Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള മൊറോക്കോയുടെ ബന്ധം ആശ്ചര്യപ്പെടുത്തുന്നു!

 മൊറോക്കോയുടെ ഇസ്രായേല്‍ ബന്ധം ആശ്ചര്യപ്പെടുത്തുന്നതാണ്, ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നവര്‍ ഊഹങ്ങളുടെ പിന്നാലെയാണ് പോകുന്നത് -ലോക പണ്ഡിതസഭാ അധ്യക്ഷന്‍ അഹ്മദ് റയ്‌സൂനി ഖുദ്‌സ് പ്രസ്സുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍  നിലപാട് വ്യക്തമാക്കുന്നു.

മുസ്‌ലിം പണ്ഡിതന്മാര്‍ പൊതുവെ ഫലസ്തീനികളുടെ പൂര്‍ണമായ അവകാശത്തിന് വേണ്ടി നിലകൊള്ളുന്നവരാണ്. അതിന്റെ യാഥാര്‍ഥ്യത്തെയും, പ്രാധാന്യത്തെയും, കഴിയാവുന്ന എല്ലാ മാര്‍ഗങ്ങള്‍ സ്വീകരിച്ച് പിന്തുണയ്‌ക്കേണ്ടതിന്റെ അനിവാര്യതയെയും സംബന്ധിച്ച് മുസ്‌ലിംകളെ അവര്‍ ബോധ്യപ്പെടുത്തുകയും അവബോധമുള്ളവരാക്കുകയും ചെയ്യുന്നു. എല്ലായിപ്പോഴും പ്രാധാന്യം നല്‍കുന്ന അവരുടെ മുഖ്യ വിഷയമായി ഖുദ്‌സിനെ കാണുകയും ചെയ്യുന്നു.

പണ്ഡിതന്മാര്‍ ഉള്‍ചേര്‍ന്നിട്ടുള്ള വലിയ സംഘടനയാണ് ലോക പണ്ഡിതസഭ. മുസ്‌ലിംകളെ ഫലസ്തീന്‍ വിഷയത്തില്‍ അവബോധമുള്ളവരാക്കുന്നതിന് കോണ്‍ഫറന്‍സും പരിപാടികളും പിന്തുണയെന്നോണം നടത്തുന്നതില്‍ നിന്നും ആ സംഘടന വിട്ടുനില്‍ക്കുന്നില്ല. മറിച്ച്, ഇസ്‌ലാമിന്റെ പേര് പറഞ്ഞ് ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്ന കുറ്റത്തെ ന്യായീകരിക്കുന്ന, ബന്ധം സാധാരണ നിലയിലാക്കുന്നവരുടെയും, തെറ്റിലും വഴികേടിലും അവരെ പിന്തുടരുന്ന ശൈഖുമാരുടെയും എല്ലാ ശ്രമങ്ങളെയും നിരാകരിക്കാന്‍ പ്രതിജ്ഞാബദ്ധമായിട്ടുള്ള സംവിധാനമാണത്.

സത്യവാക്യമല്ലാതെ മറ്റൊന്ന് പറയാതിരിക്കുകയും, എല്ലാ സമയത്തും അത് ജനങ്ങള്‍ക്ക് വിശിദീകരിച്ച് നല്‍കുകയും ചെയ്യുന്നവരാണ് പണ്ഡിതന്മാര്‍. അതിനാല്‍ തന്നെ അവര്‍ക്ക് അധികാരമോ സമ്പത്തോ രാഷ്ട്രീയ പദവിയോ ഒന്നുമില്ല താനും. എത്രത്തോളമെന്നാല്‍, ചില ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ സംസാര സ്വാതന്ത്ര്യം പോലും അവര്‍ക്ക് തടയപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.

ബന്ധം സാധാരണ നിലയിലാക്കുന്നത് നിഷിദ്ധം:

അധിനിവേശ രാഷ്ട്രമായ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കി ചില അറബ് രാഷ്ട്രങ്ങള്‍ എത്തിനില്‍ക്കുന്ന അവസ്ഥ നമുക്ക് കാണാന്‍ കഴിയുന്നതാണ്. ഈയൊരു നടപടിയുടെ ഇസ്‌ലാമിക വിധി വിശദമാക്കി ധാരാളം കുറിപ്പുകളും പ്രസ്താവനകളും പണ്ഡിതസഭ പുറത്തിറക്കുകയുണ്ടായി. ഇസ്രായേലുമായുള്ള ബന്ധം നിഷിദ്ധവും അസാധുവാണെന്നും അത് വ്യക്തമാക്കുന്നു. കാരണം ഇത് സഹോദരന്മാരായ ഫലസ്തീന്‍ ജനതയോട് കാണിക്കുന്ന കരാര്‍ ലംഘനവും, അവര്‍ക്കെതിരെ തിരിയുന്ന നടപടിയും, അധിനിവേശ മസ്ജിദുല്‍ അഖ്‌സയില്‍ നിന്ന് പിന്‍വാങ്ങലുമാണ്. അത് ശത്രുതയില്‍ തുടരാനും, അധിനിവേശ ഭൂമി പിടിച്ചെടുക്കുന്നതില്‍ മുന്നേറാനും പ്രേരണ ജനിപ്പിക്കുന്നതാണ്.

അധിനിവേശ ശക്തികളുമായി ബന്ധം സ്ഥാപിക്കുന്നതിനെ ന്യായീകരിക്കുന്ന ചില വാദങ്ങള്‍ കാണാവുന്നതാണ്. ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത് രാഷ്ട്രത്തിന്റെയും ജനതയുടെയും താല്‍പര്യം സംരക്ഷിക്കാനെന്നതാണ് അതില്‍ ഉയര്‍ന്നുനില്‍ക്കുന്ന വാദം. ബന്ധം സാധാരണ നിലയിലാക്കുന്ന ഭരണാധികാരികള്‍ പ്രദര്‍ശിപ്പിക്കുന്നത് അവരുടെ ഭയവും ആര്‍ത്തിയുമാണ്; അത് അവരുടെ താല്‍പര്യവും ഭരണ താല്‍പര്യവും സംരക്ഷിക്കുന്നതിനും വേണ്ടിയാണ്. ഒരുപക്ഷേ, അവരില്‍ ചിലര്‍ അതിവേഗം ഇല്ലാതാകുന്ന കള്ള വാഗ്ദാനങ്ങളിലും ഊഹങ്ങളിലും കെട്ടിപ്പിണയുന്നു. കേവലം വഞ്ചനയും കളവുമാണെന്ന് അത് വെളിപ്പെടുന്നതുമാണ്. അത്ഭുതത്തോടെ ചോദിക്കാനള്ളത്, ബന്ധം സ്ഥാപിച്ച നിങ്ങളുടെ മുന്‍ഗാമികള്‍ എന്ത് നേടിയെന്നാണ്! എന്താണ് അവര്‍ ഫല്‌സതീന്‍ വിഷയത്തില്‍ നേടിയത്! ബന്ധം സ്ഥാപിക്കുന്ന ഓരോ ഘട്ടത്തിലും അവര്‍ പിന്നോട്ട് പോയികൊണ്ടിരക്കുകയും, കൂടുതല്‍ കീഴടങ്ങികൊണ്ടിരിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്.

ദുര്‍ബലമായ ഭരണസംവിധാനം:

ഭരണത്തിലിരിക്കുന്ന മിക്ക ഭരണകൂടങ്ങളും ഭരണപ്രതിസന്ധിയും ദൗര്‍ബല്യവും നേരിടുകയാണ്. ദുര്‍ബലമാകുന്ന നിയമവ്യവസ്ഥയോ അല്ലെങ്കില്‍ അത് ഇല്ലാതിരിക്കുകയോ, വൈദേശിക ശക്തികളെ ഘട്ടംഘട്ടമായി ആശ്രയിക്കുകയോ, വിനാശവും സ്വേച്ഛാധിപത്യവും വ്യാപിക്കുകയോ ചെയ്തതാണ് അതിനുള്ള കാരണം. ഇതെല്ലാം ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ വലിയ വിടവ് സൃഷ്ടിക്കുകയാണ്. അപ്രകാരം അറബ് ഭരണാധികാരികള്‍ വിദേശ ശക്തികളെ -അമേരിക്കന്‍, സയണിസ്റ്റ്, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ- കൂടുതല്‍ ആശ്രയിക്കുകയും അവരുടെ മടിത്തട്ടിലേക്ക് വീഴുകയും ചെയ്യുന്നു. സ്വയം പരിഷ്‌കരിച്ചും, ജനതയോടൊപ്പം ചേര്‍ന്നും ആശ്രിതത്വത്തില്‍ നിന്നും ദൗര്‍ബല്യങ്ങളില്‍ നിന്നും പുറത്തുകടക്കാനുള്ള സുവര്‍ണാവസരമാണ് അറബ് വസന്തം ഭരണകൂടങ്ങള്‍ക്ക് തുറന്നുകൊടുത്തത്. എന്നാല്‍ അവര്‍ അവരുടെ ദാഹം ഉപ്പുവെള്ളം കൊണ്ട് ക്ഷമിപ്പിക്കാനാണ് മുതിര്‍ന്നത്.

മൊറോക്കോയുടെ അടിയറവ്:

മറ്റുള്ളവരുടേതില്‍ നിന്നും മൊറോക്കോയുടെ ഇസ്രായേല്‍ ബന്ധം കൂടുതല്‍ ഞെട്ടിക്കുന്നതാണ്. മൊറോക്കോയുടെ അടിസ്ഥാനങ്ങളും, ശക്തിയും ഇത്തരമൊരു ദുരന്തത്തിന്റെ ഭാഗമാകുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ഖേദകരമെന്നത് വലിപേശലുകള്‍ക്കും, പ്രലോഭനങ്ങള്‍ക്കും, ഭീഷണിപ്പെടുത്തലുകള്‍ക്കും മുമ്പിൽ  അവസാനം വീണുപോയി എന്നതാണ്.

മൊറോക്കോയിലെ ഇസ്‌ലാമിക പാര്‍ട്ടിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി ബന്ധം സാധാരണ നിലയിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും കൈകൊണ്ടില്ല.  മറ്റുള്ള ആളുകള്‍ മാധ്യമങ്ങളിലൂടെ അറിയുന്നതുപോലെ അവരും അറിയുക മാത്രമാണ് സംഭവിച്ചത്. അതിന്റെ ആളുകള്‍ക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ ചെയ്യാനാവാത്തത് ആഗ്രഹിക്കുകയും ഉദ്ദേശിക്കാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് ശേഷം 2020ല്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്ന നാലമത്തെ അറബ് രാഷ്ട്രമായി മൊറോക്കോ അറിയപ്പെടുകയാണ്. അറബ് രാഷ്ട്രങ്ങളില്‍ നിന്ന് ജോര്‍ദാനും (1994) ഈജിപ്തും (1979) ഇസ്രായേലുമായി കരാറിലേര്‍പ്പെട്ടിരുന്നു.

വിവ: അര്‍ശദ് കാരക്കാട്

Related Articles