ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വ്യാജ ആരോപണങ്ങളുന്നയിച്ച് യു.എ.പി.എ ചുമത്തപ്പെട്ട് രണ്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞ തേജസ് ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഫെബ്രുവരി 2നാണ് ജയില്‍മോചിതനായത്. യു.എ.പി.എ ജാമ്യ വ്യവസ്ഥ പ്രകാരം ആറാഴ്ച ഡല്‍ഹിയില്‍ തുടരുന്ന കാപ്പന്‍ ശേഷം കേരളത്തിലേക്ക് മടങ്ങും. രണ്ട് വര്‍ഷത്തെ ജയിലനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് മക്തൂബ് മീഡിയ പ്രതിനിധി ഷഹീന്‍ അബ്ദുല്ലക്ക് നല്‍കിയ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം വായിക്കാം.
ഞാന്‍ ബലിയാടായി
മഥുരയിലെ ചെക്ക്‌പോസ്റ്റിലെ എല്ലാ കാറുകളും പൊലിസ് പരിശോധിക്കുന്നുണ്ടായിരുന്നു. പോലീസിന്റെ കൈയിലുള്ള ഒരു ഫോട്ടോ വെച്ചായിരുന്നു പരിശോധന. അവര്‍ അതീഖുര്‍റഹ്‌മാനെയാണ് അന്വേഷിക്കുന്നതെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. അതിനര്‍ത്ഥം അതീഖുറഹ്‌മാന് ദുരുദ്ദേശം ഉണ്ടായിരുന്നു എന്നല്ല, പക്ഷേ അവന്‍ അവരുടെ നിരീക്ഷണ ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒരാളായിരിക്കണം. ചെക്പോസ്റ്റിലെ പോലീസുകാര്‍ ഞങ്ങളെ സൗഹൃദ സംഭാഷണത്തിനെന്നു പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചില ചോദ്യങ്ങള്‍ ചോദിക്കാനായി ഞങ്ങളോട് മാറിനില്‍ക്കാന്‍ പറഞ്ഞു. ക്യാബ് ഡ്രൈവര്‍ ഞങ്ങളെ ഇറക്കി വിടാന്‍ ഉദ്ദേശിച്ചപ്പോള്‍, അവനോട് പേര് ചോദിക്കുകയും പിന്നീട് ഞങ്ങളോടൊപ്പം തന്നെ കയറുകയും ചെയ്തതായും കാപ്പന്‍ പറഞ്ഞു.
ഞങ്ങളെ കസ്റ്റഡിയിലെടുത്തത് സാധാരണപോലെയായിരുന്നു. ഞങ്ങള്‍ക്ക് ചായയും ലഘുകടിയുമെല്ലാം തന്നു. എന്നാല്‍ വൈകുന്നേരം പ്രാദേശിക ഇന്റലിജന്‍സ് ഓഫീസര്‍ എത്തിയതോടെ രംഗം മാറി. ഞാന്‍ കേരളത്തില്‍ നിന്നുള്ള ഒരു പത്രപ്രവര്‍ത്തകനാണെന്ന് അറിഞ്ഞപ്പോള്‍ അയാള്‍ മോശമായി പെരുമാറി. പൊലിസുകാര്‍ എന്നെ അടിക്കുകയും അസംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കാനും തുടങ്ങി. ഞാന്‍ പാകിസ്ഥാനില്‍ പോയെന്നാണ് അവര്‍ ഉറപ്പിച്ചു പറയുന്നത്. എത്ര തവണ പോയി എന്ന് മാത്രമാണ് എന്നോട് ചോദിക്കുന്നത്. ഈ പീഡനം വളരെ അസ്വസ്ഥമായിരുന്നു-കാപ്പന്‍ വിവരിച്ചു.
കേരളത്തിലെ ഏത് ഇടതുപക്ഷ നിയമസഭാംഗമാണ് എന്നെ അയച്ചതെന്നും ആരാണ് എനിക്ക് ധനസഹായം നല്‍കിയതെന്നും അവര്‍ എന്നോട് ചോദിച്ചു. കുറ്റപത്രത്തില്‍ പോലും അവ്യക്തമായി രേഖപ്പെടുത്തിയ ഗൂഢാലോചനയുടെ സൂത്രധാരനാണെന്നാണ് അവര്‍ ആരോപിക്കുന്നത്.
ടാക്‌സിക്ക് കൊടുക്കാനുള്ള 4500 രൂപ എന്റെ കയ്യില്‍ ഉണ്ടായിരുന്നു. അതിനെ കലാപത്തിനുള്ള ധനസഹായമായാണ് അവര്‍ രേഖപ്പെടുത്തിയത്. തുടക്കത്തില്‍, 151 ഐപിസി പ്രകാരം ഞങ്ങളുടെ സംഘത്തിനെതിരെ കേസെടുത്തു. അഞ്ചോ അതിലധികമോ ആളുകള്‍ ബോധപൂര്‍വം കൂടിച്ചേരുകയും പിരിഞ്ഞുപോകാന്‍ കല്‍പ്പിക്കപ്പെട്ടതിന് ശേഷവും അവിടെ തുടരുകയും ചെയ്താലുള്ള വകുപ്പാണിത്.
എന്നാല്‍ ഉടന്‍ തന്നെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും അര്‍ഗ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ലഖ്നൗ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും എല്ലാവരും അവിടെയെത്തി. സമ്മര്‍ദത്തിന് വഴങ്ങി കാലി പേപ്പറില്‍ ഒപ്പിടാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചതായും കാപ്പന്‍ പറഞ്ഞു.
ഞങ്ങളെ കന്നുകാലികളെ പോലെ നീളമുള്ള കയറുകൊണ്ട് കെട്ടിയാണ് കോടതിയില്‍ എത്തിച്ചത്. അവിടുത്തെ പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ ഞങ്ങളെ ‘തീവ്രവാദികള്‍’ എന്ന് വിളിക്കുകയും പ്രദേശത്ത് കനത്ത സായുധ സേനയെ വിന്യസിക്കുകയും ചെയ്തിരുന്നു. അനിഷ്ടകരമായ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. ആ സമയം ഒരു പോലീസുകാരന്‍ എന്റെയടുത്തെത്തി, സുപ്രീം കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും എന്റെ അഭിഭാഷകനെക്കുറിച്ച് എന്നോട് പറയുകയും ചെയ്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ എഫ്ഐആറില്‍ യുഎപിഎ ചേര്‍ത്തിട്ടുണ്ടെന്നും അറിയിച്ചു.
ജയിലിലെ 28 ആഴ്ചകള്‍
നാട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് മാസങ്ങളോളം എനിക്ക് അറിയില്ലായിരുന്നു. കോവിഡ് പകര്‍ച്ചവ്യാധി കാരണം നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ നിയന്ത്രിച്ചതിനാല്‍ കുടുംബവുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ ആഴ്ചകളെടുത്തു.
ജയിലില്‍ അതിന്റെ ശേഷിയേക്കാള്‍ മൂന്നിരട്ടി തടവുകാരുണ്ടായിരുന്നു. ഞങ്ങള്‍ ഒരു ബാരക്കില്‍ എഴുപത് പേരുണ്ടായിരുന്നു. സുപ്രീം കോടതിയില്‍ എന്റെ കേസ് പരിഗണിച്ച സമയത്ത് ജയിലിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കോടതിയില്‍ പരാതിപ്പെടാന്‍ ഒരിക്കല്‍ ജയിലര്‍ എന്നോട് പറഞ്ഞു.
ജയിലില്‍ ഏറ്റവും മോശം നിമിഷം വന്നത് റമദാനില്‍ കോവിഡ് ബാധിച്ച സമയത്താണ്. ആ സമയത്ത് ഒരു ദിവസം രാവിലെ ഭക്ഷണം കഴിക്കാനായി എണീറ്റപ്പോള്‍ ഞാന്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് എന്നെ ജയില്‍ ഡിസ്‌പെന്‍സറിയിലേക്ക് കൊണ്ടുപോയി, പിന്നീട് കെ.എം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീടുള്ള അഞ്ച് ദിവസം കട്ടിലില്‍ കൈ കെട്ടിയിട്ടു. ടോയ്‌ലെറ്റില്‍ പോലും പോകാന്‍ അനുവദിക്കാതെ കിടക്കുകയായിരുന്നു. മൂത്രം കുപ്പിയില്‍ ഒഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. അത് നിറഞ്ഞൊഴുകാന്‍ തുടങ്ങിയപ്പോള്‍ ആരോ എന്റെ മുറിയിലേക്ക് വന്നു. അദ്ദേഹം ഒരു ജീവനക്കാരനാണോ എന്ന് എനിക്കറിയില്ല. ഒരു ജയില്‍ തടവുകാരന്‍ തന്ന 500 രൂപ ഞാന്‍ അദ്ദേഹത്തിന് നല്‍കി, എനിക്ക് ഒരു കുപ്പിയും ഒരു ജ്യൂസും വാങ്ങിതരാന്‍ ആവശ്യപ്പെട്ടു. ആ സമയം ഞാന്‍ വളരെ നിരാശനായിരുന്നു.
പോലീസല്ല, ആശുപത്രി മാനേജരാണ് എന്നോട് പ്രതികാരബുദ്ധി കാണിച്ചത്. താന്‍ കഷ്ടപ്പെടുന്നുണ്ടെന്് അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു. എന്നെ കാണുമ്പോള്‍ അദ്ദേഹം അലറിവിളിച്ചു. പിന്നീട് മെച്ചപ്പെട്ട പരിചരണത്തിനായി എന്നെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. എന്നാല്‍ സുഖം പ്രാപിക്കുന്നതിന് മുമ്പ് പോലീസ് എന്നെ തിരികെ ജയിലിലേക്ക് തന്നെ കൊണ്ടുവന്നു. ഇതോടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഏറെ സമയമെടുത്തു. 2022ന്റെ തുടക്കത്തില്‍ എന്നെ ലഖ്നൗ ജയിലിലേക്ക് മാറ്റി.
ഭാര്യ പോരാടി, കുട്ടികള്‍ കഷ്ടപ്പെട്ടു
എന്റെ കുട്ടികള്‍ക്ക് ഈ സമയം വളരെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു. ഇത്രയും കാലം എനിക്ക് അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞില്ല. അവരുടെ വിദ്യാഭ്യാസം തകര്‍ന്നു. ഞാന്‍ അവരെ കോടതിയില്‍ കാണുമ്പോഴെല്ലാം അവരുടെ മുഖത്ത് നിരാശ കാണാമായിരുന്നു.
എനിക്കുവേണ്ടി എന്റെ ഭാര്യയ്ക്കും 17 വയസ്സുള്ള മകനും അപരിചിതമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവന്നു. ഇതെല്ലാം അപകടകരമായ യാത്രകളായിരുന്നു. എന്റെ ജാമ്യക്കാരെ പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും അവരുടെ പശ്ചാത്തല അന്വേഷണത്തിന്റെ മറവില്‍ പീഡിപ്പിക്കുകയും ചെയ്തു. യുഎപിഎ കേസിലെ ആള്‍ജാമ്യം പരിശോധിക്കാന്‍ മാത്രം മൂന്ന് മാസമെടുത്തു.
ഞാന്‍ പുറത്തിറങ്ങുന്നത് വരെ എല്ലാവരും ആകാംക്ഷയിലായിരുന്നു. ഞങ്ങളെ നിശ്ശബ്ദമാക്കാനും എന്നെ അകത്ത് തന്നെ നിര്‍ത്താനും പോലീസ് ആഗ്രഹിച്ചു. 2014 മുതല്‍ ഈ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ കുത്തനെ ഇടിഞ്ഞു. ഈ കേസില്‍ പ്രതികളായ മറ്റുള്ളവരും നിരപരാധികളാണ്, കാരണം ഈ കേസ് തന്നെ വ്യാജമാണ്- കാപ്പന്‍ പറഞ്ഞു നിര്‍ത്തി.
അവലംബം: മക്തൂബ് മീഡിയ
വിവ: പി.കെ സഹീര്‍ അഹ്‌മദ്