Interview

‘ജനാധിപത്യ രീതികള്‍ ഇത്ര ദുര്‍ബലമായ മറ്റൊരു സന്ദര്‍ഭം ഇന്ത്യന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല’

സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യു.ആര്‍ ഇല്ല്യാസുമായി ‘ഇസ്‌ലാം ഓണ്‍ലൈവ്’ പ്രതിനിധി അബ്ദുസ്സമദ് അണ്ടത്തോട് നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.

ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ എങ്ങിനെ വിലയിരുത്തുന്നു ?

രാജ്യത്ത് ഇപ്പോള്‍ വലിയ ഭീഷണി നേരിടുന്നത് നാടിന്റെ തന്നെ നെടുംതൂണായ ജനാധിപത്യത്തിനാണ്. രാജ്യത്ത് ഇതിന് മുന്‍പ് ഇത്ര ദുര്‍ബലമായ പ്രതിപക്ഷം ഉണ്ടായിട്ടില്ല. എണ്ണം കൊണ്ട് ഭരണപക്ഷത്ത് ഇതിലും കൂടുതല്‍ അംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ജനാധിപത്യ രീതികള്‍ ഇത്രമാത്രം ദുര്‍ബലമായ മറ്റൊരു സന്ദര്‍ഭം ഇന്ത്യന്‍ ചരിത്രത്തില്‍ വേറെ വായിക്കാന്‍ കഴിയില്ല. പ്രതിപക്ഷത്തിന് അവരുടെ നിലപാടുകള്‍ അവതരിപ്പിക്കാന്‍ പോലും അവസരം കിട്ടുന്നില്ല. പാര്‍ലിമെന്റ് ചര്‍ച്ചകള്‍ ഒരു ചടങ്ങായി മാറുന്നു. തീരെ ജനാധിപത്യ സംസ്‌കാരം കൈക്കൊള്ളാതെ അനവധി ബില്ലുകള്‍ പാര്‍ലമെന്റില്‍ ചുട്ടെടുക്കുന്നു. സെലക്ട് കമ്മിറ്റിക്കു വിടുക എന്നത് ബില്ലുകള്‍ കൂടുതല്‍ സുതാര്യമാകാന്‍ ഇടവരും. തങ്ങളുടെ ആഗ്രഹം നടത്താനുള്ള വേദിയായി ഭരണകൂടം സഭകളെ മാറ്റുന്നു എന്നതാണ് ഇപ്പോള്‍ നടക്കുന്ന വലിയ ദുരന്തം.

ജനാധിപത്യവും മതേതരത്വവും ശക്തമായ പ്രതിസന്ധി നേരിടുന്നു എന്നത് ശരിയാണ്. അതെങ്ങനെയാണ് ഭരണക്രമത്തെ ബാധിക്കുന്നത് ?

2014 മുതല്‍ സംഘപരിവാറിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് ഭരണക്രമം. ഉദ്യോഗസ്ഥരെ അടക്കം അങ്ങിനെയാണ് വിന്യസിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തും ഈ വിഭാഗത്തിന് ഉദ്യോഗസ്ഥ തലത്തില്‍ പിടിപാടുകള്‍ ഉണ്ടായിരുന്നെങ്കിലും മോഡി കാലത്ത് അത് നൂറു ശതമാനം എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. തങ്ങളുടെ ആളുകളെ ഉന്നത സ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ ഭരണപക്ഷം ഏറെ ശ്രദ്ധ കാണിക്കുന്നു. ഒരുവേള ജുഡീഷ്യറിയെ പോലും അത് ബാധിച്ചിരിക്കുന്നു. അടുത്തിടെ നടന്ന കൊളീജിയം വിവാദം അതാണ് സൂചിപ്പിക്കുന്നത്. നാട്ടില്‍ നാം കേട്ട് കൊണ്ടിരിക്കുന്ന പല വിധികളും അവിടേക്കാണ് സൂചന നല്‍കുന്നതും. മറ്റൊരു ദുരന്തം സമൂഹത്തില്‍ കാവല്‍ നായ്ക്കളായി തുടരേണ്ട മാധ്യമ ലോകം നാട്ടില്‍ നടക്കുന്ന ജനാധിപത്യ മതേതര ധ്വംസനങ്ങള്‍ക്കെതിരെ ഒന്നുകില്‍ നിശ്ശബ്ദരാണ് അല്ലെങ്കില്‍ സര്‍ക്കാരിന്റെ പക്ഷത്ത് നിന്നും വാദിക്കുന്നു. മാധ്യമങ്ങള്‍ ഇത്രമാത്രം നിശ്ശബ്ദരായ അവസ്ഥ അടിയന്തരാവസ്ഥയില്‍ പോലുമുണ്ടോ എന്നത് സംശയമാണ്. ചുരുക്കത്തില്‍ എല്ലാ സ്ഥാപനങ്ങളെയും ചൂഷണം ചെയ്തു ഭരണപക്ഷം ജനാധിപത്യത്തെ ‘ബൈപാസ്’ ചെയ്യാന്‍ ശ്രമിക്കുകയാണ്.

വര്‍ധിച്ചു വരുന്ന ‘ആള്‍ക്കൂട്ട കൊലകള്‍’ ഉണ്ടാവുന്നത് സമൂഹത്തിന്റെ മനസ്സ് ആ രീതിയിലേക്ക് മാറിപ്പോയി എന്നതിന്റെ സൂചനയാണോ ?

സമൂഹത്തില്‍ മൂന്ന് തരം ആളുകളുണ്ട്. ഒരു വിഭാഗം എല്ലാ തിന്മകളുടെയും വിള നിലമാണ്. അവരില്‍ മറ്റുള്ളവരോടുള്ള വെറുപ്പ് വളര്‍ത്തുന്നതില്‍ സംഘ പരിവാര്‍ ശക്തികള്‍ വിജയിച്ചിരിക്കുന്നു. ഉത്തര കിഴക്കന്‍ ഇന്ത്യയില്‍ അത് പൂര്‍ണമായും ഒരു മുസ്ലിം വിരുദ്ധ മനസാണ്. രണ്ടാം സ്ഥാനത്ത് ദളിതരും. അവര്‍ ഇപ്പോഴും ന്യൂനപക്ഷമാണ്. അതെ സമയം കൂടുതല്‍ ആളുകള്‍ രണ്ടാമത്തെ ശ്രേണിയിലാണ്. അതായത് ഏത്‌ തെറ്റിനോടും അവര്‍ മൗനം ദീക്ഷിക്കും. ജുനൈദിനെ കൊന്ന ട്രെയിന്‍ ബോഗിയില്‍ ആളുകള്‍ ഇല്ലാത്തതു കൊണ്ടല്ല അത് സംഭവിച്ചത്. അതിനെ തടയാന്‍ ആരും മുതിര്‍ന്നില്ല എന്നതാണ് കാര്യം. അത് കൊണ്ട് തന്നെ കൊലയാളികള്‍ക്കു എവിടെയും അവരുടെ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നു. അവരെ പിന്തുണക്കാന്‍ ഭരണകൂടമുണ്ട് എന്ന വിശ്വാസം അവരുടെ ആത്മ ധൈര്യം വര്‍ധിപ്പിക്കുന്നു. പലപ്പോഴും അവര്‍ക്കെതിരെ ചുമത്തുന്ന കേസുകള്‍ നിസ്സാരമാകും. അതെ സമയം കൊല്ലപ്പെട്ട പഹ്‌ലുഖാന്‍ പോലീസ് കണക്കില്‍ കുറ്റവാളിയാണ്. കൊലയാളികള്‍ നിരപരാധികളും. എന്നാല്‍ ഇവയോട് പ്രതികരിക്കുന്ന വിഭാഗവുമുണ്ട്. സമൂഹത്തിന്റെ എല്ലാ ഭാഗത്തും അത്തരം ആളുകളെ നമുക്കു കാണാം. പക്ഷെ അവരുടെ ശബ്ദം പുറം ലോകം കേള്‍ക്കില്ല. നേരത്തെ പറഞ്ഞ മാധ്യമങ്ങള്‍ അത്തരം ശബ്ദങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പരമാവധി ശ്രദ്ധ പുലര്‍ത്തുന്നു.

ഇന്ത്യക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത്രമാത്രം ഭിന്നിപ്പ് പ്രകടമായ ഒരു സാമൂഹിക ക്രമം ചരിത്രത്തില്‍ വായിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസത്തില്‍ നാം മുന്നേറുമ്പോഴും എന്ത് കൊണ്ട് സാമൂഹിക ഐക്യത്തില്‍ നിന്നും പിറകോട്ടു പോകുന്നു ?

ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ നമ്മെ ഭരിക്കാന്‍ സ്വീകരിച്ച തന്ത്രം ഭിന്നിപ്പിച്ചു ഭരിക്കുക എന്നതായിരുന്നു. ഇന്ന് അതെ തന്ത്രം തന്നെയാണ് സംഘപരിവാറും നടപ്പാക്കുന്നത്. സമൂഹം ഒന്നിച്ചു നിന്നാല്‍ തങ്ങളുടെ കാര്യം നടപ്പാകില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെ പരമാവധി ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ അജണ്ട. ഒരാവശ്യവുമില്ലാത്ത സമയത്ത് അവരുടെ നേതാക്കള്‍ നടത്തുന്ന വിഷലിപ്തമായ പ്രസ്താവനകള്‍ അതിന്റെ തെളിവാണ്. നല്ല മനസ്സോടെ സമൂഹം മുന്നോട്ടു പോകരുത് എന്നവര്‍ ആഗ്രഹിക്കുന്നു.

നാടിന്റെ സാമ്പത്തിക സ്ഥിതി അത്യന്തം ദയനീയമാണ് എന്ന വാര്‍ത്തകള്‍ വരുന്നു. എങ്ങിനെ പ്രതികരിക്കുന്നു ?

നിരവധി വ്യവസായങ്ങള്‍ ദിനേന പൂട്ടിക്കൊണ്ടിരിക്കുന്നു, കൃഷിക്കാരുടെ ദുരിതങ്ങള്‍ നാം വായിച്ചറിയുന്നു. സാമ്പത്തിക അവസ്ഥ തീരെ ദുര്‍ബലമാണ്. ഈ സര്‍ക്കാര്‍ അഞ്ചു കൊല്ലം മുന്നോട്ടു പോയാല്‍ പിന്നെ എന്ത് എന്ന ചോദ്യം ഇപ്പോഴേ പ്രസക്തമാണ്. മനുഷ്യരെ ബാധിക്കുന്ന മുഖ്യ വിഷയങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടുക എന്നതാണ് ഇതിന്റെയൊക്കെ പിന്നിലെ മറ്റൊരു അജണ്ട. അത്തരം വിഷയങ്ങളില്‍ കാര്യമായ ഒരു ചര്‍ച്ചയും പാര്‍ലിമെന്റില്‍ നടന്നതായി അറിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി മൗലികമായ ഒരു കാര്യവും ചര്‍ച്ചക്ക് കൊണ്ട് വന്നില്ല. തികച്ചും വൈകാരികമായ ചര്‍ച്ചകളാണ് അവര്‍ കൊണ്ട് വന്നത്. ദേശീയത,വിശ്വാസം,ഭീകരത എന്നിവ അതിന്റെ മെറിറ്റില്‍ ചര്‍ച്ച ചെയ്യാതെ കേവലം വൈകാരിക പ്രകടനങ്ങളായി മാറി എന്നത് നാം കണ്ടതാണ്.

കശ്മീര്‍ സംഭവം ഭാവിയില്‍ എങ്ങിനെയാകും അവസാനിക്കുക?

കാശ്മീരില്‍ എന്താണ് നടക്കുന്നത് എന്നത് ഇന്നും അജ്ഞാതമാണ്. അവിടുന്ന് പുറത്തു വരുന്ന വിദേശ വാര്‍ത്താ ലേഖകരിലൂടെയാണ് കാര്യങ്ങള്‍ നാം അറിയുന്നത്. മുഖ്യമായി കാശ്മീരിന്റെ ജനസംഖ്യാ അനുപാതത്തില്‍ മാറ്റം വരുത്തുക എന്നതു തന്നെയാണ് ഉദ്ദേശം. ആദ്യം അവര്‍ ജമ്മുവില്‍ നടപ്പാക്കും ശേഷം ബാക്കി സ്ഥലങ്ങളിലും. 35 എ വകുപ്പ് എടുത്തു കളഞ്ഞതില്‍ മുസ്ലിംകള്‍ മാത്രമല്ല എല്ലാ കാശ്മീരികളും അസ്വസ്ഥരാണ്. ഇന്ത്യന്‍ ഭരണ ഘടനയുടെ ആത്മാവായ ഫെഡറല്‍ സ്വഭാവത്തെ മാനിക്കാന്‍ മോഡി സര്‍ക്കാര്‍ തയാറാവുന്നില്ല എന്നതാണ് മൗലിക വിഷയം. ആസാം മോഡല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ കാശ്മീരിലും കൊണ്ടുവന്നേക്കാം. മൊത്തം ഇന്ത്യയില്‍ തന്നെ അത്തരം ഒരു നിലപാട് വന്നാല്‍ മുസ്ലിം സമുദായത്തെയാണ് ബാധിക്കുക. അപ്പോള്‍ കാശ്മീരില്‍ അത് പറയാനുണ്ടോ? അവിടെ നാലായിരത്തോളം ആളുകളെ അറസ്റ്റു ചെയ്തു എന്നാണു വിവരം. ഒരു ഭീതി അവിടെ നിലനില്‍ക്കുന്നു. സ്‌കൂള്‍ തുറന്നിട്ടും കുട്ടികള്‍ വരുന്നില്ല എന്നത് അതിന്റെ തെളിവായി കണക്കാക്കാം.

ഒറ്റ രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സംഘപരിവാര്‍ മുദ്രാവാക്യത്തെ എങ്ങിനെ കാണുന്നു ?

ഇന്ത്യ  മുഴുവന്‍ ഒരു പാര്‍ട്ടി എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ട് പോകാനാണ് അവര്‍ ആഗ്രഹിക്കുന്നത്. നാട്ടിലെ ഭരണഘടന സ്ഥാപനങ്ങളായ സി ബി ഐ, ആര്‍ ബി ഐ ഇലക്ഷന്‍ കമ്മീഷന്‍ എന്നിവ ഇപ്പോള്‍ തന്നെ ഭരണ കക്ഷിയുടെ പിടിയിലാണ്. മൊത്തം സ്ഥാപനങ്ങളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് സംവിധാങ്ങള്‍ അട്ടിമറിക്കാനും അത് കൊണ്ട് സാധ്യമാകും.

എന്ത് കൊണ്ടാണ് മുഖ്യവിഷയങ്ങളില്‍ പ്രതിപക്ഷം ഭിന്നിച്ചു പോകുന്നത് ?

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാം അത് കണ്ടതാണ്. പല സംസ്ഥാനങ്ങളിലും നിസാര കാര്യം പറഞ്ഞാണ് കോണ്‍ഗ്രസ് മുന്നണി വേണ്ടെന്നു വെച്ചത്. യു.പി, ദല്‍ഹി, ഹരിയാന തുടങ്ങിയവ ഉദാഹരണം മാത്രം. മറ്റൊരു സംഗതി പ്രാദേശിക പാര്‍ട്ടികള്‍ ബി ജെ പിയേക്കാള്‍ കൂടുതല്‍ ഭയക്കുന്നത് കോണ്‍ഗ്രസ്സിനെയാണ്. അവരുടെ തകര്‍ച്ച ഗുണം ചെയ്യുക കോണ്‍ഗ്രസ്സിനാണെന്നു അവര്‍ മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ കോണ്‍ഗ്രസിനെ പരമാവധി മാറ്റി നിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു. പക്ഷെ അത് ആത്യന്തികമായി ബി ജെ പി ക്കു ഗുണം ചെയ്യും എന്നത് അവര്‍ മനസ്സിലാക്കുന്നില്ല.

വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ തവണ ഒരു സ്ഥലത്താണ് മത്സരിച്ചത്. എന്തായിരുന്നു അനുഭവം ?

ജനസംഖ്യയില്‍ വലിയ വിഭാഗം ബീഡി തൊഴിലാളികളായ മണ്ഡലം. ബീഡിത്തൊഴിലാളികളെ മുതലാളിമാര്‍ ചൂഷണം ചെയ്യുന്ന അവസ്ഥയാണവിടം. ആ വിഷയം മുന്‍ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അതെ സമയം അപ്പുറത്തുള്ള തൃണമൂല്‍ സ്ഥാനാര്‍ത്ഥി ഒരു ബീഡി മുതലാളിയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ജയിക്കാതിരിക്കുക എന്നത് മൊത്തം ആളുകളുടെ ആവശ്യമായി മാറി. ബംഗാള്‍ രാഷ്ട്രീയം എന്നും പണത്തിന്റെയും ഗുണ്ടായിസത്തിന്റെതുമാണ്. മുമ്പ് അതെല്ലാം സി പി എമ്മിന്റെ കയ്യിലായിരുന്നു. ഇന്ന് അത് പൂര്‍ണമായും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പക്ഷത്താണ്. മറ്റൊരു ദുരന്തം ഇന്ത്യയിലെ മിക്ക മതേതര പാര്‍ട്ടികളും ‘ഐഡിയോളജി’ ഒരു പ്രശ്‌നമായി കാണുന്നില്ല എന്നതാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടി പോലും പലയിടത്തും ഹിന്ദുത്വ നിലപാടുകള്‍ പിന്തുടരുന്നു എന്നത് നമ്മുടെ മുന്നിലെ സത്യമാണ്.

ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച പ്രതീക്ഷ ?

ഇന്നത്തെ നിലയില്‍ വലിയ പ്രതീക്ഷക്കു വകയില്ല. ജനാധിപത്യ സ്ഥാപനങ്ങള്‍ ദിനേന ഇല്ലാതായി പോകുന്നു എന്നത് തന്നെ കാരണം. എങ്കിലും ഭാവിയില്‍ ജനാധിപത്യം ശക്തമായി തിരിച്ചു വരും എന്ന് തന്നെയാണ് പ്രതീക്ഷ. ബി ജെ പി സര്‍ക്കാരിനെ പിന്തുണക്കുന്നവരുടെ ശതമാനം 37 ആണ്. വലിയ ശതമാനം അപ്പുറത്താണ്. ജീവിതവും സമാധാനവും വഴിമുട്ടിയാല്‍ പിന്നെ ജനം തന്നെ അതേറ്റെടുക്കും. ജനാധിപത്യ മതേതര നിലപാടുകള്‍ തള്ളിക്കളഞ്ഞു ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല എന്നുറപ്പാണ്.

കേരളത്തെ കുറിച്ച് ?

കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ പോലെയല്ല. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന പലതും കേരളക്കാര്‍ക്ക് കേട്ട് കേള്‍വി മാത്രമാണ്. കേരളത്തില്‍ നേരത്തെ പറഞ്ഞ ഭിന്നിപ്പിച്ചു ഭരിക്കല്‍ നടപ്പാക്കാന്‍ കഴിയുന്നില്ല എന്നത് കൊണ്ട് തന്നെയാണ് സംഘ പരിവാര്‍ പുറത്തു നില്‍ക്കുന്നതും. അടിക്കടി ഉണ്ടാകുന്ന പ്രളയം കേരളം നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളിയാണ്. പ്രകൃതിയും മനുഷ്യരും ഒന്നിച്ചു നിന്നാല്‍ അതിനെ തടയാന്‍ കഴിയും. കേരളക്കാര്‍ക്ക് അതിനു കഴിയുമെന്നതില്‍ ഉറപ്പുണ്ട്.

Author
as
Facebook Comments
Related Articles
Close
Close