Interview

കശ്മീര്‍ നിയന്ത്രണം: ‘തകര്‍ന്നത് ഞങ്ങളുടെ സ്വപ്‌നങ്ങള്‍’

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം തങ്ങളുടെ ജീവിതത്തിലെ നിര്‍ണ്ണായക സ്വപ്‌നങ്ങളാണ് തകര്‍ന്നു പോയതെന്ന് സങ്കടപ്പെടുകയാണ് ഒരു കൂട്ടം കശ്മീരികള്‍. അവരുമായി twocircles.net നടത്തിയ അഭിമുഖത്തില്‍ നിന്നും.

അഹ്തിഷാം (കശ്മീരിലെ വ്യാപാരി):

എന്റെ ക്ലൈന്റുകളില്‍ നിന്നും എനിക്ക് ധാരാളം പണം ലഭിച്ചിരുന്നു. എന്നാല്‍ ബാങ്കുകളെല്ലാം പൂര്‍ണമായി അടച്ചിട്ടതോടെ ആ പണം ഒന്നും അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാന്‍ സാധിച്ചില്ല. അതുപോലെ ഡെബിറ്റ് കാര്‍ഡ് മുഖേനയുള്ള പണമിടപാടും നടത്താന്‍ സാധിച്ചില്ല. കാരണം ഇവിടെ ഇന്റര്‍നെറ്റ് ഇല്ലല്ലോ. ഇതോടെ കടകളിലൊന്നും സ്മാര്‍ട് കാര്‍ഡുകളും സ്വീകരിച്ചില്ല. ഡിജിറ്റല്‍ ഇന്ത്യ എന്നത് തെരഞ്ഞെടുപ്പ് റാലികളിലും പൊള്ളയായ വാഗ്ദാനങ്ങളിലും മാത്രം ഒതുങ്ങി. വിവിധ രാജ്യങ്ങളില്‍ പഠിക്കുന്ന ഞങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്‌കൂള്‍ ഫീസ് അടക്കാന്‍ ഇവിടെ നിന്നും ഡല്‍ഹി വരെ പോകേണ്ടി വന്നു.

ഇംതിയാസ് (ഗവേഷക വിദ്യാര്‍ത്ഥി):

നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാന്‍ എനിക്കായില്ല. കാരണം താഴ്‌വരയിലെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചത് മൂലം എനിക്ക് ഫോറം പൂരിപ്പിച്ച് നല്‍കാന്‍ സാധിച്ചില്ല. അതിന്റെ അവസാന തീയതിയും എനിക്ക് അറിയാന്‍ കഴിഞ്ഞില്ല. അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കാവട്ടെ പരീക്ഷ എഴുതാനും സാധിച്ചില്ല. കാരണം അവര്‍ക്കനുവദിച്ച പരീക്ഷ കേന്ദ്രം കശ്മീരിന് പുറത്തായിരുന്നു.

ഇന്റര്‍നെറ്റിന്റെ അഭാവത്തില്‍, ഞാന്‍ നിരവധി പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ചിലധികം പുസ്തകങ്ങളാണ് ഞാന്‍ വായിച്ചത്. അവയെല്ലാം കശ്മീരിന്റെ ചരിത്രവുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാല്‍ ഭൂരിഭാഗം പുസ്തകങ്ങളും കശ്മീരിന്റെ യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. അതിനാല്‍ തന്നെ കശ്മീരിനെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള തയാറെടുപ്പിലാണ് ഞാന്‍.

നിങ്ങള്‍ക്ക് ഒരു പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ച് അറിയില്ലെങ്കില്‍ അത്തരം എഴുത്തുകള്‍ നിങ്ങള്‍ ഉപേക്ഷിക്കണം. ചില എഴുത്തുകാര്‍ കശ്മീരിന്റെയും കശ്മീരികളുടെയും ചിത്രം മോശമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്- കശ്മീരികളല്ലാത്ത എഴുത്തുകാരെ പരമാര്‍ശിച്ച് ഇംതിയാസ് കുറ്റപ്പെടുത്തുന്നു.

മുഹീതുല്‍ ഇസ്‌ലാം (ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍)

ആഗസ്റ്റ് അഞ്ചിന് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് ഉപരോധം ഓണ്‍ലൈന്‍ മാധ്യമങ്ങളെ നന്നായി ബാധിച്ചു. ഇന്റര്‍നെറ്റ് റദ്ദാക്കിയതോടെ എല്ലാം തകര്‍ന്ന അവസ്ഥയിലായി. ഞങ്ങള്‍ ഇവിടെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുകയായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് പോയതോടെ ഞങ്ങളും ശബ്ദമില്ലാത്തവരായി മാറി.

ഷൗകത്ത് (കശ്മീര്‍ പൗരന്‍)

കശ്മീരിന് പുറത്തുള്ള ഞങ്ങളുടെ ബന്ധുക്കള്‍ക്ക് ഞങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിച്ചില്ല. മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ബന്ധുക്കള്‍ കൂടുതലും വീഡിയോ കോള്‍ ആയിരുന്നു ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത്. അത് തടസ്സപ്പെട്ടു. എന്റെ മകള്‍ യു.എസിലാണ്. ഇന്റര്‍നെറ്റ് റദ്ദാക്കുന്നതിന് മുന്‍പ് ഞങ്ങള്‍ എല്ലാ ദിവസവും വിളിക്കാറുണ്ടായിരുന്നു. ലാന്റ് ലൈന്‍ പുനസ്ഥാപിച്ച ശേഷം ഞങ്ങള്‍ സംസാരിച്ചെങ്കിലും, ഇതുവരെ കാണാനായിട്ടില്ല.

സല്‍മാന്‍ (വിദ്യാര്‍ത്ഥി)

ഇന്നത്തെ കാലത്ത് നിങ്ങള്‍ക്കെതിരെ തിരിയുന്ന ശബ്ദം അടിച്ചമര്‍ത്താന്‍ എളുപ്പമാണ്. അതിലൊന്നാണ് ഇന്റര്‍നെറ്റ് വിഛേദിക്കുക എന്നത്. ഇന്റര്‍നെറ്റും സാങ്കേതിക വിദ്യയും ഞങ്ങളെ ആഗോളതലത്തില്‍ പരസ്പരം ബന്ധിപ്പിക്കാന്‍ സഹായിച്ചു. അതില്‍ നിന്നും ഒറ്റപ്പെടുത്തുക എന്നത്, അടിച്ചമര്‍ത്താന്‍ വേണ്ടി അധികാരികള്‍ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ്.

ലോകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ താമസിക്കാന്‍ ആണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കാരണം അടുത്ത നിമിഷം എന്ത് എന്നത് ഞങള്‍ക്ക് ഒരിക്കലും അറിയില്ല. അവര്‍ സെലക്റ്റീവ് കോണ്‍ഷ്യസിനെയാണ് വളര്‍ത്തുന്നത്. സല്‍മാന്‍ പറയുന്നു.

അവലംബം: twocircles.net
വിവ: സഹീര്‍ അഹ്മദ്

Facebook Comments
Related Articles
Show More
Close
Close