Current Date

Search
Close this search box.
Search
Close this search box.

ആഢംബര വിവാഹത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍ അവസാന നടപടി

alikutty-musliyar.jpg

കേരളത്തിലെ അറിയപ്പെടുന്ന മുസ്‌ലിം പണ്ഡിതനും 2003 മുതല്‍ ജാമിഅ നൂരിയ അറബിക് കോളേജിന്റെ പ്രിന്‍സിപ്പാളുമാണ് പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍. ഗ്രന്ഥകാരനും പ്രാസംഗികനും ചിന്തകനുമായ അദ്ദേഹം ഒട്ടേറെ വൈജ്ഞാനിക സംഭാനകളര്‍പ്പിച്ചിട്ടുള്ള വ്യക്തിത്വമാണ്. കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍, കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ച മുസ്‌ലിയാര്‍ ആള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കൂടിയാണ്. സ്ത്രീധനം, വിവാഹധൂര്‍ത്ത് പോലുള്ള സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച ചര്‍ച്ചകള്‍ സജീവമായ പശ്ചാത്തലത്തില്‍ ഇസ്‌ലാം ഓണ്‍ലൈവ് സബ് എഡിറ്റര്‍ ഇര്‍ഷാദ് കാളാചാല്‍ ഉസ്താദുമായി നടത്തിയ പ്രത്യേക അഭിമുഖം  :-

-സ്ത്രീധനം, വിവാഹധൂര്‍ത്ത് തുടങ്ങിയ സമൂഹത്തെയും പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെയും ബാധിച്ചിട്ടുള്ള വിപത്തുകളെ കുറിച്ച് സമകാലിക കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരമായി ഭൂരിഭാഗം ആളുകളും നിര്‍ദ്ദേശിച്ച ഒന്നാണ് ‘ബോധവല്‍ക്കരണം’ എന്നത്.  ഇതിന്റെ പ്രയോഗിക രീതികളെ സംബന്ധിച്ച് അവ്യക്ത നിലനില്‍ക്കുന്നുണ്ട്. എന്തൊക്കെയാണ് ഫലപ്രദമായ പ്രായോഗിക രീതികള്‍?

കാസര്‍കോട് ജില്ലയിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ഖത്തീബുമാരുടെ ഒരു യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിന്റെ മുഖ്യമായ ഊന്നല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് അവരെ കൃത്യമായി ബോധ്യപ്പെടുത്തുക എന്നതാണ്. പ്രദേശികാടിസ്ഥാനത്തില്‍ ബോധവല്‍കരണത്തിന്റെ സ്വഭാവത്തില്‍ വ്യത്യാസം വരും. കാസര്‍കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഒരു ഏകദേശ രൂപം കാണുവാനാണ് യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്. യോഗത്തിലെടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് മേഖലയിലെ എല്ലാ ഖത്തീബുമാരെയും വിളിച്ച് ചേര്‍ത്ത് ഓരോ പ്രദേശത്തും നടപ്പാക്കേണ്ട രീതികളെ കുറിച്ച് വിശദീകരിച്ച് കൊടുക്കും. വെള്ളിയാഴ്ച്ചകളില്‍ ഉദ്‌ബോധനത്തിന്റെ രൂപത്തിലാണ് ജനങ്ങളിലേക്ക് ഇപ്പറഞ്ഞ വിപത്തുകളെ സംബന്ധിച്ച് ഇസ്‌ലാം എന്ത് പഠിപ്പിക്കുന്നു എന്ന സന്ദേശമെത്തിക്കുക. ഉദ്‌ബോധനത്തിന്റെ മാറ്റര്‍ തയ്യാറാക്കി ഖത്തീബുമാരെ ഏല്‍പ്പിക്കുന്നതായിരിക്കും.

‘ തീര്‍ച്ചയായും സമ്പത്ത് ധൂര്‍ത്തടിക്കുന്നവന്‍ പിശാചിന്റെ സഹോദരങ്ങളില്‍ പെട്ടവനാകുന്നു’ (ഖുര്‍ആന്‍- അല്‍ ഇസ്രാഅ് 27) എന്ന ഖുര്‍ആന്‍ വചനമാണ് ബോധവല്‍കരണത്തിന്റെ ഒന്നാമത്തെ അടിസ്ഥാനം. പിന്നെ സമ്പത്ത് എന്നത് നമ്മളെ ഏല്‍പ്പിച്ചിട്ടുള്ള സൂക്ഷിപ്പ് മുതലാണ്. കാര്യബോധമില്ലാത്ത ആളുകളെ സമ്പത്ത് ഏല്‍പ്പിക്കരുതെന്ന് ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാരണം സമ്പത്ത് അല്ലാഹു നല്‍കിയതാണ്, അത് സമൂഹത്തിന് മൊത്തത്തിലുള്ളതാണ്. ഓരോരുത്തരുടെ കയ്യിലും സ്വന്തമായി സമ്പത്ത് ഉണ്ടെന്ന് കരുതി അവരവരുടെ ഇഷ്ടപ്രകാരം അത് കൈകാര്യം ചെയ്യാന്‍ അല്ലാഹു അനുവദിക്കുന്നില്ല. സമ്പത്ത് ചിലവഴിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ നിയന്ത്രണങ്ങളെ സംബന്ധിച്ചാണ് ആളുകളെ ബോധ്യപ്പെടുത്തുക. ‘ഇതൊക്കെയും  (സമ്പത്ത്) എനിക്ക് ലഭിച്ചത് എന്റെ അറിവ് കൊണ്ട് മാത്രമാണ്’ (ഖുര്‍ആന്‍ അല്‍ ഖസസ് : 78) എന്നത് ഖാറൂന്റെ സിദ്ധാന്തമാണ്. അവനവന്‍ സമ്പാദിച്ചതെല്ലാം സ്വന്തത്തിന് മാത്രമുള്ളതാണ് എന്ന സ്വാര്‍ത്ഥമായ നിലപാട് ഉപേക്ഷിച്ച് സമ്പത്ത് സമൂഹത്തിനുളളതാണ് എന്ന ഖുര്‍ആനികാദ്ധ്യാപനം ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ വേരോടുന്ന തരത്തിലാണ് ബോധവല്‍ക്കരണം. സമ്പത്ത് എങ്ങനെ ചെലവാക്കിയാലും നാളെ പരലോകത്ത് വെച്ച് ചോദ്യം ചെയ്യപ്പെടും എന്ന ഭയപ്പാട് വിശ്വാസികളില്‍ ഉണ്ടാക്കിയെടുക്കണം.

-എല്ലാവരും ഇത്ര മാത്രമേ കല്ല്യാണാവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പാടുള്ളു എന്ന് നിര്‍ദ്ദേശിക്കാന്‍ കഴിയുമോ?

ചെലവ് ചുരുക്കുക എന്നത് ആപേക്ഷികമാണ്. ഒരോരുത്തരുടെയും സാമ്പത്തിക നിലയും ബന്ധങ്ങളുടെ വ്യാപ്തിയും അനുസരിച്ച് കല്ല്യാണത്തിലെ അത്യാവശ്യ ചെലവുകളില്‍ ഏറ്റകുറച്ചില്‍ സംഭവിക്കും. വിവാഹവുമായി ബന്ധപ്പെട്ട് ഇസ്‌ലാം നിര്‍ദേശിക്കുന്ന കാര്യങ്ങളിലെ സാമ്പത്തിക ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഓരോ മഹല്ലിലെയും ഖത്തീബും അല്ലെങ്കില്‍ ഖാദിയും, പള്ളി കമ്മറ്റിക്കാരും ചേര്‍ന്ന് കൂടിയാലോചിച്ച് തീരുമാനമെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടുവരാന്‍ കഴിയേണ്ടതുണ്ട്. ഇതിന് പക്ഷെ അടിച്ചേല്‍പ്പിക്കുന്ന രീതിയിലുള്ള ഒരു സമീപനവും സ്വീകരിക്കാവതല്ല. ഇങ്ങനെയുള്ള കൂടിയാലോചനകളിലേക്ക് അതാത് മഹല്ലുകളിലെ സാമ്പത്തികമായി മെച്ചപ്പെട്ട് നില്‍ക്കുന്നവരെ നിര്‍ബന്ധമായി പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണം.

-‘സുന്നി മഹല്ല് ഫെഡറേഷന്‍’ ന്റെ മേല്‍നോട്ടത്തിലാണോ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുക?

അല്ല.  ‘സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കും. അടുത്ത ഒന്നാം തിയ്യതി ചേരുന്ന മുശാവറയില്‍ അതിനെ സംബന്ധിച്ച തീരുമാനമെടുക്കും. ഇപ്പോള്‍ പ്രധാനമായും കാസര്‍കോട് കേന്ദ്രീകരിച്ചാണ് പരിപാടികള്‍ നടത്തുന്നത്. കാരണം കാസര്‍കോട് ജില്ലയാണ് കേരളത്തില്‍ സാമ്പത്തികമായി ഉയര്‍ച്ചയുള്ളതും, സമ്പത്തുമായി ബന്ധപെട്ടുള്ള അരുതായ്മകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതുമായ സ്ഥലം. മലപ്പുറവും പിന്നിലല്ല എന്നത് ഒരു വസ്തുതയാണ്.

-വിവാഹ ചടങ്ങുകളിലെ ധൂര്‍ത്തും പൊങ്ങച്ച പ്രകടനവും അവസാനിപ്പിക്കാനായി സമൂഹത്തില്‍ നിന്നും ഒരുപാട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ടായിരുന്നു. അതില്‍ ശ്രദ്ധേയമായ ഒരു നിര്‍ദേശമാണ് ഇത്തരത്തില്‍ സമ്പത്ത് ധൂര്‍ത്തടിച്ച് നടത്തുന്ന കല്ല്യാണങ്ങളില്‍ നിന്നും മതസാമുദായിക നേതൃത്വത്തിലുള്ള ആളുകള്‍ വിട്ടുനില്‍ക്കുക, അത്തരക്കാരോട് സഹകരിക്കാതിരിക്കുക എന്നത്. ഇത് എത്രത്തോളം പ്രായോഗികമാണ്?

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പ്രാഥമിക നടപടിയെന്ന നിലക്ക് അത്തരം വിവാഹങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക എന്നത് പ്രായോഗികമല്ല. കാരണം അത് അവരെ സമൂഹത്തില്‍ നിന്നും അകറ്റുന്നതിന് വഴിവെക്കും. അത്തരത്തില്‍ ആര്‍ഭാടപൂര്‍വ്വം വിവാഹങ്ങള്‍ നടത്തുന്നവരെ സമൂഹത്തില്‍ നിന്നും അകറ്റരുത്. അവരെ കൂടെ നിര്‍ത്തി കൊണ്ട് തന്നെ ഭാവിയില്‍ നാം ഉദ്ദേശിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ അവരില്‍ ഉണ്ടാക്കിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്. ബോധവല്‍ക്കരണം കൃത്യമായി നടന്നതിന് ശേഷവും മഹല്ലുകളില്‍ അത്തരം അനിസ്‌ലാമിക പ്രവണതകള്‍ ആളുകള്‍ തുടരുന്നുവെങ്കില്‍, അത്തരക്കാരില്‍ നിന്നും മതനേതൃത്വം വിട്ടു നില്‍ക്കുക തന്നെ ചെയ്യണം. പക്ഷെ ഇത് ഏറ്റവും അവസാനത്തെ മാര്‍ഗമാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. എത്ര തന്നെ ശക്തമായി ബോധവല്‍ക്കരണം നടത്തിയിട്ടും നേരായ വഴിയിലേക്ക് പ്രവേശിക്കാന്‍ സന്നദ്ധരല്ലാത്തവരെ അവരുടെ പാട്ടിന് വിട്ടേക്കുക എന്നതല്ലാതെ അതില്‍ കാര്യമായൊന്നും ചെയ്യാനില്ല. ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന് മുമ്പ് തന്നെ, ഓരോ മഹല്ലുകളിലെയും സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്നവരെ പ്രത്യേകമായി വിളിച്ച് ചേര്‍ത്ത് കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തണം.

-മതനേതൃത്വം ഇത്തരം വിവാഹങ്ങളില്‍ നിന്നും വിട്ട്‌നില്‍ക്കാന്‍ മടിക്കുന്നത് സമ്പന്നരില്‍ നിന്നും പള്ളികമ്മറ്റിക്കും, അനുബന്ധ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന വരുമാനം നിലച്ച് പോകുമെന്ന് ഭയമുള്ളത് കൊണ്ടാണ് എന്ന ഒരു ആക്ഷേപം സമൂഹത്തില്‍ ശക്തമാണ്. ഈ വിഷയത്തില്‍ ജനങ്ങളോട് എന്താണ് പറയാനുള്ളത്?

ഇങ്ങനെയൊരു ധാരണ സമൂഹത്തില്‍ നിലക്കുന്നുണ്ട് എന്നത് ശരിക്ക് മനസ്സിലാക്കിയിട്ടുള്ള ഒരാളെന്ന നിലയില്‍ ഞാന്‍ ആവര്‍ത്തിച്ച് പറയാറുള്ള കാര്യം തന്നെയാണ് പള്ളിക്കും മദ്രസക്കും ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല, സ്വന്തം കുടുംബത്തില്‍പെട്ടവരും, അയല്‍വാസികളുമായ പാവപ്പെട്ടവര്‍ക്ക് നിര്‍ബന്ധമായും നിങ്ങളുടെ സമ്പത്തിലെ ഒരു നിശ്ചിത ഭാഗം കൊടുത്തിരിക്കണം എന്ന കാര്യം. സമൂഹത്തില്‍ വീടില്ലാത്തവര്‍ ഉണ്ടായിരിക്കെ, പൊങ്ങച്ച പ്രകടനത്തിന് വേണ്ടി മൂന്നും നാലും റൂമുകള്‍ അനാവശ്യമായി ഉണ്ടാക്കി വീടുകള്‍ നിര്‍മിക്കുന്നവര്‍ ഉണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ നമ്മള്‍ തുടങ്ങി വെച്ചിട്ടുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പള്ളിയുടെയും മദ്രസയുടെയും കാര്യം പറഞ്ഞ് ജനങ്ങളില്‍ അത്തരം തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പകരം സ്വകുടുംബങ്ങളില്‍ പെട്ടവരും, സമൂഹത്തില്‍ ജീവിക്കുന്ന നമ്മുടെ സഹജീവികളുമായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സമ്പത്ത് നീക്കിവെക്കാന്‍ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കേണ്ടത്. ഒരു സുപ്രഭാതത്തില്‍ എല്ലാം ശരിയാവും എന്ന അമിതശുഭാപ്തിവിശ്വാസം ഇക്കാര്യത്തില്‍ വെച്ചുപുലര്‍ത്താന്‍ സാധിക്കുകയില്ല.

-വളരെ ചെറുപ്പത്തില്‍ തന്നെ വ്യവസ്ഥാപിതമായി മതവിദ്യഭ്യാസം ലഭിക്കുന്ന ഒരു സമുദായമാണ് മുസ്‌ലിംകള്‍. എന്നിട്ടും കുറ്റകൃത്യങ്ങളില്‍ പ്രതികളായി പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും നമ്മുടെ സമുദായത്തില്‍പെട്ടവര്‍ തന്നെയാണ് എന്ന വസ്തുത നിഷേധിക്കാന്‍ കഴിയുകയില്ല. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഒരു വ്യക്തിയുടെ മദ്രസ വിദ്യഭ്യാസം കഴിയുന്നതോടു കൂടി മതവുമായി ബന്ധം നഷ്ടപ്പെട്ടു പോകുന്ന ഒരവസ്ഥ നിലവിലുണ്ട്. ഇതിനെ മറികടക്കാന്‍ മഹല്ല് സംവിധാനത്തിന് എന്താണ് ചെയ്യാന്‍ കഴിയുക?

മഹല്ല് സംവിധാനം തന്നെയാണ് നിലവിലെ മുസ്‌ലിം സാമൂഹ്യ ജീവിതത്തിന്റെ സുപ്രധാനവും, പ്രാഥമികവുമായ അടിസ്ഥാനഘടകം. കുടംബമെന്ന ഘടകത്തെ മഹല്ലിന്റെ പരിധിയില്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ കൊണ്ടുവരാന്‍ കഴിയേണ്ടതുണ്ട്. മഹല്ല് സംവിധാനം കുടുംബത്തോട് ആധിപത്യ മനോഭാവത്തില്‍ പെരുമാറണം എന്ന് ഇതിന് അര്‍ത്ഥമില്ല. ഇരു ഘടകങ്ങളും പരസ്പരം സഹവര്‍ത്തിത്വത്തിലധിഷ്ടിതമായി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ച് മുന്നോട്ട് നീങ്ങുകയാണ് വേണ്ടത്. ‘നിങ്ങളെല്ലാവരും ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടവരാണ്, അതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്’ എന്നാണല്ലോ ഇക്കാര്യത്തിലുള്ള പ്രവാചക അധ്യാപനം. ഈ ബാധ്യതയില്‍ നിന്നും മഹല്ല് ഒഴിവായി പോകുകയില്ല. ഇപ്പോള്‍ മറ്റൊരു പ്രവണത വ്യാപകമായിട്ടുണ്ട്. മഹല്ലുകളെല്ലാം തന്നെ കേവലം ഒരു മതപ്രഭാഷണ പരമ്പര സംഘടിപ്പിച്ച് ഈ ബാധ്യതയില്‍ നിന്നും കൈകഴുകി രക്ഷപ്പെടുന്നതിനാണ് ശ്രമിക്കുന്നത്. നേരത്തെ സൂചിപ്പിച്ച വിപത്തില്‍ നിന്നും നമ്മുടെ സമുദായത്തെ മോചിപ്പിക്കാന്‍ ഇതു കൊണ്ട് മാത്രം കഴിയുകയില്ല. നമ്മള്‍  ചെയ്യേണ്ടത് എന്താണെന്ന് വെച്ചാല്‍, ഒരോ മഹല്ലിലെയും ഉത്തരവാദിതപ്പെട്ടവരായ ഖാദി അല്ലെങ്കില്‍ ഖത്തീബ്, പള്ളികമ്മറ്റി പ്രസിഡന്റ് അതു പോലെതന്നെ അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വീടുവീടാന്തരം കയറിയിറങ്ങിയുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ നടത്തണം. ഇത്തരത്തില്‍ മുസ്‌ലിം സമുദായത്തിന്റെ രണ്ട് സുപ്രധാന ഘടകങ്ങളായ മഹല്ല് സംവിധാനവും, കുടുംബമെന്ന വ്യവസ്ഥയും തമ്മിലുള്ള ബന്ധം മുറിഞ്ഞ് പോകാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

-മതനേതൃത്വം ഒരുഭാഗത്ത് കുറ്റകൃത്യങ്ങള്‍ തടയുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ നമ്മുടെ രാഷ്ട്രീയ നേതൃത്വം കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കി കൊടുക്കുന്നുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയുകയില്ല. കുറ്റം ചെയ്ത് പിടിക്കപ്പെടുന്നവര്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി പുറത്തിറങ്ങുന്നത് ഒരു സാധാരണ കാഴ്ചയാണ്. മതനേതൃത്വത്തിന് രാഷ്ട്രീയ നേതൃത്വത്തെ ഗുണപരമായി സ്വാധീനിക്കാന്‍ കഴിയേണ്ടതില്ലെ?

രാഷ്ട്രീയക്കാരുടെ അത്തരം പ്രവൃത്തികള്‍ കുറ്റകൃത്യങ്ങള്‍ വളര്‍ത്തുന്നതിന് തുല്ല്യമാണ്. ‘അല്ലാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്ന കാര്യത്തില്‍ അവരോടുള്ള (വ്യഭിചരിച്ച് പിടിക്കപ്പെട്ടവരോടുള്ള) ദയ നിങ്ങളെ തടയാതിരിക്കട്ടെ’ (ഖുര്‍ആന്‍ അന്നൂര്‍ : 2) എന്നാണ് ഖുര്‍ആന്‍ ഇക്കാര്യത്തെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്. ശിക്ഷ നടപ്പാക്കുന്ന വിഷയത്തില്‍ കുറ്റവാളികളോട് യാതൊരു കാരുണ്യവും തോന്നാന്‍ പാടില്ല എന്നാണ് അപ്പറഞ്ഞതിന്റെ സാരം. കുറ്റവാളികള്‍ നിങ്ങളുടെ കുടുംബാംഗങ്ങളായിരിക്കാം, ബന്ധുക്കളായിരിക്കാം, പരിചയക്കാരായിരിക്കാം, പക്ഷെ ഇതൊന്നും തന്നെ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ നിന്നും സത്യവിശ്വാസിയെ തടയാന്‍ പാടില്ല. ഈയൊരു മനഃസ്ഥിതി നമ്മുടെ ആളുകളുടെ ഇടയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

മുമ്പൊരിക്കല്‍ തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ രാഷ്ട്രീയ നേതൃത്വം ഒരു തീരുമാനമെടുത്തു. ഉദാഹരണത്തിന് മുസ്‌ലിം ലീഗ്. കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ സ്വന്തം കുടുംബത്തില്‍പെട്ടവരോ ബന്ധുക്കളോ ആയിരിക്കും. ഇങ്ങനെ ഒരു സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കില്‍ നമ്മുടെ നേതൃത്വം, എന്നു വെച്ചാല്‍ മുസ്‌ലിം ലീഗ്, അത്തരത്തില്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ മോചിപ്പിക്കുന്നതിന് വേണ്ടി മന്ത്രിമാരെ കാണാനോ, ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്താനോ പോകേണ്ടതില്ല എന്ന തീരുമാനം കൈകൊണ്ടു. അവരെ മോചിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ യഥാര്‍ത്ഥത്തില്‍ സഹായമല്ല മറിച്ച് കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു.

-മുസ്‌ലിം എന്ന നിലയില്‍ ഏറെ സങ്കടപ്പെടുത്തിയ ഒരു സംഭവമാണ് ഈയടുത്ത് മന്ത്രവാദ ചികിത്സയുടെ അനന്തരഫലമായി ഒരു യുവതി മരിക്കാനിടയായ സംഭവം. മന്ത്രവാദത്തെ കുറിച്ച് ഒരുപാട് ധാരണകളും തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തോട് എന്താണ് ഈ വിഷയത്തില്‍ പറയാനുള്ളത്?

ശാരീരികമായ ഉപദ്രവം മൂലമാണ് യുവതി മരണപ്പെട്ടത് എന്ന് വ്യക്തമാണ്. അതിന് മന്ത്രവുമായി യാതൊരു ബന്ധവുമില്ല. അശാസ്ത്രീയമായ കായിക പ്രയോഗം കാരണത്താലാണ് അത് സംഭവിച്ചത്. ചോദ്യം മന്ത്രവാദത്തെ കുറിച്ചാണ്. മന്ത്രിക്കുക എന്നത് ഒരളവോളം എല്ലാ പണ്ഡിതന്‍മാരും അംഗീകരിച്ച സംഗതിയാണ്. അതിന്റെ റൂട്ടുകള്‍ പലവിധമാണ്. ഈയൊരു സംഗതി സൗദിയിലെ ശൈഖ് ഇബ്‌നു ബാസ് അംഗീകരിച്ചതാണ് അദ്ദേഹത്തിന് നേരെ താഴെയുള്ള ശൈഖ് ഇബ്‌നു ജിബ്‌രീന്‍ മുതലായ ആധുനികരൊക്കെ തന്നെ അംഗീകരിച്ചതാണ്. ഇന്നാണെങ്കില്‍ മന്ത്രം എന്നൊക്കെ പറയുമ്പോള്‍ സുന്നി ധാരയില്‍ പെട്ട ആളുകളാണല്ലൊ അതിനെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അത്തരക്കാരെയൊന്നും തന്നെ ഇബ്‌നു ബാസിനെ പോലെയുളള, ഇബ്‌നു ജിബ്‌രീനെ പോലെയുള്ള പണ്ഡിതന്‍മാര്‍ തളളിപ്പറഞ്ഞിട്ടില്ല. ശൈഖ് ഇബ്‌നു ജിബ്‌രീനുമായി വളരെ അടുപ്പമുള്ള ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സദസ്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. രണ്ട് തരം മന്ത്രമാണ് പ്രധാനമായും അവിടെ പ്രയോഗത്തിലുള്ളത്. അതിന്റെ വിശദീകരണങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. പ്രധാനമായും ഖുര്‍ആനിക സൂക്തങ്ങളും, നബി (സ) തങ്ങളുടെ ഹദീസുകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടുള്ള പ്രാര്‍ത്ഥനകളും തന്നെയാണ് രോഗശമനത്തിനും മറ്റും ഉപയോഗിക്കുന്നത്. ഇതെല്ലാം മറ്റൊരാളെ സഹായിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ മാത്രമാണ്. ഇത് അനുവദനീയവും ആണ് മാത്രമല്ല അത്തരത്തിലുള്ള പ്രാര്‍ത്ഥനകളെയും മന്ത്രങ്ങളെയും നമുക്ക് നിഷേധിക്കാനും സാധിക്കുകയില്ല. പക്ഷെ ഇന്നിപ്പോള്‍ മന്ത്രം, മന്ത്രവാദി എന്നിങ്ങനെയുള്ള പദങ്ങള്‍ പേരിനൊപ്പം ചേര്‍ത്ത് നടക്കുന്നവരുടെ ഉദ്ദേശം മറ്റൊരാളെ സഹായിക്കുക എന്നതല്ല. അതില്‍ നിന്നും എന്ത് ലാഭം കിട്ടും എന്ന ചിന്ത മാത്രമാണ് ഇത്തരക്കാര്‍ക്കുള്ളത്. അധ്വാനിക്കാതെ പണം ഉണ്ടാക്കാനുള്ള ഒരു ഉപാധിയായി മന്ത്രവാദത്തെ ഉപയോഗിക്കുന്നവരുണ്ട്. രോഗശമനത്തിന് മന്ത്രവാദ ചികിത്സ നടത്തുന്നവര്‍ പണം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ശുദ്ധ തട്ടിപ്പാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പണം സമ്പാദിക്കുക എന്ന ഉദ്ദേശം ഇതിന് ചേര്‍ന്ന് വന്നാല്‍ അതിന്റെ പരിഭാഷ തട്ടിപ്പ് എന്നാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുകയില്ല. ദീനില്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ല.

-കഴിഞ്ഞ വര്‍ഷം കേരളത്തിലെ അക്കാദമിക് രംഗത്ത് വളരെ ചലനങ്ങള്‍ സൃഷ്ടിച്ച ഒരു പരിപാടിയായിരുന്നു ഉസ്താദ് കൂടി പങ്കെടുത്ത ‘കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ്’. ഇത്തരം സംരഭങ്ങളുടെ പ്രധാന്യം വിളിച്ചോതുന്ന തരത്തിലാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഫാസിസ്റ്റുകള്‍ ചരിത്രം തിരുത്തിയെഴുതുന്ന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിനെതിരെ ഒരു അക്കാദമിക് പ്രതിരോധം തീര്‍ക്കേണ്ടതില്ലെ?

തീര്‍ച്ചയായും, ഞാന്‍ അതിനെകുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടിയ പണ്ഡിത യോദ്ധാക്കളാണ് നമ്മുടെ മുന്‍ഗാമികള്‍. ഇന്നത്തെ കാലത്ത് ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നേറേണ്ട ചുമതല നമ്മുക്ക് ഒരോരുത്തര്‍ക്കും ഉണ്ട്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയമാണ് ഇന്ത്യയെ ധന്യമാക്കുന്നത്. നാനാതരത്തിലുള്ള ജനവിഭാഗങ്ങള്‍ ഒത്തൊരുമിച്ച് നേടിയെടുത്തതാണ് നമ്മുടെ സ്വാതന്ത്ര്യവും അതുമായി ബന്ധപ്പെട്ട് നമ്മള്‍ ഇന്ന് ആസ്വദിച്ചു കൊണ്ടിരിക്കുന്ന എല്ലാ അവകാശങ്ങളും. മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള ലോകത്തിന് വെളിച്ചം നല്‍കിയ നാഗരികതയാണ് നമ്മുടേത്. ഈ മഹത്തായ ചരിത്രത്തെ ചില തല്‍പരകക്ഷികള്‍ മാറ്റിയെഴുതുന്നു എന്നത് ഒരു ചതി പ്രയോഗം തന്നെയാണ്. യഥാര്‍ത്ഥ ദൈവവിശ്വാസികളില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു നീചകൃത്യമാണിത്. സത്യം, സമത്വം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ദൈവവിശ്വാസം കൊണ്ടുദേശിക്കുന്നത് എന്ന് ഗാന്ധിജി ചുരുങ്ങിയ ഭാഷയില്‍ വിവരിച്ചിട്ടുണ്ടല്ലോ. ഗാന്ധിജിയെ അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി ആ തത്വം എല്ലാവരും അംഗീകരിക്കുന്നതാണ്. ഫിര്‍ഔന്‍, ഹിറ്റ്‌ലര്‍ തുടങ്ങി ആരുമാവട്ടെ ഇത്തരത്തില്‍ അക്രമങ്ങള്‍ പ്രവര്‍ത്തിച്ചവരൊക്കെ തന്നെ കുറച്ച് ദൂരം മുന്നോട്ട് പോകുമെങ്കിലും പിന്നീട് നശിപ്പിക്കപ്പെടുമെന്നതിന് ചരിത്രം സാക്ഷിയാണ്. ഫാസിസ്റ്റുകളോട് ഉണര്‍ത്താനുളളത് ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നതിലൂടെ ആളുകളുടെ ശത്രുതയും വെറുപ്പും മാത്രമെ നിങ്ങള്‍ക്ക് സമ്പാദിക്കുവാന്‍ സാധിക്കുകയുള്ളു. പൊതുജനങ്ങള്‍ അതിനെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും. രാജ്യം ഭരിക്കാനുള്ള അധികാരം ദൈവം തമ്പുരാന്‍ ഏല്‍പ്പിച്ച് തന്ന സാഹചര്യത്തില്‍, അധികാരം ഉപയോഗിച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇത്തരം വൃത്തികെട്ട പ്രവര്‍ത്തികളില്‍ നിന്നും നിങ്ങള്‍ മാറിനില്‍ക്കണം. ഹിന്ദു സംസ്‌കാരത്തിന്റെ അന്തസത്തക്ക് നിരക്കാത്തതും, ഒരു ഹിന്ദുമത പണ്ഡിതനും പഠിപ്പിക്കാത്തതുമായ ഇത്തരം കര്‍മ്മങ്ങള്‍ ആരാണ് നിങ്ങളെ പഠിപ്പിച്ചത്. ഏത് വേദമാണ് നിങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് കൊണ്ട് അവരുമായി സംവാദങ്ങള്‍ സംഘടിപ്പിക്കണം.

-വിഷയത്തെ ഏതുരീതിയില്‍ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്?

ഇന്ത്യയുടെ സവിശേഷ സാഹചര്യം പരിഗണിച്ച് വിഷയത്തിന് സാമുദായിക വര്‍ണ്ണം നല്‍കുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാന്‍ മാത്രമെ ഉപകരിക്കൂ. ഒരു ബഹുജന മുന്നേറ്റമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ രീതി. ഇത് എല്ലാവരുടെയും പ്രശ്‌നമായി അവതരിപ്പിക്കാന്‍ നമുക്ക് സാധിക്കണം. എല്ലാ മത ജാതി സംഘടനകളില്‍പെട്ടവരെയും ഇതിനെ കുറിച്ച് ബോധവാന്‍മാരാക്കണം. ഇതൊരു പൊതു വിപത്താണ് എന്ന സന്ദേശമാണ് ജനങ്ങളിലേക്കെത്തിക്കേണ്ടത്. ആ വിപത്തിനെ തടയാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത് ഇന്ന് അനിവാര്യമാണ്. നമ്മള്‍ ഭിന്നിച്ച് നില്‍ക്കുന്നത് ശത്രുക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലേക്കാണ് നയിക്കുക. ഹിന്ദുമതത്തിന്റെ പേരില്‍ ഫാസിസ്റ്റുകള്‍ ചെയ്തു കൂട്ടുന്ന അക്രമങ്ങളെ പറ്റി ആ സമുദായത്തിലെ അംഗങ്ങളെ ധരിപ്പിക്കണം. അക്കാര്യം നിര്‍വഹിക്കാന്‍ ശേഷിയുള്ള ഹിന്ദുമതത്തിലും, വേദങ്ങളിലും മറ്റും ആഴത്തില്‍ ജ്ഞാനമുള്ള പണ്ഡിതന്‍മാര്‍ നമ്മുടെ കൂട്ടത്തില്‍ ഇപ്പോള്‍ ഉണ്ട്.

-ഇനി ഉസ്താദിന്റെ വിദ്യഭ്യാസ കാലഘട്ടത്തിലൂടെ അല്‍പ്പം സഞ്ചരിക്കാം. പള്ളി ദര്‍സിലൂടെ മതപഠനം ആരംഭിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്നും കോളേജ് വിദ്യഭ്യാസം നേടി. ഇപ്പോള്‍ അതേ കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം അലങ്കരിക്കുന്നു. മതവിദ്യഭ്യാസത്തിന്റെ പുരാതനവും ആധുനികവുമായ രീതികളുമായി പരിചയപ്പെടാന്‍ സാധിച്ച വ്യക്തി എന്ന നിലയില്‍ എന്തൊക്കെയാണ് അനുഭവങ്ങള്‍?

വിദ്യ അഭ്യസിക്കുന്നതിലെ എല്ലാ സന്തോഷവും, ആസ്വാദനവും ഞാന്‍ അനുഭവിച്ചത് പള്ളി ദര്‍സില്‍ നിന്നാണ്. ഉസ്താദും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം അവിടങ്ങളില്‍ വളരെ ഊഷമളമായിരുന്നു. പള്ളി ദര്‍സിന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍ വലിയ കിതാബ് ഓതുന്നവരും ചെറിയ കിതാബ് ഓതുന്നവരും തമ്മില്‍ ഒരു അഭേദ്യമായ ബന്ധം നിലനില്‍ക്കും. അവര്‍ക്കിടയില്‍ തടസ്സങ്ങളായി ഇപ്പോഴത്തെ ക്ലാസ് മുറികളുടെത് പോലെ ചുമരുകള്‍ ഉണ്ടാവില്ല. മുതിര്‍ന്ന വിദ്യാര്‍ഥികളുടെ അനുഭവ സമ്പത്തും പരിചയസമ്പന്നതയും യാതൊരു തടസ്സവുമില്ലാതെ മറ്റ് കുട്ടികളിലേക്ക് വിതരണം ചെയ്യപ്പെട്ടിരുന്നു. ഇതു തന്നെയാണ് പ്രവാചക ശൈലിയും. ഇവിടങ്ങളില്‍ മുന്തിയ ആളുകള്‍ പിന്തിയ ആളുകള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവിന് വഴിയൊരുക്കുന്ന ഒന്നും തന്നെയില്ല. എന്നാല്‍ ഇന്നത്തെ കോളേജ് സമ്പ്രദായത്തില്‍ വ്യത്യസ്ത തട്ടുകളായി വേര്‍തിരിക്കപ്പെട്ട പൗരന്‍മാരാണ് സൃഷ്ടിക്കപ്പെടുന്നത്. വ്യക്തിപരമായി ഞാന്‍ ഇതിന് എതിരാണ്. നമ്മുടെ നാട്ടില്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളുകള്‍ മുളച്ച് പൊങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇ.എം.എസ് ശക്തമായി എതിര്‍ത്തിരുന്നു. സമൂഹത്തില്‍ രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുന്നതില്‍ അദ്ദേഹം ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രന്‍സിപ്പല്‍ സ്ഥാനത്തിരിക്കുമ്പോഴും എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പള്ളി ദര്‍സുകളില്‍ നടപ്പാക്കിയിരുന്ന വിദ്യഭ്യാസ സമ്പ്രദായമാണ് ഏറ്റവും ഫലപ്രദം.

-പൊതുവെ മതകലാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ പോരായ്മയായി ചൂണ്ടിക്കാട്ടാറുള്ളത് അവര്‍ക്ക് ആധുനിക സമൂഹവുമായി സംവദിക്കാനുള്ള ശേഷിയില്ല എന്നതാണ്. ആധുനിക വിദ്യഭ്യാസത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സമീപനത്തെ എങ്ങനെ നോക്കി കാണുന്നു?

ഇപ്പോള്‍ നിലവില്‍ 55 ജൂനിയര്‍ കോളേജുകള്‍ ജാമിഅക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് പൊതുവെ വ്യവഹരിക്കാറുളളത് പോലെ മതപരവും ഭൗതികവുമായ വിദ്യഭ്യാസ സമ്പ്രദായങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു വിദ്യഭ്യാസ രീതിയാണ് ഇവിടങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. നമ്മുടെ കോളേജുകളില്‍ നിന്നും ‘ഫൈസി’ ബിരുദം നേടി പുറത്തിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥി അതോടൊപ്പം തന്നെ ഒരു M.A ക്കാരനും ആയിട്ടുണ്ടാവും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി ഈയൊരു രീതിയിലാണ് നമ്മുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നിരിക്കെ തന്നെയും ഞാന്‍ ഒരിക്കല്‍ കൂടി അടിവരയിട്ട് പറയുന്നു പള്ളി ദര്‍സുകളിലെ പഠനരീതിയോട് കിടപിടിക്കാന്‍ ഇവക്ക് കഴിയില്ല. പള്ളി ദര്‍സുകളുടെ ഗുണനിലവാരം അവിടങ്ങളില്‍ പഠിപ്പിക്കുന്ന ഉസ്താദുമാരുടെ ദൈവഭക്തിയും സാമര്‍ത്ഥ്യവും അനുസരിച്ചിരിക്കും എന്ന കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം.

പത്തും നൂറും കുട്ടികളാണ് പള്ളി ദര്‍സുകളില്‍ ഒരു ഉസ്താദിന്റെ കീഴില്‍ ഉണ്ടാവുക. കൂടാതെ ഉസ്താദിന്റെ ശിഷ്യമാരിലെ ഉയര്‍ന്ന കിതാബുകള്‍ ഓതുന്ന വിദ്യാര്‍ത്ഥികള്‍ ചെറിയ കിതാബുകള്‍ ഓതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ വെച്ച് തന്നെ സംശയങ്ങള്‍ ദുരീകരിച്ച് കൊടുക്കും. ഈയൊരു സമ്പ്രദായം ശാഫി ഇമാമിന്റെ കാലത്ത് അറിയപ്പെട്ടിരുന്നത് ‘മുഈദു ദര്‍സ്’ എന്ന പേരിലാണ്. ഇന്നിപ്പോള്‍ അതിന്റെ സ്ഥാനത്ത് ‘READER’ ആണ് ഉള്ളത്. ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റികളിലാണ് ‘READER’ സമ്പ്രദായം തുടങ്ങിയത്. ഉസ്താദിന്റെ ദര്‍സ് വായിച്ചോതി കൊടുക്കുക എന്നാണ് അതിന് പറയുക. ഇങ്ങനെയൊരു സമ്പ്രദായം ഫ്രാന്‍സില്‍ നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ശാഫി ഇമാമിന്റെ ദര്‍സുകളില്‍ പ്രയോഗത്തിലുണ്ടായിരുന്നു. മുഹമ്മദ് നബി(സ) തന്റെ അനുചരന്‍മാര്‍ക്ക് ദൈവിക വിജ്ഞാനം പകര്‍ന്ന് കൊടുത്തിരുന്നത് ഈയൊരു രീതി അവലംബിച്ച് കൊണ്ടായിരുന്നു. അതു കൊണ്ട് തിരുനബിചര്യ എന്നൊരു സവിശേഷതയും ഇതിന് ഉണ്ട്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. എല്ലാവരും അംഗീകരിച്ച് കൊള്ളണമെന്നില്ല. ഇപ്പോഴത്തെ വിദ്യഭ്യാസ രീതി ഗുണനിലവാരമില്ലാത്തതാണ് എന്ന് ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. ചെമ്മാടുള്ള ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും, പട്ടികാട് ജാമിഅ നൂരിയ്യയും ഇന്ന് കേരളത്തിലെ മത ഭൗതിക രംഗങ്ങളില്‍ ഒരുപാട് ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിച്ച് തന്നെയാണ് മുന്നേറി കൊണ്ടിരിക്കുന്നത്.

-ഇത്തരത്തില്‍ മതപരവും ഭൗതികവുമായ വിദ്യഭ്യാസം നേടി പുറത്തിറങ്ങുന്നവര്‍ക്ക് മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും, ജനങ്ങള്‍ക്കിടയിലും ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിക്കാറുണ്ടോ?

രണ്ട് തരത്തിലുള്ള വിദ്യഭ്യാസം നേടിയവരും, പള്ളി ദര്‍സിന്റെ ചിട്ടവട്ടങ്ങളില്‍ മാത്രം പഠിച്ച് വളര്‍ന്നവരും സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം രണ്ട് വിധത്തിലാണ്. എന്റെ കാഴ്പാടില്‍ പള്ളി ദര്‍സ് വഴി പഠനം പൂര്‍ത്തിയാക്കിയവരിലാണ് ജനങ്ങള്‍ കൂടുതലും ആകൃഷ്ടരാവുന്നത്. മഹല്ല് ശാക്തീകരണം പോലെയുള്ള സംഗതികളില്‍ രണ്ടാമത് പറഞ്ഞ കൂട്ടരാണ് കൂടുതല്‍ ഫലപ്രദമെന്നാണ് എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ തെളിയിക്കുന്നത്. കാരണം ജനങ്ങളില്‍ പള്ളി ദര്‍സുകളോട് ഒരു പ്രത്യേകമായ ആഭിമുഖ്യം കാണുന്നുണ്ട്. പള്ളിദര്‍സുകള്‍ പ്രവാചക പാരമ്പര്യത്തില്‍ നിന്നും വന്നതാണ് എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. മദീനയില്‍ തുടങ്ങിയ വെച്ച ദര്‍സിന്റെ തുടര്‍ച്ചയാണ് ഇവിടങ്ങളില്‍ ഉള്ളതും. ഈജിപ്ത് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ പോയിരുന്നു. അവിടെയും നമ്മുടെ പള്ളി ദര്‍സിന്റെ രീതിയില്‍ തന്നെയാണ് ക്ലാസുകള്‍ നടക്കുന്നത്. അവിടത്തെ പള്ളിയില്‍ വെച്ച് നടക്കുന്ന ദര്‍സ് കാണേണ്ടതു തന്നെയാണ്. പള്ളി ദര്‍സിന്റെ മേന്മകളെ പറ്റി ഡോ. കമാല്‍ പാഷ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം വളരെ മനോഹരമായി പള്ളി ദര്‍സിന്റെ ഗുണങ്ങളെ പറ്റിയും, സവിശേഷതകളെ കുറിച്ചു ചരിത്രപരമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.

എന്നാല്‍ ഇന്നത്തെ കാലത്തോട് സംവദിക്കാനും നമുക്ക് ആളുകള്‍ വേണം. അപ്പോള്‍ B.A, M.A , PHD തുടങ്ങിയ വിവിധങ്ങളായ ബിരുദങ്ങള്‍ നേടിയവരും നമ്മുടെ കൂട്ടത്തില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മേല്‍ പറഞ്ഞ രീതിയിലുള്ള വിദ്യഭ്യാസ രീതിയും നമ്മള്‍ പ്രാവര്‍ത്തികമാക്കി തുടങ്ങിയത്. അക്കാദമിക് മേഖലയില്‍ അത്തരം ബിരുദ ധാരികള്‍ തങ്ങളുടെ സജീവ സാന്നിധ്യം അറിയിച്ച് രംഗത്തുണ്ട്.

-റാബിത്വത്തുല്‍ ആലമീന്റെ ‘International Fiqh Council’ അംഗമെന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടോ?

ഏറെ ആശ്ചര്യപ്പെടുത്തിയ ഒരു സംഗതിയാണ് എന്നെ അതിലേക്ക് തെരഞ്ഞെടുത്തു എന്നത്. എന്നിരുന്നാലും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പഠിച്ച കാര്യങ്ങള്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരം ഇതിലൂടെ എനിക്ക് ലഭിക്കുകയുണ്ടായി. യൂസുഫുല്‍ ഖറദാവി, സൗദിയിലെ ഗ്രാന്റ് മുഫ്തി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ആലു ശൈഖ് തുടങ്ങിയ ലോകപ്രശസ്ത പണ്ഡിതന്‍മാരുമായി സംവദിക്കാനും, ചര്‍ച്ചകള്‍ ചെയ്യാനുമുള്ള അവസരം ലഭിച്ചു. അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും സെമിനാറുകളില്‍ പങ്കെടുക്കാനും കഴിഞ്ഞു. ഇപ്പോഴും പങ്കെടുത്തു കൊണ്ടിരിക്കുന്നു. റാബിത്വത്തുല്‍ ആലമീന്റെ പണ്ഡിത സമ്മേളനത്തില്‍ വെച്ചുണ്ടായ ഒരു സംഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. റാബിത്വ പാസാക്കുന്ന ഫത്‌വകള്‍ ക്രോഡികരിച്ച ഒരു പുസ്തകമുണ്ട്. അതില്‍ ഒരു ഫത്‌വയില്‍ കര്‍മ്മശാസ്ത്രപരമായ ഒരു പിശക് ഞാന്‍ കാണാനിടയായി. പണ്ഡിത സമ്മേളനത്തില്‍ വെച്ച് ഞാന്‍ വിഷയം അവതരിപ്പിച്ചു. കൃത്യമായ തെളിവുകളുടെ പിന്‍ബലത്തോടെ റാബിത്വ പ്രസിദ്ധീകരിച്ച ഫത്‌വ തെറ്റാണെന്ന് ഞാന്‍ സമര്‍ത്ഥിച്ചു. അന്ന് ആദ്യം ഖറദാവി എഴുന്നേറ്റ് നിന്ന് പറഞ്ഞു ‘കുട്ടി മുസ്‌ലിയാര്‍ പറഞ്ഞതാണ്’ ശരി എന്ന്. മലബാറിലെ പണ്ഡിതന്‍മാര്‍ കരുത്തന്‍മാരാണ് എന്നായിരുന്നു അന്ന് ആലു ശൈഖിന്റെ പ്രതികരണം. പിന്നീട് അച്ചടിച്ച് വന്ന ആ പുസ്തകം പിന്‍വലിക്കുകയാണുണ്ടായത്. മലബാറിലെ പണ്ഡിതന്‍മാരുടെ കരുത്ത് ലോകത്തിന് മുന്നില്‍ കാണിച്ച് കൊടുക്കാനുള്ള ഒരുപാട് അവസരങ്ങള്‍ ഇങ്ങനെ ഒത്തുവരികയുണ്ടായി. ശാഫി ഫിഖ്ഹിന്റെ പ്രതിനിധി എന്ന നിലയിലാണ് എന്നെ റാബിത്വയിലെക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നിരുന്നാലും എന്റെ ‘ഇന്‍തിദാറുല്‍ മഫ്ഖൂദ്’ എന്ന ഫിഖ്ഹ് ഗ്രന്ഥത്തില്‍ നാല് മദ്ഹബുകളുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്.

Related Articles