Current Date

Search
Close this search box.
Search
Close this search box.

‘ഹമാസ് ഇപ്പോള്‍ ഫലസ്തീന്‍ പോരാട്ടത്തെ നയിക്കുകയാണ്’

‘മിഡിലീസ്റ്റ് ഐ’ ചീഫ് എഡിറ്റര്‍ ഡേവിഡ് ഹെയര്‍സ്റ്റ് ഹമാസ് തലവന്‍ ഖാലിദ് മിഷ്അലുമായി നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്ത വിവരണം

കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം ഹമാസ് വക്താവ് നല്‍കുന്ന ആദ്യത്തെ അഭിമുഖമാണിത്. 2017 വരെ ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവന്‍ കൂടിയായിരുന്നു മിഷ്അല്‍.

‘ഫലസ്തീന്‍ ജനതയെയും അവരുടെ പോരാട്ടത്തെയും ഇപ്പോള്‍ മുന്നില്‍ നിന്നും നയിക്കുന്നത് ഹമാസ് ആണ്. അധിനിവേശത്തിന് കീഴില്‍ കഴിയുന്ന ഫലസ്തീനികളെ സ്വാതന്ത്ര്യത്തിലേക്കും വിമോചനത്തിലേക്കും നയിക്കുക എന്ന പ്രധാന കര്‍ത്തവ്യമാണ് ഇപ്പോള്‍ ഹമാസ് ഏറ്റെടുത്തിരിക്കുന്നത്. ചരിത്രപരമായ ഫലസ്തീന്‍ പ്രദേശങ്ങളായ ജറൂസലേമും, പഴയ നഗരവും, വെസ്റ്റ് ബാങ്ക് അടക്കം ഇസ്രായേലിനുള്ളില്‍ തന്നെയുള്ള എല്ലാ സ്ഥലങ്ങളിലും സമഗ്രമായ ഒരു മുന്നേറ്റം നടത്താനും ഞങ്ങള്‍ ആഹ്വാനം ചെയ്യുകയാണ്.

അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് ഹമാസ് തയാറെടുക്കുകയാണ്. രണ്ട് പതിറ്റാണ്ടായി അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈന്യത്തിനെതിരെ സജീവമായി പോരാടുന്ന താലിബാനുമായി ചര്‍ച്ച തുടരുകയും ഹമാസുമായുള്ള ചര്‍ച്ച നിരസിക്കുകയും ചെയ്യുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാട് വിചിത്രമായാണ് അനുഭവപ്പെടുന്നത്. ഹമാസ് ഇതുവരെ യു.എസുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും എന്നാല്‍ 1997 മുതല്‍ ഹമാസിനെ അമേരിക്ക ഒരു തീവ്രവാദ സംഘടനയായാണ് കണക്കാക്കുന്നത്.

ഇസ്രയേലിന് അനുകൂലമായും ഞങ്ങളുടെ അറബ്, ഇസ്ലാമിക താല്‍പ്പര്യങ്ങള്‍ക്കെതിരായുമുള്ള നിങ്ങളുടെ പക്ഷപാതപരമായ പല നയങ്ങളെയും ഞങ്ങള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ നിങ്ങളെ ഞങ്ങളുടെ ശത്രുക്കളായി കണക്കാക്കുന്നില്ല. ഞങ്ങള്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നുമില്ല. അതിനാല്‍ നിബന്ധനകളില്ലാതെ ഏതെങ്കിലും കക്ഷിയുമായി ആശയവിനിമയം നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. അതിന് എത്ര സമയമെടുത്താലും ശരി. എന്നാല്‍ ഇസ്രായേലിനോടുള്ള ഹമാസിന്റെ നിലപാട് ഞങ്ങള്‍ മാറ്റില്ല. ഇതാണ് ബൈഡനോട് ഞങ്ങള്‍ക്ക് പറയാനുള്ളത്.

ഹമാസിനെ തീവ്രവാദ പട്ടികയില്‍പെടുത്തിയ എല്ലാ പാശ്ചാത്യ രാജ്യങ്ങളോടും ഞങ്ങള്‍ക്ക് പറയാനുള്ളത് ഇത് തന്നെയാണ്. ഞാന്‍ അവരോട് ആവര്‍ത്തിക്കുന്നു എത്ര സമയമെടുത്താലും ശരി ഹമാസ് നിങ്ങളുടെ വ്യവസ്ഥകള്‍ക്ക് വഴങ്ങില്ല. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ അറബ് രാജ്യങ്ങള്‍ ഫലസ്തീനികളെ പിറകില്‍ നിന്നും കുത്തുക മാത്രമല്ല ചെയ്തത്. ഒരു ജനകീയ കലാപത്തിന് പ്രേരിപ്പിച്ച് സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് നാശമുണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഇസ്രായേലില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് ഒരു മിഥ്യാധാരണയും ഭാവനയുമാണ്. ഇക്കാര്യത്തില്‍ അവര്‍ ലജ്ജിക്കുന്നില്ലെങ്കില്‍, പൊതുജനാഭിപ്രായം അവര്‍ക്കെതിരായിരിക്കും. അല്‍ അഖ്സ പള്ളിക്കും ഷെയ്ഖ് ജര്‍റാ നിവാസികള്‍ക്കും നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രായേലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ഹമാസിന്റെ തീരുമാനത്തിന് ജനപിന്തുണ വര്‍ദ്ധിക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. പരമ്പരാഗതമായ ഇസ്രായേല്‍ നിയന്ത്രണത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ നിന്നും തങ്ങളുടെ അംഗങ്ങളെ നിരന്തരം അറസ്റ്റുചെയ്യുന്ന സ്ഥലങ്ങളിലും ആ പിന്തുണ വര്‍ധിച്ചു’.

ഫലസ്തീന്‍ പ്രസിഡന്റിനായി മഹ്മൂദ് അബ്ബാസിന് എന്തെങ്കിലും അധികാരമുണ്ടെന്ന് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഞങ്ങള്‍ ആരെയും ഒഴിവാക്കുന്നില്ല, ആരുടെയും പങ്ക് ഞങ്ങള്‍ റദ്ദാക്കുന്നില്ലെന്നുമായിരുന്നു മിഷ്അലിന്റെ മറുപടി.

എന്നിരുന്നാലും, ഫലസ്തീന്‍ നേതൃത്തിനുള്ള ഹമാസിന്റെ യോഗ്യതയും അതിന്റെ നില ശക്തിപ്പെടുത്തിയെന്നതും എല്ലാവരും കണ്ടതാണ്, സമീപകാല പോരാട്ടത്തിനും പ്രത്യേകിച്ച് നിലവിലെ പോരാട്ടത്തിനും ഹമാസ് നേതൃത്വം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

നിരവധി വര്‍ഷത്തിനിടെ ഇതാദ്യമായി, നബ്‌ലസിലും ജറൂസലേമിലും വടക്കന്‍ ഇസ്രായേലിലും പ്രകടനങ്ങളിലും പ്രതിഷേധങ്ങളിലും ഹമാസ് പതാകകള്‍ ഫത്തഹ് പതാകയ്ക്കൊപ്പം പറക്കുന്നതായി കണ്ടു, ഇരുവരും സംയുക്തമായി റാലിയില്‍ പങ്കുകൊണ്ടു.

ഈ സാഹചര്യങ്ങളില്‍ നേതൃത്വത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം പോരാട്ടവും പ്രതിരോധവുമാണെന്നും ഫലസ്തീനികളെ സ്വാതന്ത്ര്യത്തിലേക്കും വിമോചനത്തിലേക്കും നയിക്കുകയാണ് തങ്ങളുടെ അന്തി ലക്ഷ്യമെന്നും മിഷ്അല്‍ കൂട്ടിച്ചേര്‍ത്തു.

അവലംബം: middleeasteye.net
വിവ: സഹീര്‍ വാഴക്കാട്

‘മിഡിലീസ്റ്റ് ഐ’ ചീഫ് എഡിറ്റര്‍ ഡേവിഡ് ഹെയര്‍സ്റ്റ് ഹമാസ് തലവന്‍ ഖാലിദ് മിഷ്അലുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ വീഡിയോ കാണാം. 

 

Related Articles