Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ വിവേചനത്തിനെതിരെ  വിശുദ്ധ ഖുര്‍ആന്‍റെ ‘മഖാസിദീ’ വായന ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

രുപതാം നൂറ്റാണ്ടിന്റെ തുടക്കം മതുല്‍ തുനീഷ്യന്‍ പരിഷ്‌കരണ പ്രസ്ഥാനം, അറബ്-ഇസ്‌ലാമിക സമൂഹത്തിന്റെ പുരോഗതിയുടെ അനിവാര്യ മാര്‍ഗമായി, പുരുഷന്മാരുമായുള്ള സാമൂഹികവും രാഷ്ട്രീയവുമായ പോരാട്ട രംഗത്തേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തെ കാര്യമായി പരിഗണിച്ചിരുന്നു. ‘അന്നഖ്ബ വല്‍ഹുര്‍റിയ്യ: തൂനുസ് ഫിസ്സുലുസില്‍ അവ്വല്‍ മിനല്‍ ഖര്‍നില്‍ ഇശ്‌രീന്‍’ എന്ന പുസ്തകത്തില്‍ ജമാലുദ്ധീന്‍ ദരാവീല്‍ പറയുന്നതുപോലെ, സ്ത്രീകളുടെ പ്രശ്‌നവും ഇസ്‌ലാമിലെ അവരുടെ സ്ഥാനവും തൂനിഷ്യയിലും പുറത്തും ബൗദ്ധികവും രാഷ്ട്രീയവും നിയമപരവുമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചുകൊണ്ടിരിക്കുകയാണ്.

‘ജെന്‍ഡര്‍ ഐഡന്റിറ്റി’ ഉള്‍കൊള്ളുന്ന ഫെമിനിസ്റ്റ് സംഘടനകളുടെ ആരോപണങ്ങള്‍ക്കും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായുള്ള സ്വത്വ സംഘര്‍ഷങ്ങള്‍ക്കും പുറമേ, ആണത്ത മനോഗതിയും ആചാരങ്ങളും കൂടിക്കലര്‍ന്ന നിഷേധാത്മക പ്രിതിനിധാനങ്ങളുടെ വലിയൊരു ഭാഗം ഇപ്പോഴുമുണ്ട്. ഇതിനെ ഫത്‌വ പുറപ്പെടുവിക്കുന്നതിനുള്ള ഫിഖ്ഹ് (കര്‍മശാസ്തം) ആയാണ് കാണുന്നത്. ഇത്, അറബ്-ഇസ്‌ലാമിക സമൂഹത്തിലെ സ്ത്രീകളെ നിസാരമായി, മോശമായി കാണുന്ന കാഴ്ചപ്പാടിനെ ബലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ഈ പശ്ചാത്തലത്തില്‍, ഇസ്‌ലാമിക കര്‍മശാസ്ത്ര വ്യവസ്ഥയില്‍ ആഴ്ന്നിറങ്ങുകയും ‘മഖാസിദീ’ (ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചുള്ള) വായനകള്‍ തേടുകയും ചെയ്യുന്നത് പ്രധാനമാണ്. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് തുനീഷ്യയിലെ അസ്സൈത്തൂന സര്‍വകലാശാലയിലെ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍സ് ഓഫ് റിലീജയനിലെ ഖുര്‍ആന്‍ സയന്‍സസ് ആന്‍ഡ് ഇന്റര്‍പ്രെട്ടേഷന്‍ പ്രൊഫസര്‍ ഡോ. മുന്‍ജിയ അസ്സുവൈഹി. ഈ സംഭാഷണം വൈരുധ്യങ്ങളില്ലാത്ത പുതിയ ഇജ്തിഹാദുകളും (ഗവേഷണങ്ങളും) മഖാസിദീ ശരീഅയുമായും (ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍) ബന്ധപ്പെട്ടതാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ഏത് തരത്തിലുള്ള വിവേചനങ്ങളെയും ചെറുക്കുന്ന മനുഷ്യാവകാശ ചാര്‍ട്ടറുകള്‍ക്കും അന്താരാഷ്ട്ര കരാറുകള്‍ക്കുമൊപ്പം ചേര്‍ന്നുനില്‍ക്കുന്നതാണ്.

(ഡോ. മുന്‍ജിയ്യ അസ്സുവൈഹിയുമായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അല്‍ഹുസൈന്‍ ബിന്‍ ഉമര്‍ നടത്തിയ അഭുമുഖം)

ചോദ്യം: പ്രൊഫസര്‍, നമസ്‌കാരം. സ്ത്രീകളെ നിസാരവത്കരിക്കുന്ന കാഴ്ചപ്പാടും അവര്‍ക്കെതിരായ അതിക്രമങ്ങളും നമ്മുടെ അറബ്-ഇസ്‌ലാമിക സമൂഹത്തില്‍ മാത്രമാണോ ഉള്ളത്?

മറുപടി: ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്. നീതിയുക്തമായി പറയുകയാണെങ്കില്‍, അറബ്-മുസ്‌ലിം സമൂഹത്തിലെ സ്ത്രീകള്‍ മാത്രമല്ല ദുരിതം അനുഭവിക്കുന്നത്. ഇത് അപവാദമായി കാണാനും കഴിയില്ല. ലോകത്ത് പുരാതന കാലം മുതല്‍ ഇന്നുവരെയും സ്ത്രീകള്‍ സാമൂഹിക, സാമ്പത്തിക വ്യവസ്ഥയുടെ അധികാര ബോധത്തിന്റെ അനീതി മൂലം ദുരിതം നേരിടുന്നുണ്ട്. പല സമൂഹങ്ങളും പുരോഗമിച്ചിട്ടും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധങ്ങള്‍ക്കും സായുധ സംഘട്ടനങ്ങള്‍ക്കും പുറമേ സ്ത്രീകളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയാണ്. അവരെ കുറിച്ച് കൂടുതല്‍ പഠനവും അവര്‍ക്ക് കൂടുതല്‍ പിന്തുണയും ആവശ്യമാണ്. തങ്ങളുടെ പൂര്‍ണമായ അവകാശങ്ങള്‍ നേടിയെടുക്കാനും അറബ് ബോധത്തില്‍ കുടികൊളളുന്ന വാര്‍പ്പ് മാതൃകകളെ മാറ്റിപ്പണിയാനും സ്ത്രീകളുടെ അവകാശങ്ങളുടെയും പോരാട്ടങ്ങളുടെയും വഴിയില്‍ പ്രതിബന്ധമാകുന്ന പരമ്പരാഗത ഘടനകളെ വിമര്‍ശിക്കേണ്ടത് അനിവാര്യമാണ്.

ചോദ്യം: എന്നാലിവിടെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാം കൊണ്ടുവന്നതും അറബ് ബോധത്തിലുള്ളതും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പലരും ആലോചിക്കുന്നുണ്ടാകും?  

മറുപടി: നിര്‍ഭാഗ്യവശാല്‍, ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പ്രാരംഭ കാലത്ത് ഇസ്‌ലാം വിശുദ്ധ ഖുര്‍ആനിലൂടെയും ഹദീസിലൂടെയും കൊണ്ടുവന്നത് കേവലം ഒരു പുതിയ മതത്തെയായിരുന്നില്ല. സാമൂഹിക, സാമ്പത്തിക വ്യവസ്ഥകളും വിശ്വാസവും ഉള്‍കൊള്ളുന്ന പരിഷ്‌കരണ വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന മതത്തെയായിരുന്നു. ഇസ്‌ലാമിന് മുമ്പുള്ള കാലത്ത് സ്ത്രീയെ, വില്‍ക്കാനും വാങ്ങാനും ഇഷ്ടദാനം ചെയ്യാനും കഴിയുന്ന ഒരു വസ്തുവായാണ് കണ്ടിരുന്നത്. ഇസ്‌ലാം സ്ത്രീയെ പരിഗണിച്ചു. ജാഹിലിയ്യ കാലത്ത് ഭര്‍ത്താവിന് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കുകയും ഉദ്ദേശിക്കുമ്പോള്‍ വിവാഹമോചനം നടത്തുകയും ചെയ്യാമായിരുന്നു. അതുപോലെ, ജനിക്കുന്ന പെണ്‍കുഞ്ഞിനെ കുഴിച്ച് മൂടുകയും ചെയ്തിരുന്നു. ചില ഗോത്രങ്ങള്‍ പെണ്‍കുഞ്ഞ് ജനിക്കുന്നത് മോശമായാണ് കണ്ടിരുന്നത്. അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അവരുടെ അവകാശങ്ങള്‍ വകവെച്ചുനല്‍കാനും ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കാനും ഇസ്‌ലാം സമൂഹത്തിലേക്ക് വന്നു. പെണ്‍കുഞ്ഞിനെ കൊലചെയ്യുന്നത് തടയുക, അനന്തരാവകാശം നിയമവിധേയമാക്കുക, പുരുഷന്റെ ഇടപെടലില്ലാതെ സ്വത്ത് കൈവശം വെക്കാനും ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുക എന്നിവ ഇസ്‌ലാം നടപ്പിലാക്കിയ സുപ്രധാന ചുവടുവെപ്പുകളാണ്. അതുപോലെ, വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കി. ഒപ്പം, ഇണയെ തെരഞ്ഞെടുക്കാനും വിവാഹത്തിന് ശേഷം തന്റെ പേര് നിലനിര്‍ത്താനുമുള്ള അവകാശം വകവെച്ചുനല്‍കി. ത്വലാഖ് ഇസ്‌ലാം നിയന്ത്രണവിധേയമാക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മേല്‍ സ്ത്രീകള്‍ക്ക് രക്ഷകര്‍തൃത്വത്തിനുള്ള അവകാശവും ഇസ്‌ലാം അനുവദിച്ചു. ഇപ്രകാരം, ഇസ്‌ലാം ഈ അടിസ്ഥാനങ്ങളിലൂടെ കുടുംബ നിയമങ്ങളിലും സ്ത്രീകളുടെ അവകാശങ്ങളിലും ഇജ്തിഹാദിന് വഴിതുറന്നു. ഇതിലൂടെ കുടംബത്തിലെ ഓരോ അംഗങ്ങളുടെയും സമൂഹത്തിന്റെയും ഗുണത്തിന് ഇസ്‌ലാം പ്രവര്‍ത്തിച്ചു.

ചോദ്യം: താങ്കള്‍ പറഞ്ഞത് ശരിയാണ്. കാര്യങ്ങള്‍ ഇത്തരത്തില്‍ കൃത്യവും വെളിച്ചം പകരുന്നതുമാണെങ്കില്‍, എന്തുകൊണ്ടാണ് സ്ഥിതിഗതികള്‍ മാറിമറയുകയും, അറബ്-ഇസ്‌ലാമിക ബോധത്തില്‍ സ്ത്രീ വാര്‍പ്പ് മാതൃകകളുണ്ടാവുകയും ചെയ്തത്?

മറുപടി: ഇവിടെ കൃത്യമായ പ്രശ്‌നമുണ്ട്. വിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തും ഉള്‍കൊള്ളുന്ന ഇസ്‌ലാമും അറേബ്-ഇസ്‌ലാമും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആചാരങ്ങളും പാരമ്പര്യങ്ങളും മേല്‍കൈ നേടിയ അറബ്-ഇസ്‌ലാമിക സമൂഹത്തില്‍ പുരുഷന്മാരുടെ കാര്യത്തിലെന്നപോലെ, സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ കിട്ടുന്നില്ല, ധാരാളം പ്രതിബന്ധങ്ങളുണ്ട്.

ചോദ്യം: പ്രശ്‌നം ആണത്ത ബോധം മാത്രമാണോ? ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ?

മറുപടി: പുരുഷനൊപ്പം സ്ത്രീയുടെ സാക്ഷ്യം, സ്ത്രീയുടെ പരിച്ഛേദനം തുടങ്ങിയ പല വിഷയങ്ങളിലും അതിക്രമങ്ങളുടെ തോത് കുറയുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. പല രാഷ്ട്രങ്ങളിലും നാമവശേഷിമായത് ഇതര ഇസ്‌ലാമിക രാഷ്ട്രങ്ങളിലുണ്ട് താനും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്ക് പൊരുതുകയും സ്ത്രീകളെ വില്‍പന ചരക്കാക്കുന്നതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ബുദ്ധിജീവികളുടെയും സംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കരുത്തുറ്റ പ്രവര്‍ത്തന ഫലമായാണ് മാറ്റങ്ങളെന്ന് നാമിവിടെ ഓര്‍ക്കേണ്ടതുണ്ട്. സ്ത്രീകളെ വില്‍ക്കുകയും അടിമളാക്കുകയും ബന്ദികളാക്കുകയും ചെയ്യുന്നത് വീണ്ടും സംഭവിക്കാതിരിക്കാന്‍ നാം നിലയുറപ്പിക്കേണ്ടതുണ്ട്.

ചോദ്യം: സായുധ സംഘട്ടനങ്ങളുടെ വ്യാപ്തി പോലെ ഗോത്ര, വംശീയ പ്രേരണകളാലുള്ള ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തടയാന്‍ മനുഷ്യാവകാശ ചെറുത്തുനില്‍പ്പ് മതിയാകില്ലേ?

മറുപടി: അങ്ങനെയല്ല. മനുഷ്യാവകാശ അവബോധത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്. ഫെമിനിസ്റ്റുകള്‍, ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ വിദഗ്ധകര്‍ എന്ന നിലയില്‍ നമ്മുടെ ശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള ഏത് തരത്തിലുള്ള അതിക്രമങ്ങളെയും നിയമസാധുതയുള്ളതാക്കാന്‍ ഉപയോഗപ്പെടുത്തുന്ന ദീനീ പ്രമാണങ്ങളെ പുനര്‍വായന നടത്തുകയെന്നതാണ്. എന്റെ പുസ്തകത്തിന്റെ തലക്കെട്ട് ‘ഇസ്‌ലാമിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍: ഒരു വിമര്‍ശന പഠനം’ (ഇശ്കാലിയ്യത്തുല്‍ ഉന്‍ഫ് ളിദ്ദല്‍ മര്‍അ ഫില്‍ ഇസ്‌ലാം: ദിറാസ തഹ്‌ലീലിയ നഖ്ദിയ്യ) എന്നതാണ്. ശീലങ്ങളും ആചാരങ്ങളും വരച്ചുകാണിക്കുന്ന സ്ത്രീ വാര്‍പ്പ് മാതൃകകള്‍ മാറ്റാനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുമുള്ള ശക്തമായ ശ്രമമാണത്.
അല്ലാഹുവിന്റെ റസൂല്‍ മുഹമ്മദിന് മേല്‍ അവതരിച്ച വെളിപാടിനെ -വക്രതയില്ലാത്ത ഇസ്‌ലാം- ഞങ്ങള്‍ പ്രതിരോധിക്കുന്നു. സ്ത്രീയെയും പുരുഷനെയും ഒരുപോലെ ആദരിക്കുന്ന, ലിംഗഭേദവും വിവേചനവും കാണിക്കാത്ത മാനുഷിക നാഗരികതയെ പിന്തുണക്കുകയും ചെയ്യുന്നു. ഇസ്‌ലാമിനോട് ചേര്‍ന്നുനില്‍ക്കുന്ന ഗോത്ര, വംശീയ ധാരണകളെയും ആചാരങ്ങളെയും അംഗീകരിക്കുന്നുമില്ല.

ചോദ്യം: സ്ത്രീകളോടുള്ള വിവേചനവുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആന്റെ മഖാസിദീ വായന ആവശ്യമായി വരുന്നത് എന്തുകൊണ്ടാണ്?

മറുപടി: വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന വാക്കുകളുടെയും വിഷയങ്ങളുടെയും വ്യാഖ്യാനം ഇന്നും ലിംഗാധിഷ്ഠിതമായ അതിക്രമങ്ങളുടെ കാരങ്ങളാണെന്ന് നാം നിഷേധിക്കരുത്. ഇത് വൈരുധ്യങ്ങളില്ലാത്ത പുതിയ ഇജ്തിഹാദുകളും ശരീഅത്തിന്റെ ഉദ്ദേശലക്ഷങ്ങളും തേടാന്‍ നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

ചോദ്യം: ‘ഖിവാമത്’ ഇന്നും ഒരു തര്‍ക്കവിഷയമാണ്. എങ്ങനെയാണ് താങ്കള്‍ ‘ഖിവാമതി’നെ വിശദീകരിക്കുന്നത്?

മറുപടി: അത് ശരിയാണ്. എന്നാല്‍, ഏറ്റവും മോശമായ കാര്യം, അത് സ്ത്രീകള്‍ക്ക് മേലുള്ള ആധിപത്യമാണെന്ന് ചില പുരുഷന്മാര്‍ മനസ്സിലാക്കുന്നുവെന്നതാണ്. അതിനാല്‍, അവളെ അപമാനിക്കാനും നിസാരയാക്കാനും അവകാശമുണ്ടെന്ന് അവര്‍ കരുതുന്നു. എന്നാല്‍, അല്ലാഹു ആണിനെയും പെണ്ണിനെയും ഒരുപോലെ ആദരിച്ചിരിക്കുന്നു. സ്ഥല-കാല-സാഹചര്യം എന്തുതന്നെയായാലും സ്ത്രീകള്‍ക്കെതിരെയുള്ള പുരുഷ വിവേചനത്തെയാണ് ‘ഖിവാമത്’ പലപ്പോഴും കുറിക്കുന്നത്. അറബ്-ഇസ്‌ലാമിക ലോകത്ത് പ്രത്യേകിച്ചും. ആയതിനാല്‍, ചില മുഫസ്സിറുകളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലേക്ക് മടങ്ങുകയെന്നത് പ്രധാനമാണ്.

അല്ലാഹു പറയുന്നു: ‘പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു (ഖിവാമത്). മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറുവിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കയിത് കൊണ്ടും, പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാണത്.’ (അന്നിസാഅ്: 34) ‘ഖിവാമത്’ പുരുഷന്മാര്‍ക്കുള്ള അവകാശമാണെന്നും അത് ദൈവികമായ മുന്‍ഗണനയാണെന്നും മഹര്‍ നല്‍കുക, ചെലവിന് നല്‍കുക എന്നീ പ്രത്യേകതയെ മുന്‍നിര്‍ത്തി അത് നിറഞ്ഞ മനസ്സോടെ സ്ത്രീകള്‍ സ്വീകരിക്കണമെന്നും ത്വബ്‌രി വീക്ഷിക്കുന്നതായി ഞാന്‍ എന്റെ ‘ഖിറാഅത്തു നിസ്‌വിയ്യ ലില്‍ ഇസ്‌ലാം’ (ഇസ്‌ലാമിന്റെ ഫെമിനിസ്റ്റ് വായന) എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

അതുപോലെ, ‘പുരുഷന്‍ സ്ത്രീയുടെ മേല്‍ നിയന്ത്രണാധികാരമുള്ളവനാണ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അധിപനും ഉന്നതനും അധികാരമുള്ളവനും തെറ്റുകയാണെങ്കില്‍ ശരിപ്പെടുത്തുന്നവനുമാണെന്ന് ഇബ്‌നു കസീര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ എന്റെ ചോദ്യം, സ്ത്രീകള്‍ മഹര്‍ വാങ്ങാതിരിക്കുകയും, സ്വയം ചെലവ് നോക്കുകയും ചെയ്യുകയാണെങ്കില്‍ പുരുഷന്റെ നിയന്ത്രണാധികാരം ഇല്ലാതുകുമോ എന്നതാണ്. ഇന്ന് തുനീഷ്യയിലെ മിക്ക വീടുകളിലും ഇസ്‌ലാമിക ലോകത്തും കാണുന്നതുപോലെ, ചെലവിന് കൊടുക്കുന്നതില്‍ സ്ത്രീകളും പങ്കാളികളാകുന്നുണ്ട്. അതിനാല്‍, ‘ഖിവാമതി’ല്‍ സ്ത്രീയും പങ്കാളിയാകുമോ?

വിവ: അര്‍ശദ് കാരക്കാട്
അവലംബം: arabi21.com

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles