Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലപാട് തീര്‍ത്തും വഞ്ചനാത്മകമാണ്‌

ഒരു ജനതയുടെ മൗലികാവകാശങ്ങള്‍ പ്രത്യക്ഷമായി ലംഘിക്കപ്പെടുന്നതിന്റെ മൂര്‍ത്ത രൂപമാണ് കശ്മീര്‍. അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭരണകൂട ഹിംസയെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച കശ്മീരിലെ പ്രമുഖ ജേര്‍ണലിസ്റ്റും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ സന്ന ഇര്‍ഷാദ് മാട്ടൂവുമായി അഫ്രിദ അമീന്‍, ഫസ്വീഹ തസ്‌നീം, ഹുസ്‌ന മുനവ്വറ എന്നിവര്‍ നടത്തിയ അഭിമുഖം.

സയന്‍സില്‍ ബിരുദം നേടിയതിനു ശേഷം ജേര്‍ണലിസത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്തായിരുന്നു?

കശ്മീരിലെ അവസ്ഥ എന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. അവിടെ നടമാടിക്കൊണ്ടിരിക്കുന്ന ഭീകരാന്തരീക്ഷം എത്രത്തോളമുണ്ടെന്ന് നേരിട്ടനുഭവിച്ചാലേ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. അതുകൊണ്ടു തന്നെ ഞാന്‍, കശ്മീരിലെ നീറുന്ന അനുഭവയാഥാര്‍ത്ഥ്യങ്ങളെ പുറം ലോകത്തോട് വിവരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാലോചിച്ചു. ഈ ചിന്തയാണ് എന്നെ ജേര്‍ണലിസത്തിലേക്ക് എത്തിച്ചത്. എനിക്ക് ക്യാമറയോട് വളരെയധികം താല്‍പര്യമുണ്ടായിരുന്നു. പിന്നീട് കശ്മീരിലെ തെരുവുകളിലൂടെ ഞാനെന്റെ ക്യാമറയുമായി സഞ്ചരിക്കുകയായിരുന്നു. ഓരോ കശ്മീരിയും അനുഭവിക്കുന്ന പീഢനങ്ങളെയും യാതനകളെയും ഞാനെന്റെ ക്യാമറയില്‍ പകര്‍ത്തി. അവയെ ഏറ്റവും നന്നായി സംവേദനം ചെയ്യാനുള്ള മികച്ച മാര്‍ഗം ഇതാണന്ന് ഞാന്‍ കരുതുന്നു.

കശ്മീരില്‍ ഫോട്ടോ ജേര്‍ണലിസം മേഖലയില്‍ സ്ത്രീകള്‍ പൊതുവേ കാണപ്പെടാറുണ്ടോ?

പൊതുവെ കശ്മീരി സ്ത്രീകള്‍ ഈയൊരു മേഖലയില്‍ മുന്നിട്ടിറങ്ങുന്നത് അത്യപൂര്‍വ്വമായേ കാണാന്‍ സാധിക്കുകയുള്ളൂ. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പുരുഷനാവട്ടെ സ്ത്രീയാവട്ടെ, അവര്‍ അവരുടേതായ അടയാളങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. കാത്തിരിക്കാന്‍ നമുക്ക് സമയമില്ല. മറിച്ച് അതിലേക്ക് ഇറങ്ങിത്തിരിക്കുകയാണ് വേണ്ടത്. സ്ത്രീയോ പുരുഷനോ എന്നതല്ല മറിച്ച് ഒരു കാര്യത്തോടുള്ള സമീപനമാണ് പ്രധാനം. വ്യത്യസ്തവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ സംവേദനക്ഷമതയോടെ ജനങ്ങളുമായി സംസാരിക്കാനും ആശയങ്ങള്‍ കൈമാറാനും കഴിയേണ്ടതുണ്ട്. കശ്മീര്‍ തന്നെയെടുക്കുക, ചിലപ്പോള്‍ ഏറ്റുമുട്ടലുകള്‍, അതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍, ആശുപത്രികളിലെ കരളലിയിപ്പിക്കുന്ന കാഴ്ചകള്‍, ജനാസകള്‍ ഒക്കെ ആയിരിക്കും പലപ്പോഴും നമുക്ക് കാണാന്‍ സാധിക്കുക. ഇത്തരത്തില്‍ വ്യത്യസ്തമായ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ഉണ്ടാകുമ്പോള്‍ അവയെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് നാം അറിയേണ്ടതുണ്ട്. കേവലം ക്യാമറ ക്ലിക്കുകള്‍ക്ക് താങ്ങാനാവുന്ന കാഴ്ചകളല്ല, മറിച്ച് ഓരോ കാഴ്ചകളും ഒരിക്കലും മായാത്ത നീറുന്ന അനുഭവങ്ങളാണ്, ദുരിതങ്ങളാണ്, കുറെ നെറികേടുകളാണ്.

Also read: പൗരത്വ നിയമ ഭേദഗതി, 10 ചോദ്യങ്ങളും ഉത്തരങ്ങളും

അതുപോലെത്തന്നെ, ഒരു സ്ത്രീയെന്ന നിലയില്‍ ഒരുപാട് പരിഗണനകള്‍ അവിടെ ലഭിച്ചേക്കാം. അത് അവസരങ്ങളുമാണ്. അഥവാ, നമ്മെ അറിയാത്തവര്‍ പോലും വീട്ടിലേക്ക് ക്ഷണിക്കുകയും നമുക്ക് അഭയം നല്‍കുകയും ചെയ്‌തേക്കാം. ഇതൊക്കെ സ്ത്രീയെന്ന നിലയില്‍ കിട്ടുന്ന പരിഗണനകളാണ്. എന്നാല്‍, ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഇത്തരം പരിഗണനകള്‍ അപ്രാപ്യമാണ്. അതുകൊണ്ടു തന്നെ ഈയൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെന്ന നിലക്ക്, തീര്‍ച്ചയായും സ്ത്രീകള്‍ക്ക് അതൊരു പ്രിവിലേജായി മാറുന്നു. അതേസമയം ഒരു സ്ത്രീക്ക് ചില സന്ദര്‍ഭങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരും. ശവസംസ്‌കാര ചടങ്ങുകളിലൊന്നും ചിലപ്പോള്‍ പങ്കെടുക്കാന്‍ കഴിഞ്ഞെന്നുവരില്ല. സന്ദര്‍ഭോചിതമായി പ്രവര്‍ത്തിക്കുന്നതിലൂടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമുള്ളതാകും.

സായുധസേനയുടെ മുന്നില്‍ ക്യാമറയുമായി നില്‍ക്കുകയെന്നതുതന്നെ സാഹസികമാണ്. ഒരു ജേര്‍ണലിസ്റ്റായി ജോലി ചെയ്യുമ്പോള്‍ താങ്കള്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളെന്തൊക്കെയാണ്?

ക്യാമറ കൈയിലെടുക്കുന്നത് ഒരു തൊഴിലായിട്ടല്ല ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. സത്യത്തില്‍, അതെന്റെ ജീവിതം തന്നെയാണ്. ഒരു കശ്മീരി എന്ന നിലക്ക് എന്റെ ധാര്‍മിക ഉത്തരവാദിത്വം കൂടിയാണത്. 370ാം വകുപ്പ് നിയമം എടുത്തു കളഞ്ഞതിനു ശേഷമാണ് കശ്മീരില്‍ ഈയൊരു ഭീകരാന്തരീക്ഷം രൂപപ്പെട്ടുവന്നത്. ജനങ്ങള്‍ തമ്മിലുള്ള വിനിമയം അതീവ ദുസ്സഹമായി. ഞങ്ങളുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുകയും കശ്മീരില്‍ മുഴുവനായി നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. എന്തിനധികം, വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തിടത്തോളം ദുസ്സഹമായിരുന്നു കാര്യങ്ങള്‍. എന്നിട്ടും ഞങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. അഞ്ച് മിനിറ്റുള്ള യാത്രയെ അരമണിക്കൂറോളം ദീര്‍ഘിപ്പിക്കും വിധം റോഡുകള്‍ അവര്‍ തടസ്സപ്പെടുത്തിയിരുന്നു. അന്ന് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത് ഇന്നും എനിക്കോര്‍മ്മയുണ്ട്. അത്ര തീവ്രമായി ഞങ്ങളെ ഈ മേഖലയില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിക്കുകയാണവര്‍. അതേസമയം, അത്യന്തം നീചവും വഞ്ചനാത്മകവുമായ നിലപാടുകളാണ് മുഖ്യധാരാ ഇന്ത്യന്‍ മീഡിയ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ചാനലുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷങ്ങള്‍ പ്രചരിപ്പിച്ചും കശ്മീരിലെ അവസ്ഥകള്‍ ശാന്തമാണെന്ന് വ്യാജപ്രചരണങ്ങള്‍ നടത്തിയും യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കുകയാണ് അവര്‍ ചെയ്യുന്നത്. പ്രക്ഷുബ്ധമായ കശ്മീരിനെ തീര്‍ത്തും ശാന്തവും സമാധാനപൂര്‍ണ്ണവുമായി ചിത്രീകരിക്കുകയാണ് ഇന്ത്യന്‍ മീഡിയകള്‍. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യങ്ങളെ തുറന്നുകാണിക്കുന്ന കശ്മീരിലെ മീഡിയകളെ ഇത് പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ഞങ്ങള്‍ പറയുന്നത് സമൂഹം അവിശ്വസിക്കുന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ജീവച്ഛവമായിക്കൊണ്ടിരിക്കുകയാണ്. ഭരണകൂട ഹിംസകളില്‍ അങ്ങേയറ്റം യാതനകളനുഭവിക്കുന്ന കശ്മീര്‍ ജനത ഇന്ത്യന്‍ മീഡിയകളാല്‍ വഞ്ചിക്കപ്പെടുകയുമാണ്.

ഈയൊരു സാഹചര്യത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതയും സ്വാധീനവും കശ്മീരില്‍ എത്രത്തോളമാണ്?

ദിവസംതോറും കലുഷിതമായിക്കൊണ്ടിരിക്കുകയാണ് കശ്മീരിന്റെ അന്തരീക്ഷം. നിങ്ങള്‍ക്കറിയാവുന്നതു പോലെത്തന്നെ എല്ലാത്തിനും മുകളില്‍ നിഴല്‍ പോലെ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാനോ അന്വേഷണങ്ങള്‍ നടത്താനോ ഒരു സാധ്യതയുമില്ലാത്ത വിധം കലുഷിതമാണ് അന്തരീക്ഷം. ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ വാര്‍ത്തകളും നിങ്ങള്‍ക്കെപ്പോഴും ലഭിക്കുന്നുണ്ടായിരിക്കാം. പക്ഷെ, കശ്മീരില്‍ പുറംലോകം അറിയാത്ത ഒരുപാട് പേര്‍ ഇനിയുമുണ്ടെന്ന് പറയുന്നത് ഒട്ടും അതിശയോക്തിയല്ല. ദിനംതോറും സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈയൊരു അവസ്ഥ തുടരുകയാണെങ്കില്‍ കശ്മീരിലെ വിദ്യാര്‍ത്ഥികളുടെയും ജേണലിസ്റ്റുകളുടെയും ഭാവിയെന്താകുമെന്ന കാര്യത്തില്‍ വളരെയധികം ആശങ്കയിലാണ് ഞങ്ങള്‍.

ഇന്റര്‍നെറ്റ് വിഛേദനവുമായി ബന്ധപ്പെട്ട് അത് പിന്‍വലിക്കുന്നതിന് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് വല്ല സാധ്യതയുമുണ്ടോ? നിലവിലെ അവസ്ഥ?

ഒരിക്കലുമില്ല. നിലവില്‍, ഞങ്ങളെല്ലാവരും വളരെ നിസ്സഹായവസ്ഥയിലാണ്. വിവരാവകാശം നിയമം പോലുള്ള മൗലികാവകാശങ്ങള്‍ പോലും ഞങ്ങള്‍ക്ക് നിഷേധിക്കുന്ന നിലപാടാണവരുടേത്. ആഗസ്റ്റ് 4ന് പെട്ടെന്നൊരു അര്‍ദ്ധരാത്രിയിലായിരുന്നു പട്ടാളവല്‍ക്കരണവും ഇന്റര്‍നെറ്റ് വിഛേദനവും കശ്മീരില്‍ സംഭവിച്ചത്. ഇവിടെ എല്ലാം നടക്കുന്നത് അര്‍ദ്ധരാത്രികളിലാണല്ലോ. അതിനുശേഷം ഇന്നു വരെ എങ്ങും കനത്ത , ഭയപ്പെടുത്തുന്ന നിശബ്ദതയാണ്. ഒന്ന് സംസാരിക്കാനോ പരസ്പരം വിനിമയം നടത്താനോ ഉള്ള സൗകര്യങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണ് ഇവിടം.

നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന നിശ്ശബ്ദ പോരാട്ടങ്ങള്‍ക്കുപരി ഈയൊരു സാഹചര്യത്തെ എങ്ങനെയാണ് മറികടക്കാനാവുക?

വാസ്തവത്തില്‍ ഞങ്ങള്‍ക്കറിയില്ല. ഓരോ നിമിഷവും ഞങ്ങളില്‍ നിന്ന് ഓരോരുത്തരായി നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ നേതാക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ അങ്ങനെ മുഖ്യ ധാരയിലുള്ളവരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ പട്ടാളധിനിവേശത്തിനെതിരെ ഞങ്ങള്‍ കശ്മീരികള്‍ക്കൊന്നും ചെയ്യാനില്ല. അല്ല, ചെയ്യാനാവുന്നില്ല. ഞങ്ങള്‍ ദുര്‍ബലരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

370ാം വകുപ്പ് എടുത്തു കളഞ്ഞതിന്റെ പിന്നിലെ യഥാര്‍ഥ അജണ്ട എന്താണ്?

തീര്‍ച്ചയായും തികഞ്ഞ വര്‍ഗീയതയാണ് ഈ നീക്കം തുറന്ന് കാണിക്കുന്നത്. നമ്മുടെ ആദര്‍ശമായ ഇസ്‌ലാമാണ് അവരുടെ പ്രശ്‌നം. കശ്മീരികളോടുള്ള ഹിന്ദു മേധാവിത്വത്തിന്റെ സമീപനത്തിലൂടെ തന്നെ അക്കാര്യം വ്യക്തമാകുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടിച്ചമര്‍ത്തലിന്റെ രാഷ്ട്രീയമാണ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിനെ പോരാട്ടങ്ങളിലൂടെ പ്രതിരോധിക്കുകയെന്നത് ഞങ്ങളുടെ രാഷ്ട്രീയവും.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കശ്മീരിലെ ജനങ്ങള്‍ തങ്ങളുടെ പോരാട്ടങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെന്തൊക്കെയാണ്?

കേരളത്തില്‍ നിങ്ങള്‍ക്ക് ധാരാളം പരിപാടികളും സെമിനാറുകളും മറ്റും സ്വതന്ത്രമായി സംഘടിപ്പിക്കാന്‍ സാധിക്കും. പക്ഷേ ഇതൊന്നും കശ്മീരില്‍ സാധ്യമല്ല. അതിനുള്ള അവകാശം ഭരണകൂടം ഞങ്ങള്‍ക്ക് വകവെച്ചു നല്‍കുന്നില്ല. ഇനിയെന്താണ് നടക്കുകയെന്നുപോലും പ്രവചിക്കാനാവില്ല. അവര്‍ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കുന്നു! എന്ത് ജനാധിപത്യമാണ് ഇവിടെയുള്ളത് ? നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഭരണകൂടത്തിനെതിരെ പോരാടുകയും, പ്രതികരിക്കുകയും, പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുന്നു. അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ നിങ്ങള്‍ക്ക് വകവെച്ചു നല്‍കുന്നുമുണ്ട്. പക്ഷേ കശ്മീരിലെത്തുമ്പോള്‍ ഞങ്ങള്‍ക്കാ സ്വാതന്ത്ര്യം ലഭ്യമല്ല. ഞങ്ങളുടെ ശബ്ദങ്ങള്‍ക്കൊന്നും അവര്‍ വില കല്‍പ്പിക്കുന്നില്ല. അല്ലെങ്കില്‍ കേള്‍ക്കാത്ത പോലെ നടിക്കുന്നു. ഇന്ത്യാ രാജ്യത്തെ ജനങ്ങള്‍ക്ക് ജനാധിപത്യം വകവെച്ചുനല്‍കുന്ന അവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ഞങ്ങളില്‍ നിന്നവര്‍ മറച്ചുപിടിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ നിസ്സഹായരാണ്. ഇതിനെതിരെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ ശബ്ദമുയര്‍ത്താന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയുന്നുള്ളൂ. അവരതിനെ പരിഗണിക്കാനോ കേള്‍ക്കാനോ സന്നദ്ധരല്ലെങ്കില്‍പോലും. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം എന്ന വിശേഷണം പോലും കേവലം പാഴ്‌വാക്കായി മാറി.

കശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ച് …?

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലപാട് തീര്‍ത്തും വഞ്ചനാത്മകമാണ്. വാസ്തവത്തില്‍ ഇക്കൂട്ടര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. കശ്മീര്‍ വിഷയങ്ങള്‍ അവരുടെ പരിഗണനയില്‍ വന്നിട്ടില്ല എന്നു തന്നെ വേണം പറയാന്‍. സത്യമല്ലാത്തതും വാസ്തവ വിരുദ്ധവുമായ വാര്‍ത്തകളാണ് അവര്‍ നിരന്തരം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. നീതിരഹിതമായ ഇടപെടലുകളാണ് ഇന്ത്യന്‍ മാധ്യമങ്ങളുടേത്. എന്നാലും ബി.ബി.സി, അല്‍ ജസീറ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന മാധ്യമധര്‍മം ‘മുഖ്യധാര’യില്‍ നിന്നും വ്യതരിക്തവും അതോടൊപ്പം വളരെയേറെ പ്രശംസനീയവുമാണ്. അതേ സമയം ഇന്ത്യയിലെ തന്നെ ദി ക്വിന്റ്, ദി കാരവന്‍, റോയിട്ടേസ് പോലെയുള്ള വിരലിലെണ്ണാവുന്ന ചില മീഡിയകള്‍ മാത്രമാണ് കശ്മീര്‍ വിഷയത്തില്‍ കൃത്യവും വ്യക്തവുമായ ഇടപെടലുകള്‍ നടത്തി വരുന്നത്.

നിലവിലെ സാഹചര്യങ്ങളില്‍ കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കലാലയങ്ങളുടെയും സ്ഥിതിയെന്താണ്?

എല്ലാം സ്തംഭനത്തില്‍ തന്നെയാണ്. ഒരുത്തരവ് പുറപ്പെടുവിക്കുംവരെ എല്ലാം സ്തംഭിച്ചു നില്‍ക്കുകയാണ്. സ്ഥാപനങ്ങളില്ല, അവിടെ പരീക്ഷകളില്ല! ഇത്തരമൊരു പ്രതിസന്ധി അവരുടെ പരിഗണനയിലേക്ക് വരുന്നത് പോലുമില്ല.

Also read: ‘സമാധാനത്തിന്റെ സുഗന്ധം’

പൗരത്വവുമായി ബന്ധപ്പെട്ട CAA-NRC നിയമഭേദഗതികള്‍ ഇരുസഭകളിലും പാസ്സായപ്പോള്‍ തലസ്ഥാനത്തും ഇന്ത്യയിലുടനീളവും വന്‍ തോതിലുള്ള ജനരോഷത്തിനും പ്രതിഷേധങ്ങള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് നാം. 370ാം വകുപ്പ് എടുത്തുകളഞ്ഞ സന്ദര്‍ഭത്തില്‍ ഇത്തരമൊരു ജനരോഷം കശ്മീരില്‍ ഉയര്‍ന്നിരുന്നോ?

തീര്‍ച്ചയായും. ജനങ്ങള്‍ അതിനെതിരെ തെരുവുകളിലേക്ക് ഇറങ്ങുക തന്നെ ചെയ്തു. അവര്‍ റോഡുകള്‍ തടഞ്ഞും സൈന്യത്തിനു നേരെ കല്ലുകളെറിഞ്ഞും കശ്മീരി ജനത അവരുടെ ചെറുത്തുനില്‍പ്പിനു അടയാളമൊരുക്കി. പക്ഷേ, സൈന്യം ഇപ്പോഴും ഈ ചെറുത്തുനില്‍പ്പുകളെയൊക്കെയും നിര്‍ദയം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പോരാട്ടങ്ങളവിടെ നടന്നുകൊണ്ടിരിക്കുന്നുണ്ട്, പക്ഷേ അവ, പുറംലോകം അറിയാതെ അവിടെത്തന്നെ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്.

താങ്കളുടെ അഭിപ്രായത്തില്‍ ഒരു ഏറ്റുമുട്ടല്‍ അവസാനിച്ചു കഴിഞ്ഞാല്‍ ആ കഥ അവിടെ അവസാനിക്കുകയല്ല, മറിച്ച് ഒരു പുതുകഥക്ക് തുടക്കമാവുകയാണ്. ഇതൊന്ന് വ്യക്തമാക്കാമോ?

തീര്‍ച്ചയായും. ഈ ഒരു കാര്യത്തിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. മിക്ക മാധ്യമപ്രവര്‍ത്തകരും തങ്ങള്‍ പകര്‍ത്തുന്ന പടങ്ങള്‍ വെറുതെ പ്രസിദ്ധീകരിക്കുന്നവരാണ്. പക്ഷേ, ഞാന്‍ പകര്‍ത്തുന്നവ അങ്ങനെയല്ല. ഒരു കഥ സംഭവങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം മാറിമറിയുന്നതെങ്ങനെയാണ് എന്നതിലാണ് ഞാന്‍ ശ്രദ്ധകേന്ദ്രീകരിക്കാറുള്ളത്. ഒരു കഥ തുടങ്ങുന്നത് ഒരു ഏറ്റുമുട്ടലിന് ശേഷമാണ്. കഥ ഇവിടെ ഒരിക്കലും അവസാനിക്കുന്നില്ല, മറിച്ച് ഒരു പുതുകഥ രചിക്കപ്പെടുകയാണ് ചെയ്യുന്നത്.

2018 കൊച്ചി മുസിരിസ് ബിനാലെ വേദിയില്‍ പ്രദര്‍ശിപ്പിച്ച താങ്കളുടെ ‘ദി ഗ്രേവ് ഡിഗ്ഗര്‍’ എന്ന പത്ത് മിനിറ്റ് വീഡിയോ കശ്മീരിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ്. ഇതിലെ അത്താ മുഹമ്മദും കാഴ്ചക്കാര്‍ക്ക് അവിശ്വസനീയമാണ്. ഇത്രത്തോളം ഭീതിതമാണോ കശ്മീരിലെ അവസ്ഥ?

അതെ. ഇതൊക്കെയാണ് കശ്മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആ സംഭവം ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അവിടെ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ രണ്ടായിരത്തില്‍ കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ അദ്ദേഹം മറമാടിയിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകള്‍ മറക്കാന്‍ കഴിയാത്തതാണ്. ‘ഈ വീഡിയോ ആര് കാണാനാണ്? നമ്മുടെ അവസ്ഥകളൊന്നും ആരും അറിയുകയില്ല , കണ്ടെത്തുകയുമില്ല.’ എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. വീഡിയോ ആളുകളിലേക്ക് എത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. പക്ഷേ ഈ വിവരം അദ്ദേഹത്തിനെത്തിക്കാന്‍ എനിക്കായില്ല. അതിനുമുമ്പ് അദ്ദേഹം മരിച്ചിരുന്നു.

(കടപ്പാട്: ocha.in )

Related Articles