Current Date

Search
Close this search box.
Search
Close this search box.

മഹാസഖ്യം എന്‍.ആര്‍.സി.യെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല!

അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) ബീഹാര്‍ തിരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. സീമാഞ്ചല്‍ മേഖലയിലെ 24ല്‍ 5 സീറ്റുകള്‍ അവര്‍ വിജയിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ വിമര്‍ശകര്‍ ഉവൈസിയെ വോട്ട് നഷ്ടപ്പെടുത്തിയവനെന്ന് വ്യാപകമായി ആരോപിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് എ.ഐ.എം.ഐ.എമ്മിനെ ബി.ജെ.പിയുടെ ബി ടീം എന്ന് വിശേഷിപ്പിച്ച് കഴിഞ്ഞു. ബീഹാറിലെ എ.ഐ.എം.ഐ.എമ്മിന്റെ വളര്‍ച്ചാ ഗ്രാഫ്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് ഉള്‍പ്പെടെയുളള മറ്റ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലെ സാധ്യതകള്‍, വോട്ടുകള്‍ വിഭജിക്കാന്‍ തന്റെ പാര്‍ട്ടി സഹായിച്ചുവെന്ന വിമര്‍ശകരുടെ ആരോപണം എന്നിവയെക്കുറിച്ച് ഉവൈസി ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിക്കുന്നു.

ബീഹാറിലെ അഞ്ച് സീറ്റുകള്‍ എ.ഐ.എം.ഐ.എം നേടിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലും 2019 ലോക്‌സഭാ തെരെഞ്ഞെടുപ്പിലും നിങ്ങള്‍ മത്സരിച്ചെങ്കിലും സീറ്റുകളൊന്നും നേടാനിയിരുന്നില്ല. പിന്നീട് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ നിങ്ങള്‍ ഒരു അസംബ്ലി സീറ്റ് നേടി. ബീഹാറിലെ നിങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ചയെ എങ്ങനെ വിലയിരുത്തുന്നു?

നിങ്ങള്‍ പറഞ്ഞത് തികച്ചും ശരിയാണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഞങ്ങള്‍ പരാജയപ്പെട്ടതിനുശേഷം, അഞ്ച് വര്‍ഷങ്ങളിലായി ഞങ്ങള്‍ സീമാഞ്ചലില്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു. സീമാഞ്ചലില്‍ മാത്രമല്ല ഞങ്ങളുടെ ഓര്‍ഗനൈസേഷനെയും മറ്റു മേഖലകളെയും ഞങ്ങള്‍ വലിയരീതിയില്‍ ശക്തിപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് മൂന്ന് ലക്ഷം വോട്ടുകള്‍ ലഭിച്ചു. ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഞങ്ങള്‍ മൂന്നാം സ്ഥാനത്തെത്തി. കിഷന്‍ഗഞ്ചില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയച്ചു. അതിനാല്‍, അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ എത്രയോ മികച്ച രൂപത്തിലാണ് ഓര്‍ഗനേസഷന്റെ കാര്യത്തിലായാലും ദൃശ്യപരതയുടെ അടിസ്ഥാനത്തിലായാലും നമ്മള്‍ നിലകൊള്ളുന്നത്. കൂടാതെ വെള്ളപ്പൊക്കം വന്നപ്പോള്‍ ഞങ്ങള്‍ പല മെഡിക്കല്‍ ക്യാമ്പുകളും നടത്തി. കുടിയേറ്റ തൊഴിലാളികള്‍ ക്വാറന്റൈന്‍ സെന്ററുകളില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചപ്പോള്‍ നമ്മുടെ പ്രവര്‍ത്തകര്‍ അവരെ സന്ദര്‍ശിച്ച് വേണ്ട സഹായങ്ങള്‍ ചെയ്തു. അതിനാല്‍, അടിസ്ഥാനപരമായി ഈ വിജയം മികച്ച ഒരു ടീം വര്‍ക്കിന്റെ ഫലമാണ്. ഞങ്ങള്‍ക്ക് വോട്ട് ചെയ്തതിന് ബീഹാറിലെ ജനങ്ങളോട്, പ്രത്യേകിച്ച് സീമാഞ്ചല്‍ ജനതയോട് ഞങ്ങള്‍ നന്ദി പറയുന്നു.

നിങ്ങള്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനെതിരെയാണ് പോരാടിയത്. ഫലത്തില്‍, അവസാനറിസള്‍ട്ട് പുറത്ത് വരുമ്പോള്‍ എന്‍.ഡി.എ തിരിച്ചെത്തിയിരിക്കുന്നു. സഖ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ഇത്തവണ ബി.ജെ.പി. ആര്‍.ജെ.ഡി-കോണ്‍ഗ്രസ്സ്-ലെഫ്റ്റ് പോലെ നിങ്ങളും പ്രതിപക്ഷത്തായിരുന്നു. ഈ ഫലത്തെ നിങ്ങള്‍ എങ്ങനെ വിശദീകരിക്കും?

എന്തുകൊണ്ടാണ് ഞാന്‍ മാത്രം വിശദീകരിക്കേണ്ടി വരുന്നത്? ഞാന്‍ എന്തിന് വിശദീകരിക്കണം? 15 വര്‍ഷത്തോളമായി ഭരിക്കുന്ന പാര്‍ട്ടിയാണ് അത് വിശദീകരിക്കേണ്ടത്, വര്‍ഷങ്ങളോളം ഭരിച്ച കോണ്‍ഗ്രസ്സാണ് അത് വിശദീകരിക്കേണ്ടത്? ഈ മാറാപ്പ് ചുമക്കേണ്ടവന്‍ ഞാന്‍ മാത്രമല്ല!

Also read: ബീഹാര്‍ തെരഞ്ഞെടുപ്പ് – തിരുത്തേണ്ട ധാരണകള്‍

ഫലങ്ങള്‍ എങ്ങനെ വിശകലനം ചെയ്യും എന്നതായിരുന്നു ചോദ്യം. എനിക്ക് എങ്ങനെ സമ്പൂര്‍ണമായി വിശകലനം ചെയ്യാന്‍ കഴിയും? അവര്‍ വിശകലനം ചെയ്യണം. ഫലം നമ്മുടെ മുന്നിലുണ്ട്. ഞാന്‍ എന്റെ പാര്‍ട്ടിയുടെ ബലഹീനതകളും നേട്ടങ്ങളും ആത്മപരിശോധന നടത്തും. ഞങ്ങള്‍ ആകെ മത്സരിച്ചത് 21 സീറ്റുകളില്‍ മാത്രമാണ്. 70 സീറ്റുകളിലോ 140 സീറ്റുകളിലോ മത്സരിച്ച മറ്റു രാഷ്ട്രീയപാര്‍ട്ടികളാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത്. ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഞങ്ങള്‍ ആകെ മത്സരിച്ചത് 21 സീറ്റുകളില്‍ മാത്രമാണ്. സഖ്യത്തിനും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുമായി ഞങ്ങള്‍ മികച്ച രീതിയില്‍ പരിശ്രമിച്ചു. ഞങ്ങള്‍ക്ക് അഞ്ച് സീറ്റുകള്‍ നേടാനും കഴിഞ്ഞു.

നിങ്ങളുടെ സഖ്യ പങ്കാളികള്‍ക്ക് എന്ത് സംഭവിച്ചു? ഒരു സീറ്റ് നേടിയ ബി.എസ്.പി ഒഴികെ മറ്റുള്ളവര്‍ക്ക് ഒന്നും നേടാനായില്ല?

അതെ, അവര്‍ക്ക് ജയിക്കാന്‍ കഴിയാത്തതില്‍ വളരെ സങ്കടമുണ്ട്. എന്നാല്‍ ഇത് ജനങ്ങളുടെ വിധി ആണ്. അതിനാല്‍ അത് ഞങ്ങള്‍ സ്വീകരിച്ചേ മതിയാവൂ.

പ്രതിപക്ഷത്തോടുള്ള നിങ്ങളുടെ സന്ദേശം എന്താണ്?
ഏത് പ്രതിപക്ഷത്തെക്കുറിച്ചാണ് നിങ്ങളീ ചോദിക്കുന്നത്? എല്ലാവരും ഇപ്പോള്‍ എന്നെ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ ഏത് പ്രതിപക്ഷത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല.

ബി.ജെ.പിയെ എതിര്‍ക്കുന്ന മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍? ബീഹാറില്‍ അത് ആര്‍.ജെ.ഡിയും കോണ്‍ഗ്രസ്സും ഇടതുപക്ഷവുമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും ധാരാളം പാര്‍ട്ടികള്‍ ഉണ്ട്.

എന്റേതെല്ലാത്ത മറ്റേതൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും ബന്ധങ്ങളെക്കുറിച്ചോ ആഭ്യന്തരകാര്യങ്ങളെക്കുറിച്ചോ ഞാന്‍ പ്രതികരിക്കാറില്ല. എന്നെ സംബന്ധിച്ചെടുത്തോളം, എന്റെ പാര്‍ട്ടിയെ സംബന്ധിച്ചെടുത്തോളം, ഞങ്ങള്‍ ആത്മപരിശോധന നടത്തും, ഞങ്ങളുടെ തെറ്റുകള്‍ തിരുത്തും, ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം നേടിയെടുക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. അങ്ങനെ മുന്നോട്ട് കുതിക്കും.

മറ്റുരാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ച് അവരാണ് ഉത്തരം നല്‍കേണ്ടത്. എന്ത്‌കൊണ്ടാണ് അവര്‍ വിജയിക്കാത്തതെന്നതിനെക്കുറിച്ച് അവര്‍ വിലയിരുത്തട്ടെ. പക്ഷെ, ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാം. ഒരു പൊതുയോഗത്തില്‍ കാണികളെ കണ്ടതിന് ശേഷം നിങ്ങള്‍ ഒരിക്കലും ഒരു അഭിപ്രായം രൂപപ്പെടുത്തരുത്. കാരണം, ഒരു പൊതുയോഗത്തില്‍, പ്രത്യേകിച്ച്, ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ ജനക്കൂട്ടം വലിയതോതില്‍ കൂടിയത് കൊണ്ട് അത് മുഴുവന്‍ വോട്ടായി മാറുമെന്നതിന് യാതൊരു ഉറപ്പുമില്ല. എനിക്കും പാര്‍ട്ടിക്കും ഞാന്‍ കണ്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് അതാണ്. ആള്‍ക്കൂട്ടമുണ്ടാകുന്നത് മറ്റൊരു കാര്യമാണ്. അവരെക്കൊണ്ട് കൈയ്യടിപ്പിക്കാനും മുദ്രാവാക്യം വിളിപ്പിക്കാനും പ്രസംഗം കൊണ്ട് അവരെ പിടിച്ചിരുത്താനുമൊക്കെ സാധിക്കും. പക്ഷെ, അത് വോട്ടുകളായി പരിവര്‍ത്തനം ചെയ്യുക എന്നത് ഹിമാലയന്‍ വെല്ലുവിളിയാണ്.

നിങ്ങളാണ് വോട്ടുകള്‍ വിഭജിച്ചതെന്ന് മറ്റു പാര്‍ട്ടികള്‍ പറയുന്നു. ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് ഒരു വിധത്തില്‍ സംഭവാന നല്‍കി എന്ന ഈ ആരോപണത്തോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?

എന്ത്‌കൊണ്ടാണ് ഈ ചോദ്യം എന്നോട് എല്ലാ പത്രപ്രവര്‍ത്തകരും ചോദിക്കുന്നത്. എന്തായിരുന്നു കോണ്‍ഗ്രസ്സിന്റെ റോള്‍? 70 സീറ്റുകളില്‍ മത്സരിച്ച അവര്‍ക്ക് എന്തുകൊണ്ടായിരുന്നു പലയിടത്തും വിജയിക്കാന്‍ കഴിയാതിരുന്നത്? എന്ത്‌കൊണ്ടാണ് ഈ ചോദ്യങ്ങള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയോട് ആരും ചോദിക്കാത്തത്? 70 സീറ്റുകളില്‍ മത്സരിച്ച അവരോട് ആരും ഒരു ചോദ്യവും ചോദിക്കുന്നില്ല. ആര്‍.ജെ.ഡിയോട് ഒരു ചോദ്യവും ചോദിക്കുന്നില്ല. പക്ഷെ, ചോദിക്കുന്നത് മുഴുവന്‍ എ.ഐ.എം.ഐ.എം നെക്കുറിച്ചും സീമാഞ്ചലിനെക്കുറിച്ചും മാത്രമാണ്. ചോദ്യം ചോദിക്കുന്ന ആളുകളില്‍ അന്തര്‍ലീനമായിക്കിടക്കുന്ന പക്ഷപാതത്തെയാണ് ഇത് വ്യക്തമാക്കുന്നത്.

Also read: കുട്ടികളുടെ ശിക്ഷണത്തിന് പത്ത് കാര്യങ്ങള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ, ഭാഗ്യവശാല്‍ ഞങ്ങള്‍ക്കിവിടെ ഉത്തരകൊറിയെയെപ്പോലെയോ സിറിയയെപ്പോലെയോ ഉള്ള ജനാധിപത്യമല്ല നിലനില്‍ക്കുന്നത്. അവിടങ്ങളിലൊക്കെ രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളെ മാത്രമേ മത്സരിക്കാന്‍ അനുവദിക്കുകയുള്ളൂ, ഒരു പാര്‍ട്ടിക്ക് 98 ശതമാനവും പ്രതിപക്ഷത്തിന് 2 ശതമാനവും വോട്ട് കാണിക്കുന്നു. എന്നാല്‍, ഇവിടെ അങ്ങനെയല്ല, അതിനാല്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാം.

ഈ ചോദ്യം ചോദിക്കുന്നതിലൂടെയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലൂടെയും എനിക്ക വോട്ട് ചെയ്ത ആളുകളെയും, കൊറോണ ഉണ്ടായിരുന്നിട്ടും വോട്ടുചെയ്യാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നിരുന്ന ആളുകളെയും നിങ്ങള്‍ അപമാനിക്കുകയാണ്.

ഞങ്ങളുടെ ഒരേയൊരു ജോലി നിങ്ങള്‍ക്ക് വോട്ടു ചെയ്യുക, നിങ്ങളുടെ മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുക എന്നത് മാത്രമാണ്. അത് പൂര്‍ണമായും പ്രഹസനമാണ്. ഞങ്ങള്‍ കേവലം വോട്ടിംഗ് മെഷീനുകള്‍ മാത്രമാണെന്നാണ് നിങ്ങള്‍ കരുതുന്നത്.

അവര്‍ എല്ലാ അപകടസാധ്യതകളും ഏറ്റെടുത്ത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് വോട്ട് ചെയ്തു. ജനാധിപത്യത്തില്‍, ജനങ്ങളുടെ ശബ്ദവും വോട്ടുമാണ് പ്രധാനമാണ്. അതിനാല്‍, നിങ്ങള്‍ വിജയിച്ചു, നിങ്ങള്‍ തോറ്റു എന്ന് പറുന്നത് തികച്ചും അപമാനകരമാണ്. പരാജയത്തിന്റെ പേരില്‍ എന്നെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ്സ് മനസ്സിലാക്കേണ്ടത് എങ്ങനെയാണ് അവര്‍ക്ക് സീറ്റുകള്‍ നഷ്ടമായത്? കോണ്‍ഗ്രസ്സിനെതിരെ രണ്ട് സീറ്റുകളിലാണ് ഞങ്ങള്‍ വിജയിച്ചത്. കോണ്‍ഗ്രസ്സ് മത്സരിച്ച 70 സീറ്റുകളില്‍ പരാജയപ്പെട്ട ബാക്കി 49 സീറ്റുകള്‍ എങ്ങനെയാണ് കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത്? ആ 49 സീറ്റുകള്‍ വിജയിച്ചത് ആരാണ്. നമ്മുടെ കിഷന്‍ഗഞ്ച് സീറ്റില്‍ കോണ്‍ഗ്രസ്സ് വിജയിച്ചു. അപ്പോള്‍ അവിടെ വോട്ട് കട്ടിംഗ് നടന്നിട്ടില്ലേ..!

ആര്‍.ജെ.ഡി എല്ലായിപ്പോഴും മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യം വെച്ചിട്ടുണ്ട്. അവിടെ മുസ്‌ലിം വോട്ട് ബാങ്ക് ഉണ്ടെന്ന് കോണ്‍ഗ്രസ്സും വിശ്വസിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ അഞ്ച് സീറ്റുകള്‍ നേടിയിട്ടുണ്ട്. അത് ഒരു വിഭാഗം മുസ്‌ലിം വോട്ടുകള്‍ നിങ്ങളിലേക്ക് നിങ്ങിയിട്ടുണ്ടെന്ന് കാണിക്കുന്നു. എന്ത്‌കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നാണ് നിങ്ങള്‍ കരുതുന്നത്?

ആര്‍.ജെ.ഡിയുടെ ഏറ്റവും മുതിര്‍ന്ന നേതാവായ അബ്ദുല്‍ ബാരി സിദ്ദിഖി ദര്‍ബംഗ ജില്ലയിലെ കിയോട്ടിയില്‍ തോറ്റത് എന്തുകൊണ്ടാണ്? എന്‍.ഡി.എ.യില്‍ നിന്നുള്ള ഒരു യാദവ് സ്ഥാനാര്‍ഥിയോടാണ് അദ്ദേഹം തോല്‍ക്കുന്നത്. എങ്ങനെയാണ് അത് സംഭവിച്ചത്? 2015ലെ നിയമസഭയില്‍ 57 യാദവ് എം.എല്‍.എമാരുണ്ടായിരുന്നുവെന്നതിനെ നിങ്ങള്‍ എങ്ങനെ വിശദീകരിക്കും? അതേസമയം, അവരുടെ ജനസംഖ്യ 14 ശതമാനം മാത്രമായിരുന്നു. ഇത്തവണ ആര്‍.ജെ.ഡി ആറിലേക്ക് ചുരുങ്ങി. എങ്ങനെയാണ് ആര്‍.ജെ.ഡിയുടെ എണ്ണം കുറഞ്ഞത്. ഇതെല്ലാം അവര്‍ ചെയ്യുന്ന വ്യാജരാഷ്ട്രീയത്തിന്റെ ഫലമാണ്.

Also read: പ്രണയവും മത പരിത്യാഗവും

മുസ്‌ലിംകള്‍ മാത്രമല്ല, അമുസ്‌ലിംകളും ദലിതരുമെല്ലാം ഈ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ എല്ലായിടത്തും ഞങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ അറിയണം. കാരണം ഞങ്ങള്‍ മതേതര മുന്നണി സഖ്യത്തിന്റെ ഭാഗമാണ്. നിങ്ങള്‍ ഒരു സഖ്യത്തിന്റെ ഭാഗമാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ടതും അവരെ പിന്തുണയ്ക്കുന്ന ആളുകളുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നിങ്ങള്‍ക്ക് തീര്‍ച്ചയായും വോട്ടുകള്‍ ലഭിക്കും.

എന്നാല്‍ നിങ്ങളുടെ സഖ്യം ബീഹാറിലെ മറ്റു ഭാഗങ്ങളില്‍ സീറ്റുകള്‍ നേടിയില്ല..അത് എന്താണ് വ്യക്തമാക്കുന്നത്?

വിജയിക്കാനായില്ല എന്നത് മറ്റൊരു കാര്യമാണ്. പക്ഷെ, ഞങ്ങള്‍ക്ക് വോട്ടുകള്‍ ലഭിച്ചു എന്നതാണ് വാസ്തവം. വോട്ട് ലഭിച്ചില്ലെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. ഞങ്ങള്‍ ആഗ്രഹിച്ചതനുസരിച്ച് ഫലം വന്നില്ലെന്നത് ശരിതന്നെ. പക്ഷെ, എനിക്ക് ആര്‍.എല്‍.എസ്.പി, ബി.എസ്.പി അല്ലെങ്കില്‍ ദേവേന്ദ്ര യാദവിന്റെ പാര്‍ട്ടിയുടെ വോട്ടുകള്‍ ലഭിച്ചില്ലെന്ന് പറയാന്‍ കഴിയില്ല.

മതേതര പാര്‍ട്ടിയെന്ന് വിളിക്കപ്പെടുന്ന മുഖ്യധാരയോട് മുസ്‌ലിം സമുദായത്തിന് അസംതൃപ്തിയുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഈ തെരെഞ്ഞെടുപ്പ് പ്രചരണത്തിലെവിടെയും മഹാസഖ്യത്തിലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍സി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല. പൂര്‍ണ നിശബ്ദതയായിരുന്നു അവര്‍ കൈകൊണ്ടിരുന്നത്. പക്ഷെ എന്തിനായിരുന്നു അത്? നമ്മള്‍ അതിനെക്കുറിച്ച് സംസാരിച്ചാല്‍ ബി.ജെ.പിക്ക് ഒരു നേട്ടം ലഭിക്കും എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. എന്നിട്ട് ഇപ്പോള്‍ എന്താണ് സംഭവിച്ചത്? ഫലങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

Also read: പരമ്പരാഗത അറബി കലിഗ്രഫിയില്‍ ചുവടുറപ്പിച്ച് ഉത്തരാഫ്രിക്ക

”ഞങ്ങളുടെ രാജ്യത്തെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലൊന്നായ സീമാഞ്ചലിന്റെ വികസനത്തെക്കുറിച്ച് നിങ്ങള്‍ സംസാരിക്കരുത്. നിങ്ങള്‍ വോട്ട് നല്‍കുന്നുവെന്ന് പറയുന്നു… പുറംനാട്ടുകാരനായ ഒവൈസിയെ നിങ്ങള്‍ പിന്തുണയ്ക്കരുത്.. അവന്‍ ബി ടീം ആണ്, സി ടീം ആണ് ”. ആളുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ അതിന് പരിഹാരം കാണാതെ നിങ്ങള്‍ പറയുന്ന ഏത് കാര്യവും അണ്ണാക്ക് തൊടാതെ വിഴുങ്ങുമെന്നാണ് നിങ്ങള്‍ കരുതുന്നത്. ആളുകള്‍ അന്ധമായി നിങ്ങളെ പിന്തുടരുമെന്നും നിങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും നിങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നു.

ഇന്ത്യ വൈവിധ്യപൂര്‍ണമായ രാജ്യമാണെന്നും, ഇവിടെ ബഹുസ്വരതയുണ്ടെന്നും ജനാധിപത്യസംവിധാത്തില്‍ ആ ബഹുസ്വരത ആഘോഷിക്കപ്പെടണമെന്നും ഇവിടെയുള്ള ആളുകള്‍ക്ക് തിരിച്ചറിവുണ്ട്. എങ്ങനെയാണ് അത് സാധ്യമാവുന്നത്. ഓരോ സമുദായത്തിനും ജാതിക്കും തുല്യപ്രാതിനിധ്യം ലഭിക്കുമ്പോള്‍ അത് സംഭവിക്കും. ബീഹാറിലെ മുസ്‌ലിം രാഷ്ട്രീയ പ്രാതിനിധ്യം നോക്കിയാല്‍ ഇപ്പോള്‍ 18 എം.എല്‍.എമാര്‍ മാത്രമാണ് വിജയിച്ചത്. പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ച് അത് എന്താണ് പറഞ്ഞുതരുന്നത്. നിങ്ങള്‍ക്ക് ഒരു മുസ്‌ലിം ശബ്ദമില്ല. മുസ്‌ലിം ശബ്ദത്തെ പരിപോഷിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. ഞങ്ങള്‍ കേവലം വോട്ടിംഗ് മെഷീനുകള്‍ മാത്രമാണെന്നാണ് നിങ്ങള്‍ അനുമാനിക്കുന്നത്.

ഞങ്ങളുടെ ഒരേയൊരു ജോലി നിങ്ങള്‍ക്ക് വോട്ടു ചെയ്യുക, നിങ്ങളുടെ മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുക എന്നത് മാത്രമാണ്. അത് പൂര്‍ണമായും പ്രഹസനമാണ്. യഥാര്‍ഥത്തില്‍ മതേതരത്വം എന്താണെന്നതുമായി പോലും ഇത് ബന്ധപ്പെടുന്നില്ല. അതുകൊണ്ടാണ് അസംതൃപ്തി നിലനില്‍ക്കുന്നത്. അതുകൊ്ണ്ടാണ് ഈ സമുദായങ്ങള്‍ക്കുള്ളില്‍ ഒരു രാഷ്ട്രീയ നേതൃത്വത്തിനായി വലിയ ആഗ്രഹവും ഉണ്ടാവുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ കാപട്യം നമുക്ക് വ്യക്തമായി കാണാന്‍ കഴിയുന്നതാണ്. നിങ്ങള്‍ ശിവസേനയ്‌ക്കൊപ്പം ഇരിക്കുന്നു… മഹാരാഷ്ട്രാ തെരെഞ്ഞെടുപ്പ് വേളയിലുള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ എല്ലാ പ്രസംഗങ്ങളും നിങ്ങള്‍ പുറത്തെടുത്ത് നോക്കൂ.. എല്ലായിടത്തും അവര്‍ പറഞ്ഞത്, ബി.ജെ.പിയെയും ശിവസേനയേയും അവസാനിപ്പിക്കേണ്ടതുണ്ടെങ്കില്‍ ഉവൈസിക്ക് വോട്ട് നല്‍കരുതെന്നാണ്. എന്നിട്ട്, തിരെഞ്ഞെടുപ്പിന് ശേഷം ശിവസേനയുമായി മധുരവിതരണം നടത്തുന്നു. ഇത് കാപട്യത്തിന്റെ അങ്ങേയറ്റമാണ്. ആരാണ് മതേതരന്‍? ആരാണ് സാമുദായികന്‍? എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുന്നു. സോ കാള്‍ഡ് ലിബറലുകളും സെക്കുലറിസ്റ്റുകളുമെല്ലാം മതേതരത്വത്തിന്റെ പേരില്‍ എല്ലാത്തിനേയും ന്യായീകരിക്കാന്‍ മുന്നോട്ടുവരുന്നു. എന്താണിത്? നമിഷങ്ങള്‍ക്കുള്ളില്‍ അഭിപ്രായങ്ങള്‍ മാറിമറിയുന്നു. അതിനാല്‍ അത് എന്നെ ദുര്‍ബലപ്പെടുത്തുന്നില്ല. അത് നിങ്ങളെ തുറന്ന് കാട്ടുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതാണ്.

ഇപ്പോള്‍ ബീഹാറില്‍ സീറ്റുകള്‍ നേടുന്നതില്‍ നിങ്ങള്‍ വിജയിച്ചു. നേരത്തെ മഹാരാഷ്ട്രയിലും നിങ്ങള്‍ സാന്നിധ്യമറിയിച്ചിരുന്നു. അടുത്ത റൗണ്ട് നിയമസഭാ തിരെഞ്ഞെടുപ്പ് പശ്ചിമബംഗാള്‍, അസം, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ്. ഇവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

ഞാന്‍ കേരളത്തിലേക്കും ആസാമിലേയ്ക്കും പോകില്ലെന്ന് വ്യക്തമായി മുമ്പ തന്നെ പറഞ്ഞിട്ടുണ്ട്. അവിടെ പോയി, അസമിലെ എ.ഐ.യു.ഡി.എഫിനെയും കേരളത്തിലെ ഐ.യു.എം.എല്ലിനെയും ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും എനിക്ക് ശക്തമായ സമ്മര്‍ദ്ദമുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധി സംഘങ്ങള്‍ വരാത്ത ഒരു മാസം പോലും കടന്നുപോയിട്ടില്ല. പക്ഷെ, ഞാന്‍ അവരെ അനാവശ്യമായി ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഐ.യു.എം.എല്‍ നേതാക്കാള്‍ എനിക്കെതിരെ ഏത് ഭാഷയില്‍ വിമര്‍ശിച്ചാലും എ.ഐ.യു.ഡി.എഫ് എനിക്കെതിരെ ഏത് ഭാഷയില്‍ സംസാരിച്ചാലും ഞാന്‍ അവിടെ പോകില്ല. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പക്ഷെ, വെസ്റ്റ് ബംഗാളിലും യു.പി.യിലും ഞങ്ങള്‍ തീര്‍ച്ചയായും പോകും. അതിലെന്താണ് തെറ്റ്?

Also read: സ്ത്രീകളോടുള്ള ആദരവ്

തെറ്റൊന്നുമില്ല, നിങ്ങളുടെ പദ്ധതികളെക്കുറിച്ചാണ് ചോദ്യം.

എന്റെ അഭിപ്രായത്തില്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ നാം തിരെഞ്ഞെടുപ്പില്‍ മത്സരിക്കണം. ജനാധിപത്യം ശക്തിപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച്, നമ്മുടെ രാജ്യത്ത് സ്വേച്ഛാധിപത്യവും ഫാസിസവും വളരുകയാണെന്ന് ആളുകള്‍ പറയുമ്പോള്‍ തിരെഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിക്കുകയാണ്. അപ്പോഴാണ് ആളുകളുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നത്. അതിനാല്‍ ആരെന്ത് എതിര്‍പ്പ് പ്രകടിപ്പിച്ചാലും അതിനുള്ള ഏറ്റവും നല്ല മാര്‍ഗം തിരെഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് തന്നെയാണ്.

നിങ്ങളുടെ പാര്‍ട്ടിക്ക് ബംഗാളില്‍ ഒരു സ്‌പേസ് കാണുന്നുണ്ടോ?

സ്‌പേസ് നമ്മള്‍ ക്രിയേറ്റ് ചെയ്യേണ്ടതാണ്. ഞാന്‍ എന്റെ ബംഗാള്‍ യൂനിറ്റുമായി സംസാരിക്കും. ഞാന്‍ അവരുടെ അഭിപ്രായം ആരായും. തിരെഞ്ഞെടുപ്പില്‍ പോരാടുന്നതില്‍ അവര്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും മത്സരിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും.

വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര

Related Articles