Current Date

Search
Close this search box.
Search
Close this search box.

‘ഹിജാബ് നമ്മുടെ മൗലികാവകാശമാണ്, ഐ.എ.എസ് ഓഫീസര്‍ ആകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത’്

കര്‍ണാടകയിലെ വിദ്യാര്‍ത്ഥികളുടെ ഹിജാബ് നിരോധനം ചര്‍ച്ച ചെയ്യുന്ന സമയത്ത് തന്നെയായിരുന്നു അവിടെ നിന്നും എഞ്ചിനിയറിങില്‍ മികച്ച നേട്ടം സ്വന്തമാക്കിയ ഹിജാബ്ധാരിയായ ബുഷ്‌റ മതീന്റെ വാര്‍ത്ത പുറത്തുവരുന്നതും. എന്‍ജിനിയറിങ് പഠനത്തില്‍ 16 മെഡല്‍ കരസ്ഥമാക്കി അപൂര്‍വ നേട്ടം സ്വന്തമാക്കിയ ബുഷ്‌റയുമായി ‘മുസ്ലിം മിറര്‍’ നടത്തിയ അഭിമുഖത്തില്‍ നിന്നും.

വിശ്വേശ്വരയ്യ ടെക്‌നിക്കല്‍ സര്‍വകലാശാലയുടെ (വി.ടി.യു) 21 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കുന്നത്. റായ്ചൂരിലെ എസ്.എല്‍.എന്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു മതീന്‍.

എഞ്ചിനിയറിങ്ങിലെ എല്ലാ ബ്രാഞ്ചിലെയും റാങ്ക് ഹോള്‍ഡര്‍മാര്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി, സിവില്‍ എഞ്ചിനീയറിംഗില്‍ ഒന്നാമതെത്തുന്ന വിദ്യാര്‍ത്ഥി, വി.ടി.യു.വില്‍ അഫിലിയേറ്റ് ചെയ്ത എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥി, പെണ്‍കുട്ടികളില്‍ സിവില്‍ എഞ്ചിനീയറിംഗിലും മറ്റും ഒന്നാം ക്ലാസോടെ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥിനി തുടങ്ങിയ 16 വ്യത്യസ്ത നേട്ടമാണ് ഒറ്റയടിക്ക് മതീന്‍ സ്വന്തമാക്കിയത്.

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഗവര്‍ണര്‍ തവാചന്ദ് ഗെഹ്‌ലോട്, വിദ്യാഭ്യാസ മന്ത്രി സി.എന്‍ അശ്വത് നാരായണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മതീന്‍ ബിരുദദാന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നത്.

താങ്കള്‍ക്ക് എല്ലായ്‌പ്പോഴും മികച്ച അക്കാദമിക നേട്ടങ്ങള്‍ ഉണ്ടായിരുന്നോ ?

അതെ, ഞാന്‍ എപ്പോഴും ഇത്തരത്തില്‍ അവാര്‍ഡ് നേട്ടക്കാരിയായിരുന്നു. സ്‌കൂളിലും പ്രീ-യൂണിവേഴ്സിറ്റി കോഴ്സുകളിലും ഞാന്‍ 93%-ന് മുകളില്‍ മാര്‍ക് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ പഠന രീതി എങ്ങിനെയാണ് ? എന്തെങ്കിലും പ്രത്യേക ഫോര്‍മുല പിന്തുടരുന്നുണ്ടോ ?

ഞാന്‍ ദിവസവും 4-5 മണിക്കൂര്‍ നേരം പഠിക്കും. അതില്‍ തന്നെ കഴിഞ്ഞ ദിവസം പഠിച്ച കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും ചെലവഴിക്കുന്നു. പഠിക്കുമ്പോഴുള്ള എന്റെ ഉദ്ദേശം ക്ലാസില്‍ ടോപര്‍ ആകണമെന്നല്ല. ഒരു ചാപ്റ്റര്‍ മുഴുവനും പഠിച്ചില്ലെങ്കില്‍ എനിക്ക് സംതൃപ്തി തോന്നില്ല എന്ന് മാത്രം. ഓരോ അധ്യായത്തിലെയും ഓരോ വിഷയവും ഞാന്‍ പഠിക്കുന്നു.

സാധാരണയായി മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളുടെ പാറ്റേണ്‍ ശ്രദ്ധിക്കുമ്പോള്‍ ചില വിഷയങ്ങള്‍ അപ്രധാനമാണെന്ന് നമുക്ക് തോന്നുകയും അവ ഒഴിവാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഞാന്‍ ഒരിക്കലും അങ്ങിനെ ചെയ്തിട്ടില്ല. ഞാന്‍ എല്ലാ ഭാഗവും പഠിച്ചു. ഇന്റേണലില്‍ പോലും ഞാന്‍ നല്ല മാര്‍ക്ക് നേടിയിരുന്നു. അങ്ങനെ ഞാന്‍ മുഴുവന്‍ സിലബസും കവര്‍ ചെയ്തു, ഒന്നും ബാക്കി വെച്ചില്ല.

ആരാണ് നിങ്ങളുടെ റോള്‍ മോഡല്‍ ?

എന്റെ പിതാവ് ആണ് എന്റെ റോള്‍ മോഡല്‍. സിവില്‍ എന്‍ജിനിയറിങ് തെരഞെടുക്കാന്‍ അദ്ദേഹം ആണ് എന്നെ പ്രോത്സാഹിപ്പിച്ചത്. എന്റെ എന്‍ജിനിയറിങ്ങിലുടനീളം എന്റെ സഹോദരനും എന്നെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് ഠിക്കേണ്ടത് എന്നത് സംബന്ധിച്ച് എനിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. അക്കാര്യത്തില്‍ എനിക്ക് വീട്ടില്‍ നിന്നും യാതൊരു വിധ സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ല.

കുടുംബം ?

എന്റെ പിതാവ് ശൈഖ് സഹീറുദ്ദീന്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു സിവില്‍ എന്‍ജിനിയറാണ്. ഉമ്മ ബി.എ ബിരുദദാരിയായ വീട്ടമ്മയാണ്. മൂത്ത സഹോദരന്‍ ശൈഖ് തന്‍വീറുദ്ദീന്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി ഇളയ സഹോദരന്‍ ഖവി ഫൈസര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനിയറിങ് പഠിച്ചുകൊണ്ടിരിക്കുന്നു.

മറ്റു കുട്ടികളോട് പറയാനുള്ള സന്ദേശം എന്താണ് ?

സ്വയം ഒരു പരിധി നിശ്ചയിക്കരുത്, പ്രത്യേകിച്ച് പ്രായപരിധി നിശ്ചയിക്കരുതെന്നാണ് എല്ലാ വിദ്യാര്‍ത്ഥികളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസത്തിന് ഒരു പരിധിയുമില്ല. ഇടയ്ക്കു വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നേക്കാവുന്ന പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ നിങ്ങളുടെ വിദ്യാഭ്യാസം തുടരുകയും ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്യണമെന്നാണ്.

ഓരോ പെണ്‍കുട്ടിയും ബിരുദധാരി ആയിരിക്കണം, അങ്ങിനെ അവള്‍ക്ക് സാമ്പത്തികമായി സ്വയം പര്യാപ്തരാകാന്‍ കഴിയും. മറ്റുള്ളവരുടെ അഭിപ്രായങ്ങളും ഉയര്‍ന്ന മനോഭാവവും നിങ്ങളെ ഒരു തരത്തിലും ബാധിക്കാന്‍ അനുവദിക്കരുത്. നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അത് പിന്തുടരുക. സ്ഥിരോത്സാഹമാണ് പ്രധാനം.

എന്താണ് ഭാവി പദ്ധതികള്‍ ?

ഞാന്‍ യു.പി.എസ്.സി പരിശീലന ക്ലാസിന് ചേര്‍ന്നിട്ടുണ്ട്. എനിക്ക് ഒരു ഐ.എ.എസ് ഓഫീസര്‍ ആകാനാണ് ആഗ്രഹം. എന്റെ രാജ്യത്തിന്റെ വളര്‍ച്ചയുടെ ഭാഗമാകാനും അതിലേക്ക് സംഭവാന ചെയ്യാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എന്താണ് ഹോബികള്‍ ? ഒഴിവുസമയത്തെ ഇഷ്ടവിനോദം എന്താണ് ?

വായന എനിക്ക് വളരെ ഇഷ്ടമാണ്. യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങളും പുതിയ കാര്യങ്ങളും എക്‌സ്‌പ്ലോര്‍ ചെയ്യാനും എനിക്ക് ഇഷ്ടമാണ്. സാഹിത്യവും അല്ലാത്തതുമായ പുസ്തകങ്ങള്‍ വായിക്കാനാണ് ഞാന്‍ ഒഴിവുസമയത്തെ ഉപയോഗപ്പെടുത്തുന്നത്.

ഹിജാബ് വിവാദത്തെക്കുറിച്ചും ഹിജാബ് വിഷയത്തിലുള്ള ഹൈക്കോടതി വിധിയെയും നിങ്ങള്‍ എങ്ങിനെയാണ് നോക്കിക്കാണുന്നത് ?

ബിരുദദാന ചടങ്ങില്‍ ഞാന്‍ എന്റെ ഹിജാബ് ധരിച്ചാണ് പങ്കെടുത്തത്. നമ്മുടെത് ഒരു മതേതര-ജനാധിപത്യ രാജ്യമാണ്. ഹിജാബ് നമ്മുടെ മൗലികാവകാശവും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ഒന്നുമാണ്. ഇന്ത്യയില്‍ നമുക്കെല്ലാവര്‍ക്കും നമ്മുടെ മതം ആചരിക്കാനുള്ള അനുവാദമുണ്ട്. ഇന്‍ ഷാ അല്ലാഹ്, സുപ്രീം കോടതിയില്‍ നമുക്ക് നീതി ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 

Related Articles