Current Date

Search
Close this search box.
Search
Close this search box.

ലക്ഷദ്വീപ്- സാമൂഹിക, സാംസ്കാരിക, ജനസംഖ്യാ ഐഡന്റിറ്റി അപകടത്തിലാണ്

ഇന്ത്യയുടെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യത്തിൽ അതുല്യ സ്ഥാനം വഹിക്കുന്ന ലക്ഷദ്വീപിൽ മുസ്ലിം വിഭാഗത്തെ കേന്ദ്രീകരിച്ച് നടക്കുന്ന നിയമ നിർമ്മാണ നടപടികൾക്ക് എതിരെ പൊതുജന പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വികസനത്തിന്റെ മറവിൽ, പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപിന്റെ സാമൂഹികവും സാംസ്കാരികവും ജനസംഖ്യാപരവുമായ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതാണ് കാരണം. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ ദിനേശ് ശർമയുടെ മരണ ശേഷമാണ് പട്ടേലിന് (മുൻ ബിജെപി നേതാവും നരേന്ദ്ര മോഡിയുടെ വിശ്വസ്ഥനും നിലവിൽ ദാദ്ര, നാഗർ ഹവേലി, ദാമൻ, ‌‍ഡിയു എന്നീ ഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററുമാണ്‌ ഇദ്ദേഹം) ദ്വീപിന്റെ അധിക ചുമതല ലഭിക്കുന്നത്. ലക്ഷദ്വീപിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകളുമായി കൂടിയാലോചിക്കാതെയാണ് പുതിയ പല നിയന്ത്രണങ്ങളും പ്രഖ്യാപിച്ചത്.
“സേവ് ലക്ഷദ്വീപ്” എന്ന ഹാഷ്ടാഗിൽ നടക്കുന്ന മൂവ്മെന്റിന് ഇപ്പോൾ ആഗോള തലത്തിൽ തന്നെ പിന്തുണ ലഭിച്ചു കൊണ്ടിരിക്കുന്നു. പുതിയ ആഭ്യന്തര കരട് വിജ്ഞാപനം ജനാധിപത്യ പ്രകിയയെ തന്നെ പരിഹസിക്കുന്നതാണെന്ന് ആരോപിച്ചു ലക്ഷദ്വീപ് എൻസിപി എംപി മുഹമ്മദ് ഫൈസൽ പിപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് കാണുകയും പട്ടേലിന്റെ നടപടികൾക്ക് എതിരെ ആഞ്ഞടിക്കുകയും ചെയ്തു. പുതിയ അഡ്മിനിസ്ട്രേറ്റർ ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരിൽ ഭൂമി പിടിച്ചെടുക്കാൻ സൗകര്യമൊരുക്കുന്നുവെന്ന് റേഡിയൻസ് വ്യൂസ്‌വീക് ലിക്ക് നൽകിയ അഭിമുഖത്തിൽ ഫൈസൽ ആരോപിച്ചു. പട്ടേലിന്റെ ഗോമാംസം, മദ്യം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളെയും അദ്ദേഹം നിഷിതമായി വിമർശിച്ചു. അഭിമുഖത്തിൽ നിന്നുള്ള ഭാഗമാണ് താഴെ.

ചോദ്യം: ഒരു സുപ്രധാന രാഷ്ട്രീയ വിവാദത്തിലേക്ക് വളർന്നു വന്ന ഈ പ്രശ്നത്തിന്റെ ഉത്ഭവം എന്താണ്?
മറുപടി: പട്ടേൽ അഡ്മിനിസ്ട്രേറ്റർ ആയി വരുന്നതിനു മുമ്പ് സമാധാനപൂർണമായി ജനങ്ങൾ വസിക്കുന്ന, പവിഴങ്ങളുടെയും തടാകങ്ങളുടെയും അക്ഷയഖനിയായ ശാന്ത സുന്ദര പ്രദേശമായിരുന്നു ലക്ഷദ്വീപ്. അദ്ദേഹം ഇവിടെയെത്തിയ നിമിഷം മുതൽ, ദ്വീപസമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക അന്തരീക്ഷത്തിനും പരിസ്ഥിതി വ്യവസ്ഥയ്ക്കും അനുയോജ്യമല്ലാത്ത നിയമങ്ങളും ചട്ടങ്ങളും അദ്ദേഹം നടപ്പിലാക്കാൻ തുടങ്ങി. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുൻ ഐബി മേധാവിയുമായ ദിനേശ്വർ ശർമയുടെ ഭരണകാലത്ത് ജനങ്ങൾക്കിടയിൽ ഒട്ടും അതൃപ്തി ഉണ്ടായിരുന്നില്ല. പട്ടേലിന്റെ നടപടികൾ ദ്വീപിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ആകുമെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ജനങ്ങൾ പരസ്യമായ പ്രതിഷേധത്തിന് ഇറങ്ങിയിട്ടുള്ളത്.

ചോദ്യം: ലക്ഷദ്വീപിൽ വ്യാപകമായ ഉത്കണ്ഠയുണ്ടാക്കിയ കരട് നയങ്ങൾ എന്തെല്ലാമാണ്?
മറുപടി: ഡിസംബറിൽ അധിക ചുമതല ഏറ്റെടുത്ത പട്ടേൽ ഇരുപത് ദിവസം പോലും ദ്വീപിൽ തങ്ങിയിട്ടില്ല. ദ്വീപസമൂഹത്തിന്റെ സംസ്കാരം, ജീവിതരീതി, സാമൂഹിക ഘടന എന്നിവയൊന്നും തന്നെ മനസ്സിലാക്കാതെ തന്റെ ഇംഗിതങ്ങൾക്ക് അനുസരിച്ച് നിയമം നടപ്പിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. നിയമ നിർമ്മാണത്തിന് മുമ്പ് ഒരു കൂടിയാലോചന പോലും നടത്താതെയാണ് അദ്ദേഹം ആദ്യ മൂന്ന് കരടുകൾ അവതരിപ്പിച്ചത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകളെ ഗ്രാമപഞ്ചായത്തിൽ അംഗമാകുന്നതിൽ നിന്ന് തടയാനും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ചിറകുകളരിയാനുമാണ് പഞ്ചായത്ത് റെഗുലേഷൻ കരട് 2021 ലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്‌. ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് അതോറിറ്റി റഗുലേഷൻ(എൽ‌ഡിഎആർ) പരിസ്ഥിതിയെ നശിപ്പിക്കുകയും പുറത്ത് നിന്നുള്ളവർക്ക് ഭൂമി വാങ്ങാൻ വഴിയൊരുക്കി കൊടുക്കുകയും ചെയ്യും.

വിയോജിപ്പുകളെ തടയാൻ പ്രിവൻഷൻ ഓഫ് ആന്റി-സോഷ്യൽ റഗുലേഷൻ(പിഎഎസ്എ അല്ലെങ്കിൽ ഗുണ്ടാ ആക്ട്) ഉപയോഗിക്കും. ലക്ഷദ്വീപ് അനിമൽ പ്രിസർവേഷൻ റഗുലേഷൻ(എപിആർ) പ്രകാരം മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഗോമാംസം നിരോധിക്കും. പ്രാദേശികമായി ഒരു കൂടിയാലോചനയും ഇല്ലാതെ തയ്യാറാക്കിയ ഡ്രാഫ്റ്റ് നിലവിൽ ആവശ്യമായ അംഗീകാരങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലാണ്. മന്ത്രാലയത്തിന് കൈമാറും മുമ്പ് അതിൽ ജനങ്ങളുടെ അഭിപ്രായം ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല. നിലവിൽ എൽ‌ഡിഎആർ മാത്രമേ ശേഷിക്കുന്നൊള്ളൂ.

ചോദ്യം: അഡ്മിനിസ്ട്രേറ്റർ സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ചാണോ അതോ കേന്ദ്രത്തിന്റെ നിർദേശപ്രകാരമാണോ പ്രവർത്തിക്കുന്നത്. എന്താണ് നിങ്ങൾ കരുതുന്നത്?
മറുപടി: ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ ഇതെന്റെ രണ്ടാം ഊഴമാണ്. ആദ്യ കാലയളവിലും ഇതേ സർക്കാർ തന്നെയായിരുന്നു അധികാരത്തിൽ. ദാദ്ര, നാഗർ ഹവേലി, ദാമൻ, ഡിയു എന്നിവിടങ്ങളിലേക്ക് അഡ്മിനിസ്ട്രേറ്റർ ആയി പട്ടേലിനെ നിയമിച്ച അതേ ഗവണ്മെന്റ് തന്നെയായിരുന്നു ലക്ഷദ്വീപിലേക്ക് ഐപിഎസ് ഓഫീസർ സർദാർ ഫാറൂഖ് ഖാനെ നിയമിച്ചത്. എന്നാൽ, സർദാറിന്റെ ഇടപാടുകൾ എല്ലാം തീർത്തും ജാനാധിപത്യപരമായിരുന്നു. താൻ മുന്നോട്ട് വെക്കുന്ന ഓരോ ചുവടിലും അദ്ദേഹം ജനങ്ങളുമായി കൂടിയാലോചിച്ചു. അദ്ദേഹത്തിന് ശേഷം വന്ന ദിനേശ്വർ ശർമയും സമാന ജനാധിപത്യ പാരമ്പര്യമാണ് കൈക്കൊണ്ടത്.

ചോദ്യം: പുതിയ അഡ്മിനിസ്ട്രേറ്റർക്കെതിരെ നിങ്ങൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടോ?
മറുപടി: ദാദ്രയിലും ഹവേലിയിലും പട്ടേൽ ചെയ്തത് എന്താണെന്ന് നിങ്ങൾ വായിക്കണം. തീർത്തും അശാസ്ത്രീയമായ നിയമങ്ങളാണ് അദ്ദേഹം അവിടെ നടപ്പിൽ വരുത്തിയത്, ലക്ഷദ്വീപിലും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. ഹവേലിയിൽ മുസ്ലിങ്ങളില്ല, അവിടെ ആദിവാസി കുടിലുകളെല്ലാം അദ്ദേഹം തകർത്തിട്ടുണ്ട്. പട്ടേൽ വലിയ തുക ആവശ്യപ്പെട്ടെന്ന് ആരോപിച്ച് മുൻ എംപി മോഹൻ ‍ഡൽകർ ആത്മഹത്യ ചെയ്തു. ദാദ്ര, നാഗർ ഹവേലി, ദാമൻ, ഡിയു എന്നീ സ്ഥലങ്ങളും ലക്ഷദ്വീപും ഖനനം, ക്വാറി, റെയിൽ‌വേ, ട്രാം, 15 മീറ്റർ വീതിയുള്ള റോഡുകൾ എന്നിവക്ക് അനുയോജ്യമല്ലെന്നും അത് അവിടങ്ങളിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്നും മനസ്സിലാക്കുന്നതിൽ പട്ടേൽ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്.

കോവിഡിന്റെ ഒന്നാം തരംഗം ലോകത്തെയാകെ പിടിച്ച് കുലുക്കിയപ്പോഴും ഒരു വർഷക്കാലം ലക്ഷദ്വീപിൽ ഒറ്റ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നില്ല. കർശനമായ പ്രോട്ടോകോളും കപ്പൽ യാത്രക്കാർക്ക് ശക്തമായ പരിശോധന നിർബന്ധമാക്കിയതുമാണ് അതിന് സഹായകമായത്. പക്ഷേ, പട്ടേൽ കൊച്ചിയിൽ നിന്നും കവരത്തിയിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഉണ്ടായിരുന്ന നിർബന്ധിത ക്വാറന്റയ്ൻ എടുത്ത് കളഞ്ഞ് കോവിഡ് എസ്ഒപികളെ നേർപ്പിച്ചു. ഇതിനെ തുടർന്ന് ദ്വീപിൽ അണുബാധ വ്യാപിച്ചു. നിലവിൽ 7300 കോവിഡ് കേസുകളും 28 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചോദ്യം: എന്തെങ്കിലും തീരുമാനം കൈക്കൊള്ളുന്നത് മുമ്പ് പ്രാദേശിക പ്രതിനിധികളുമായി അദ്ദേഹം കൂടിയാലോചന നടത്താറില്ലെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?
മറുപടി: മുമ്പ്, എല്ലാ അഡ്മിനിസ്ട്രേറ്റർമാരും പ്രാദേശിക പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഗ്രാമപഞ്ചായത്തുകളുടെ ചെയർപേഴ്‌സൺമാർ, എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളായുള്ള രണ്ട് തലങ്ങളിലുള്ള പഞ്ചായത്ത് സംവിധാനവും ജില്ലാ ആസൂത്രണ സമിതിയും ഞങ്ങൾക്കുണ്ട്. ലക്ഷദ്വീപിന്റെ അവസാന നിയമസഭാ ഫോറമാണ് ജില്ലാ പഞ്ചായത്ത്. അതിനാൽ, അത്തരം ഏതെങ്കിലും പ്രഖ്യാപനം നടത്തേണ്ടതുണ്ടെങ്കിൽ ജനാധിപത്യത്തിന്റെ മാനദണ്ഡമായ നിയമനിർമ്മാണത്തിനു മുമ്പുള്ള കൂടിയാലോചന അതിന് ആവശ്യമാണ്. ഒരു എംപി എന്ന നിലയിൽ ഞാൻ ജില്ലാ പഞ്ചായത്ത് അംഗമാണ്. കരട് കാണാൻ എനിക്ക് അർഹതയുണ്ട്. കരട് പൊതു ഇടത്തിൽ വെച്ച് ചർച്ച ചെയ്യൽ അനിവാര്യമാണെന്നിരിക്കെ അത്തരം ഒരു ചർച്ചയും നടന്നിട്ടില്ല എന്നതാണ് വാസ്തവം.

ചോദ്യം: പുതിയ വിജ്ഞാപനം ലക്ഷദ്വീപിന്റെ സംസ്കാരത്തെയും പരിസ്ഥിതിയെയും സാരമായി ബാധിക്കുമെന്ന് തോന്നുന്നുണ്ടോ?
മറുപടി: പട്ടേൽ ഗുജറാത്ത്‌ എംഎൽഎ ആയിരുന്നപ്പോഴും മോഡി ഗവൺമെന്റിന് കീഴിൽ അഭ്യന്തര മന്ത്രി ആയിരുന്നപ്പോഴും അവിടെ മദ്യ നിരോധനം നടപ്പിലാക്കിയിരുന്നുവെന്ന് നാം മനസ്സിലാക്കണം. ലക്ഷദ്വീപിൽ മദ്യത്തിന് അനുമതി നൽകുന്നത് ടൂറിസം വികസനത്തിന് വേണ്ടിയാണെന്ന് അദ്ദേഹം വാദിക്കുന്നു. ടൂറിസം വികസനത്തിന് ഞങ്ങളും എതിരല്ല. പക്ഷേ, വർഷങ്ങൾക്കുമുമ്പ് ലക്ഷദ്വീപ് ഭരണകൂടത്തിന് സമർപ്പിച്ച പദ്ധതികൾ ആരംഭിക്കാൻ പ്രാദേശിക സംരംഭകർ ഇപ്പോഴും കാത്തിരിക്കുകയാണ്.

ഗോമാംസ നിരോധനത്തിന് പിന്നിലെ പ്രത്യയശാസ്ത്രം എന്താണ്? ബിജെപി ഭരിക്കുന്ന ഗോവ, മിസോറം, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗോമാംസം നിരോധിച്ചിട്ടില്ല. അതുപോലെ, കേരളത്തെപ്പോലെ ലക്ഷദ്വീപിലെ ആളുകളും വെജിറ്റേറിയൻ ഭക്ഷണം ശീലമുള്ളവരാണ്. അങ്ങനെയെങ്കിൽ, അത്തരമൊരു നിയമനിർമ്മാണത്തിന്റെ പ്രസക്തി എന്താണ്? മദ്യത്തിന് അനുമതിയും ഗോമാംസത്തിന് നിരോധനവും കൊണ്ടുവന്നു യദാർത്ഥ പ്രശ്നത്തെ വഴിതിരിച്ചു വിടാനാണ് പ്രഫുൽ പട്ടേൽ ശ്രമിക്കുന്നത്.

ചോദ്യം: വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽ നിന്നും ഗോമാംസം എടുത്ത് കളയുന്നതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?
മറുപടി: ഞാനും കൂടി അംഗമായിട്ടുള്ള ഉച്ചഭക്ഷണ സമിതിയോട് കൂടിയാലോചന നടത്താതെ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ പാടില്ല. ഒരു കുട്ടിക്ക് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ പോഷകാഹാരമാണ് മാംസം. യാതൊരു കൂടിയാലോചനയുമില്ലാതെ അത് എടുത്തു കളയുന്ന തീരുമാനം ഏകപക്ഷീയമാണ്. എന്നോടും ആലോചിച്ചിട്ടില്ല. അദ്ദേഹത്തിന് പ്രിയങ്കരനായ അക്ഷയ് പാത്രക്ക്‌ ഉച്ചഭക്ഷണത്തിന്റെ കോൺട്രാക്ട് മറിച്ച് കൊടുക്കാനായിരുന്നു പട്ടേലിന്റെ പദ്ധതി.

ചോദ്യം: പട്ടേലിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള നീരസം അറിയിക്കാൻ നിങൾ അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നോ?
മറുപടി: പട്ടേൽ ആദ്യമായി ലക്ഷദ്വീപ് സന്ദർശിച്ചപ്പോഴാണ് ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടത്. പഞ്ചായത്തിൽ നിന്നും എം‌പിയിൽ നിന്നുമുള്ള എല്ലാ അംഗങ്ങളും അദ്ദേഹവുമായി ആദ്യ ആശയവിനിമയം നടത്തിയിരുന്നു, അതായിരുന്നു അദ്ദേഹവും ഞങ്ങളും തമ്മിലുണ്ടായ ഏക കൂടിക്കാഴ്ച. അതിന് ശേഷം അദ്ദേഹം നിയമ നിർമാണങ്ങൾ നടത്തുന്നതും പ്രാദേശിക നേതാക്കളുമായി കൂടിയാലോചിക്കാതെ നിയമങ്ങളും വിജ്ഞാപനങ്ങളും പുറപ്പെടുവിക്കുന്നത് ആണ് നാം കണ്ടത്.

ചോദ്യം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നിങ്ങൾ ബന്ധപ്പെട്ടുവെന്ന് പറഞ്ഞു. അദ്ദേഹം എന്ത് ഉറപ്പാണ് നിങ്ങൾക്ക് നൽകിയത്?
മറുപടി: ഡിസംബർ മാസം ചാർജെടുത്തത് മുതൽ പട്ടേൽ കൊണ്ടുവന്ന എല്ലാ കരട് വിജ്ഞാപനങ്ങളും നിലവിലെ സാഹചര്യവുമെല്ലാം ഞാൻ അദ്ദേഹത്തിന് സവിസ്തരം വിശദീകരിച്ച് കൊടുത്തിട്ടുണ്ട്. പട്ടേൽ കൊണ്ടുവന്ന മൂന്ന് ചട്ടങ്ങളുടെയും കരടിനെക്കുറിച്ചും ഞങ്ങൾ വിശദമായി ചർച്ച ചെയ്തു.

തെറ്റായി തയ്യാറാക്കിയ പൊതുവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ ഉത്തരവുകളിലൂടെ ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും സാംസ്കാരിക വൈവിധ്യവും നശിപ്പിക്കുകയാണ് പട്ടേലിന്റെ ലക്ഷ്യമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അഡ്‌മിനിസ്‌ട്രേറ്റർ മുന്നോട്ടുവച്ച പദ്ധതികൾ സുപ്രീംകോടതി ഉത്തരവുകൾക്ക്‌ എതിരാണെന്നും ദ്വീപുകളുമായി ബന്ധപ്പെട്ട എല്ലാ വികസന പദ്ധതികൾക്കും ഗ്രാമ പഞ്ചായത്തുമായി ചർച്ച ചെയ്യേണ്ടതുണ്ടെന്ന രവീന്ദ്രൻ കമ്മിറ്റിയുടെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹത്തെ അറിയിച്ചു. അഡ്മിനിസ്ട്രേറ്റർ പട്ടേൽ അവതരിപ്പിച്ച പരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ഉയർന്നുവരുന്ന പ്രതിഷേധം കണക്കിലെടുത്ത്, ലക്ഷദ്വീപിലെ ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട അദ്ദേഹത്തെ ഉടനെത്തന്നെ തിരിച്ചുവിളിക്കണമെന്നും അമിത് ഷായോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാദേശിക പ്രതിനിധികളുമായി ചർച്ച ചെയ്യാതെ, ജനങ്ങൾ എതിർക്കുന്ന ഈ കരടുകളിൽ അന്തിമ തീരുമാനം കൈകൊള്ളില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പുനൽകി. വിഷയത്തിൽ ഒരു അന്തിമ തീരുമാനം വരുന്നതിനു മുമ്പ് ജനഹിതവും പരിശോധിക്കുമെന്ന് അദ്ദേഹം വാക്ക് തന്നിട്ടുണ്ട്.

ചോദ്യം: ഈ കരട് നിയമങ്ങളുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കിൽ നിങ്ങളുടെ അടുത്ത നടപടി എന്തായിരിക്കും?
മറുപടി: നോക്കൂ, ആഭ്യന്തര മന്ത്രി നൽകിയ വാഗ്ദാനം അദ്ദേഹം പാലിക്കാതെ വന്നാൽ ശക്തമായ പ്രതിഷേധങ്ങളുമായി ഞങ്ങൾ മുന്നോട്ടുപോകും. ആഭ്യന്തര മന്ത്രിക്ക്‌ മുമ്പാകെ രണ്ടു ആവശ്യങ്ങളാണ് ഞങ്ങൾ ഉന്നയിച്ചത്; ഒന്ന് കരട് വിജ്ഞാപനം ഉപേക്ഷിക്കുക, രണ്ട് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കുക. ഇവ അംഗീകരിച്ചാൽ നല്ലത്. അല്ലാത്തപക്ഷം, രാഷ്ട്രീയമായും നിയമപരമായും ഞങ്ങളതിനെ അതിശക്തമായി തന്നെ നേരിടും.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles