Interview

ഖുര്‍ആനില്‍ ലിംഗ വ്യത്യാസമില്ല: അമന്‍ദാ ഫിഗറസ്

സ്പാനിഷ് ന്യൂസ്‌പേപ്പറായ ‘എല്‍ പെയ്‌സ്’ പ്രസിദ്ധീകരിച്ച  അഭിമുഖത്തില്‍ ഇസ്‌ലാം മതം സ്വീകരിച്ച പ്രമുഖ ജേര്‍ണലിസ്റ്റ് അമാന്‍ദാ ഫിഗറസ് തന്റെ ‘por que el islam'(എന്തുകൊണ്ട് നീ ഇസ്‌ലാം സ്വീകരിക്കണം) എന്ന  പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ശറഇയ്യായ വിഷയങ്ങളിലെ യോജിപ്പും വിയോജിപ്പും പരിഗണിക്കാതെ സംസാരിക്കുന്ന ഈ മുസ്‌ലിം വനിത പശ്ചാത്യന്‍ രാജ്യങ്ങളില്‍ പൊതുവായും ഐബീരിയന്‍ ഉപഭൂഖണ്ഡത്തില്‍ പ്രത്യേകമായും മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ തുറന്നു കാട്ടുകയും ചെയ്യുന്നു. കൂടെ മാധ്യമ മേഖലകളില്‍ മുസ്‌ലിം വനിതകള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും അവഗണനയും അതിനെതിരെ ഇപ്പോള്‍ പാശ്ചാത്യന്‍ നാടുകളില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളും അഭിമുഖത്തില്‍ കടന്നുവരുന്നു.

എന്തുകൊണ്ട് ഇസ്‌ലാം തിരഞ്ഞെടുത്തു?
താടിയും ഹിജാബുമൊന്നുമല്ല ഇസ്‌ലാമിലെ പ്രധാന ചര്‍ച്ചാ വിഷയമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നന്മയും സഹവര്‍ത്തിത്വവും സഹിഷ്ണുതയും ആത്മശുദ്ധീകരണവുമൊക്കെയാണ് അതിന്റെ അടിത്തറ. ശാരീരികമായും ആത്മീയമായും സുരക്ഷയും നീതിയും ഉറപ്പ് നല്‍കുന്ന സുന്ദരമായൊരു ജീവിത രീതിയാണത്.

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമൂഹിക നീതി കാപ്പിറ്റലിസത്തിനും നവലിബറലിസത്തിനുമുള്ള വ്യക്തമായ ബദലാണെന്ന് തോന്നുന്നുണ്ടോ?
അതെ, ഉറപ്പായിട്ടും അതങ്ങനെത്തന്നെയാണ്. ഭൗതിക ജീവിതത്തെക്കാള്‍ ആത്മീയ ജീവിതത്തിന് ഇസ്‌ലാം പരിഗണന നല്‍കിയെന്നത് തന്നെയാണ് ഇസ്‌ലാമിലേക്ക് എന്നെ ഏറെ ആകര്‍ഷിപ്പിച്ചത്. നമ്മുടെ ജീവിതം എങ്ങനെയാണ് നാം അനുഭവിച്ചറിയേണ്ടതെന്ന് അത് പഠിപ്പിച്ച് തരും.

Also read: ചരിത്രത്തെ ഭയക്കുന്നവർ

മറ്റൊരു മതത്തിലേക്കും താങ്കള്‍ മതം മാറിയിട്ടില്ലെന്ന് ഊന്നിപ്പറയുന്നു. ക്രിസ്തു മതവും സ്വീകരിച്ചില്ല. ഇസ്‌ലാമിലേക്ക് എങ്ങനെയാണ് കടന്നുവരുന്നത്?
എല്‍ മുന്‍ഡോ ദിനപത്രത്തില്‍ ജോര്‍ണലിസ്റ്റായി ജോലി ചെയ്യുന്നതിനിടെ മാര്‍ച്ച് 11 ന് മാഡ്രിഡിലുണ്ടായ ഭീകരാക്രമണത്തിന് ശേഷമാണ് ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് വായിച്ച് തുടങ്ങുന്നത്. സ്‌പെയ്‌നിലെ ഇസ്‌ലാമിക സമൂഹത്തെക്കുറിച്ചും അതിക്രമങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും ശേഷം അവരെങ്ങനെയാണ് അവിടെ ജീവിച്ചതെന്നതും വായിച്ചപ്പോള്‍ എനിക്ക് വലിയ കൗതുകം തോന്നി. അന്ന് മുതല്‍ ഞാന്‍ മുസ്‌ലിംകളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനും വായിക്കാനും തുടങ്ങി. ശരിയായ ഇസ്‌ലാമിനെക്കുറിച്ച് എനിക്കൊന്നുമറിയില്ലെന്ന് അപ്പോള്‍ മാത്രമാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതെന്നെ ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിച്ച് കൊണ്ടേയിരുന്നു. അതാണെന്നെ ഈ മതത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. അതൊരു യാന്ത്രികമായ മാറ്റമായിരുന്നില്ല. മുള്ളുകള്‍ക്കിടയില്‍ നിന്ന് റോസാപൂവ് പറിച്ചെടുക്കുന്നത് പോലെ സുന്ദരമായിരുന്നു. ഇങ്ങനെയായിരുന്നു എന്റെ ഇസ്‌ലാം ആശ്ലേഷണം.

വീട്ടുകാരുടെയും കൂട്ടുകാരുടെയും പ്രതികരണമെന്തായിരുന്നു?
ഞങ്ങള്‍ക്കിടയില്‍ ഇതിനെക്കുറിച്ച് പ്രത്യേക ചര്‍ച്ചകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മുസ്‌ലിമാവാനുള്ള എന്റെ തീരുമാനം തുറന്ന മനസ്സോടെയായിരുന്നു അവരെല്ലാം സ്വീകരിച്ചത്. അവരുടെ ആദ്യ പ്രതികരണം എന്നെ ഭയപ്പെടുത്താതിരുന്നിട്ടില്ല.

Also read: അമിതവ്യയം: ഇസ്‌ലാമിന്റെ ധാര്‍മ്മിക കാഴ്ചപ്പാടുകള്‍

എപ്പോഴാണ് ഹിജാബ് ധരിക്കാന്‍ തീരുമാനിക്കുന്നത്?
ഈ വിഷയത്തില്‍ പ്രത്യേക ചര്‍ച്ചയൊന്നും ഞങ്ങള്‍ നടത്തിയിട്ടില്ല. ഇന്നേവരെ അതൊരു സ്വാഭാവിക പ്രവര്‍ത്തിയായിട്ടാണ് അവരെല്ലാം തന്നെ സ്വീകരിച്ചു പോന്നിട്ടുള്ളത്. ചുരുക്കത്തില്‍, എന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതിനപ്പുറം ഹിജാബിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായം എന്നോട് പങ്കുവെക്കാന്‍ പോലും അവര്‍ ശ്രമിച്ചിട്ടില്ല. എന്റെ ജോലിയെ ഇനിയിത് എങ്ങനെ ബാധിക്കുമെന്ന് എനിക്ക് പറയാനാകില്ല. കാരണം, എല്‍ മുന്‍ഡോ ദിനപത്രത്തിലെ ജോലി ഉപേക്ഷിച്ചതിന് ശേഷം ഹിജാബ് ധിരിക്കാന്‍ തന്നെയാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈയൊരു തീരുമാനം എടുക്കുമ്പോള്‍ എന്നെ പല ചിന്തകളും അലട്ടിയിരുന്നു. കാരണം, ഹിജാബ് കാരണം പല സുപ്രധാന പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും കവര്‍ ചെയ്യാന്‍ എനിക്കിത് ചിലപ്പോള്‍ തടസ്സമായേക്കാം. ഇനിയെന്തൊക്കെയാണ് സംഭവിക്കുമെന്ന് എനിക്കറിയില്ല. എനിക്കൊരിക്കലും അതറിയാനുമാകില്ല. പോകുന്നിടത്തെല്ലാം ഞാന്‍ അന്വേഷിക്കാറുണ്ട്. പക്ഷെ, ഹിജാബിട്ട് ചാനലുകള്‍ക്ക് മുമ്പില്‍ നില്‍ക്കുന്ന സ്ത്രീകളെ ഒരിടത്തും എനിക്കിതുവരെ കാണാനായിട്ടില്ല. അതുകൊണ്ട് മാത്രമാണ് ഹിജാബ് ധരിക്കുന്നത് മൂലം ചില തടസ്സങ്ങളെല്ലാം വന്നേക്കാമെന്ന് ഞാന്‍ പറഞ്ഞത്.

സ്‌പെയ്‌നില്‍ ജോലി കണ്ടെത്താന്‍ ഹിജാബ് തടസ്സമാകുമോ?
അതെ, ഹിജാബ് ധരിക്കുന്ന സ്ത്രീകളെല്ലാം അത് പറയാറുണ്ട്. അത് ശരിക്കുമൊരു പ്രതിസന്ധി തന്നെയാണ്. ഞങ്ങളിവിടെ ന്യൂനപക്ഷവും വര്‍ദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയുടെ ഇരകളുമാണ്. ഞാനെന്റെ സി.വിക്കൊപ്പം ഫോട്ടോയും അയച്ചുകൊടുത്താല്‍ ചിലരത് വായിക്കാന്‍ കൂടി ശ്രമിക്കാറില്ല. അതവരുടെ പരിഗണിക്കാനുള്ള താല്‍പര്യക്കുറവ് കൊണ്ടാണോ അതോ ഞാന്‍ ഹിജാബ് ധരിക്കുന്നത് കൊണ്ടാണോ എന്നെനിക്കറിയില്ല. എന്ത് തന്നെയായാലും ആവുന്നിടത്തോളം ഞാന്‍ ജോലി അന്വേഷിച്ചു കൊണ്ടിരിക്കും. അത് പ്രയാസമുള്ള കാര്യം തന്നെയാണെന്നറിയാം.

താങ്കളുടെ പുസ്തകത്തില്‍ ഒരു അധ്യായം സ്ത്രീകളെക്കുറിച്ച് മാത്രം പറയാനായി നീക്കിവച്ചിരിക്കുകയാണ്. എന്താണ് ഫെമിനിസവും ഇസ്‌ലാമിക് ഫെമിനിസവും തമ്മിലുള്ള ബന്ധം?
ഒരു കാര്യമാത്ര ഫെമിനിസ്റ്റ് മൂവ്‌മെന്റോ ഇസ്‌ലാമിക് ഫെമിനിസ്റ്റ് മൂവ്‌മെന്റോ ഇവിട ഉടലെടുത്തിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ, ആഗോളതലത്തില്‍ ഫെമിനിസ്റ്റുകളുടെ ഒരു പ്രവാഹം തന്നെയുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ ഡിബേറ്റുകളും തിയറി നിര്‍മ്മാണങ്ങളുമെല്ലാം തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന കൗതുകകരമായ സന്ദര്‍ഭമാണിത്. പക്ഷെ, വ്യത്യാസങ്ങളൊന്നും തന്നെയില്ല. എല്ലാവരുടെയും പൊതുശത്രു ഒന്ന് തന്നെയാണ്. ആണധികാരം, വിവേചനം, അവസരങ്ങിലും അവകാശങ്ങളിലുമുള്ള ആണ്‍പെണ്‍ സമത്വം തുടങ്ങിയവയാണത്. സ്‌പെയ്‌നിലെ ബഹുഭൂരിപക്ഷമുള്ള ഫെമിനിസ്റ്റുകളില്‍ നിന്ന് മുസ്‌ലിം സ്ത്രീകള്‍ വിട്ടുനില്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, അതവരുടെ അസ്ഥിത്വത്തെ തന്നെയാണ് നിരസിക്കുന്നത്. ചില പുരുഷന്മാരെയും സ്ത്രീകളെയും സംബന്ധിച്ചെടുത്തോളം ഒരു മതകീയ വീക്ഷണത്തിലൂടെ സമത്വം സാധ്യമല്ല എന്നുള്ള കാഴ്ച്ചപ്പാടാണ് അവര്‍ക്ക്. എന്നാല്‍ അത് സാധ്യമാണ് താനും. ഫെമിനിസ്റ്റ് മൂവ്‌മെന്റിലേക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡ് നിരസിക്കുകയും അതിനെതിരെ അനിവാര്യമായും രംഗത്തിറങ്ങുകയുമാണ് മുസ്‌ലിം സഹോദരിമാര്‍ ഇപ്പോള്‍ ചെയ്യേണ്ടത്.

ഒരു സഊദി സ്ത്രീയെയോ ഈജിപ്ഷ്യന്‍ സ്ത്രീയെയോ കാണുന്ന പോലെയല്ല യൂറോപ്യനായ താങ്കളെ കാണേണ്ടതെന്ന് പറയുന്നത് ശരിയാണോ?
ഈജിപ്ഷ്യന്‍ സ്ത്രീയില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് എന്റെ സ്ഥാനം. എന്നാല്‍ ഞാന്‍ അവളെ കേള്‍ക്കാനും അവളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാനും തയ്യാറാണ്. സ്‌പെയ്‌നില്‍ ശക്തമായ പുരുഷാധിപത്യത്തിന്റെ അടിത്തറയിലാണ് സമൂഹം മുഴുവന്‍ നിലകൊള്ളുന്നത്. കഴിഞ്ഞ മാര്‍ച്ച് 8 ന് നടന്ന പണിമുടക്ക് അത് വ്യക്തമായും ബോധ്യപ്പെടുത്തിത്തരും. ഒരുതരത്തിലും സ്ത്രീകളെ ഏതെങ്കിലുമൊരു വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നാണ് ഇസ്‌ലാമിക് ഫെമിനിസ്റ്റുകളുടെ വാദം. അത് ഇസ്‌ലാമിക കാഴ്ചപ്പാടിനോട് തീര്‍ത്തും എതിരാണ്. അതുകൊണ്ടുതന്നെ അത് സമ്മതിക്കാനുമാകില്ല. ഹിജാബ് ധാരണം നിര്‍ബന്ധമാക്കുകയോ നിഷിദ്ധമാക്കുകയോ ചെയ്യേണ്ടതില്ല. എന്നെ സംബന്ധിച്ചെടുത്തോളം ഇതുരണ്ടും സമമാണ്. സ്ത്രീ സ്വതന്ത്ര്യത്തിനെതിരെയുള്ള നിയമനിര്‍മ്മാണം മാത്രമാണ് പ്രശ്‌നം. നമ്മെ സംബന്ധിച്ചെടുത്തോളം, മറ്റു രാജ്യങ്ങള്‍ സ്വാഭാവികമായി കാണുന്ന പ്രക്രിയ പോലെയല്ല ഹിജാബിന്റെ അജ്ഞേയ സ്വഭാവത്തെ നാം കാണുന്നത്. അതിപ്രധാനമായും ചര്‍ച്ച ചെയ്യേണ്ട ഒരുപാട് വിഷയങ്ങള്‍ അപ്പുറത്ത് ഉണ്ടായിരിക്കെ എന്തിനാണ് നാം ഹിജാബിനെക്കുറിച്ച് പറഞ്ഞ് സമയം കളയുന്നത്?

എന്തായിരിക്കും മീഡിയകളില്‍ മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യം കുറഞ്ഞുപോകാനുള്ള കാരണം?
അതിലെന്താണിത്ര സംശയം. അതിനുത്തരവാദികള്‍ മീഡിയ തന്നെയാണ്. എന്റെ ഒരുപാട് കൂട്ടുകാരികള്‍ എന്നോട് പറഞ്ഞത് ഒരു വാര്‍ത്താ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മീഡയ മുസ്‌ലിം സ്ത്രീകള്‍ക്ക് അവസരം നല്‍കും. ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ വരുന്നത് ഹിജാബ് ധരിച്ചിട്ടാണെങ്കില്‍ പിന്നെയത് പൂര്‍ത്തിയാക്കാന്‍ അവരെ സമ്മതിക്കില്ല. അവര്‍ക്കാവശ്യം അവര്‍ തന്നെ പടച്ചുണ്ടാക്കിയ വാര്‍പ്പു മാതൃകകളെയാണ്. അവര്‍ മീഡിയക്കനുസരിച്ച് അവരുടെ ജീവിതരീതികളെ മാറ്റാന്‍ നിര്‍ബന്ധിതരാകുന്നു. മുസ്‌ലിം സ്ത്രീകള്‍ വളരെ വ്യത്യസ്തരാണ്. അവര്‍ ഹിജാബ് ധരിക്കുന്നവരാണ്, യാത്രക്കാരാണ്, സ്പാനിഷുകളാണ്, കുടിയേറ്റക്കാരാണ്, പല നിറങ്ങളിലുമുള്ളവരാണ്. ഞങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഞങ്ങളുടെ ശബ്ദം കൂടി കേള്‍ക്കാന്‍ അവര്‍ തയ്യാറാകുന്നുണ്ടോയെന്നും വാര്‍പ്പുമാതൃകകളെ എന്തുകൊണ്ട് പൊളിച്ചു കളഞ്ഞുകൂടായെന്നും ഓരോ മീഡിയയും ആത്മവിമര്‍ശനം നടത്തേണ്ടതുണ്ട്. നിങ്ങള്‍ ഞങ്ങളെക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷെ, അതൊന്നും ഞങ്ങളുടെ സാന്നിധ്യത്തിലല്ലെന്ന് മാത്രം.

Also read: വംശഹത്യകള്‍ തുടരുന്നു; ഇപ്പോള്‍ മുസ്‌ലിംകളാണ് ലക്ഷ്യം

സീരീന്‍ അദ്‌ലബി അല്‍സിബാഇയെ സംബന്ധിച്ചെടുത്തോളം അദ്ദേഹം പറഞ്ഞത് ‘ഇസ്‌ലാമിക് ഫെമിനിസ്റ്റ് മൂവ്‌മെന്റ് ഒരു പരിചിന്തനം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം സമത്വത്തിന്റെ മതമാണ്’ എന്നാണ്. ഇതിനെക്കുറിച്ച് എന്ത് പറയുന്നു?
നൂറു ശതമാനവും ഞാന്‍ അതിനോട് യോചിക്കുന്നു. ഖുര്‍ആന്‍ അതിന്റെ സംവേദനത്തില്‍ എപ്പോഴും ഏകീകൃത ലിംഗഭാഷ ഉപയോഗിക്കുന്നത് കാണാം. വിശ്വാസികളായ സ്ത്രീകളെയും പുരുഷന്മാരെയും നോമ്പുകാരായ പുരുഷന്മാരെയും സ്ത്രീകളെയും അഭിസംബോധന ചെയ്യുന്ന ഒരുപാട് സൂക്തങ്ങള്‍ കാണാനാകും. ഈയൊരു ലിംഗ ചര്‍ച്ച പദങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഇസ്‌ലാമിന്റെ പൊതുധാരണകളിലും വിശ്വാസങ്ങളിലും ഇത് കടന്നുവരുന്നത് കാണാം. നാം പുരുഷനും സ്ത്രീയുമെന്ന നിലയില്‍ തുല്യരായി പടക്കപ്പെട്ടവരാണെന്ന മനുഷ്യോല്‍പത്തി മുതല്‍ അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നുണ്ട്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമത്വത്തിനെതിരായുള്ള നിയമനിര്‍മ്മാണമാണ് എതിര്‍ക്കപ്പെടേണ്ടത്. ചില സന്ദര്‍ഭങ്ങളിലത് നടപ്പില്‍ വരുത്താനാകാതെ പോകുന്നു. ഇസ്‌ലാമിക രാജ്യങ്ങളില്‍ തന്നെ അനീതിയും വിവേചനവും നിലനില്‍ക്കുന്നുണ്ട്. എന്നുവെച്ച് മുസ്‌ലിംകള്‍ ചെയ്യുന്നതെന്തോ അതാണ് ഇസ്‌ലാം എന്ന് പറയരുത്.

ഭീകരവാദത്തെക്കുറിച്ച് എന്ത് പറയുന്നു?
ഇത്തരം മൃഗീയ ഭീകരവാദത്തെ ഇസ്‌ലാമുമായി ചേര്‍ത്ത് കെട്ടുന്നത് സങ്കടകരം തന്നെയാണ്. എന്താണീ ഇസ്‌ലാമിക് ഭീകരവാദവും ഇസ്‌ലാമിക് തീവ്രവാദവും? എന്നെ സംബന്ധിച്ചെടുത്തോളം ഒരു തീവ്ര മുസ്‌ലിം നന്മയുടെ വഴിയെ സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നവനും ആ മാര്‍ഗത്തില്‍ മറ്റുള്ളവരെ സഹായിക്കുന്നവനുമായിരിക്കും. അവനൊരിക്കലും തീവ്രവാദിയാവുകയില്ല. കാരണം, ഇസ്‌ലാം അക്രമങ്ങളെ തീരെത്തന്നെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രവാചകന്‍ മുഹമ്മദ്(സ്വ) എപ്പോഴും സഹിഷ്ണുതയുടെ മാര്‍ഗമാണ് തിരഞ്ഞെടുത്തത്. അത് തന്നെയാണ് മുസ്‌ലിംകളും ചെയ്യേണ്ടത്.

താങ്കള്‍ ഈ പുസ്തകത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും ഡിബേറ്റുകള്‍ക്കുമൊക്കെ വിധേയമായ ചില ആയത്തുകളെ പുനര്‍വിചിന്തനം നടത്തുന്നുണ്ട്. ഉദാഹരണത്തിന്, സ്ത്രീകളെ അടിക്കണം, പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ ശക്തരാണ് എന്ന് തുടങ്ങിയ സൂക്തങ്ങള്‍.
തീര്‍ച്ചയായും, അസ്മാഅ ബര്‍ലാസ്, ആമിന വദൂദ് തുടങ്ങി പുരുഷ വീക്ഷണത്തിലൂടെയല്ലാതെ ഖുര്‍ആനെ സമീപിച്ച ഒരുപാട് സ്ത്രീ എഴുത്തുകാരികളുടെ രചനകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഖുര്‍ആനെക്കുറിച്ച് വിരചിതമായ തഫ്‌സീറുകള്‍ അധികവും തന്നെ പുരുഷ സ്വഭാവത്തോടെയാണ്. ള്വര്‍ബ്(ضرب) എന്ന പദത്തിന് ശാരീരികമായി ശിക്ഷിക്കുക എന്നര്‍ത്ഥം കൊടുത്താല്‍ അത് ഖുര്‍ആന്റെയും പ്രവാചകന്റെയും നേരായ സന്ദേശങ്ങള്‍ക്കെതിരാവും. ആ പ്രവാചകനാണ് മുസ്‌ലിംകളുടെ മാതൃകാ പുരുഷന്‍. പ്രവാചകന്‍ ഒരിക്കല്‍ പോലും സ്ത്രീയെ അടിച്ചിട്ടില്ല. സ്ത്രീകളോട് എപ്പോഴും നല്ല നിലയില്‍ പെരുമാറണമെന്നാണ് അവിടുന്ന് പറയാറുള്ളത്. എന്റെ അഭിപ്രായത്തില്‍ ള്വര്‍ബ് എന്ന പദത്തിന് ഒരിക്കലും ഇത്തരത്തില്‍ തെറ്റായ ഒരു അര്‍ത്ഥം കൊടുക്കാനാകില്ല. കാരണം, ആ പദം ഖുര്‍ആനില്‍ പലയിടത്തും വന്നിട്ടുണ്ട്. അവിടെയൊന്നും തന്നെ ഈ രീതിയിലുള്ള അര്‍ത്ഥമല്ല കൊടുക്കുന്നത്. മനുഷ്യരെല്ലാം തന്നെ സൃഷ്ടിപ്പില്‍ സമന്മാരാണ്. അത് അല്ലാഹു നല്‍കിയ അനുഗ്രഹം തന്നെയാണ്. അതിനെതിരായി പ്രവര്‍ത്തിക്കുകയെന്ന് പറഞ്ഞാല്‍ ഇസ്‌ലാമിന് എതിര് ചെയ്യുകയെന്നാണ് അര്‍ത്ഥം.

ചില അറബ് രാജ്യങ്ങളില്‍ ഇപ്പോഴും ഇതേ കാഴ്ചപ്പാട് തന്നെയല്ലെ ഉള്ളത്?
അറബ് രാജ്യങ്ങളിലും സ്‌പെയ്‌നിലുമെല്ലാം തന്നെ പുരുഷ മേധാവിത്വ പ്രവണത സജീവമാണെന്നത് അവഗണിക്കാനാകില്ല. പല പുരുഷന്മാരും അവരുടെ ഭാര്യമാരോട് മോഷമായി പെരുമാറാമെന്ന് വിശുദ്ധ ഖുര്‍ആനിലെ ഈ ആയത്ത് വെച്ച് ന്യായീകരിക്കുന്നുണ്ട്. യാഥാര്‍ത്ഥത്തിലത് ഇസ്‌ലാമിക കാഴ്ചപ്പാടിനെതിരാണ്.

ബഹുഭാര്യത്വത്തെക്കുറിച്ച് എന്ത് പറയുന്നു?
ബഹുഭാര്യത്വം ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുമ്പേ ഉള്ളതാണ്. പീന്നീട് ഇസ്‌ലാമാണ് ഒരു സുരക്ഷിതത്വവും അവകാശവം നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീക്ക് അവള്‍ക്കനുകൂലമായ പ്രത്യേക നിയമങ്ങളും ചിട്ടവട്ടങ്ങളുമെല്ലാം കൊണ്ടുവരുന്നത്. ഖുര്‍ആന്‍ ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് ഇസ്‌ലാമിലുള്ള പ്രത്യേക ആചാരമോ പ്രവര്‍ത്തിയോ ഒന്നുമല്ല. നോക്കൂ, ഈ ബഹുഭാര്യത്വത്തിലൂടെ എത്ര കുടംബങ്ങളാണ് സന്തുഷ്ടരായി ജീവിക്കുന്നത്. അവരുടേത് തീര്‍ത്തും വ്യത്യസ്തമായൊരു ജീവിത ശൈലിയാണ്. ‘അസംഖ്യമായ സ്‌നേഹ’ത്തെക്കുറിച്ചാണല്ലോ ഇപ്പോഴത്തെ ചര്‍ച്ച. ഇസ്‌ലാമില്‍ വ്യാപകമല്ലാത്ത ഒരു ആചാരം കൊണ്ട് ആ മതത്തെ മുഴുവന്‍ വിലയിരുത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍.

Also read: ഭീരുക്കളല്ല; വാരിയംകുന്നത്തിന്റെ പേര് ഉച്ചരിക്കേണ്ടത്

സ്‌പെയ്‌നിലെ ഫെമിനിസ്റ്റ് മൂവ്‌മെന്റ് മുസ്‌ലിം സ്ത്രീകളെയും അതിലേക്ക് ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?
മുസ്‌ലിം സ്ത്രീകളുടെ മേല്‍ അധീശത്വം ചെലുത്താന്‍ ഈ ഫെമിനിസ്റ്റ് മൂവ്‌മെന്റ് ശ്രമിക്കുന്നതാണ് ഞങ്ങളിപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന്. ഫെമിനിസ്റ്റ് മൂവ്‌മെന്റും ഇസ്‌ലമാമും തമ്മില്‍ സംയോജിപ്പിക്കാനാകാത്ത ഇരു ദ്രുവങ്ങളാണെന്നാണ് ചിലരുടെ അഭിപ്രായം. ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെത്തന്നെ ഫെമിനിസ്റ്റ് മൂവ്‌മെന്റില്‍ ചേരാനുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണത്തിനെതിരെ ശക്തമായ പോരാട്ടം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഹിജാബിനെക്കുറിച്ചുള്ള അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന മുസ്‌ലിം സഹോദരിമാരെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഇതിനെതിരെ ഒന്നിച്ച് പോരാടാന്‍ സഹായിക്കുന്ന സഖ്യ കക്ഷികളെയാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യം.

മുസ്‌ലിം വിരുദ്ധതയോടും ഇസ്‌ലാമോഫോബിയയോടും എങ്ങനെ പ്രതികരിക്കുന്നു. താങ്കളെയും അത് ബാധിക്കുന്നുണ്ടോ?
ഒരു മുസ്‌ലിം എന്ന നിലക്ക് പുരുഷ മേധാവിത്ത പ്രവണതകളെ നേരിടുന്നത് പോലെത്തന്നെ ഇസ്‌ലാമോഫോബിയയെ യും ഞങ്ങള്‍ക്ക് നേരിടേണ്ടതുണ്ട്. എന്നാല്‍ ഇവിടെ ഞങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ വളരെ പരിമിതമാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അതിക്രമങ്ങള്‍, ഹിജാബ് ധരിക്കുന്നുവെന്ന കാരണം കൊണ്ട് മാത്രം ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ തുടങ്ങിയ വിവേചനാത്മകമായ പ്രവര്‍ത്തികളെ ഞങ്ങള്‍ ആക്ഷേപിക്കുന്നതും അതിനെതിരെ രംഗത്തിറങ്ങുന്നതും ഇറാനും സഊദി അറേബ്യക്കും നേര്‍വിപരീതമായി ഇവിടെ യാതൊരു തരത്തിലുള്ള അസ്വസ്ഥതയും ആര്‍ക്കും ഉണ്ടാക്കുന്നില്ല. നിങ്ങള്‍ മുസ്‌ലിം സ്ത്രീകളെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങള്‍ എന്തിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് ശ്രദ്ധിച്ചാല്‍ മതി.

മുസ്‌ലിംകള്‍ക്ക് സമൂഹത്തോട് എന്താണ് പറയാനുള്ളത്?
ആദ്യമായി അവര്‍ ഞങ്ങളെ കേള്‍ക്കാനും അടുത്തറിയാനും അവരോട് സംവദിക്കാനുള്ള അവസരങ്ങളും ഉണ്ടാക്കിത്തരണം. എന്നാല്‍ അവര്‍ക്കായി ഞങ്ങളുടെ പള്ളികളിലേക്കുള്ള കവാടം തുറന്നുകൊടുക്കാന്‍ ഞങ്ങള്‍ക്കാകും. ഉദാഹരണത്തിന്, എം-30 മസ്ജിദ്(മാഡ്രിഡിലെ ബൈപാസ്സിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന പ്രശസ്തമായ ജുമുഅ മസ്ജിദാണിത്) മാസത്തില്‍ ഒരിക്കല്‍ എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കാറുണ്ട്. യുവ മുസ്‌ലിം സംഘങ്ങള്‍ അവിടെ ഒരുപാട് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. സ്‌പെയ്‌നിലെ മുസ്‌ലിം യുവാക്കള്‍ പ്രത്യേകിച്ചും വലിയ ഉന്മേശവാന്മാരാണ്. സ്‌പെയ്‌നില്‍ മുസ് ലിംകള്‍ക്കൊരു നിലനില്‍പ്പ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണവര്‍. സമൂഹത്തിലെ അനിവാര്യമായ ഘടമായിത്തന്നെ ഞങ്ങളെയും കാണണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

 

വിവ.മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം. islamonline.net

Facebook Comments
Related Articles
Show More
Close
Close