Interview

വീട്ടു ജോലിയില്‍ നിന്നും കോര്‍പറേറ്റ് ട്രയ്‌നര്‍: റബാബിന്റെ വിജയ ഗാഥ

ഇത് റബാബ് ജെ ഗാദിയലി. വീട്ടുജോലിക്കാരിയില്‍ നിന്നും വളര്‍ന്ന് പടര്‍ന്ന് മോട്ടിവേഷണല്‍ ട്രെയ്‌നറായും ശാക്തീകരണം നല്‍കുന്ന കോച്ചായും കോര്‍പറേറ്റ് ട്രെയ്‌നിയിലും വരെയെത്തി നില്‍ക്കുകയാണ്. അവരുടെ ജീവിത വിജയ കഥ കേള്‍ക്കാം. മുസ്‌ലിം മിറര്‍ ഓണ്‍ലൈന്‍ പ്രതിനിധി അവരുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

നിങ്ങളുടെ കുട്ടിക്കാലം തൊട്ടുള്ള ജീവിതയാത്രയെക്കുറിച്ച് പറയാമോ ?

മധ്യവര്‍ഗ്ഗ കുടുംബത്തിലെ വളരെ കണിശമായ ബാല്യകാലമായിരുന്നു എന്റേത്. നമ്മുടെ വസ്ത്രം, ഭക്ഷണം,കൂട്ടുകാര്‍ തുടങ്ങി എല്ലാത്തിലും വ്യക്തമായ കണ്ണും കണക്കുമുണ്ടായിരുന്നു. സ്‌കൂള്‍ കഴിഞ്ഞാല്‍ വീട്ടുജോലികളിലായിരുന്നു ശ്രദ്ധ. പഠിക്കാനും കൂട്ടുകാരോടൊപ്പം കളിക്കാനും സമയമുണ്ടായിരുന്നില്ല. നിയന്ത്രണങ്ങളില്‍ തളച്ചിട്ട ജീവിതമായിരുന്നു അത്. ചെറിയ പ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. അങ്ങനെ കുടുംബം പുലര്‍ത്താന്‍ ചെറുപ്രായത്തില്‍ തന്നെ ജോലിക്കുപോകേണ്ടി വന്നു. അന്നു മുതല്‍ ആളുകളുമായും സമൂഹവുമായും എനിക്ക് ഇടപഴകേണ്ടി വന്നു.

18ാം വയസ്സില്‍ വിവാഹം കഴിഞ്ഞു. അതിനു ശേഷമാണ് എന്റെ ജീവിതം മാറിമറിഞ്ഞത്. ഭര്‍ത്താവിന്റെയും ഉമ്മയുടെയും അകമഴിഞ്ഞ പിന്തുണയാല്‍ ബിരുദമെടുത്തു. ഈ സമയത്ത് എനിക്ക് ഒരു കുഞ്ഞുണ്ടായിരുന്നു. അധ്യാപകരില്‍ നിന്നും ഭര്‍ത്താവില്‍ നിന്നുമുള്ള മികച്ച പിന്തുണ ആ സമയത്ത് ഗുണമായി. അതെല്ലാമാണ് ഞാന്‍ ഇന്ന് ഈ നിലയിലെത്താനുണ്ടായ പ്രധാന കാരണങ്ങള്‍.

എങ്ങിനെയാണ് ട്രെയ്‌നിങ്ങിന്റെയും കോച്ചിങ്ങിന്റെയും പാത തെരഞ്ഞെടുത്തത് ?

ഞാന്‍ പറഞ്ഞല്ലോ ചെറുപ്പത്തില്‍ തന്നെ മുതിര്‍ന്നവരുമായി ഇടപഴകാനും സംസാരിക്കാനും ആരംഭിച്ചിരുന്നു. അതിനാല്‍ തന്നെ ജനങ്ങളോട് സംസാരിക്കേണ്ട രീതി മനസ്സിലാക്കാന്‍ തുടങ്ങി. മറ്റുള്ളവരെ സഹായിക്കാനും ഉപദേശിക്കാനും അന്നേ തുടങ്ങിയിരുന്നു. ശബ്ദമില്ലാത്തവര്‍ക്കായി ശബ്ദിച്ചു. ജനങ്ങളുടെ മന:ശാസ്ത്രം പഠിക്കാന്‍ തുടങ്ങി. ജനങ്ങളെ നിരീക്ഷിച്ചു. പരന്ന വായന ശീലമുണ്ടായിരുന്നു. സൈക്കോളജി പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. ജീവിതാനുഭവങ്ങള്‍ തന്നെയാണ് ഇതിലേക്ക് എത്തിച്ചത്. അതിനാല്‍ തന്നെ സ്വതന്ത്രമായി ജോലിയെടുക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ഞാന്‍ എന്റെ പാത തെരഞ്ഞെടുക്കുകയായിരുന്നു.

താങ്കള്‍ വിശ്വാസ പരിവര്‍ത്തന പരിശീലകയാണെന്ന് സൂചിപ്പിച്ചിരുന്നു. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ?

നാം അനുഭവിക്കുന്ന എല്ലാത്തരം വേദനയുടെയും സുഖത്തിന്റെയും അടിസ്ഥാനം നമ്മുടെ വിശ്വാസങ്ങള്‍ അല്ലെങ്കില്‍ വിചാരങ്ങളാണ്. നമ്മുടെ ജീവിതാനുഭവങ്ങളിലും സാമൂഹ്യ ചുറ്റുപാടിലും അത് കാണാം. നമ്മള്‍ മനസ്സിനുള്ളില്‍ പരിമിതിപ്പെടുത്തിയ ചില കാര്യങ്ങളുണ്ടാകാം. ഇത് ജീവിതത്തില്‍ വിജയം നേടിയെടുക്കുന്നതില്‍ നിന്നും നമ്മെ തടയുന്നു. ഇത്തരം ധാരണകളെ മാറ്റിയെടുക്കുക. പകരം പുതിയ ചിന്തകള്‍ കൊണ്ടുവരിക. ഇതിനായി അവര്‍ക്ക് പരിശീലനവും കൗണ്‍സിലിങ്ങും നല്‍കുന്ന രീതിയാണത്.

വായനക്കാര്‍ക്ക് നല്‍കാനുള്ള സന്ദേശം ?

നിങ്ങള്‍ക്ക് എല്ലായിപ്പോഴും നിങ്ങളില്‍ ഒരു വിശ്വാസം ഉണ്ടായിരിക്കണം. ഒരു വ്യക്തിയെന്ന നിലയില്‍ അതിരുകളില്ലാത്തതും ആഴത്തിലുമുള്ള വിശ്വാസമുണ്ടാകണം. ജീവിതം എല്ലാ ഘട്ടത്തിലും വലിയ പാഠങ്ങള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യും. ഇത്തരം അനുഭവങ്ങളില്‍ നിന്നും ഓരോന്ന് പഠിക്കുകയും വികസിപ്പിക്കുകയും ചെയ്യുക.

അവലംബം: muslimmirror.com
തയാറാക്കിയത്: സഹീര്‍ അഹ്മദ്‌

Facebook Comments
Show More

Related Articles

Close
Close