Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ രാഷ്ട്രീയ തടവുകാരെ മനുഷ്യരായി പരിഗണിക്കില്ല

ഈജിപ്ത് തലസ്ഥാനമായ കൈറോ നഗരത്തിലെ ഖല്‍യൂബിയാഹ് ഗവര്‍ണറേറ്റില്‍ നിന്നാണ് 24കാരിയായ ആയതുല്ല അഷ്‌റഫിനെ അറസ്റ്റു ചെയ്യുന്നത്. അവര്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോളായിരുന്നു വീട്ടിലേക്ക് അതിക്രമിച്ചു കയറി 2018 ഒക്ടോബര്‍ മൂന്നിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ആയതുല്ലയുടെ മാതാവ് ഇബ്തിഹാല്‍ മുഹമ്മദുമായി മിഡിലീസ്റ്റ് മോണിറ്റര്‍ ലേഖിക നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…

ആയതുല്ല അഷ്‌റഫിന്റെ അറസ്റ്റിനെക്കുറിച്ച്

രാത്രി വീട് തല്ലിതകര്‍ത്ത് അകത്തേക്ക് കയറിയ ഈജിപ്ത് പൊലിസ് ഉറങ്ങിക്കിടക്കുകയായിരുന്ന ആയതുല്ലയെ പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. കിടക്കുമ്പോള്‍ ധരിച്ച വസ്ത്രം മാറ്റാന്‍ പോലും അവര്‍ അനുവദിച്ചില്ല. തന്റെ മറ്റൊരു മകള്‍ ഇക്കാര്യം പൊലിസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടപ്പോള്‍ അവളുടെ മുഖത്തടിക്കുകയായിരുന്നു പൊലിസ് ചെയ്തത്.

എന്തു പറഞ്ഞാണ് പൊലിസ് അറസ്റ്റ് ?

ഞങ്ങള്‍ക്ക് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുമെന്നും പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാല്‍ അറസ്റ്റു ചെയ്ത് നാല് മാസങ്ങള്‍ കഴിഞ്ഞിട്ടും അവളെ ഇതുവരെ വിട്ടയച്ചിട്ടില്ല.് ഇത്തരത്തില്‍ ധാരാളം നിരപരാധികളായ രാഷ്ട്രീയ തടവുകാര്‍ ഈജിപ്തിലുണ്ട്- അവര്‍ പറഞ്ഞു.

ആയതുല്ലയുടെ പഠനം,ജോലി ?

ഈജിപ്തിലെ മറ്റേതൊരു പെണ്‍കുട്ടിയെയും പോലെ നിരവധി ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുള്ളവളായിരുന്നു അവളും. അവള്‍ തന്റെ രാജ്യത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു. രാജ്യത്തെ ആദരിച്ച് തന്നെ ഇവിടെ സംസാരിക്കാനും മനുഷ്യാവകാശങ്ങളും നിലനില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു അവള്‍. ജേര്‍ണലിസം പഠനം പൂര്‍ത്തിയാക്കിയിരുന്നു അഷ്‌റഫ്. എന്നാല്‍ അവര്‍ ഒരു ടെക്‌സ്റ്റൈല്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

അറസ്റ്റിന്റെ കാരണങ്ങള്‍ എന്താവാനാണ് സാധ്യത ?

ഈജിപ്തിലെ മറ്റു രാഷ്ട്രീയ തടവുകാരെ പോലെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നു പറഞ്ഞാണ് പൊലിസ് കേസെടുത്തതും ജയിലിലടച്ചതും. പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തുമെന്നാണ് മറ്റൊരു കുറ്റമായി ആരോപിക്കുന്നത്.

മകള്‍ ഇപ്പോള്‍ എവിടെയാണ് ?

അവളെ എങ്ങോട്ടാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. അവളെ എല്ലായിടത്തും ഞങ്ങള്‍ അന്വേഷിച്ചു. നിരാശയായിരുന്നു ഫലം. അവളെ വിട്ടയക്കണമെന്നും എവിടെയാണെന്നും ആവശ്യപ്പെട്ട് ഈജിപ്ത് അറ്റോര്‍ണി ജനറല്‍ക്കും മനുഷ്യാവകാശ കൗണ്‍സിലിനും ആഭ്യന്തര മന്ത്രാലയത്തിനും മറ്റും നിരവധി കത്തുകളയച്ചു. എന്നാല്‍ ആരും ഞങ്ങള്‍ക്ക് മറുപടി തന്നില്ല. എന്നാല്‍ കഴിഞ്ഞ ജനുവരി 27ന് അവള്‍ ഖനാതിര്‍ പൊലിസ് സ്റ്റേഷനില്‍ ഉള്ളതായി ഞങ്ങളുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.

നിങ്ങള്‍ അവളെ സന്ദര്‍ശിച്ചിരുന്നോ ?

ഞങ്ങളുടെ അഭിഭാഷകന്‍ മുസ്തഫ അല്‍ദെമിരി പറഞ്ഞത് പ്രകാരം ഞങ്ങള്‍ ഞങ്ങള്‍ ഖനാതിര്‍ ജയിലില്‍ എത്തി. എന്നാല്‍ ഞങ്ങള്‍ക്ക് അവളെ കാണാന്‍ അധികൃതര്‍ അനുമതി തന്നില്ല.

അവസാനമായി എന്താണ് പറയാനുള്ളത് ?

ഈജിപ്ത് പ്രസിഡന്റ് സീസിക്കു കീഴില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഒരു നാള്‍ ലോകം മുഴുവന്‍ അറിയും. സീസിയുടെ ഏകാധിപത്യത്തിന്റെ യഥാര്‍ത്ഥ മുഖം ഒരുനാള്‍ ലോകം തിരിച്ചറിയും. ഞങ്ങള്‍ക്ക് ഈജിപ്തില്‍ ഒരു സ്വാതതന്ത്ര്യവുമില്ല. ഞങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. അടിമകളെപ്പോലെയാണ് ഇവിടെ ജീവിക്കുന്നത്. ആയതുല്ലയെ മോചിപ്പിച്ച ഉടന്‍ ഞാന്‍ എന്റെ കുടുംബവുമായി രാജ്യം വിടുമെന്നും കരഞ്ഞ കണ്ണുമായി ഇബ്തിഹാല്‍ പറഞ്ഞു.

അവലംബം:www.middleeastmonitor.com
മൊഴിമാറ്റം: പി..കെ സഹീര്‍ അഹ്മദ്

Related Articles