ങളും ഇസ്രയേല്‍ ബാങ്ക് വഴിയാണ് നല്‍കപ്പെടുന്നത്.

ഇതെല്ലാം പരമ യാഥാര്‍ത്ഥ്യങ്ങളാണ്. എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ഫലസ്ഥീനികള്‍ മരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? എന്നാല്‍, ഇസ്രയേലുമായി ബന്ധമില്ലാത്തവരുടെ അവസ്ഥയെന്താണ്. ഇസ്രയേലുമായി സന്ധിയിലേര്‍പ്പെടേണ്ട ഒരു ആവശ്യവും അവര്‍ക്കില്ലല്ലോ? ഫലസ്ഥീനികളെയും അവരുടെ പ്രശ്നങ്ങളെയും പോലെത്തന്നെയാണോ അവര്‍ അവരുടെ രാജ്യത്തെയും കാണുന്നത്? അതൊരിക്കലും ശരിയല്ലല്ലോ?
ഫലസ്ഥീനികള്‍ അവരുടെ നിര്‍ബന്ധിതവാസ്ഥയെക്കുറിച്ച് സംസാരിക്കുന്നുവെങ്കില്‍ അത് യാഥാര്‍ത്ഥ്യം തന്നെയാണ്. ദിനേന അവര്‍ അനുഭവിക്കുന്ന വേദനാജനകമായ അവസ്ഥകളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ബഹ്റൈനും യു.എ.ഇക്കും എന്ത് നിര്‍ബന്ധിതാവസ്ഥയാണുള്ളത്? അവരെന്ത് പ്രശ്നമാണ് നേരിടുന്നത്? ഭൂമിശാസ്ത്രപരമായി ഇസ്രയേലും അവരും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതിര്‍ത്ഥി പ്രശ്നവുമില്ല. കരാറില്‍ ഏര്‍പ്പെടാന്‍ മാത്രമുള്ള ഒരു അനിവാര്യ ഘടകവും അവര്‍ക്കിടയിലില്ല.

Also read: നിരീശ്വരവാദത്തിന്റെ പുതിയതലങ്ങള്‍

ഇസ്രയേല്‍-യു.എ.ഇ കരാറിന്‍റെ സൂത്രധാരന്‍ ഒരു ഫലസ്ഥീനിയാണെന്ന് പറയുന്നു. ഫലസ്ഥീനെയും അതിന്‍റെ ചരിത്രത്തെയും വ്യക്തമായി അറിയുന്ന അദ്ദേഹം ഇപ്പോള്‍ മുഹമ്മദ് ബിന്‍ സായിദിന്‍റെ ഉപദേശകനാണ്. മാത്രമല്ല, മുഹമ്മദ് ദഹ് ലാന്‍റെ ഫതഹ് മൂവ്മെന്‍റിന്‍റെ മുന്‍കാല നേതാവും കൂടിയായിരുന്നു ഇദ്ദേഹം.

തീര്‍ച്ചയായും, വഞ്ചകര്‍ എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട്. എല്ലാ സമയത്തും എല്ലായിടത്തും അവരുണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു ലിബിയന്‍ സഹോദരന്‍ പഴയൊരു ലിബിയന്‍ അറബ് പത്രം എനിക്ക് കാണിച്ചു തന്നു. ഇറ്റാലിയന്‍ അധിനിവേശക്കാലത്ത് പുറത്തിറങ്ങിയതാണത്. രക്തസാക്ഷി ഉമര്‍ മുഖ്താറിനെ അറസ്റ്റു ചെയ്ത സമയത്ത് ‘കുറ്റവാളിയും വര്‍ഗീയവാദിയുമായ ഒമര്‍ മുഖ്താറിന്‍റെ അറസ്റ്റ് എന്നായിരുന്നു വാര്‍ത്താ തലക്കെട്ട്. ഉമര്‍ മുഖ്താറിനെയവര്‍ അങ്ങനെയാണ് കണ്ടത്. അവര്‍ ആ അറസ്റ്റില്‍ സന്തേഷിക്കുകയും ആഘോഷിക്കുകയുമായിരുന്നു.
അത്തരം ആളുകള്‍ എല്ലാ സമയത്തും ഉണ്ടായിട്ടുണ്ട്. ദഹ്ലലാനെ ബന്ധിച്ചെടുത്തോളം അവന്‍റെ വലിപ്പത്തിന്‍റെ അത്രപോലും പ്രാധാന്യം അവന് നല്‍കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവന്‍ സ്വന്തം സമൂഹത്തോടും അവരുടെ പ്രശ്നങ്ങളോടും വിശ്വാസ വഞ്ചന കാണിക്കുന്നവനും ചാരനുമാണെന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഈ കാര്യത്തില്‍ ദഹ്ലാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? കാര്യമായിട്ടെന്തിങ്കിലും ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ കരാറിലെ സൂത്രധാരന്‍ ഇസ്രയേല്‍-അമേരിക്കന്‍ ചാരന്‍ തന്നെയാണെന്നതാണെന്‍റെ വിശ്വാസം.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles