Interview

ഒരു വ്യക്തി തന്നെ 60 വ്യത്യസ്ത ഖത്തുകളിൽ ഖുർആൻ എഴുതിയ നാടാണ് ഞങ്ങളുടേത്

‘പരമ്പരാഗത അറബി കലിഗ്രഫിയിൽ ചുവടുറപ്പിച്ച് ഉത്തരാഫ്രിക്ക’ എന്ന തലക്കെട്ടിൽ ഇസ്ലാം ഓൺലൈവിൽ ഈയിടെ ഞാനെഴുതിയ ലേഖനമാണ് ഈ അഭിമുഖത്തിന് കാരണ ഹേതുവായി വർത്തിച്ചത്. ഇപ്പോഴത്തെ ടുണീഷ്യൻ പ്രസിഡൻ്റും കലിഗ്രഫറുമായ ഖൈസ് സഈദിനെക്കുറിച്ചും ഒമർ അൽ ജോമ്നിയെക്കുറിച്ചും പ്രസ്തുത ലേഖനം പറഞ്ഞുവെക്കുന്നുണ്ട്. ഉത്തരാഫ്രിക്കയിലെ അറബി കലിഗ്രഫിയുടെ പ്രധാന ഈറ്റില്ലങ്ങളിലൊന്നായി അറിയപ്പെടുന്ന ടുണീഷ്യയിലെ പ്രശസ്ത അറബി കലിഗ്രഫർ ഒമർ ജൊമ്നിയുമായി സബാഹ് ആലുവ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാ​ഗം.

ഒമർ ജൊമ്നി I സബാഹ് ആലുവ

പ്രസ്തുത ലേഖനത്തിൻ്റെ ചുവടു പിടിച്ച് അദ്ദേഹത്തിലേക്ക് എത്താനുള്ള പ്രയത്നങ്ങളാണ് അദ്ദേഹത്തെ ഇൻ്റർവ്യൂ ചെയ്യാനുള്ള ആഗ്രഹത്തിലേക്ക് നയിച്ചത്. ഒടുവിൽ ലഭിച്ച അദ്ദേഹത്തിൻ്റെ ഇ-മെയിലൂടെയുള്ള പരിചയപ്പെടലുകളാണ് പ്രശസ്തനായ കലിഗ്രഫറെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്. പിന്നീട് വാട്സാപ്പിലൂടെ ചെറു പുഞ്ചിരിയോടെ സലാം പറഞ്ഞ് വന്ന ഒമർ ജൊമ്നി എൻ്റെ ചോദ്യങ്ങൾക്ക് ഏറ്റവും ലളിതവും സുന്ദരവുമായ അറബി ഭാഷയിലാണ് സംസാരിച്ചു തുടങ്ങിയത്.

ചോ. ഇസ്ലാമിക കലാവിഷ്കാരങ്ങളുടെ തനത് ശൈലികളെ ലോകത്ത് അവതരിപ്പിച്ച് പ്രശസ്തി നേടിയ ഉത്തരാഫ്രിക്കൻ രാജ്യങ്ങളിൽ പ്രധാന സ്ഥാനമാണ് ടുണീഷ്യക്കുള്ളത്, പ്രത്യേകിച്ച് അറബി കലിഗ്രഫി മേഖലയിൽ. ലോകോത്തര നിലാവരമുള്ള ഖത്താത്തുകളെ വളർത്തിയെടുത്ത ടുണീഷ്യയിൽ ഇന്ന് പരമ്പരാഗത ഖത്താതുകളുടെ കുറവിനെ കുറിച്ചുള്ള താങ്കളുടെ തന്നെ ഒരു കമൻ്റ് ഈയിടെ വായിക്കാനിടയായിരുന്നു. നിലവിൽ ടുണീഷ്യയിലെ അറബി കലിഗ്രഫിയിലെ വെല്ലുവിളികൾ എന്തെല്ലാമാണ്?

താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്. ഉത്തരാഫ്രിക്കയിലെ പരമ്പരാഗത എഴുത്ത് ശൈലികളെ പിന്തുടർന്ന് വന്ന ടുണീഷ്യക്ക് കുറച്ച് കാലങ്ങൾക്ക് മുമ്പ് വരെയും അറബി കലിഗ്രഫിയിൽ വലിയ അപചയം തന്നെ നേരിടേണ്ടതായി വന്നിട്ടുണ്ട്. പാശ്ചാത്യവത്കരണത്തിൻ്റെ ഭാഗമായി രാജ്യത്ത് വന്ന മാറ്റങ്ങൾ പരമ്പരാഗത ഇസ്ലാമിക കലാമൂല്യങ്ങളെ ചെറുതായൊന്നുമല്ല ബാധിച്ചത്. എന്നാൽ അതിൽ നിന്നെല്ലാം മാറി ചിന്തിക്കുന്ന അവസ്ഥയിലേക്ക് ടുണീഷ്യ ഇന്ന് മാറി എന്നത് ആശ്വാസം തരുന്ന കാര്യമാണ്.

ചോ: ലോകത്തെ പരമ്പരാഗത അറബി കലിഗ്രഫി നേരിടുന്ന പ്രയാസങ്ങളിൽ വലുതാണ് നൂതന സാങ്കേതിക വിദ്യയുടെ വ്യാപനം. പാശ്ചാത്യവത്കരണത്തിന് പുറമെ സാങ്കേതിക സംവിധാനങ്ങളുടെ കടന്ന് വരവ് കൂടി ടുണീഷ്യയിലെ കലിഗ്രഫി മേഖലയെ സ്വാധീനിച്ചത് എങ്ങനെയാണ്?

സാങ്കേതിക സംവിധാനങ്ങളുടെ കടന്ന് വരവ് ടുണീഷ്യയിലെ പരമ്പരാഗത എഴുത്ത് മേഖലയിൽ സാരമായ സ്വാധീനം ചെലുത്തിയിട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാരണം, പരമ്പരാഗത ശൈലികൾ എഴുത്ത് മേഖലയിൽ പിന്തുടരുന്നവർ അത് മുറുകെ പിടിച്ച് തന്നെയാവും മുന്നോട്ട് പോവുക. മറ്റൊന്ന്, എന്നെപ്പോലെയുള്ള ഖത്താത്തുകളാണ്. പരമ്പരാഗത ശൈലികളിൽ യാതൊരു വിധ നീക്ക് പോക്കും വരുത്താതെ എന്നാൽ സാങ്കേതിവിദ്യയുടെ നല്ല വശങ്ങളെ ഉപയോഗപ്പെടുത്തി രണ്ട് ഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോകുന്നവരെയും ഈ മേഖലയിൽ കാണാം. സാങ്കേതിക സഹായങ്ങൾ പാടെ ഉപേക്ഷിക്കുക വരും കാലത്ത് സങ്കൽപിക്കാൻ കഴിയാത്ത കാര്യമാണ്.

Also read: ഒഴിവ് സമയം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറയട്ടെ

ചോ: സ്വന്തം കൈ കൊണ്ട് ഖത്തു ദീവാനിയിലും ഖത്തു മഗ് രിബിയിലും ഔദ്യോഗിക കത്തുകൾ എഴുതുന്ന ടുണീഷ്യയിലെ ഇപ്പോഴത്തെ പ്രസിഡൻ്റ് ഖൈസ് സഈദിനെക്കുറിച്ച വാർത്തകൾ സോഷ്യൽ മീഡിയയിൽ ഈയടുത്ത് വിപ്ലവം സൃഷ്ടിച്ചതാണ്. പ്രസിഡൻ്റുമായുള്ള താങ്കളുടെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും അറിയാൻ കഴിഞ്ഞിരുന്നു.?

പ്രസിഡൻ്റ് ആവുന്നതിന് മുൻപ് തന്നെ എൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പ്രസിഡൻ്റ് ഖൈസ് സഈദ്. ഒന്നിച്ച് കലിഗ്രഫി പഠിക്കാൻ അവസരം ലഭിച്ചിട്ടുമുണ്ട്. പ്രസിഡൻ്റായതിന് ശേഷം ഒദ്യോഗികമായി പ്രസിഡൻ്റ് നേരിട്ട് അയക്കുന്ന കത്തുകൾ സ്വയം തന്നെ എഴുതണമെന്ന നിർബന്ധ ബുദ്ധിയുള്ള വ്യക്തിയാണ് ഖൈസ് സഈദ്. ഖത്തു ദീവാനിയും ഖത്തു മഗ്രിബിയും അദ്ദേഹത്തിൻ്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട എഴുത്ത് ശൈലികളിൽ പെട്ടതാണ്. ഞാൻ മുമ്പ് സൂചിപ്പിച്ചത് പോലെ അദ്ദേത്തിൻ്റെ വരവോടെ പരമ്പരാഗത അറബി കലിഗ്രഫിയിൽ ഒരു തിരിച്ച് വരവിൻ്റെ പാതയിലാണ് ഇന്ന് ടുണീഷ്യ.

ചോ: അറബി എഴുത്തുകളുടെ മർമ്മ പ്രധാന ഭാഗം ആത്മീയ നിർവൃതിയാണ് എന്നതിൽ തർക്കമില്ല. താങ്കളുടെ അനുഭവങ്ങളിൽ മനസ്സിലായത് വിവരിക്കാമോ?

ഓരോ എഴുത്തിലൂടെയും ഓരോ ഖത്താത്തിനുള്ളിലെ ആത്മീയ ചൈതന്യമാണ് ഖലമിലൂടെ പുറത്ത് വരുന്നത്. എഴുതുന്ന വ്യക്തിയുടെ ശരീരവടിവും ചിന്തയും വരെ നിങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാവണം. ഉദാഹരണമായി ഒരു ഖത്താത്ത് ഖുർആൻ എഴുതുന്ന രീതിയും കവിതയോ മറ്റേതെങ്കിലുമോ എഴുതുന്ന രീതിയും തമ്മിൽ വ്യത്യാസമുണ്ടാവും. ഓരോ എഴുത്തിന് മുമ്പും നമ്മുടെ നിയ്യത്തുകൾ നിർണ്ണയിക്കപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്. ബാഹ്യ സൗന്ദര്യം അറബി എഴുത്തിൻ്റെ പ്രധാന ഘടകമാണ്, എന്നാലോ തൻ്റെ എഴുത്തിൻ്റെ ആന്തരിക സൗന്ദര്യത്തെ ഒരു ഖത്താത്ത് തിരിച്ചറിയുന്നതിലൂടെ മാത്രമാണ് അല്ലാഹുവിലേക്ക് അവന് കൂടുതൽ അടുക്കാൻ സാധിക്കുന്നത്.

ചോ: അറബി കലിഗ്രഫിയിൽ വ്യത്യസ്ത ശൈലികൾ മുറുകെപ്പിടിക്കുന്ന പ്രദേശമാണ് ഉത്തരാഫ്രിക്ക. ഖത്തു മഗ് രിബി, ഖത്തു ഖൈറുവാനി, ഖത്തു മബ്സൂത്വി, ഖത്ത മുജവ്ഹരി, ഖത്തു നസ്ഹ് അത്തുനീസീ തുടങ്ങിയ പേരുകളിൽ നിരവധി എഴുത്ത് ശൈലികളെ ഉപയോഗിക്കുന്നവരാണ് ഉത്തരാഫ്രിക്കൻ രാജ്യങ്ങളിൽ കൂടുതലും. ഖുർആൻ, ഫിഖ്ഹ്, മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളിലുള്ള മേൽ പറഞ്ഞ എഴുത്തു ശൈലികളുടെ സ്വാധീനം എങ്ങനെയാണ്?

കൂടുതൽ വിശദീകരണങ്ങൾ ആവശ്യമായ ചോദ്യമാണിത്. അറബി എഴുത്ത് ശൈലിയിലെ ആദ്യകാല രൂപമായ ഖത്തു കൂഫി മുതൽ ഇങ്ങാട്ട് താങ്കൾ വിവരിച്ചത് പോലെ ടുണീഷ്യയുടെ ആദ്യകാല എഴുത്ത് ശൈലികളിലൊന്നായ ഖുത്തൂത്ത് അൽ കൂഫി അൽ ഖൈറുവാനി വരെ പിന്തുടരുന്നവരാണ് ഉത്തരാഫ്രിക്കൻ ഖത്താതികൾ. ആദ്യകാലത്ത് ഉത്തരാഫ്രിക്കയിൽ മുഴുവനായും ജനകീയ സ്വഭാവത്തിൽ വളർന്നു വന്ന എഴുത്ത് രീതിയാണ് ‘അൽ ഖത്തു അൽ മഗ് രിബി’. പിന്നീട് അതിൻ്റെ വകഭേദങ്ങൾ കാലക്രമേണ ഉയർന്നു വന്നു. മുസ്ലിം സ്പെയിനിലേക്കുള്ള അറബി ഖത്തുകളുടെ വളർച്ചയെ പോലും സ്വാധീനിച്ച രാജ്യങ്ങളാണ് ഇവിടെയുള്ളത്. ഓരോ ശൈലികളെ കുറിച്ച് ചെറിയ വിവരണം നൽകാൻ ശ്രമിക്കാം…

Also read: 2007 ലാണ് ഞാൻ ഈജിപ്ത്‌ സന്ദർശിച്ചത്

ഖുർആൻ വളരെ സുന്ദരമായി എഴുതാൻ ഉപയോഗിക്കുന്ന എഴുത്ത് ശൈലിയാണ് അൽ ഖത്തു അൽ മബ്സൂത്വി, ഫിഖ്ഹീ ഗ്രന്ഥങ്ങൾ എഴുന്നതാവട്ടെ ഖത്തു മുജവ്ഹരിയിലും മബ്സൂത്വിയിലുമാണ്. ഖത്തു മുജവ്ഹരി പ്രധാനമായും ഉപയോഗിക്കുന്നത് കരാറുകൾ, ഉടമ്പടികൾ എന്നിവയ്ക്കാണ്. ഖത്തു സുലുസ് അൽ മഗ്രിബി ശൈലി ഖുർആൻ്റെ തലക്കെട്ടുകൾ എഴുതാൻ ഉപയോഗിച്ചു വരുന്നു. മറ്റൊന്ന് ഖത്തു നസ്ഹ് അത്തുനീസീ ശൈലിയാണ്. ഖുർആൻ എഴുതാൻ സാധാരണ ഉപയോഗിച്ചു വരുന്ന ശൈലിയാണ് ഖത്തു നസ്ഹ് അത്തുനീസീ.

ചോ: ഖത്തു സുലുസിനെകുറിച്ചും നസ്ഹിനെക്കുറിച്ചും പരാമർശിച്ചല്ലോ. അറബ് എഴുത്ത് ശൈലിയിലെ പൊതുവെ അംഗീകരിക്കപ്പെടുന്ന ഖത്തു സുലുസും നസ് ഹിൽ നിന്നും ഉത്തരാഫ്രിക്കയിലെ ഖത്തു നസ്ഹ് അത്തുനീസീയും ഖത്തു സുലുസ് അൽ മഗ്രിബി എങ്ങനെ വേറിട്ടു നിൽക്കുന്നുണ്ട്? എന്ത് കൊണ്ട് മേൽ പറഞ്ഞ പൊതുവെയും അംഗീകരിക്കപ്പെട്ട ഖത്തു സുലുസ് അതേ രീതിയിൽ ഉത്തരാഫ്രിക്ക പിൻപറ്റുന്നില്ലേ?

രണ്ട് ഖത്തുകളും താങ്കളുടെ മുമ്പിൽ കാണിച്ച് വിവരിച്ച് തരേണ്ടതും വളരെ ഗഹനവും ആഴത്തിലുള്ളതുമായ വിവരണം ആവശ്യമുള്ളതുമായ ചോദ്യമാണിത്. ചില പ്രധാന ഭാഗങ്ങൾ ഇവിടെ ഞാൻ പറഞ്ഞു വെക്കാം. ഖത്തു സുലുസിൻ്റെയും, ഖത്തു നസ്ഹിൻ്റെയും പൊതുവിൽ അംഗീകരിക്കപ്പെട്ട നിയമാവലികളിൽ നിന്ന് മാറി പോകാതെയും ഉത്തരാഫ്രിക്കൻ പാരമ്പര്യ കലാവൈവിധ്യങ്ങളെ തള്ളിപ്പറയാതെയും ഞങ്ങളുടെ എഴുത്തുകളിൽ കാണുന്ന വ്യത്യാസങ്ങൾ ലോക ഖത്താത്തികൾ അംഗീകരിച്ചതാണ്. ഇവിടെ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം ലോകത്ത് ഇസ്ലാമിക ഭരണകൂടങ്ങളുടെയും കലാവൈവിധ്യങ്ങളുടെയും സുവർണ്ണകാലങ്ങൾ കഴിഞ്ഞു പോയ മണ്ണാണ് ഞങ്ങളുടേത്. മൊറോക്കോയും ടുണീഷ്യയുമടങ്ങുന്ന ഉത്തരാഫ്രിക്ക തങ്ങളുടെ തനത് ശൈലികളെ മാറ്റി നിർത്തിയല്ല അറബി എഴുത്ത് ശൈലികളെ സ്വീകരിച്ചിട്ടുള്ളത്. ഒരു നാടിൻ്റെ സംസകാരം അവരുടെ കലകളെ സ്വാധീനിക്കുമ്പോഴാണ് കൂടുതൽ അഴകും പ്രചാരവും കലകൾക്ക് കൈ വരുന്നത്. ആ അർത്ഥത്തിൽ ഉത്തരാഫ്രിക്കയുടെ എഴുത്ത് ശൈലികൾ ലോകത്തെവിടെയും ഇതുവരെയും പാർശ്വവത്കരിക്കപ്പെട്ടിട്ടില്ല.

Also read: ഇസ്രയേൽ ലക്ഷ്യം വെക്കുന്നതെന്ത്?

ചോ: ഈയടുത്താണ് സൗദി സംസകാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ 2020 അറബി കലിഗ്രഫി വർഷമായി പ്രഖ്യാപിച്ചത്. ഇത്രയൊക്കെയാണെങ്കിലും അറബ് രാജ്യങ്ങൾ പരമ്പരാഗത അറബി ഖത്താതുകളെ തേടുന്നത് ഇപ്പോഴും ഉത്തരാഫ്രിക്കയിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ?

തീർച്ചയായും, ആ വസ്തുത പൂർണ്ണമായി നിഷേധിക്കാൻ ആർക്കും കഴിയില്ല. അതിനുള്ള കാരണങ്ങൾ നിരവധിയാണ്. ഇന്ന് ലോകത്ത് തന്നെ പരമ്പരാഗവും പൗരാണികവുമായ എഴുത്ത് ശൈലി പഠിപ്പിക്കപ്പെടുന്ന കേന്ദ്രങ്ങൾ കൂടുതലും ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലും തുർക്കിയിലുമാണ്. യഥാർത്ഥത്തിൽ ഇസ്ലാമിക കല വളർന്നു പന്തലിച്ച ഉറവകൾ തേടി നിങ്ങൾ പോവേണ്ടത് അറബ് രാജ്യങ്ങളിലല്ല, മറിച്ച് അവരു പോലും ഇസ്ലാമിക തനത് കലാവിഷ്കാരങ്ങൾക്കായി ആശ്രയിക്കുന്ന ഉത്തരാഫ്രിക്കൻ രാജ്യങ്ങളെയാണ് എന്ന് പറയുന്നതാവും ശരി. എങ്കിലും ചില അറബ് രാജ്യങ്ങളെങ്കിലും പൗരാണിക കലാവിഷ്കാരങ്ങളെ ജീവിപ്പിക്കുന്നതിൽ മുന്നിട്ടിറങ്ങിയത് ആശാവഹമാണ്.

ചോ: പക്ഷെ അപ്പോഴും അറബ് രാജ്യത്തെ പുതിയ രാഷ്ട്രീയ ചലനങ്ങൾ വീക്ഷിച്ചാൽ പാശ്ചാത്യവത്കരണത്തിലേക്ക് വേഗത്തിലുള്ള മാറ്റം നടന്നു കൊണ്ടിരിക്കുന്നുവെന്ന വസ്തുത വിസ്മരിക്കാവതല്ല. പാശ്ചാത്യവത്കരണത്തിലൂടെ തനത് ഇസ്ലാമിക കലകളുടെ അകാല ചരമം വരെ സംഭവിക്കാം ?

വളരെ പ്രസക്തമായ നിരീക്ഷണമാണ് താങ്കളുടേത്. നിലവിലെ സാഹചര്യത്തിൽ അറബ് ഭരണകൂടങ്ങൾ സ്വീകരിക്കുന്ന പാശ്ചാത്യ സംസകാരങ്ങൾ മറ്റു മുസ്ലിം രാജ്യങ്ങളിലേക്കും വ്യാപിക്കാൻ നിലവിലെ അവസ്ഥയിൽ സാധ്യത കൂടുതലാണ്. അവർ മാറി ചിന്തിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.

ഒരു കൗതുകത്തിനായുള്ള ചോദ്യമാണിത്. ലോകത്ത് ജീവിച്ച/ ജീവിക്കുന്ന പ്രഗത്ഭരായ മുഴുവൻ ഖത്താത്തികളും അവർ ജീവിച്ചിരിക്കെ ഖുർആൻ മുഴുവൻ സ്വന്തം കൈ കൊണ്ട് എഴുതാൻ പ്രതിജ്ഞ എടുത്തവരായിരിക്കും. താങ്കൾ ആ ഉദ്യമത്തിലേക്ക് ഇറങ്ങിയോ?

(ചിരിക്കുന്നു) ഓരോ ഖത്താത്തും ജീവിതത്തിൽ ആഗ്രഹിക്കുന്ന വലിയ സ്വപ്നങ്ങളിലൊന്നാണത്. ഒരു വ്യക്തി തന്നെ 60 വ്യത്യസ്ത ഖത്തുകളിൽ ഖുർആൻ എഴുതിയ നാടാണ് ഞങ്ങളുടേത്. സൂറ ബഖറയിൽ നിന്ന് തുടങ്ങിയ എൻ്റെ എഴുത്ത് ഇപ്പോൾ എത്തി നിൽക്കുന്നത് സൂറ: അൻഫാലിലാണ്. ഇൻശാ അല്ലാഹ് 8 മാസത്തിനകം പൂർത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് ഞാനുള്ളത്.

Also read: ലബനാനിലെ ആരോഗ്യമേഖല നൽകുന്ന സൂചന?

 ഇന്ത്യയുമായുള്ള താങ്കളുടെ ബന്ധം

നിരവധി മഹത്തുക്കളായ ഇസ്ലാമിക പണ്ഡിതന്മാരുടെ മണ്ണാണ് ഇന്ത്യയുടേതെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. എനിക്ക് അറിയുന്ന ഇന്ത്യയിൽ നിന്നുള്ള വ്യക്തികൾ ഒന്ന് പ്രശസ്ത അറബി ഖത്താത്ത് ഉസ്താദ് മുഖ്താർ നഖ്‌വിയും ഇപ്പോൾ താങ്കളുമാണ്. ഉസ്താദ് മുഖ്താർ നഖ് വിയുടെ സുലുസ് രീതിയിലുള്ള എഴുത്തുകൾ അതിസുന്ദരമാണ്.

പുതിയ തലമുറയോടുള്ള താങ്കളുടെ വാക്കുകൾ…

ഇസ്ലാമിൽ കലയുണ്ടെങ്കിൽ അത് എഴുത്താണ്. എഴുത്ത് വികസിച്ചുണ്ടായതാണ് മറ്റെല്ലാ കലാവിഷ്കാരങ്ങളും. അറബി എഴുത്തുകൾ അതിൻ്റെ നിയമാവലികൾ പാലിച്ച് ഉപയോഗിച്ചാൽ മറ്റു കലകളും അതോടൊപ്പം വളരുമെന്ന കാര്യത്തിൽ സംശയമില്ല.

( 1957 ൽ തൂനിസിലാണ് ഒമർ ജൊമ്നിയുടെ ജനനം. പരമ്പരാഗത അറബി കലിഗ്രഫിയിൽ തൻ്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ഇദ്ദേഹം. 1987 മുതൽ 2020 വരെയും നിരവധി എക്സിബിഷനിലൂടെ ലോക പ്രസിദ്ധ അറബി കലിഗ്രഫറുമാരോടൊപ്പം പേരെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ടുണീഷ്യയിലും പുറത്തും നിരവധി വേദികളിൽ നിന്ന് പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ടുണീഷ്യ, ഈജിപ്ത്, ഇറാഖ്, മൊറോക്കോ, തുർക്കി എന്നീ രാജ്യങ്ങളുടെ സാംസകാരിക കലാ സംരംഭങ്ങളിലെ അംഗം കൂടിയാണ് ഒമർ ജൊമ്നി)

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker