Current Date

Search
Close this search box.
Search
Close this search box.

ഗുരുഗ്രാമില്‍ ഹിന്ദുത്വ ആള്‍കൂട്ടത്തെ നേരിട്ട ആ ഇമാം ഇവിടെയുണ്ട്

‘നമസ്‌കാരത്തിനായി പോകുന്ന സമയത്താണ് അവര്‍ എന്നെ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അല്ലാഹുവില്‍ പൂര്‍ണവിശ്വാസം ഉള്ളതുകൊണ്ട് ഞങ്ങള്‍ക്ക് യാതൊരു ഭയവുമില്ലായിരുന്നു. ഈമാനേക്കാള്‍ ശക്തമായ മറ്റൊന്നുമില്ല. ഞങ്ങള്‍ ഒന്നിനെയും ഭയപ്പെടാത്തത് അല്ലാഹുവിന്റെ അനുഗ്രമുള്ളത് കൊണ്ടാണ്’-

കഴിഞ്ഞ വെള്ളിയാഴ്ച ഗുരുഗ്രാമിലെ നമസ്‌കാര സ്ഥലത്തേക്ക് പോകവേ വഴിയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച ഇമാം ഹാജി ഷഹ്‌സാദ് ഖാന്‍ മഖ്തൂബ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിന്റെ സംക്ഷിപ്ത വിവരണം.

കഴിഞ്ഞ വെള്ളിയാഴ്ചയും, ഗുഡ്ഗാവിലെ സെക്ടര്‍ 37ല്‍ മുസ്ലീങ്ങള്‍ നമസ്‌കരിക്കാന്‍ ഒത്തുകൂടിയ സ്ഥലത്ത് ഹിന്ദുത്വ ഗ്രൂപ്പുകളുടെ അംഗങ്ങളും ജനക്കൂട്ടവും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് നമസ്‌കാരം തടയാനെത്തിയിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ വിശ്വാസികളെ ഭയപ്പെടുത്താന്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രാവാക്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ വൈറലായിരുന്നു.

ഇതിലെ ഒരു വീഡിയോയില്‍ ഒരു ഹിന്ദുത്വ നേതാവ് വന്ന് ഖാനെ തടയുകയും ഇവിടെ നമസ്‌കാരം നടത്താന്‍ പറ്റില്ലെന്ന് ആക്രോഷിക്കുകയും ചെയ്യുന്നതാണ്. ഗുരുഗ്രാം മുസ്ലിം ഏകത മഞ്ചിന്റെ ചെയര്‍മാന്‍ കൂടിയാണ് ഖാന്‍. എന്നാല്‍ ഭയപ്പെടുത്തലിനോട് ഭാവമാറ്റമൊന്നുമില്ലാതെ സൗമ്യനായാണ് അദ്ദേഹം പെരുമാറിയത്. തൊട്ടടുത്ത് തന്നെ ആക്രമികള്‍ പ്രതിഷേധം നടത്തുന്നതിനിടെ ഖാന്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതും വീഡിയോവില്‍ കാണാം. മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങളുടെയും ഹിന്ദുത്വ യുദ്ധവിളികളുടെയും നടുവില്‍ 15ഓളം മുസ്ലീങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ചയും പ്രാര്‍ത്ഥന നടത്തി. നമസ്‌കാരത്തിന് ശേഷം ഹിന്ദു-മുസ്ലിം ഐക്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

നിര്‍മാണ മേഖലയിലെ ബിസിനസില്‍ പ്രവര്‍ത്തിക്കുന്ന ഖാന്‍, 1977ല്‍ ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ നിന്ന് ജോലി ആവശ്യത്തിനായാണ് ഗുഡ്ഗാവിലെത്തിയത്. അന്നുമുതല്‍ ഈ നഗരത്തിലാണ് അദ്ദേഹം താമസിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷമായി സാമൂഹിക സേവനങ്ങള്‍ക്കായി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. ഗുഡ്ഗാവ് നിവാസികളില്‍ ഭൂരിഭാഗവും സമാധാനപ്രിയരാണെന്ന് ഖാന്‍ വിശ്വസിക്കുന്നു. നഗരത്തിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നോ രണ്ടോ ശതമാനം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍, ഞങ്ങളുടെ മനസ്സില്‍ ഭയത്തിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല.

ഞങ്ങളുടെ മതപരമായ ഉത്തരവാദിത്വം നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ അല്ലാഹുവിന് സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ നമസ്‌കാരം അര്‍പ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അവര്‍ തടസ്സപ്പെടുത്തിയത് കാരണം ജുമുഅ നമസ്‌കാരം നടത്തിയിരുന്നില്ല, എന്നാല്‍ ഇത്തവണ ഖുത്ബയും ജുമുഅ നമസ്‌കാരവും നിര്‍വഹിച്ചു.

ഇമാം ആയതിനാലാണ് തനിക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കേണ്ടി വന്നത്. തന്നെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. ഹിന്ദുത്വയുടെ ഭീഷണി മൂലം പല ഇമാമുമാരും നമസ്‌കാരത്തില്‍ പങ്കെടുക്കുന്നവരും ഭയം മൂലം പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അനുവാദമില്ലാതെയാണ് മുസ്ലിംകള്‍ ആ സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നതെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് എന്ന സംഘടനയുടെ നേതാവ് പ്രചരിപ്പിച്ചതായും ഖാന്‍ പറഞ്ഞു. നമസ്‌കാരത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഒരു വിഭാഗമാണ് മുസ്ലീം രാഷ്ട്രീയ മഞ്ച്.

മുമ്പ് മുസ്ലീങ്ങള്‍ 100 സൈറ്റുകളില്‍ നമസ്‌കാരം നടത്തിയിരുന്നു എന്നതാണ് വസ്തുത. ജുമുഅ നമസ്‌കാരത്തിനായി 37 സ്ഥലങ്ങള്‍ ഭരണകൂടം അനുവദിച്ചിരുന്നു. 2018ല്‍ നമസ്‌കാരം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് അത് 37 സൈറ്റുകളാക്കി ചുരുക്കി. ഈ വര്‍ഷവും തുടര്‍ച്ചയായി പ്രതിഷേധം സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് ഇത് 20 സൈറ്റുകളായി ചുരുക്കി. ഇപ്പോള്‍, ഈ പ്രദേശങ്ങളിലും മുസ്ലിംകളെ സമാധാനപരമായി നമസ്‌കരിക്കാന്‍ അനുവദിക്കുന്നില്ല-അദ്ദേഹം പറഞ്ഞു.

ഈ പ്രദേശത്ത് നമസ്‌കാരം നിര്‍വഹിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പ്രാര്‍ത്ഥന തടസ്സപ്പെടുത്തുന്ന തീവ്ര ഹിന്ദു വലതുപക്ഷക്കാര്‍ അവകാശപ്പെടുന്നത്. തങ്ങളുടെ നമസ്‌കാരം മൂലം ചെറിയ ഒരു പ്രശ്നമുണ്ടായാല്‍ പോലും മുസ്ലിംകള്‍ ആ സ്ഥലത്ത് പ്രാര്‍ത്ഥന നടത്തുന്നത് നിര്‍ത്തുമെന്നും ഖാന്‍ പറയുന്നു.

നമസ്‌കാരത്തിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ ആളുകളെ ഞങ്ങള്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ഞങ്ങള്‍ ഒരിക്കലും റോഡില്‍ നമസ്‌കരിക്കാറില്ല. ഞങ്ങളുടെ നമസ്‌കാരം മൂലം റോഡില്‍ ഒരു ബൈക്കിന്റെ വഴി പോലും തടസ്സപ്പെടുന്നില്ല, അങ്ങനെ ഉണ്ടായാല്‍, ഞങ്ങള്‍ അവിടെ നമസ്‌കരിക്കുന്നത് നിര്‍ത്തുമെന്ന് ഭരണകൂടത്തോടും ഹിന്ദു സഹോദരങ്ങളോടും പറഞ്ഞിട്ടുണ്ട്.

നമ്മുടെ നിസ്‌കാരത്തിലൂടെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണമെന്ന് നമ്മുടെ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നില്ല. ഇസ്ലാമിക നിയമം ഞങ്ങളെ ഇതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. നമസ്‌കാരം തടസ്സപ്പെടുത്തുന്ന പ്രാദേശിക ഹിന്ദുക്കള്‍അവര്‍ അവരുടെ മതപരമായ പല പ്രവര്‍ത്തനങ്ങളും റോഡുകളില്‍ വെച്ച് ചെയ്യാറുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അവരുടെ മതപരമായ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ മുസ്ലീംകള്‍ ഒരിക്കലും പോയിട്ടില്ല. എന്നാല്‍ മുസ്ലീങ്ങളുടെ സമാധാനപരമായ നമസ്‌കാരത്തെ അവര്‍ എപ്പോഴും എതിര്‍ക്കുന്നു.

ഈ എതിര്‍പ്പുകളൊന്നും ഞങ്ങളെ അലട്ടുന്നില്ല. ദയവു ചെയ്ത് ഗുരുഗ്രാമിലെ കയേറിയിരിക്കുന്ന മസ്ജിദുകള്‍ ഒഴിഞ്ഞുതരിക. ഞങ്ങള്‍ അവിടെ വെച്ച് പ്രാര്‍ത്ഥന നിര്‍വഹിച്ചോളാം-ഖാന്‍ കൂട്ടിച്ചേര്‍ത്തു.

നമസ്‌കാരം തടസ്സപെടുത്തുന്നത് മൂലം ഗുഡ്ഗാവില്‍ മുസ്ലീം സമൂഹം ഭയത്തിന്റെ അന്തരീക്ഷത്തിലാണ് കഴിയുന്നത്. പലരും ഗുഡ്ഗാവില്‍ നിന്ന് പലായനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. മുസ്ലീങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണെന്നും ഖാന്‍ പറഞ്ഞു.

 

അവലംബം: മക്തൂബ് മീഡിയ

 

Related Articles