Interview

പുതിയ ഇന്ത്യ: പ്രതീക്ഷകളും ആശങ്കകളും- ടി ആരിഫലി സംസാരിക്കുന്നു

പുതിയ പദവിയെ കുറിച്ച് ?

ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രത്തില്‍ ഉറുദു ഭാഷക്ക് പുറത്തു നിന്നും ഒരു സുപ്രധാന നിയമനം ആദ്യമായിട്ടാണ്. കേരളം ഒഴിച്ചുള്ള മറ്റു മുസ്‌ലിംകളുടെ ഭാഷയാണ് ഉറുദു. അതെ സമയം മനുഷ്യ വിഭവത്തിന്റെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ കവച്ചു വെക്കുന്നു. രാജ്യത്ത് സാധ്യമായ വിഭവങ്ങളെ പ്രസ്ഥാനത്തിന് ഉപയോഗപ്പെടുത്തുക എന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് എന്റെ നിയമനത്തെ ഞാന്‍ മനസ്സിലാക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ കുറെ കാലത്തിനു ശേഷവും ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ സ്ഥിതി മെച്ചപ്പെടാതിരിക്കാന്‍ കാരണം ?

മുഖ്യകാരണം ചരിത്ര പരമാണ്. വടക്കേ ഇന്ത്യയില്‍ മുസ്‌ലിം നേതാക്കള്‍ അധികവും യു പി, ബീഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതെ സമയം സാമ്പത്തിക സുസ്ഥിതിയുള്ളവര്‍ പഞ്ചാബില്‍ നിന്നുമായിരുന്നു. ഇവരുടെ ഒന്നിച്ചുള്ള പാകിസ്ഥാനിലേക്കുള്ള കുടിയേറ്റം ഒരു പരിധിവരെ ശേഷിക്കുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് നേതൃത്വമില്ലാത്ത അവസ്ഥ സംജാതമാക്കി. ഇന്ത്യന്‍ പഞ്ചാബിലെ കര്‍ഷകരാണ് പാകിസ്ഥാനിലെ കൃഷി സങ്കല്‍പ്പത്തെ തന്നെ മാറ്റി മറിച്ചത്. കറാച്ചിയില്‍ ഇന്നും അവരുടെ സാന്നിധ്യം ശക്തമാണ്. മുഹാജിര്‍ ഖൗമി മൂവ്‌മെന്റ് എന്ന പേരില്‍ രാഷ്ട്രീയമായും അവര്‍ ഒരു പരിധി വരെ ശക്തരാണ്.

അതെ സമയം മത രംഗത്ത് തബ്ലീഗ് ജമാഅത്ത് പോലുള്ള സംഘടനകള്‍ സജീവ സാന്നിധ്യമായിരുന്നു. വിഭജന സമയത്ത് ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ നേരിട്ട വിശ്വാസ സംബന്ധിയായ വിഷയങ്ങളെ മറികടക്കാന്‍ അവരുടെ സാന്നിധ്യം മുസ്‌ലിം സമുദായത്തെ സഹായിച്ചിട്ടുണ്ട്. അതെ സമയം സമുദായത്തില്‍ ഉണ്ടാകേണ്ട വിദ്യാഭ്യാസ പരവും ഭൗദ്ധികപരവുമായ വികസനം ഒട്ടും മുന്നോട്ടു പോയില്ല എന്ന് മാത്രമല്ല സംഘടയുടെ നിലപാട് ഇത്തരം വിഷയങ്ങളില്‍ തീര്‍ത്തും പ്രതിലോമപരമായിരുന്നു എന്ന് വേണം പറയാന്‍. പ്രത്യേകിച്ചും സ്ത്രീ വിദ്യാഭ്യാസ രംഗത്ത് സമുദായം പൂജ്യത്തിലും താഴേക്കു പോയി എന്ന് പറഞ്ഞാല്‍ അതൊരു തെറ്റായ വീക്ഷണമാകില്ല.

ഉദാഹരണമായി രാജസ്ഥാന്‍. പഞ്ചാബ്, ഹരിയാന എന്നീ സ്ഥലങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ”മേവാ” മുസ്‌ലിംകളുടെ അവസ്ഥ പരിശോധിച്ചാല്‍ മതി. നല്ല ആരോഗ്യവും തരക്കേടില്ലാത്ത സാമ്പത്തിക അവസ്ഥയുമുള്ള അവരില്‍ പോലും വേണ്ട രീതിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടന്നില്ല എന്നത് ഇപ്പോഴും എടുത്തു പറയാന്‍ കഴിയുന്ന കാര്യമാണ്.

ഉത്തരേന്ത്യയിലെ മുസ്‌ലിം സംഘടന പ്രവര്‍ത്തനങ്ങള്‍ ?

ഉത്തരേന്ത്യയില്‍ കൂടുതല്‍ സ്വാധീനമുള്ള സംഘടന ജംഇയ്യത്തുല്‍ ഉലമാ ഹിന്ദാണ്. അവര്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ കൂടെയായിരിന്നു. ഒരു കേഡര്‍ സ്വഭാവമില്ലാത്ത സംഘടന. സമൂഹത്തിനു വിപ്ലവകരമായ ചിന്ത നല്‍കുന്നതില്‍ അവര്‍ ഒരു പരാജയമാണ്. പല കാരണങ്ങള്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞു എന്നതും അവരുടെ ഒരു ദുരന്തമായി മനസ്സിലാക്കപ്പെടുന്നു. തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ”ദീനീ രംഗത്ത്” മാത്രം പരിമിതമാണ്.

അത് കഴിഞ്ഞാല്‍ പിന്നെ സ്വാധീനം ജമാഅത്തെ ഇസ്‌ലാമിക്കാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനം സമൂഹത്തിലെ മധ്യവര്‍ഗ്ഗത്തില്‍ പരിമിതപ്പെട്ടു പോയി. സമുദായത്തിലെ താഴെതട്ടിലേക്കും മുകള്‍തട്ടിലേക്കും സംഘടനയുടെ സ്വാധീനം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഘടനകളെ പോലെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള സ്ഥാപനങ്ങളും വടക്കേ ഇന്ത്യയില്‍ ധാരാളം. ദാറുല്‍ ഉലൂം ദയൂബന്ദ്, നദ്‌വത്തുല്‍ ഉലമ ലക്‌നോ, അലിഗഢിലെ ജാമിഅ മില്ലിയ്യ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

ഉത്തരേന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും എന്ത് കൊണ്ടാണ് സംഘ പരിവാര്‍ വിജയിക്കുന്നത് ?

മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മതേതര കക്ഷികള്‍ മുസ്ലിംകളെ തന്നെ സ്ഥാനാര്‍ഥികളായി നിര്‍ത്തുന്നു. അക്കാരണത്താല്‍ തന്നെ പല പാര്‍ട്ടികളിലുമായി മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചു പോകുന്നു. അത് കൊണ്ട് തന്നെ സംഘ പരിവാറിന്റെ വിജയം എളുപ്പമാകുന്നു. മുസ്ലികളുടെ രാഷ്ട്രീയ ശാക്തീകരണം ഒരു ആവശ്യമാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയത്തില്‍ ഒരു നിലപാടും സ്വീകരിക്കാന്‍ മുസ്ലിംകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ പറഞ്ഞ കാരണങ്ങള്‍ തന്നെയാകും അതിനു പിന്നിലും എന്ന് വേണം മനസ്സിലാക്കാന്‍.

ഉത്തരേന്ത്യന്‍ മതേതര പാര്‍ട്ടികളുടെ മുസ്‌ലിംകളോടുള്ള സമീപനം ?

മുസ്ലിംകളുടെ സംഘടന ശക്തിയെ അംഗീകരിക്കുന്ന ഒരു നിലപാടല്ല ഉത്തരേന്ത്യന്‍ മതേതര പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. ബി എസ് പി, എസ് പി, ഒരു പരിധിവരെ കോണ്‍ഗ്രസ്സും മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കും. പക്ഷെ മുസ്‌ലിംകളുടെ ശബ്ദം അവര്‍ പരിഗണിക്കില്ല. അടുത്ത കാലത്ത് വരെ മുസ്ലിംകളുടെ വോട്ടു പോലും പരസ്യപ്പെടുത്താന്‍ പാര്‍ട്ടികള്‍ ആഗ്രഹിച്ചിരുന്നില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ കുറെ മാറിയിട്ടുണ്ട്. വയനാട്ടില്‍ ലീഗുമായുള്ള സഖ്യം കാര്യമായ ചര്‍ച്ചയൊന്നും വടക്കേ ഇന്ത്യയില്‍ ഉണ്ടാക്കിയില്ല. സംഘ പരിവാര്‍ മാത്രമായിരുന്നു ദേശീയ തലത്തില്‍ അത് ചര്‍ച്ചയാക്കാന്‍ ശ്രമിച്ചത്. അതിനും മാധ്യമങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്ന് വേണം പറയാന്‍.

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പോലും ഒരു നിലയില്‍ പോസിറ്റീവായി വിലയിരുത്തണം എന്നതാണ് എന്റെ വീക്ഷണം. ഉത്തരേന്ത്യ,ദക്ഷിണേന്ത്യ എന്നീ വിഭജനം ഒരു സത്യമാണ്. ഇന്ത്യ എന്ന ഏകകത്തെ അംഗീകരിക്കുക എന്നത് മാത്രമല്ല ന്യൂനപക്ഷങ്ങളുടെ വലിയ വോട്ടു ബാങ്കുള്ള മണ്ഡലം കൂടിയാണ് വയനാട്. മുസ്ലിം സ്വത്വത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുന്ന ദേശീയ പാര്‍ട്ടികള്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമാകുന്നു എന്നത് പ്രതീക്ഷ നിര്‍ഭരമാണ്. മതേതര പാര്‍ട്ടികളുടെ യോജിപ്പ് എന്നത് രണ്ടാമത്തെ വിഷയമായാണ് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക.

Vision 2026 ?

വികസനത്തിന്റെ ഒരു ഉത്തരേന്ത്യന്‍ ബ്രാന്റായി സിദ്ദീഖ് ഹസന്‍ സാഹിബിന്റെ കാലത്ത് തന്നെ അത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മിക്കവാറും മത സംഘടനകളും സമാനമായ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയില്‍ നടത്തുന്നുണ്ട്. മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ കീഴില്‍ ഇതുവരെ 150 കോടി രൂപയുടെ ലോണ്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ,ആരോഗ്യ രംഗത്താണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. നേരത്തെ പറഞ്ഞ മുസ്ലിംകള്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുന്നില്‍ കണ്ടു പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു. തബ്‌ലീഗ് ജമാഅത്തിന്റെ പിന്തുണയും അതിനു ലഭിക്കും എന്നാണ് പ്രതീക്ഷ.

പുതിയ മീഖാത്തില്‍ എന്തിനൊക്കെയാകും പ്രാധാന്യം ?

ജമാഅത്തെ ഇസ്‌ലാമി കൃത്യമായ ദിശാബോധമുള്ള സംഘമാണ്. എങ്കിലും സമുദായത്തിന്റെ അടിത്തട്ടിലേക്ക് ഇപ്പോഴും കൂടുതല്‍ കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. അതിനുള്ള പരിശ്രമം നടത്തുന്നതോടൊപ്പം ജമാഅത്തെ ഇസ്‌ലാമിയെ അംഗീകരിക്കുന്ന എന്നാല്‍ സംഘടന ചട്ടക്കൂടിലേക്ക് കടന്നു വരാത്ത കുറെ പണ്ഡിതരും ബുദ്ധിജീവികളും ഇന്ത്യയുടെ പല ഭാഗങ്ങളിലും ധാരാളമുണ്ട്. അവരെ സംഘടനയുടെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്ന ഒന്ന്. അതെസമയം ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും സാന്നിധ്യമറിയിക്കുന്നു എന്നത് എടുത്തു പറയണം. മുസ്ലിംകള്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രസ്ഥാനത്തെ മെച്ചപ്പെടുത്താന്‍ ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കും.

അതെ സമയം ഇന്ത്യയെ പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളെ തുറിച്ചു നോക്കുന്ന ഫാസിസത്തെ ഒറ്റക്കെട്ടായി നേരിടാന്‍ മറ്റുള്ളവരുമായി ചേര്‍ന്ന് വേണ്ട പദ്ധതികള്‍ കണ്ടെത്തും. സംഘടനയുടെ അധ്യക്ഷന്‍ ഒരു യുവാവാണ് എന്നത് എടുത്തു പറയേണ്ട ഒന്നാണ്. പുതിയ തലമുറയെ മുന്നില്‍ കണ്ടു കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ശ്രമം നടത്തുക എന്നതും കാലത്തിന്റെ ആവശ്യമായി പ്രസ്ഥാനം മനസ്സിലാക്കുന്നു.

അഭിമുഖം തയാറാക്കിയത്: അബ്ദുസ്സമദ് അണ്ടത്തോട്

Facebook Comments
Related Articles
Show More
Close
Close