Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ദിദോ ജീവിതം പറയുന്നു-2

ശൈഖ് ദിദോയുമായി ഇബ്രാഹീം അദ്ദുവൈരി നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ  രണ്ടാം ഭാഗം

ചോദ്യം: നിങ്ങള്‍ കണ്ടുമുട്ടിയ ആദ്യത്തെ ഗുരു ആരായിരുന്നു? അദ്ദേഹത്തിന്റെ അധ്യാപന രീതി എങ്ങനെയായിരുന്നു?
ശൈഖ്: ആദ്യമായി എന്റെ മാതാപിതാക്കളുടെ അടുത്ത് നിന്നാണ് ഞാന്‍ വിദ്യ അഭ്യസിക്കുന്നത്. ഉമ്മ, ഉമ്മൂമ്മ, അമ്മായി തുടങ്ങിയവരില്‍ നിന്നായിരുന്നു ആദ്യമായി ഞാന്‍ നേരിട്ട് പഠനം നടത്തുന്നത്. അതിനാല്‍ ആ സ്ത്രീകളാണ് എന്റെ ആദ്യത്തെ ഗുരുക്കള്‍. എന്റെ പിതാവില്‍ നിന്നാണ് ഞാന്‍ ഖുര്‍ആന്‍ പാരായണം, ഉലൂമുല്‍ ഖുര്‍ആന്‍, തജ്‌വീദ്, ഹര്‍ഫുകളുടെ ഉച്ചാരണ ശാസ്ത്രം, പാരായണ വൈവിധ്യങ്ങള്‍ തുടങ്ങിയവ പഠിക്കുന്നത്.

ശേഷം, എന്റെ ഉപ്പാപ്പ കൂടിയായ അല്ലാമാ മുഹമ്മദ് ആലിയുടെ അടുത്ത് നിന്നും വിവിധങ്ങളായ ജ്ഞാനശാഖകള്‍ അഭ്യസിക്കുകയുണ്ടായി. 9 വര്‍ഷക്കാലം ഞാന്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും അറിവ് നുകര്‍ന്നു. 9 ഹദീഥ് ഗ്രന്ഥങ്ങള്‍, നഹ്‌വ്, സ്വര്‍ഫ് ഗണത്തിലുള്ള അറബി വ്യാകരണ ശാസ്ത്രത്തില്‍ 58 കിതാബുകള്‍, മാലികി കര്‍മ്മശാസ്ത്രത്തിലും മറ്റു മദ്ഹബിലുമുള്ള ഒട്ടേറെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ (മുഗ്‌നി ഉള്‍പ്പെടെ) അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഞാന്‍ ഓതിപ്പഠിക്കുകയുണ്ടായി. തഫ്‌സീര്‍ ഖുര്‍ഥ്വുബി, ഖാളി ഇയാളിന്റെ ശിഫാ, ഇബ്‌നു ഹജറിന്റെ ഫത്ഹുല്‍ ബാരി, തുടങ്ങിയ ഗ്രന്ഥങ്ങള്‍ അഞ്ചിലധികം തവണ അദ്ദേഹത്തില്‍ നിന്നും പഠിച്ചിട്ടുണ്ട്. പഠനത്തിനായി ഔദ്യോഗികമായി അനുവദികപ്പെട്ട സമയത്തിന് പുറത്തായിരുന്നു അധിക വായനകള്‍ക്ക്  സമയം കണ്ടെത്തിയിരുന്നത്.

എന്റെ ഉപ്പാപ്പയുടെ അധ്യാപന രീതി ഏറെ സവിശേഷവും പ്രസിദ്ധമായതുമാണ്. പഠിപ്പിക്കുന്ന ഭാഗങ്ങളിലെ ഓരോ പദവും അതിന്റെ ഭാഷാര്‍ഥങ്ങളും സാങ്കേതികാര്‍ഥങ്ങളും കൃത്യതയോടെയും സവിസ്തരിച്ചും അദ്ദേഹം വിശകലനം ചെയ്യുമായിരുന്നു. ഓരോ വാദങ്ങളും യുക്തിസഹമായും പ്രമാണബദ്ധമായും തെളിവ് സഹിതവും അദ്ദേഹം വ്യക്തമാക്കിത്തരുമായിരുന്നു.

Also read: ഇബ്രാഹിം നബിയുടെ ബലി

ചോദ്യം:ടീച്ചിംഗ് കൗണ്‍സിലില്‍ ഓരോ ജ്ഞാനശാഖക്കും പ്രത്യേകമായ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നോ? നിങ്ങളുടെ ശൈഖിന്റെ ദൈനം ദിന നടപടിക്രമങ്ങള്‍ എങ്ങനെയായിരുന്നു?
ശൈഖ്: പാഠപുസ്തകങ്ങള്‍ക്ക് ഒരു ക്രമീകരണം ഉണ്ടായിരിക്കല്‍ അനിവാര്യമാണ്. കാരണം ഒരേസമയം, രണ്ട് ജ്ഞാന ശാഖകള്‍ കൈകാര്യം ചെയ്യുന്നത് വളരെ അപൂര്‍വ്വമാണ്. പക്ഷെ എന്റെ ഉപ്പാപ്പ ചിലപ്പോള്‍ അതിനപ്പുറം പോയിട്ടുണ്ട്. ഉദാഹരണത്തിന് ഞാന്‍ രാവിലെ മറ്റു സഹപാഠികളോടൊപ്പം ഒരു കിതാബ് പഠിക്കുകയും രാത്രിയായാല്‍ ശൈഖിന്റെ അടുത്ത് പോയി വേറൊരു കിതാബ് തെരെഞ്ഞെടുത്ത് പഠിക്കുകയും ചെയ്തിരുന്നു.

ശൈഖിന്റെ ദൈനം ദിന നടപടിക്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍, അദ്ദേഹം എപ്പോഴാണ് ഉറക്കമുണരാറുള്ളത് എന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. പക്ഷെ, അദ്ദേഹം ഏകദേശം രാത്രിയുടെ അവസാനത്തെ ആറിലൊന്ന് പിന്നിടുമ്പോഴേക്ക് (ഏകദേശം 4 മണി)  ഉണര്‍ത്തുമായിരുന്നു. പിന്നെ ദിക്‌റും വുളൂഉം മിസ്‌വാക്കും നിസ്‌ക്കാരത്തിനുള്ള തയ്യാറെടുപ്പുമൊക്കെയായി  സമയം ചെലവഴിച്ചു. സുബ്ഹ് നിസ്‌ക്കരിച്ചതിന് ശേഷം സൂര്യോദയം വരെ ശൈഖ് അവിടെത്തന്നെയിരുന്നു ദിക്‌റിലും മറ്റു വിര്‍ദിലുമായി ചെലവഴിച്ചു. ശേഷം രണ്ട് റക്അത്ത് നിസ്‌ക്കരിച്ചതിന് ശേഷം അദ്ദഹം വീട്ടിലേക്ക് മടങ്ങുന്നു.

പാഠശാലയിലെ വിദ്യാര്‍ഥികളെ രണ്ടായി തരം തിരിക്കപ്പെട്ടിരുന്നു. 1) ഫുറാദ 2) ദുവല്‍. ദുവല്‍ എന്നത് ദൗലത് എന്ന പദത്തിന്റെ ബഹുവചനമാണ്. അതായത്, ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പൊതുവായി ഒരു കിതാബ് ആണ് പഠിക്കുന്നതെങ്കില്‍ അവരെ ദുവല്‍ എന്നും സ്വന്തമായുള്ള കിതാബ് പഠിക്കുന്നവരെ ഫുറാദ എന്നും വിളിക്കുന്നു. സാധാരണ, ശൈഖ് ദുവല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളെയാണ് ആദ്യം പഠിപ്പിക്കുക. ശൈഖിന്റെ കയ്യില്‍ ഒരു പട്ടിക ഉണ്ടായിരുന്നു. ഓരോരുത്തരുടേയും സാന്നിധ്യം അദ്ദേഹം തന്നെ കൃത്യമായി രേഖപ്പെടുത്തുമായിരുന്നു. അധ്യാപനം തുടങ്ങിക്കഴിഞ്ഞാല്‍ ളുഹ്‌റ് നമസ്‌ക്കാരത്തിന്റെ സമയത്തല്ലാതെ അദ്ദേഹം അവിടെ നിന്നും എഴുന്നേല്‍ക്കുമായിരുന്നില്ല. നമസ്‌ക്കാരത്തിന് ശേഷം പളളിയുലുള്ളവരെ അഭിസംബോധന ചെയ്ത് പല കാര്യങ്ങളും അദ്ദേഹം പഠിപ്പിച്ചിരുന്നു. ശേഷം, വീട്ടിലേക്ക് വിശ്രമത്തിനായി പോകുകയും അസ്വറ് നമസ്‌ക്കാരത്തിന്റെ സമയത്ത് തിരിച്ച് വരികയും ചെയ്യുമായിരുന്നു.

Also read: വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ ബ്രെയിനിന്റെ പങ്ക്

അസ്വര്‍ നമസ്‌ക്കാരത്തിന് ശേഷം വിദ്യാര്‍ഥികള്‍ തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ ശൈഖിന് പറഞ്ഞുകൊടുക്കേണ്ട സമയമാണ്. മന:പാഠമാക്കിയ കാര്യങ്ങള്‍ ചൊല്ലിക്കൊടുക്കുമ്പോള്‍ ശൈഖ് ആവശ്യമായ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുന്നു. ഓരോന്നും സനദ് ഉള്‍പ്പെടെ തന്നെ ശൈഖ് ചോദിക്കുമായിരുന്നു. അതിന് ശേഷം ശൈഖിന്റെ ഖുര്‍ആന്‍ പാരായണത്തിനുള്ള സമയമാണ്. ഓരോ ദിവസവും അദ്ദേഹം ഖുര്‍ആനിന്റെ നാലിലൊന്ന് പാരായണം ചെയ്യുമായിരുന്നു. ശേഷം അധികവായനയുടെ സമയമാണ്. അതില്‍ എല്ലാവരും പങ്കെടുത്തിരുന്നില്ല. വിപുലമായ വ്യാഖ്യാന ഗ്രന്ഥങ്ങളും ഹദീസുകളുടെ ആഴത്തിലുള്ള ശറഹുകളുമൊക്കെയായിരുന്നു അവിടം ചര്‍ച്ചചെയ്യപ്പെട്ടിരുന്നത്. രാത്രി ശൈഖ് സ്ത്രീകളെ പഠിപ്പിക്കുന്നതിനായി സമയം നീക്കിവെക്കുമായിരുന്നു. ഇശാ നിസ്‌ക്കാരത്തിന് ശേഷം അവര്‍ വിദ്യ നുകരുന്നതിനായി ഒരുമിച്ചുകൂടി. ചില ഗ്രന്ഥങ്ങള്‍ സ്ത്രീകള്‍ തന്നെയായിരുന്നു സ്ത്രീകള്‍ക്ക് ക്ലാസെടുത്തിരുന്നത്. സ്ത്രീകളുടെ പഠനപ്രക്രിയക്ക് പ്രത്യേകമായ മുന്‍ഗണനാക്രമങ്ങള്‍ തന്നെ അവിടെ നിശ്ചയിക്കപ്പെട്ടിരുന്നു.

ചോദ്യം: ഏതൊക്കെ ജ്ഞാനശാഖകളാണ് നിങ്ങള്‍ പള്ളിക്കൂടത്തില്‍ വെച്ച് പഠിച്ചിരുന്നത്?
ശൈഖ്: പള്ളിക്കൂടത്തില്‍ വെച്ച് ഏകദേശം 48 ജ്ഞാനശാഖകള്‍ ഞാന്‍ പഠിക്കുകയുണ്ടായി. ഇല്‍മുല്‍ ഖുര്‍ആനില്‍ തന്നെ ഞങ്ങള്‍ തജ്‌വീദ്, അഹ്കാമുകളായി വന്ന ഖുര്‍ആന്‍ ആയതുകളുടെ വ്യാഖ്യാനങ്ങള്‍, വ്യത്യസ്ത തഫ്‌സീര്‍ , അവരുടെ വ്യാഖ്യാന ശൈലി, ഖുര്‍ആനിലെ റസ്മ്, എഴുത്ത് തുടങ്ങിയവയെക്കുറിച്ചും ഇല്‍മുല്‍ ഹദീസില്‍ ഏതൊക്കെ ഹദീസ് സ്വീകരിക്കണം, ഏതൊക്കെ തള്ളണം, അതിന്റെ മാനദണ്ഡങ്ങള്‍, ഓരോ ഹദീസുകളുടേയും വ്യാഖ്യാനങ്ങള്‍, സനദുകളിലെ ശരിയും തെറ്റും, ഹദീസ് പണ്ഡിതരുടെ ജീവചരിത്രം തുടങ്ങിയവ  പഠിച്ചിരുന്നു.

കര്‍മ്മശാസ്ത്രത്തില്‍ മദ്ഹബ് കേന്ദ്രീകരിച്ചുകൊണ്ടുള്ള കര്‍മ്മശാസ്ത്രപഠനം, മറ്റു മദ്ഹബുമായുള്ള താരതമ്യ പഠനം, കര്‍മ്മശാസ്ത്രപരമായ പൊതു നിയമങ്ങള്‍, അനന്തരവാകാശ നിയമങ്ങള്‍, ഒരു അടിസ്ഥാന മസ്അലയില്‍ നിന്നും വേര്‍പിരിഞ്ഞുണ്ടാവുന്ന മസ്അലകള്‍, എങ്ങനെ ഒരു കാര്യത്തിന്റെ ഹുക്മ് മനസ്സിലാക്കാം, മഖാസിദുശ്ശരീഅ, വിവിധ കര്‍മ്മശാസ്ത്ര പണ്ഡിതരുടെ ജീവചരിത്രം തുടങ്ങിയവ  ആഴത്തില്‍ പഠിക്കുകയുണ്ടായി.

ഭാഷാ ശാസ്ത്രത്തില്‍, പദാവലികള്‍, കവിതകള്‍, വ്യാകരണങ്ങള്‍, അറബി സാഹിത്യം, പദ്യശാസ്ത്രം, കവിതയുടെ വിവിധങ്ങളായ നിയമങ്ങള്‍, തുടങ്ങിയവ  അഭ്യസിച്ചു. ഒപ്പം, സീറയും ഇസ്ലാമിക ചരിത്രവും പ്രത്യേകിച്ച് ഇസ്ലാമിക നാഗരികതയേയും പോരാട്ടങ്ങളുടേയും ചരിത്രങ്ങള്‍ പഠിക്കുകയുണ്ടായി. ഒപ്പം, വിമോചന ദൈവശാസ്ത്രം, ഫിലോസഫി, തര്‍ക്കശാസ്ത്രം തുടങ്ങിയവയും പഠിക്കുകയുണ്ടായി. തര്‍ബിയത്തുമായി ബന്ധപ്പെട്ട് തസ്വവ്വുഫ്, യാത്രാ മര്യാദ, പഠിക്കുമ്പോഴുണ്ടാവേണ്ട മര്യാദ, കൂട്ടുകൂടുമ്പോഴും പരസ്പരം ഇടപഴകുമ്പോഴും ശ്രദ്ധിക്കേണ്ട മര്യാദകള്‍ തുടങ്ങിയവയും അഭ്യസിച്ചു.

Also read: പെയ്യാതെ പോകുന്ന ഹജ്ജുകൾ

ചോദ്യം: ഈജിപ്ത്, ഹിജാസ്, ഇറാഖ്, ജോര്‍ദ്ദാന്‍, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിലുള്ള ഇസ്ലാമിക പണ്ഡിതരെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്?
ശൈഖ്: ജ്ഞാനത്തെ സംബന്ധിച്ചെടുത്തോളം അത് ഈ രാജ്യങ്ങളുടെ മുഴുവന്‍ പൊതു പാരമ്പര്യമാണ്. എന്നിരുന്നാലും നാഗരികമായ ചില ആശങ്കകള്‍ എനിക്കുണ്ട്. അറിവിന്റെ പ്രസരണം കുറഞ്ഞുകൊണ്ടിരിക്കുക തന്നെയാണ്. ഗ്രന്ഥരചനക്കുള്ള താത്പര്യം കുറഞ്ഞുകൊണ്ടിരിക്കുന്നു. മൗറിറ്റാനിയയിലെ ഗ്രാമങ്ങളെ കെയ്‌റോയിലേയോ ഹൈദരാബാദിലെയോ ഗ്രാമങ്ങളോട് താരതമ്യപ്പെടുത്താനോ സമീകരിക്കാനോ പാടില്ല. കാരണം, അതൊക്കെ അച്ചടിശാലകള്‍ കൊണ്ട് സമ്പന്നമായ നഗരങ്ങളാണ്. മൗറിറ്റാനിയയിലാണെങ്കില്‍ അച്ചടിച്ച പുസ്തകങ്ങളെത്തുന്നത് വളരെ വിരളമായിരുന്നു. പുസ്തകങ്ങളുടെ ദൗര്‍ലഭ്യത കാരണം പലരും പുസ്തകങ്ങള്‍ അങ്ങനെത്തന്നെ മനഃപാഠമാക്കലായിരുന്നു പതിവ്. പല ശൈഖുമാരും വിദ്യാര്‍ഥികള്‍ കിതാബുകള്‍ മന:പാഠമാക്കുന്നതിന് മുമ്പ് ദര്‍സ് നടത്തിയിരുന്നില്ല. അല്‍ഫിയത്ബനു മാലിക്, ലാമിയ്യത്തുല്‍ അഫ്ആല്‍ തുടങ്ങി വ്യാകരണ ഗ്രന്ഥങ്ങളടക്കം ഞാന്‍ അന്ന് മനഃപാഠമാക്കിയിരുന്നു.

ഹദീസില്‍ ആദ്യമായി പഠിക്കുന്നത് ഇമാം നവവിയുടെ അല്‍ അര്‍ബഊന ആണ്. ശേഷം, ഉംദ, മുഅത്വ, സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം, സ്വിഹാഹുസ്വിത്തയുടെ ശേഷിക്കുന്ന കിതാബുകള്‍ തുടങ്ങിയവയെല്ലാം തന്നെ പഠിക്കുന്നു. തിര്‍മുദിയുടെ ശമാഇലുല്‍ മുഹമ്മദിയ്യ സവിശേഷമായിത്തന്നെ പഠിപ്പിക്കപ്പെടുന്നു. ഇബ്‌നു കസീറിന്റെ ശമാഇലുര്‍റസൂലും ഇതേ ഗണത്തിലുളള മറ്റു ചില കിതാബുകളും അനുബന്ധമായി പഠിപ്പിക്കപ്പെടുന്നു. ഹദീസിന്റെ ഇസ്ത്വിലാഹാതുകളില്‍ വേറെയും കിതാബുകള്‍ പഠിക്കുന്നു.

ഇല്‍മുല്‍ ഫിഖ്ഹില്‍ ഉമ്മമാര്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുത്തിരുന്നത് മുഖ്തസ്വറുല്‍ അഹ്‌ളുരി പോലുള്ള ലളിതമായ കിതാബുകളാണ്. ശേഷം, മത്‌നുര്‍രിസാലയും മുഖ്തസ്വറു ഖലീലുമൊക്കെ ശറഹ് ഉള്‍പ്പെടെ പഠിപ്പിക്കപ്പെടുന്നു. കര്‍മ്മശാസ്ത്ര വിഷയങ്ങളുടെ താരതമ്യ പഠനത്തില്‍ ഇബ്‌നു ജുസയ്യില്‍ അന്‍ഡലൂഷ്യയുടെ അല്‍ ഖവാനീനുല്‍ ഫിഖ്ഹിയ്യ ആണ് ആദ്യമായി പഠിപ്പിക്കപ്പെടുന്നത്. ഉസ്വൂലുല്‍ ഫിഖ്ഹില്‍ ഇമാമുല്‍ ഹറമൈനിയുടെ അല്‍ വറഖാത് ആണ് ആദ്യം പഠിപ്പിക്കപ്പെടുന്നത്. ശേഷം, സ്വുയൂഥി ഇമാമിന്റെ അല്‍ കൗകബുസ്വാത്വിഅ്, ഇബ്‌നുസ്സുബ്കിയുടെ ജംഉല്‍ ജവാമിഅ്, സയ്യിദ് അബ്ദില്ലാ അശ്ശന്‍ഖീതിയുടെ മറാഖിസ്സുഊദുമൊക്കെ പഠിക്കുന്നു.

Also read: ആരോഗ്യരംഗം സംരക്ഷിക്കേണ്ട ബാധ്യത വ്യവസ്ഥയുടേത് കൂടിയാണ്

ചോദ്യം: ഈ ഗ്രന്ഥങ്ങളൊക്കെത്തന്നെ മനഃപാഠമാക്കുകയോ പഠിക്കുകയോ ചെയ്യാതെ ഒരാള്‍ പണ്ഡിതനാകുനുള്ള സാധ്യതകളെ എങ്ങനെ നോക്കിക്കാണുന്നു?
ശൈഖ്: ഈ ഗ്രന്ഥങ്ങള്‍ പഠിക്കുകയോ മനഃപാഠമാക്കുകയോ ചെയ്യാതെ ഒരാള്‍ക്ക് ഒരിക്കലും പണ്ഡിതനാവാന്‍ കഴിയില്ല. ഒപ്പം, ഈ ഗ്രന്ഥങ്ങള്‍ കേവല പാരായണം ചെയ്യുക വഴി ഒരാള്‍ പണ്ഡിതനാവുന്നില്ല, കാരണം, കേവല പാരായണം വഴി അവന് കുറച്ച് ആശയങ്ങള്‍ ലഭിക്കുന്നു എന്ന് മാത്രമേയുള്ളൂ, അത് എവിടെ പ്രയോഗിക്കണമെന്നോ എങ്ങനെ പ്രയോഗിക്കണമെന്നോ അവനറിയില്ല. എന്നാല്‍ മനഃപാഠമാക്കിയാല്‍ അത് അവനോടൊപ്പം എപ്പോഴുമുണ്ടാകും. ഇമാം ശാഫിഈ കാര്യങ്ങള്‍ മനഃപാഠമാക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി പറയുന്നുണ്ട്. അത്‌കൊണ്ട് തന്നെ ഈ കിതാബിന്റെ പ്രതികളെല്ലാം കാത്തുസൂക്ഷിക്കുന്നതിലും വലിയ മഹത്വമുണ്ട്. അശ്ശന്‍ഖീതിയിലെ ചില പണ്ഡിതന്മാര്‍ ഗ്രന്ഥങ്ങള്‍ മനഃപാഠമാക്കുന്നതിനായി ആയിരം തവണയൊക്കെ ആവര്‍ത്തിച്ച് പാരായണം ചെയ്യുമായിരുന്നു. അവര്‍ മനഃപാഠമാക്കുക എന്നുളളത് മനസ്സിലാക്കുന്നതിന്റെ അടിസ്ഥാനഘടകമായിട്ടായിരുന്നു കണ്ടിരുന്നത്. മനഃപാഠമാക്കുന്നതിലൂടെ പൂര്‍ണ്ണമായി മനസ്സിലാക്കാനും ആവര്‍ത്തിച്ച് പഠിക്കാനുമുള്ള ഒരു സഹായകവുമായിട്ടായിരുന്നു അവര്‍ വിശകലനം ചെയ്തിരുന്നത്.

ചോദ്യം: യൂനിവേഴ്‌സിറ്റി പഠനത്തിനായി നിങ്ങള്‍ കിഴക്കന്‍ രാഷ്ട്രങ്ങളില്‍ പോയിട്ടുണ്ടെന്നറിയാം. ആ യാത്ര നിങ്ങളുടെ ബോധ്യത്തിലേക്ക് എന്താണ് കൂട്ടിച്ചേര്‍ത്തത് ?നിലവിലുള്ള സര്‍വ്വകലാശാലകളെക്കുറിച്ച് നിങ്ങളുടെ വിലയിരുത്തല്‍ എന്താണ്?
ശൈഖ്: 1988ലായിരുന്നു ഞാന്‍ കിഴക്കോട്ടുള്ള വൈജ്ഞാനിക യാത്ര നടത്തുന്നത്. ആ വര്‍ഷമാണ് ഞാന്‍ ആദ്യമായി ഹജ്ജ് ചെയ്തത്. കൂടാതെ ലോകത്തെ ഒട്ടനേകം പണ്ഡിതരെ കണ്ടുമുട്ടാനുള്ള അവസരമായിരുന്നു അത്. ആ യാത്രയില്‍ റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ രണ്ട് വര്‍ഷം പഠനം നടത്തുകയുണ്ടായി. ഈ യാത്രയില്‍ എനിക്ക് പ്രയോജനം ലഭിച്ചത് സമകാലിക ശാസ്ത്രീയ സമീപനങ്ങള്‍, പുതിയ ഗവേഷണ രീതികള്‍, അക്കാലത്ത് നമ്മുടെ ആളുകള്‍ക്ക് അറിയാത്ത പല ഗവേഷണരീതികളും ഇന്ന് പ്രയോഗത്തിലുണ്ട്, അവയൊക്കെ അറിയാന്‍ കഴിഞ്ഞു. ഇസ്ലാമിക് ഇക്കണോമിക്‌സിനെക്കുറിച്ചും പുതിയ അധ്യാപനരീതികളെക്കുറിച്ചും എനിക്കീ യാത്രയില്‍ പരിചയപ്പെടാന്‍ കഴിഞ്ഞു. എന്റെ യാത്ര ഹിജാസില്‍ മാത്രമായി ഞാന്‍ പരിമിതപ്പെടുത്തിയിരുന്നില്ല. ഞാന്‍ ഈജിപ്ത് സന്ദര്‍ശിക്കുകയും അവിടെയുള്ള നിരവധി പണ്ഡിതന്മാരെ സന്ദര്‍ശിക്കുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്തു. തുടര്‍ന്ന്, ലെവന്റിലേക്ക് യാത്ര ചെയ്യുകയും അവിടെ വെച്ച് കുറച്ച് പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

സര്‍വ്വകലാശാലകളെക്കുറിച്ചുള്ള എന്റെ വിലയിരുത്തലെന്താണെന്ന് ചോദിച്ചാല്‍ അവ ഗവേഷണ രൂപീകരണത്തിന്റെ കേന്ദ്രങ്ങള്‍ മാത്രമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം, മിക്ക അധ്യാപകര്‍ക്കും സമഗ്രമായ അറിവ് ഇല്ല, അതേസമയം, ഏതെങ്കിലും ഒരു വിഷയത്തില്‍ സ്‌പെഷലൈസേഷന്‍ ഉണ്ട്താനും. എല്ലാവരും അങ്ങനെയാണെന്നല്ല, ചിലരെങ്കിലും സമഗ്രമായി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായവരാണ്. സത്യത്തില്‍, പുതിയ കാലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാശ്ചാത്യ സര്‍വ്വകലാശാലകള്‍ക്കനുസൃതമായി അവരുടെ ഗവേഷണരീതികളും മറ്റും ഉപയോഗിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഓരോകാലത്തിനനുസൃതമായ ജ്ഞാനശാഖകള്‍ സ്വാംശീകരിക്കുന്ന ഗവേഷകരെ രൂപപ്പെടുത്തുന്ന ശൈലിയാണത്. അവര്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ആസൂത്രണങ്ങളോ അജണ്ടകളോ ഇല്ല തന്നെ.

സമകാലിക സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ശാസ്ത്ര അക്കാദമിക് കൗണ്‍സിലുകള്‍ പരമാവധി ചുരുക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് ഓരോ ജ്ഞാനവിഭവങ്ങളും കൈമാറുന്നത്. പരീക്ഷകള്‍ അടുത്തെത്തുന്ന സമയത്ത് പ്രൊഫസര്‍മാര്‍ വിദ്യര്‍ഥികള്‍ക്ക് ഷോട്ട് നോട്ടുകള്‍ കൈമാറുന്നു. ചിലപ്പോഴൊക്കെ താന്‍ പഠിപ്പിക്കുന്ന വിഷയങ്ങളെക്കുറിച്ച് പ്രൊഫസര്‍ക്ക് തന്നെ ആഴത്തില്‍ അറിവില്ലായിരിക്കാം. ഈ രീതി ഒരിക്കലും ഗൗരവമേറിയ ഗവേഷകനാകാന്‍ വഴിയൊരുക്കില്ല.

Also read: എന്നെ വേട്ടയാടിയ ബ്രിട്ടീഷ് ഭീകരനിയമങ്ങൾ

ചോദ്യം: അറബ് പൈതൃകത്തെ അതിന്റെ യഥാര്‍ഥ ഉറവിടങ്ങളില്‍ പ്രവേശിച്ച് പഠിക്കുന്നതിന്റെ പ്രതിസന്ധിയെക്കുറിച്ച് പലരും പരാതിപ്പെടുന്നു. പാരമ്പര്യ ഗ്രന്ഥങ്ങള്‍ പഠിക്കുന്നതിന്റെ മാതൃകാപരമായ രീതിയെക്കുറിച്ച് നിങ്ങള്‍ക്കെന്താണ് അഭിപ്രായം?
ശൈഖ്: സയന്‍സ് വിദ്യാര്‍ഥികള്‍ക്കും ബുദ്ധിജീവികള്‍ക്കും ഗവേഷകര്‍ക്കുമെല്ലാം തന്നെ പാരമ്പര്യഗ്രന്ഥങ്ങള്‍ പഠിക്കല്‍ അനിവാര്യമാണ്. അറിവന്വഷണങ്ങള്‍ക്ക് വ്യാകരണം അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമാണ്. അപ്പോള്‍ സീബവയ്ഹിയുടെ ഗ്രന്ഥങ്ങളും ഇബ്‌നുമാലിക്കിന്റെ അല്‍ഫിയയുമൊക്കെ പഠിക്കല്‍ അത്യന്താപേക്ഷിതമായി വരുന്നു. കാലങ്ങളായി അഭ്യസിപ്പിക്കപ്പെടുന്നതും പരിശോധിച്ചുറപ്പിക്കപ്പെ്ട്ടതുമായ ഗ്രന്ഥങ്ങളാണവ. പിന്നെ, പഠനത്തിന്റെ കാര്യം ഓരോരുത്തര്‍ക്കും അവരുടേതായ ശൈലിയും രീതിയും ഉണ്ടാവും. ഓരോരുത്തരുടേയും വൈജ്ഞാനിക ഘടന, വ്യക്തിത്വം, തുടങ്ങിയവക്കനുസൃതമായി അത് മാറുന്നു. ചിലര്‍ തനിച്ചിരുന്ന് പഠിക്കാനാണിഷ്ടപ്പെടുന്നത്, മറ്റു ചിലര്‍ കൂട്ടത്തിലിരുന്ന് കൊണ്ട് പഠിക്കുന്നു. ചിലര്‍ പാരമ്പര്യ കിതാബുകളെ ആധുനിക കിതാബുകളുമായി താരതമ്യം ചെയ്ത് കൊണ്ട് പഠിക്കുന്നു, ചിലര്‍ രണ്ട് പേര്‍ ചേര്‍ന്ന് ജോഡികളാക്കി പഠിക്കുന്നു. ഈ കാലഘട്ടത്തില്‍ ശാസ്ത്രീയമായിത്തന്നെ കാര്യങ്ങള്‍ പഠിക്കാമെന്ന് എല്ലാവരും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഓരോന്നിനേയും ശാസ്ത്രീയമായിത്തന്നെ പഠിക്കുക എന്നത് ഓരോ ശാസ്ത്രശാഖകളേയും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗം കൂടിയാണ്.

ചോദ്യം: കര്‍മ്മശാസ്ത്രപരമായും മറ്റും പുതിയ സമസ്യകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍, പൈതൃകവിജ്ഞാനങ്ങള്‍ പൊതുവായി പഠിപ്പിക്കപ്പെടുന്ന രീതിയെ എങ്ങനെ വിലയിരുത്തുന്നു?
ശൈഖ്: എല്ലാ കാലത്തേയും ആളുകള്‍ക്ക് അവരുടെ ഭാഷ, സംസ്‌ക്കാരം, ധാരണ എന്നിവയുടെ തലത്തില്‍ ഉചിതമായ കിതാബുകള്‍ ഉണ്ടായിരിക്കല്‍ അനിവാര്യമാണ്. അത്‌കൊണ്ട്തന്നെ പാരമ്പര്യ ഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തെ സുഗ്രാഹ്യമായ രൂപത്തില്‍ സംഗ്രഹിച്ച് എഴുതപ്പെടുന്ന പുതിയ കാലത്തെ ഗ്രന്ഥങ്ങളില്‍ ഞാന്‍ ഒരു പ്രശ്‌നവും കാണുന്നില്ല. കര്‍മ്മശാസ്ത്രത്തില്‍ പുതിയ കാലത്തെ സമസ്യകളെ അഭിസംബോധന ചെയ്യുന്ന ഗ്രന്ഥങ്ങള്‍ അത്യാവശ്യമാണ്. അതോടൊപ്പം, പുതിയ കാലത്തോട് സംവദിക്കുന്ന ഉദാഹരണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം, പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകളൊക്കെ പഴയതില്‍ നിന്നും ഇന്ന് തികച്ചും വ്യത്യസ്തമാണ്.

ചോദ്യം: നിങ്ങളുടെ അഭിപ്രായത്തില്‍ പൈതൃകം എന്ന സംജ്ഞയുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? ഇസ്‌ലാമിക നാഗരികതയെക്കുറിച്ച് മുസ്‌ലിംകളല്ലാത്തവര്‍ എഴുതിയ ഗ്രന്ഥങ്ങളെ അക്കൂട്ടത്തില്‍ പെടുത്താന്‍ പറ്റുമോ? പൈതൃക രചന മുസ്‌ലിംകളില്‍ മാത്രം പരിമിതപ്പെടുത്തപ്പെട്ട ഒന്നാണോ?
ശൈഖ്: പൈതൃകം എന്ന സംജ്ഞയെക്കുറിച്ച് പറയുമ്പോള്‍, അത് ശേഷക്കാര്‍ അതിയായ താതപര്യത്തോടെ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന ചരിത്രമാണന്ന് ഒറ്റവാക്കില്‍ വ്യവഹരിക്കാം. നമുക്ക് പാരമ്പര്യമായി ലഭിച്ച വിഭവങ്ങള്‍ പ്രധാനമായും മൂന്ന് വിധമാണ്. ഒന്ന്, ഇസ്‌ലാമിന്റെ വളര്‍ച്ചയുടെ കാലത്ത് മുസ്‌ലിംകളും അല്ലാത്തവരും ചേര്‍ന്ന് നിര്‍മ്മിച്ചത്. രണ്ടാമതായി ഇസ്‌ലാമിന് മുമ്പ് ജീവിച്ച ജാഹിലിയ്യാ കാലത്തുള്ള അറബികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കവിതകളും വിവരണങ്ങളുമാണ്. മൂന്നാമതായി, ഗ്രീക്ക്, പേര്‍ഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും രചിക്കപ്പെട്ട മുന്‍കാല സമൂഹത്തെപ്പറ്റിയുള്ള വിവരണങ്ങളാണ്. ഇതൊക്കെത്തന്നെ ഈ ഉമ്മത്തിന്റെ പൈതൃകത്തില്‍ പെട്ടതാണ്. കാരണം, അതെല്ലാം തന്നെ ഉമ്മത്തിന്റെ സാംസ്‌കാരികവും വൈജ്ഞാനികവും ആയ ഘടന രൂപീകരിക്കുന്നതിലും വളര്‍ച്ചയിലും സ്വാധീനിച്ചിട്ടുണ്ട്.

Also read: അത്യാധുനിക വംശഹത്യയാണ് സിൻജിയാങിൽ നടന്നുകൊണ്ടിരിക്കുന്നത്

ജാഹിലിയ്യാ കാലത്തെ പ്രധാനികളായ ആറ് കവികളുടെ കവിതകള്‍, ദീവാനുല്‍ ഹമാസ, ഗ്രീക്കില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട തത്ത്വചിന്തയും ഫിലോസഫിയും, മറ്റു രാജ്യങ്ങളുടെ സാഹിത്യങ്ങളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട കലീല വ ദിംന പോലുള്ള ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ നമ്മുടെ വൈജ്ഞാനികമായ പാരമ്പര്യം രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. ചില സാഹിത്യ ഉത്പന്നങ്ങള്‍ സാര്‍വ്വത്രികമായി എല്ലാ നാഗരികതകളുടേയും വളര്‍ച്ചയില്‍ പങ്ക് വഹിച്ചിട്ടുണ്ട്.

ചോദ്യം: മറ്റു രാജ്യങ്ങളുടെ പൈതൃകത്തെ സ്വീകരിക്കുന്ന മുസ്‌ലിംകള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്? ഇസ്‌ലാമിക രാഷ്ട്രീയ ചിന്തകളിലുളള പേര്‍ഷ്യന്‍ സ്വാധീനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ശൈഖ്: ഞങ്ങളെ സംബന്ധിച്ചെടുത്തോളം മറ്റു രാജ്യങ്ങളുടെ പൈതൃകത്തെ സ്വീകരിക്കുന്നത് പ്രയാസപ്പെടുത്തുന്ന ഒരു കാര്യമല്ല. നാഗരികതയെ ഒരു സാര്‍വ്വത്രിക മനുഷ്യപാരമ്പര്യമായി ഞങ്ങള്‍ കണക്കാക്കുന്നു. പ്രവാചര്‍ (സ്വ) കിടങ്ങ് കുഴിക്കാനുള്ള ആശയം പേര്‍ഷ്യന്‍ പാരമ്പര്യത്തില്‍ നിന്ന് എടുത്തതാണല്ലോ. മോതിരത്തെ ഔദ്യോഗിക സന്ദേശങ്ങള്‍ക്കുള്ള സ്റ്റാമ്പിംഗിനായി പ്രവാചകര്‍ ഉപയോഗിച്ച ആശയം റോമക്കാരില്‍ നിന്ന് കടമെടുത്തതാണല്ലോ. അതുകൊണ്ട് തന്നെ, മറ്റു രാജ്യങ്ങളില്‍ നിന്ന് സാധുതയുള്ളതും പ്രയോജനകരവുമായ കാര്യങ്ങള്‍ സ്വീകരിക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു സങ്കീര്‍ണ്ണതയും ആവശ്യമില്ല.

ബദവികളായിരുന്ന അറബികള്‍ക്ക് രാഷ്ട്രീയമായി പ്രത്യേകമായ ഒരു ഭരണസംവിധാനം ഉണ്ടായിരുന്നില്ല. ഇസ്‌ലാമിക് സ്റ്റേറ്റ് രാഷ്ട്രീയമായി വികസിച്ചപ്പോള്‍ മറ്റുള്ളവരില്‍ ആവശ്യമായ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ടി വന്നു. അത്, കേവലമായ അനുകരണമായിരുന്നില്ല, മറിച്ച് ആഴത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി കൊള്ളേണ്ടത് മാത്രം കൊള്ളുകയും തള്ളേണ്ടത് തള്ളുകയും തന്നെ ചെയ്യുകയുണ്ടായി. ആ നാഗരികതകളെ പഠിക്കാനും അവരുടെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാനും ധാരാളം പണം ചെലവഴിക്കുകയുണ്ടായി. അത് ഒരു രാഷ്ട്രീയ തീരുമാനം ആയിരുന്നു. എല്ലാ രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും ഗുണദോഷങ്ങള്‍ ഉണ്ട്. പലപ്പോഴും, മറ്റു നാഗരികതകളില്‍ നിന്ന് ഉന്നതമായത് മാത്രമേ നമ്മള്‍ തെരെഞ്ഞെടുത്തിരുന്നുളളൂ. മറ്റു ശാസ്ത്രങ്ങളും സാഹിത്യങ്ങളും സ്വീകരിക്കുമ്പോള്‍ അതില്‍ നിന്നും മാലിന്യമായത് നീക്കം ചെയ്യാന്‍ അക്കാലത്തെ പണ്ഡിതര്‍ പ്രതിജ്ഞാബദ്ധരായി മുന്നിലുണ്ടായിരുന്നു.
താരതമ്യേനെ, പില്‍ക്കാലത്ത് ആധുനിക യുറോപ്യന്‍ നവോത്ഥാനം ഉള്‍പ്പെടെ ഇസ്‌ലാമിക നാഗരിഗതയെ പുല്‍കിയെന്നത് വസ്തുതയാണ്. എത്രത്തോളമെന്ന് വെച്ചാല്‍, ഫ്രാന്‍സില്‍ നെപ്പോളിയന്‍ നിയമങ്ങള്‍ പോലും പലതും മാലികി കര്‍മ്മശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. യൂറോപ്യരും അല്ലാത്തവരുമൊക്കെ, നമ്മുടെ പ്രതിഭാശാലികളായ ഫാറബി, ഇബ്‌നു സീന, ഇബ്‌നു റുശ്ദ്, ഇബ്‌നു ഹൈഥം തുടങ്ങിയവരുടെ സംഭാവനകളെ ആവോളം സ്വീകരിച്ചവരാണ്. മാത്രമല്ല, സ്വന്തവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ആധുനിക വൈദ്യശാസ്ത്രം, തത്ത്വചിന്ത, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ വ്യവഹാരങ്ങളിലെ സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്തിയത് മുകളില്‍ പറയപ്പെട്ട നമ്മുടെ പണ്ഡിത പ്രതിഭകളായിരുന്നു.

വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര

Related Articles