Current Date

Search
Close this search box.
Search
Close this search box.

ഞാനെന്തുകൊണ്ട് മുസ്‌ലിമായി ?

അടുത്തിടെ ഇസ്‌ലാം സ്വീകരിച്ച പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ കമല്‍ സി നജ്മല്‍ ‘ഇസ്‌ലാം ഓണ്‍ലൈവി’ന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.

ഇസ്‌ലാമിലേക്കുള്ള കടന്നു വരവ് ?

‘കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ ഇസ്ലാം പഠിക്കുകയായിരുന്നു. രണ്ടു തവണ ഖുര്‍ആന്‍ വായിച്ചിട്ടുണ്ട്. ഖുര്‍ആന്‍ അന്ന് തന്നെ ഒരു അത്ഭുതമായി തോന്നിയിരുന്നു, കാലത്തെ അതിജയിക്കാന്‍ കഴിയുന്നു എന്നതാണ് ഞാന്‍ കണ്ട വലിയ അത്ഭുതം. ഇസ്ലാമിലേക്ക് വരുന്നതിനെ കുറിച്ച് സ്‌നേഹിതന്മാരോട് പലപ്പോഴും ചെയ്തിരുന്നു. നല്ല പോലെ ആലോചിച്ചു മാത്രം തീരുമാനിക്കുക എന്നതായിരുന്നു അവരുടെ മറുപടി. ഇസ്‌ലാമിന്റെ ആശ്ലേഷണം ഒരു ദിവസം കൊണ്ടുണ്ടായ തീരുമാനമല്ല. എന്തിനും അതിന്റേതായ സമയമുണ്ട് എന്നാണല്ലോ മനസ്സിലാക്കപ്പെടുന്നത്.നജ്മല്‍ ബാബുവിന്റെ മരണവും അനന്തര സംഭവങ്ങളും ഒരു നിമിത്തമായി എന്ന് മാത്രമേ പറയാന്‍ കഴിയൂ.

ഇസ്‌ലാമില്‍ താങ്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കാര്യം ?

ഇസ്ലാമിന്റെ സാമൂഹിക കാഴ്ചപ്പാടാണ് എന്നും എന്നെ ആകര്‍ഷിച്ചത്. മനുഷ്യനെ മനുഷ്യനായി കാണാനും അംഗീകരിക്കാനും ഇസ്ലാമിന് കഴിയുന്നു. ‘മനുഷ്യരെ’ എന്ന ഖുര്‍ആനിന്റെ വിളി അതാണ് സൂചിപ്പിക്കുന്നത്. ദൈവം ആദരിച്ചവന്‍ എന്നാണ് ഖുര്‍ആന്‍ മനുഷ്യരെ കുറിച്ച് പറഞ്ഞത്. ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ഒന്നാണ് ഇസ്ലാമിന്റെ സാമൂഹിക കാഴ്ചപ്പാട്.

ഇസ്ലാമിന് അകത്തും പുറത്തും നില്‍ക്കുമ്പോളുള്ള അനുഭവം ?

ഒരു കാലത്ത് മൊത്തം മതങ്ങളോടും എതിര്‍പ്പായിരുന്നു. ഇസ്ലാമിനോട് പ്രത്യേകിച്ച് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. മനുഷ്യരുടെ സാമൂഹിക പുരോഗതിയില്‍ മതങ്ങള്‍ തടസ്സമാണ് എന്ന ബോധമായിരുന്നു കാരണം. അന്ന് ജീവിതത്തിന് ഒരു അടക്കവും ചിട്ടയും ഒന്നും ഉണ്ടായിരുന്നില്ല. മദ്യപാനം പോലെ പല തിന്മകളും കൊണ്ടുനടന്നിരുന്നു. ഇസ്ലാം ജീവിതത്തിനു നല്‍കുന്നത് അടക്കവും ചിട്ടയുമാണ്. ആരൊക്കെയോ നമ്മെ നിയന്ത്രിക്കുന്നു എന്നൊരു ബോധം. കുടുംബ ജീവിതത്തിലും ആ മാറ്റം ഞാനും എന്റെ കുടുംബവും അറിയുന്നു. ഇപ്പോള്‍ ജീവിതത്തിനു കൂടുതല്‍ ആസ്വാദനം വന്നതായി അനുഭവപ്പെടുന്നു. സമാധാനവും. ഇസ്ലാമിന് അകത്തും പുറത്തും നില്‍ക്കുമ്പോള്‍ നേരിട്ട അനുഭവം അതായിരുന്നു.

ഇസ്ലാമിനെ നേരത്തെ എങ്ങനെയായിരുന്നു നോക്കിക്കണ്ടത് ?

പുറത്തു നിന്നും ഇസ്ലാമിനെ നോക്കിക്കണ്ട കാലത്ത് ഒരു അത്ഭുതമായി തോന്നിയിട്ടുണ്ട്. ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമൂഹമാണ് മുസ്ലിംകള്‍. എന്നിട്ടും അവര്‍ കാണിക്കുന്ന സഹിഷ്ണുത അത്ഭുതമായിരുന്നു. ബാബരി മസ്ജിദ്, ഹാദിയ വിഷയങ്ങള്‍ ഉദാഹരണം മാത്രം. ഹാദിയ വിഷയം നടക്കുന്ന സമയത്തു തന്നെ ഇസ്ലാമിനെ കുറിച്ച് ചിന്തിച്ചതാണ്. എന്തുകൊണ്ടോ അന്ന് നടന്നില്ല. ഒരു പോലീസ് സ്റ്റേഷനില്‍ തീര്‍ക്കേണ്ട കാര്യത്തിന് ഒരു പെണ്‍കുട്ടിക്ക് സുപ്രീം കോടതി വരെ പോകേണ്ടി വന്നു എന്നത് കാണിക്കുന്നത് നമ്മുടെ നാട്ടില്‍ മുസ്ലിം എന്ന നാമം നല്‍കുന്ന അരക്ഷിതാവസ്ഥയാണ്.

‘ഇസ്ലാമിന്റെ രാഷ്ട്രീയ-സാമൂഹിക വശം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണം’

ഇസ്ലാമിന്റെ ഉള്ളിലേക്ക് കടന്നു വന്നപ്പോള്‍ വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു. സംഘടനകള്‍ ഇന്ന് കേരള മുസ്ലിംകളുടെ ഒരു ഭാഗമാണ്. ഒരു സംഘടനയുടെയും ഭാഗമായല്ല ഞാന്‍ ഇസ്ലാമില്‍ വന്നത്. സംഘടനകള്‍ പലപ്പോഴും ഇസ്ലാമിന്റെ ആരാധനയുടെയും ആചാരങ്ങളുടെയും വശങ്ങളാണ് കൂടുതല്‍ ചര്‍ച്ച ചെയ്യാറ്, അതിലപ്പുറം ഇസ്ലാമിന്റെ സാമൂഹിക വശത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, അതെ പോലെ തന്നെ ഇസ്ലാമിന്റെ രാഷ്ട്രീയ വശവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണം.പ്രവാചകന്‍ കടന്നു വന്ന കാലത്തെ സാമൂഹിക അവസ്ഥകളെ ഖുര്‍ആനില്‍ നിരന്തരം കാണാം. ഒരു സമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ നിരാകരിച്ച് ഒരു ഇസ്ലാമിക പ്രവര്‍ത്തനം സാധ്യമാകില്ല.

ഭാവി പരിപാടികള്‍ ?

നജ്മല്‍ ബാബുവിന്റെ അടുത്ത കൂട്ടുകാര്‍ ഇടതു പക്ഷക്കാരും പുരോഗമന ആശയക്കാരുമായിരുന്നു, അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ ശരീരം അടക്കപ്പെടും എന്നതായിരുന്ന് എന്റെ ഉറച്ച വിശ്വാസം. അതിനു തടസ്സം നിന്നത് കമ്യൂണിസ്റ്റുകാരായിരുന്നു എന്നത് വല്ലാതെ ദു:ഖിപ്പിക്കുന്നു. നിരീശ്വര വാദിക്കും ഒരു മറഞ്ഞ മതമുണ്ട്. ആ മതമാണ് നജ്മുവിന്റെ കാര്യത്തില്‍ നാം കണ്ടതും. ഇന്ത്യയില്‍ ഇസ്ലാമിനെ അന്വേഷിക്കുന്ന ഒരുപാട് പേരുണ്ട്. അവരിലേക്ക് തെളിമയുള്ള മതത്തെ എത്തിക്കുക എന്നതാണ് ഭാവി പ്രവര്‍ത്തനം. മുസ്ലിം സംഘടനകള്‍ക്കിടയില്‍ നടന്നു കൊണ്ടിരിക്കുന്ന തര്‍ക്കങ്ങളില്‍ ഒരിക്കലും കക്ഷിയാവാന്‍ ആഗ്രഹിക്കുന്നില്ല. പ്രഭാതം സത്യമാണെങ്കിലും അത് ദൂരെയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

Related Articles