ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ മൂലം കുടുംബം ഒന്നാകെ നഷ്ടപ്പെട്ടിട്ടും പഠനം പൂര്‍ത്തിയാക്കി ഗസ്സ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ സൈനബ് അല്‍ ഖുലാഖുമായി മിഡിലീസ്റ്റ് മോണിറ്റര്‍ പ്രതിനിധി മഹ്‌മൂദ് അസ്‌റൂഫ് നടത്തിയ അഭിമുഖത്തിന്റെ രത്‌നചുരുക്കം. ഭയാനകമായ ഒരു ദുരന്തത്തിന്റെ പശ്ചാതലത്തിലും ധീരയായ പെണ്‍കുട്ടിയുടെ ശ്രദ്ധേയമായ സഹിഷ്ണുതയും മികച്ച നേട്ടവുമാണിതെന്നാണ് സര്‍വകലാശാല അധികൃതര്‍ വിശേഷിപ്പിച്ചത്.
കുടുംബം കൊല്ലപ്പെട്ട സംഭവം ?
ഈ വര്‍ഷം മെയ് 16ന് അര്‍ധരാത്രി ഇസ്രായേല്‍ നടത്തിയ ബോംബിങിലാണ് എന്റെ വീട് തകര്‍ന്നത്. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമാണ് രക്ഷപ്പെട്ടത്. 51കാരിയായ മാതാവും 83കാരിയായ വല്യൂമ്മയും വീടിനടിയില്‍ കിടന്ന് മരിച്ചു. ശൈഖ് ജര്‍റയില്‍ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് വീടിന് നേരെ ഇസ്രായേല്‍ സൈന്യം ബോംബിട്ടത്. അന്ന് 260 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
അന്നത്തെ അനുഭവം ?
ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ സമീപത്തെ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. ഒരു മുന്‍കൂര്‍ അറിയിപ്പ് കൂടാതെയായിരുന്നു സൈനിക നീക്കം. സാധാരണ രീതിയില്‍ ഇസ്രായേല്‍ ബോംബിങ്ങിന് മുമ്പ് രക്ഷപ്പെടാന്‍ മുന്നറിയിപ്പ് സൂചനകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ അതുണ്ടായില്ല. അതിനാല്‍ തന്നെ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് ബോംബ് പതിച്ചത്.
കുടുംബത്തിലെ എത്ര പേരെ നഷ്ടമായി ?
കുടുംബത്തിലെ 30 പേര്‍ കൊല്ലപ്പെട്ടതായി രക്ഷാപ്രവര്‍ത്തകര്‍ കണക്കാക്കി. ആറുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. പൊളിച്ചുമാറ്റിയ ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ 13 മണിക്കൂറാണ് മറ്റുള്ളവരെ രക്ഷപ്പെടുത്താനായി ചെലവഴിച്ചത്. മരിച്ചവരില്‍ ആറ് സ്ത്രീകളും എട്ട് കുട്ടികളും ഒരു കൈകുഞ്ഞും ഉള്‍പ്പെടുന്നു.
ഞങ്ങള്‍ അതിന്റെ ആഘാതത്തില്‍ നിന്നും ഇപ്പോഴും മോചിതരായിട്ടില്ല. സമീപത്ത് ഏതെങ്കിലും വലിയ ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ ശരീരം ഭയത്താല്‍ വിറയ്ക്കും, ചുറ്റുമുള്ള ബന്ധുക്കളുടെ ചിത്രങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ കടന്നുവരും.
ഇസ്രായേലിനെതിരെയുള്ള പോരാട്ടം ?
ഇസ്രായേലി അധിനിവേശത്തിനെതിരെ ഞങ്ങള്‍ ഒരു കേസ് ഫയല്‍ ചെയ്തു, കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇസ്രായേലി കുറ്റവാളികള്‍ക്കാണെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
പഠനം ?
മാരകമായ വ്യോമാക്രമണങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ (IUG) ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫൈനല്‍ പരീക്ഷ എഴുതിയ്ത്. ‘ഞാന്‍ മുന്നോട്ട് പോയി, എന്റെ ബിരുദം നേടുമെന്ന് ഞാന്‍ എന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തിരുന്നു. അത് നിറവേറ്റി.
പരീക്ഷ ജയിച്ചെങ്കിലും വിജയം ആഘോഷിക്കാനും ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനും എനിക്ക് കഴിയുന്നില്ല. അതിനാല്‍ യൂണിവേഴ്‌സിറ്റിയിലെ ഹ്യുമാനിറ്റീസ് ഫാക്കല്‍റ്റി തന്റെ സഹിഷ്ണുതയെ മാനിച്ച് കുടുംബത്തിന്റെ വാടക വീട്ടില്‍ വെച്ച് നടന്ന ഒരു പ്രത്യേക ചടങ്ങില്‍ ബിരുദദാനം നടത്തി.
ഭാവി പരിപാടികള്‍ ?
ഗാസ ആസ്ഥാനമായുള്ള ഒരു മനുഷ്യാവകാശ സംഘടനയുമായി അടുത്തിടെ സന്നദ്ധസേവനത്തില്‍ സജീവമായി. ഇസ്രായേല്‍ ആക്രമണത്തിന് ഇരയായ ഫലസ്തീനികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണിപ്പോള്‍.
ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന് ശേഷവും മുന്നോട്ട് പോകുക എന്നത് എല്ലാവര്‍ക്കും അസാധ്യമാണ്… എന്റെ മിക്ക ബന്ധുക്കളും ഇപ്പോള്‍ സ്വര്‍ഗത്തിലാണ്, പക്ഷേ ജീവിതം നഷ്ടപ്പെടുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ പ്രതീക്ഷ നഷ്ടപ്പെടുക എന്നതല്ല.’