Interview

വംശീയ വാദികള്‍ക്ക് ഞാന്‍ എന്നും ഒരു ഭീഷണിയാണ്

തന്റെ രണ്ടാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം സൊമാലിയയില്‍ നിന്നും സ്വീഡനിലേക്ക് കുടിയേറിയതാണ് ലൈല അലി എല്‍മി. അഭയാര്‍ത്ഥി എന്ന ലേബലില്‍ നിന്ന് ഇന്ന് സ്വീഡനിലെ ആദ്യ ഹിജാബ് ധാരിയായ പാര്‍ലമെന്റ് അംഗം എന്ന വിശേഷണത്തിലെത്തി നില്‍ക്കുകയാണ് 33കാരിയായ ലൈല അലി. അവരുമായി അല്‍ജസീറ ലേഖിക ഐന ഖാന്‍ നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.

ചെറുപ്പകാലത്തെക്കുറിച്ച് ?

കൗമാരകാലത്ത് എന്റെ ക്ലാസിലെ രണ്ട് സൊമാലിയക്കാരായ സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു എനിക്ക് ഒരു ശാസ്ത്രജ്ഞ ആവണം. മറ്റവള്‍ പറഞ്ഞു എനിക്ക് ഒരു ഫുട്‌ബോള്‍ കളിക്കാരി ആകണം. പക്ഷേ ഞങ്ങളുടെ ടീച്ചര്‍ പറഞ്ഞത് നിങ്ങള്‍ ഒരിക്കലും അതിനു ശ്രമിക്കേണ്ട എന്നായിരുന്നു. തുടര്‍ന്നാണ് ഞാന്‍ എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ശാഠ്യം പിടിച്ചത്. എന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളായിരുന്നു അവിടെ നിന്നും ആരംഭിച്ചത്.

പാര്‍ലമെന്റ് അംഗത്തിലേക്കുള്ള വഴി ?

ഇന്ന് ഞാന്‍ സ്വീഡനിലെ പ്രോഗസീവ് ഗ്രീന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമാണ്. സ്വീഡനിലെ വടക്കുകിഴക്കന്‍ പ്രാന്തപ്രദേശമായ ഗോതന്‍ബര്‍ഗിലാണ് കഴിഞ്ഞ 29 വര്‍ഷമായി ഞാന്‍ താമസിക്കുന്നത്. ധാരാളം കുടിയേറ്റക്കാരുള്ള മേഖലയാണിത്. അതുപോലെ തന്നെ ഉയര്‍ന്ന തൊഴിലില്ലായ്മയും വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്തതും ദാരിദ്ര്യവും വീടില്ലാത്തതുമെല്ലാം ഇവിടുത്തെ ജനതയെ അലട്ടുന്നുണ്ട്.

പ്രവര്‍ത്തനങ്ങള്‍ ?

വംശീയ വാദത്തിന് എതിരെ പോരാടിയാണ് ഞാന്‍ ഈ രംഗത്തേക്കിറങ്ങുന്നത്. എല്ലാവര്‍ക്കും തുല്യ ജോലി വേണമെന്ന് ഞാന്‍ തുടക്കം മുതലേ വാദിച്ചു. സ്ത്രീകള്‍ക്കും തുല്യ പദവിയും ജോലിയും നല്‍കണം. പ്രത്യേകിച്ചും കുടിയേറ്റക്കാരായ സ്ത്രീകള്‍ക്ക്. ഇതിനെല്ലാം വേണ്ടിയാണ് ഞാന്‍ പോരാടിയത്.

സ്വീഡന്‍ ഭരണകൂടത്തിന്റെ അഭയാര്‍ത്ഥി നയം ?

അഭയാര്‍ത്ഥികളോട് ഉദാരമായ സമീപനമാണ് സ്വീഡന്‍ സര്‍ക്കാര്‍ തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്. 2015ല്‍ ഒന്നര ലക്ഷത്തിന് മുകളില്‍ അഭയാര്‍ത്ഥികളാണ് രാജ്യത്തെത്തിയത്. മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് ഇവിടുത്തെ അഭയാര്‍ത്ഥികളുടെ കണക്ക്. എന്നാല്‍ 2016 മുതല്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വെന്‍ അഭയാര്‍ത്ഥികളുടെ വരവിന് വിരാമമിട്ടു. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളെ ഇത് ബാധിച്ചു.

തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ വിദ്വേഷം ?

2018 ഓഗസ്റ്റില്‍ ഗോതന്‍ബര്‍ഗ് പ്രിവിശ്യയില്‍ ഒരു കൂട്ടം യുവാക്കളുടെ ആക്രമണമുണ്ടായി. തീവ്രവലതുപക്ഷ സ്വീഡന്‍ ഡെമോക്രാറ്റുകളുടെ നേതൃത്വത്തില്‍ കുടിയേറ്റക്കാര്‍ക്കു നേരെയുള്ള ആക്രമണമായിരുന്നു അത്. കുടിയേറ്റക്കാരുമായി ഏറ്റുമുട്ടല്‍ ഉണ്ടാക്കി അവരെ കുറ്റവാളികളായി ചിത്രീകരിച്ച് തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടുകയാണ് അവര്‍ ചെയ്തത്.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്വാധീനം ?

2014ല്‍ 12.9 ശതമാനം ആളുകളുടെ പിന്തുണയുണ്ടായിരുന്ന സ്വീഡന്‍ ഡെമോക്രാറ്റുകള്‍ക്ക് 2018ല്‍ 17.6 ശതമാനമായി വര്‍ധിച്ചു. സാമൂഹിക യാഥാസ്ഥിതിക,വലതുപക്ഷ ദേശീയ പാര്‍ട്ടി എന്നാണ് ഇവര്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കുടിയേറ്റ വിരുദ്ധ,മുസ്‌ലിം വിരുദ്ധ തീവ്ര വലതുപക്ഷ പാര്‍ട്ടി എന്നാണ് പാര്‍ട്ടിയെക്കുറിച്ച് പൊതുവായുള്ള അഭിപ്രായം. ഇവരുടെ ഇടപെടലാണ് സ്വീഡനില്‍ സാമൂഹ്യവും വംശീയവുമായ വിവേചനത്തിലേക്ക് നയിച്ചത്.

പൊതുരംഗത്തിറങ്ങുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ ?

അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ജനങ്ങളുമായി സമന്വയിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന പൊതു വാദത്തെ ഞാന്‍ തള്ളിക്കളയുന്നു. ഞാന്‍ ഇന്ന് സ്വീഡനിലെ തീവ്ര വംശീയവിദ്വേഷികളുടെയും കണ്ണിലെ കരടാണ്. അവര്‍ക്കിടയിലെ വെറുപ്പിന്റെ പ്രതീകമാണ് ഞാന്‍. തീവ്രചിന്താഗതിക്കാര്‍ എന്നെ ഒരു ഭീഷണിയായിട്ടാണ് അവര്‍ കാണുന്നത്.

ഭാവി പരിപാടികള്‍ ?

ഞാന്‍ മറ്റുള്ളവരുടെ പ്രത്യാശയുടെ പ്രതീകമാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമാണ് ഞാന്‍. യുവജനങ്ങളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം. അവര്‍ കറുത്തവരായതിന്റെ പേരിലോ മുസ്ലിം,കുടിയേറ്റക്കാര്‍,എല്‍.ജി.പി.ടി എന്നിങ്ങനെ ആയതിന്റെ പേരിലോ മാറിനില്‍ക്കേണ്ടവരല്ല.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: സഹീര്‍ അഹ്മദ്

Facebook Comments
Show More

Related Articles

Close
Close