Current Date

Search
Close this search box.
Search
Close this search box.

‘ഇത് സംഘര്‍ഷമല്ല, തികഞ്ഞ അധിനിവേശമാണ്’

കഴിഞ്ഞ നാലു വര്‍ഷമായി ഇസ്രായേലിന്റെ തടവറയില്‍ കഴിഞ്ഞ പ്രമുഖ ഫലസ്തീനിയന്‍ കാര്‍ട്ടൂണിസ്റ്റ് മുഹമ്മദ് സബാനീഹുമായി മിഡിലീസ്റ്റ് മോണിറ്റര്‍ പ്രതിനിധി റബേക സ്റ്റെഡ് നടത്തിയ അഭിമുഖത്തില്‍ നിന്നും.

തടവു ജീവിതത്തെക്കുറിച്ച്

നാലു വര്‍ഷമായി ഇസ്രായേല്‍ ജയിലറകളിലായിരുന്നു എന്റെ ജീവിതം. ഇതില്‍ രണ്ടാഴ്ച്ചക്കാലം ഞാന്‍ ഏകാന്ത തടവിലായിരുന്നു. എന്റെ പേരില്‍ യാതൊരു കുറ്റവും ചുമത്തിയിട്ടുമില്ല. എന്നെ വിചാരണക്ക് ഹാജരാക്കിയിട്ടുമില്ല. അനന്തമായ വിചാരണത്തടവില്‍ കഴിയുകയായിരുന്നു.

ജയില്‍ വാസവും കാര്‍ട്ടൂണ്‍ രചനയും

വിചാരണക്കാലയളവില്‍ ജയിലില്‍ കഴിയുന്ന സമയത്ത്. ഒരു പെന്‍സിലും കുറച്ച് പേപ്പറും ഞാന്‍ മോഷ്ടിച്ച് കാര്‍ട്ടൂണ്‍ വരക്കാന്‍ തുടങ്ങി. തന്റെ ചിന്തകളെ പേപ്പറിലേക്ക് പകര്‍ത്തുകയായിരുന്നു. ജയിലില്‍ നിന്നും മോചിതരാകുന്ന ഓരോ തടവുകാരുടെയും പക്കല്‍ പിന്നീട് ആ കാര്‍ട്ടൂണ്‍ കൊടുത്തയക്കുകയും അങ്ങിനെ അത് പുറം ലോകം കാണുകയും ചെയ്തു.

ഫലസ്തീന്‍ ഇന്‍ ബ്ലാക്ക് ആന്റ് വൈറ്റ്

ജയില്‍ വാസം അവസാനിച്ചതിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ വരച്ച എല്ലാ കാര്‍ട്ടൂണുകളും കൂട്ടിച്ചേര്‍ത്ത് ഒരു പുസതകമാക്കുകയാണ്. ആ പുസ്തകത്തിന്റെ പേരാണ് ഫലസ്തീന്‍ ഇന്‍ ബ്ലാക്ക് ആന്റ് വൈറ്റ്.

ആദ്യ കാര്‍ട്ടൂണ്‍?

2014ലാണ് ആദ്യമായി കാര്‍ട്ടൂണ്‍ വരച്ചത്. ഇസ്രായേല്‍ നടത്തിയ ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജിന്റെ ഫലമായി 2251 ആളുകളാണ് കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 547 പേര്‍ കുട്ടികളായിരുന്നു. ഇത് പ്രമേയമാക്കിയായിരുന്നു ആദ്യത്തെ കാര്‍ട്ടൂണ്‍.

അറബ് ലോകത്തെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും കാര്‍ട്ടൂണിന്റെ ആര്‍ട് വര്‍കിനെക്കാള്‍ അതിന്റെ ആശയത്തിനാണ് മുന്‍ഗണന നല്‍കാറുള്ളത്. പ്രമുഖ ഫലസ്തീനിയന്‍ കാര്‍ട്ടൂണിസ്റ്റായ നാജി അല്‍ അലിയാണ് മിക്കയാളുകളെയും സ്വാധീനിച്ചത്. തനിക്ക് ചുറ്റും നടക്കുന്ന രാഷ്ട്രീയത്തെയാണ് അദ്ദേഹം കാര്‍ട്ടൂണില്‍ വരച്ചിരുന്നത്. പിന്നീട് 1987ല്‍ ലണ്ടനില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു.

കലയും എഴുത്തും?

ഒരു വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് ജനങ്ങളോട് സംസാരിക്കണമെങ്കിലോ അതല്ല അതിന്റെ ഉള്ളടക്കത്തെക്കുറിച്ചോ ആണ് നിങള്‍ക്ക് സംസാരിക്കേണ്ടത് എങ്കില്‍ നിങ്ങള്‍ അതിനെക്കുറിച്ച് എഴുതുക. എന്നാല്‍ നിങ്ങള്‍ ഒരു കാര്‍ട്ടൂണിസ്റ്റ് ആണെങ്കില്‍ നിങ്ങള്‍ അതിലെ കലക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അതിനാല്‍ തന്നെ ഞാന്‍ ഈ മേഖലയില്‍ എന്റേതായ വഴി തെളിച്ചു. പുതിയതായി വല്ലതും കണ്ടെത്താനുള്ള ശ്രമമായിരുന്നു ഞാന്‍ ചെയ്തത്.

കംപ്യൂട്ടര്‍ കാര്‍ട്ടൂണും പെന്‍സില്‍ ഡ്രോയിങ്ങും

ഇന്ന് എന്റെ പല സുഹൃത്തുക്കളും കാര്‍ട്ടൂണ്‍ വരക്കാനായി പെന്‍സിലിനും വാട്ടര്‍ കളറുകള്‍ക്കും വര്‍ണ്ണങ്ങള്‍ക്കും പകരം ഐപാഡും കംപ്യൂട്ടറുകളുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ രണ്ടും തികച്ചും വ്യത്യസ്തമാണ്. ചിത്രകലയുടെ പൂര്‍ണത കൈകൊണ്ട് വരക്കലാണ്.

പിക്കാസോയുടെ ഗൂര്‍ണിക്കയുടെ സ്വാധീനം

ലോകപ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ ഗൂര്‍ണിക്ക ചിത്രം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. 2014ല്‍ ഞാന്‍ ഗൂര്‍ണിക്ക കണ്ട് മനസ്സിലാക്കാനായി മൂന്ന് ദിവസം ഞാന്‍ സ്‌പെയിനില്‍ ചിലവഴിച്ചിട്ടുണ്ട്. എന്റെ ചിത്രങ്ങള്‍ ഗൂര്‍ണിക്കയുടേതിനു സാമ്യമുണ്ടെന്ന് എന്റെ സുഹൃത്തുക്കള്‍ എന്നോട് പറയാറുണ്ട്.

മൊഴിമാറ്റം: സഹീര്‍ വാഴക്കാട്
അവലംബം: www.middleeastmonitor.com

Related Articles