സിറിയയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപായ യര്‍മൂക് ക്യാംപിലൂടെ വളര്‍ന്നു വന്ന ഫലസ്തീന്‍-സിറിയന്‍-ഉക്രൈന്‍ വംശജനും പ്രമുഖ കൊറിയോഗ്രാഫറുമായ നിദാല്‍ അബ്ദുവുമായി മിഡിലീസ്റ്റ് മോണിറ്റര്‍ പ്രതിനിധി അമേലിയ സ്മിത്ത് നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം.
ഡാന്‍സ് കമ്പനി സ്ഥാപിച്ചതിനെക്കുറിച്ച്
യര്‍മൂഖ് ക്യാംപില്‍ ജനിച്ചുവളര്‍ച്ച മുഴുവന്‍ ഫലസ്തീനികള്‍ക്കും വേണ്ടിയാണ് ഡാന്‍സ് കമ്പനി സ്ഥാപിച്ചത്. ക്യാമ്പില്‍ താമസിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള പുതിയ കല തുടരാനും കണ്ടെത്താനും ഇത് വളരെയധികം പ്രചോദനം നല്‍കി. യര്‍മൂഖില്‍ നിന്നും ദമസ്‌കസില്‍ നിന്നും എനിക്ക് വളരെയധികം പിന്തുണയാണ് ലഭിച്ചത്. ‘നിങ്ങള്‍ ഫലസ്തീന്‍ സിറിയക്കാരാണ്, നിങ്ങള്‍ ഞങ്ങളെക്കുറിച്ച് വളരെ നല്ല ചിത്രം കാണിക്കുന്നു, നിങ്ങള്‍ ഞങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു,’ എന്നിങ്ങനെ എനിക്ക് ഒരുപാട് പിന്തുണ ലഭിച്ചിട്ടുണ്ട്.
പാരിസിലെ സിറിയന്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍
സെപ്റ്റംബര്‍ 10-12 തീയതികളിലാണ് എല്ലാ വര്‍ഷവും സിറിയന്‍ സാംസ്‌കാരിക ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ‘Syrien n’est fait’ എന്ന പേരില്‍ നടക്കുന്ന സംഗമത്തില്‍ ഖാലിദ് അല്‍വാരിയുമായി ചേര്‍ന്ന് ഡി.ജെ, ഡാന്‍സ് പെര്‍ഫോമന്‍സ് എന്നിവ നടത്താറുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി സിനിമ പ്രദര്‍ശനം, സ്ട്രീറ്റ് ആര്‍ട്, കലിഗ്രഫി, ശില്‍പശാലകള്‍ എന്നിവയാണ് നടക്കുന്നത്. ഫ്രഞ്ച് ജനതക്കും ഫ്രാന്‍സിലെ സിറിയക്കാര്‍ക്കും വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
സിറിയയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണിക്കാനും പ്രതിഷേധിക്കാനും ഭരണകൂടത്തിനും തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താനും അവര്‍ കല എങ്ങനെ ഉപയോഗിക്കുന്നു, അവര്‍ എങ്ങനെയാണ് സിറിയന്‍ ജനതയുടെ ശബ്ദം ശ്രവിക്കുന്നത് എന്നെല്ലാം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2019ലും 2020ലും ഞാന്‍ ഈ പരിപാടിയുടെ ഭാഗമായിട്ടുണ്ട്.
2021ലെ പ്രതിസന്ധി
ഇത്തവണ കോവിഡ് പ്രതിസന്ധി മൂലം പരിപാടിക്ക് തടസ്സം നേരിട്ടു. ഡാന്‍സര്‍മാര്‍ക്ക് പരിപാടി നടത്താന്‍ സ്ഥലം ലഭ്യമല്ലായിരുന്നു. ഫണ്ടും ഇല്ല. അതിനാല്‍ ഓണ്‍ലൈന്‍ വഴി പരിപാടി നടത്താന്‍ തീരുമാനിച്ചു. ‘electronic, techno, and oriental, എന്നാണ് പരിപാടിക്ക് പേരിട്ടത്. സിറിയക്കാര്‍ക്ക് അവരുടെ കലാപരമായ ആവിഷ്‌കാരങ്ങള്‍ യൂറോപ്യന്‍ പ്രേക്ഷകരുമായി പങ്കിടാനുള്ള അവസരമാണിത്. ധാരാളം നല്ല ഫ്രഞ്ച് സുഹൃത്തുക്കളാണ് പരിപാടിയെ ശരിക്കും പിന്തുണച്ചത്. അവര്‍ എല്ലാ പരിപാടികളിലും പങ്കെടുക്കുകയും അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു.
ഡാന്‍സിലേക്കുള്ള ചുവടുവെപ്പ്
ഒന്‍പത് വയസ്സ് മുതല്‍ 15 വയസ്സുവരെ തിയറ്ററിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദമസ്‌കസില്‍ നിന്ന് ക്ലാസിക്കല്‍ ബാലറ്റ് പഠിച്ചു. സമൂഹത്തില്‍ ഇതിനെക്കുറിച്ച് രണ്ട് അഭിപ്രായം നിലനിന്നിരുന്നു. ഒരു വിഭാഗം പിന്തുണച്ചു. മറു വിഭാഗം ഇതിനെ എതിര്‍ക്കുകയും ഇതിനെക്കുറിച്ച് സംസാരിക്കുന്നതും വിലക്കി. ഞങ്ങള്‍ ശരിക്കും ധാരാളം യാത്ര ചെയ്യുകയും മിഡില്‍ ഈസ്റ്റിലും ലോകമെമ്പാടും ഞങ്ങളുടെ ഡാന്‍സ് അവതരിപ്പിക്കുകയും ചെയ്തു.
സിറിയയില്‍ നിന്ന് ലെബനാനിലേക്ക്
20ാം വയസ്സില്‍ സിറിയ വിട്ടു. സിറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനായി വിളിച്ച സമയത്തായിരുന്നു സിറിയയില്‍ നിന്നും ലെബനാനിലേക്ക് തിരിച്ചത്. ഒരു നര്‍ത്തകനും കലാകാരനുമായ എന്നെ സംബന്ധിച്ചിടത്തോളം സൈനിക സേവനം എന്റെ മേഖലയായിരുന്നില്ല. എനിക്ക് തോക്ക് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല. എന്റെ തോക്ക് എന്റെ ശരീരമാണ്. അതാണ് എന്റെ ആയുധം. 2016 വരെ ലെബനാനില്‍ തുടര്‍ന്നു. അവിടെ രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിസന്ധി നേരിട്ടപ്പോള്‍ ഫ്രാന്‍സിലേക്ക് പോയി.
ഫ്രാന്‍സില്‍
ഫ്രാന്‍സില്‍ എത്തിയ ഉടനെ അവിടെ ഒരു പ്രമുഖ ഡാന്‍സ് കമ്പനി രൂപീകരിച്ചു പ്രവര്‍ത്തിച്ചു. നാടുകടത്തലും നഷ്ടവും ദുരിതവും നേരിട്ട വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയായിരുന്നു അത്. Collectif Nafass, എന്നായിരുന്നു സംഘടനയുടെ പേര്.
അവലംബം: middleeastmonitor