Current Date

Search
Close this search box.
Search
Close this search box.

കോവിഡിനും തകര്‍ക്കലിനുമിടയില്‍ ശ്വാസംമുട്ടുന്ന വെസ്റ്റ്ബാങ്കിലെ സ്‌കൂളുകള്‍

വെസ്റ്റ് ബാങ്കിലെ അല്‍ മാലിഹ് ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് വേണം സ്‌കൂളിലെത്തണമെങ്കില്‍. ഇസ്രായേലിന്റെ ചെക്‌പോയിന്റും കടന്ന് യാത്ര ചെയ്യുക എന്നത് വളരെ ദുഷ്‌കരമായിരുന്നു. ചിലയാളുകള്‍ കാല്‍നടയായും ചിലര്‍ കഴുതപ്പുറത്തുമായിരുന്നു യാത്ര ചെയ്തിരുന്നത്. അതിനാല്‍ തന്നെ യാത്ര ബുദ്ധിമുട്ടിലായതോടെ പലരും സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി.

തുടര്‍ന്ന് 2019ലാണ് കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വെസ്റ്റ്ബാങ്ക് ലോക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടെന്റ് കെട്ടി അവിടെ താല്‍ക്കാലിക സ്‌കൂള്‍ ഒരുക്കിയത്. കുട്ടികളെ സ്‌കൂളില്‍ പോകുന്നത് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ താല്‍ക്കാലിക സ്‌കൂള്‍ ഒരുക്കിയത്.

സ്‌കൂള്‍ നേരിട്ട പ്രതിസന്ധികള്‍ ?

നിരവധി പ്രതിസന്ധികളാണ് സ്‌കൂള്‍ നേരിട്ടത്. തണുപ്പ് കാലങ്ങളില്‍ കുട്ടികളും സ്‌കൂള്‍ ജീവനക്കാരും അതിശൈത്യത്താല്‍ വിറങ്ങലിച്ചു. സംഘടന അന്താരാഷ്ട്ര ഏജന്‍സികളോട് സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ലഭ്യമായ ഫണ്ട് ഉപയോഗിച്ച് നാല് ക്ലാസ് റൂമുകള്‍ പണിതു. കട്ടകളും തകര ഷീറ്റുകളും ഉപയോഗിച്ചാണ് ചെറിയ കെട്ടിടം നിര്‍മിച്ചത്.

ഖിര്‍ബത് ജബരിസ് പര്‍വത നിരകളിലാണ് അല്‍ മാലി മിക്‌സഡ് എലമന്ററി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. കിഴക്കന്‍ ജോര്‍ദാനിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള താഴ്‌വരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൃത്രിമ പുല്ല് പാകിയുള്ള മൈതാനം ഇരുമ്പ് വേലികള്‍ ഉപയോഗിച്ചുള്ള അതിര്‍വരമ്പ് എന്നിവ ഇവിടെ കാണാം.

സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ?

രണ്ട് ഗ്രേഡ് ക്ലാസ് റൂമുകളാണ് ഇവിടെയുളളത്. ഇവിടെ വൈദ്യുതിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ല. ഗ്രാമത്തിലെ കുട്ടികള്‍ക്കും ചെറിയ സമൂഹത്തിനും ഈ സ്‌കൂള്‍ വളരെ അത്യന്താപേക്ഷിതമാണ്. സ്‌കൂള്‍ അടുത്തായപ്പോള്‍ കുട്ടികള്‍ക്ക് വരാനും പോകാനും എളുപ്പമായി.

അധ്യാപകര്‍ ?

ടെന്റ് കെട്ടി സ്‌കൂള്‍ ആരംഭിച്ചത് മുതല്‍ സ്‌കൂളില്‍ സ്വയം സന്നദ്ധയായി അധ്യാപികയായി പ്രവേശിച്ച ഒരാളാണ് ഹനാന്‍ ദബാക്. അറബിക്, മാത്‌സ്, ഇംഗ്ലീഷ്, ദേശീയ വിദ്യാഭ്യാസം എന്നീ വിഷയങ്ങളാണ് അവര്‍ പഠിപ്പിക്കുന്നത്. ഇപ്പോള്‍ അവര്‍ ഇവിടെ സ്ഥിരം അധ്യാപികയും ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും ശമ്പളവും വാങ്ങുന്നുണ്ട്.

ഇസ്രായേലില്‍ നിന്നുള്ള ഭീഷണി എന്തായിരുന്നു ?

സ്‌കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഒരു ദിവസം ഇസ്രായേല്‍ സൈനിക കേന്ദ്രത്തില്‍ നിന്നും ഒരു നോട്ടീസ് ലഭിക്കുന്നത്. അല്‍ മാലിഹ് സ്‌കൂള്‍ നിര്‍മിച്ചിരിക്കുന്നത് പുരാവസ്തുശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട സ്ഥലത്താണെന്നും സ്‌കൂള്‍ ഉടന്‍ തന്നെ പൊളിച്ചു നീക്കണമെന്നുമാണ് ഉത്തരവിലുള്ളത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ സ്ഥിതി ചെയ്യുന്ന 44 സ്‌കൂളുകളില്‍ ഒന്നാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഇസ്രായേലിന്റെ തകര്‍ക്കല്‍ ഭീഷണി നേരിടുന്നത്.

വെസ്റ്റ് ബാങ്ക് ലോക്കല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹ്ദി ളറഅ്മയെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ കാറും ട്രാക്ടറും കണ്ടുകെട്ടുകയും ചെയ്തു. സ്‌കൂള്‍ പൊളിച്ചുനീക്കുന്നതിനെതിരെ അദ്ദേഹം ഇസ്രായേല്‍ കോടതിയെ സമീപിച്ചെങ്കിലും പരാതി പരിഗണിക്കാനോ കേള്‍ക്കാനോ കോടതി തയാറായിട്ടില്ല.

സ്‌കൂള്‍ പൊളിക്കുന്നതിന് പിന്നിലുള്ള ഇസ്രായേലിന്റെ ലക്ഷ്യം ?

2020 ഡിസംബര്‍ 17ന് സ്‌കൂള്‍ പൊളിക്കുമെന്ന് കാണിച്ച് ഇസ്രായേല്‍ രണ്ടാമത്തെ നോട്ടീസും അയച്ചു. 96 മണിക്കൂറിനകം കെട്ടിടം ഇസ്രായേല്‍ സൈന്യം പൊളിച്ചുമാറ്റുമെന്നായിരുന്നു നോട്ടീസ്. ‘ഞങ്ങള്‍ സ്‌കൂളിന്റെ വലിപ്പം വര്‍ധിപ്പിച്ചിട്ടില്ല. നേരത്തെ ടെന്റ് നിലനിന്ന അതേ സ്ഥലത്ത് കെട്ടിടം പണിയുകയാണ് ചെയ്തതെന്നും’ മഹ്ദി പറഞ്ഞു.

സ്‌കൂളിനെ ഇസ്രായേല്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അത് പ്രദേശത്ത് താമസിക്കുന്ന പൗരന്മാര്‍ക്ക് ഉപകാരപ്രദമാണെന്ന് അവര്‍ ചിന്തിക്കുമായിരുന്നു. അതിനാല്‍ തന്നെ കുടിയേറ്റ നയങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് പൊളിക്കാന്‍ ഉത്തരവിട്ടത്. ഫലസതീനികള്‍ വിദ്യാഭ്യാസമടക്കം ഒന്നും സ്വന്തമാക്കരുത് എന്നാണ് അവര്‍ക്ക് ഇതിന് പിന്നിലെ ലക്ഷ്യം.

മാത്രവുമല്ല, ആളുകള്‍ താമസിക്കുന്ന ഇടത്ത് വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലാതിരുന്നാല്‍, അവര്‍ ഈ പ്രദേശം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് പോകുമെന്ന ചിന്തയും കൂടിയാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

നോട്ടീസ് ലഭിച്ച ശേഷം അധ്യാപകര്‍ സ്‌കൂള്‍ നിര്‍മിക്കാന്‍ സഹായിച്ചവരുടെ വിശദാംശങ്ങള്‍ സ്‌കൂളിന് പുറത്ത് ബില്‍ ബോര്‍ഡില്‍ പതിച്ചു. യൂറോപ്യന്‍ യൂണിയന്‍, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നിവരാണ് സാമ്പത്തിക സഹായം നല്‍കിയിരുന്നത്. ഇവരുടെ പേരുവിവരങ്ങളാണ് ബോര്‍ഡില്‍ നല്‍കിയത്.

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നിലപാട് ?

ഇത്തരം നോട്ടീസ് പതിച്ചാല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിലപാട് മാറുമെന്നായിരുന്നു അധ്യാപകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്‌കൂള്‍ എന്തുതന്നെയായാലും പൊളിക്കുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ അധ്യാപകര്‍ അസ്വസ്ഥരായി. സങ്കടം അടക്കിപ്പിടിച്ച് അവര്‍ കുട്ടികളെ ആശ്വസിപ്പിച്ചു. നമ്മള്‍ ഒരിക്കലും ഇവിടം വിട്ട് പോകില്ലെന്നും ഇവിടെ തന്നെ തുടരുമെന്നുമായിരുന്നു അധ്യാപകര്‍ കുട്ടികളോട് നിരന്തരം പറഞ്ഞിരുന്നത്. ഞങ്ങളുടെ സങ്കടം ഒരിക്കലും വിദ്യാര്‍ത്ഥികളെ കാണിച്ചില്ലെന്നും അധ്യാപികയായ ഹനാന്‍ പറഞ്ഞു.

പ്രദേശത്തെ മറ്റു ദുരിതങ്ങള്‍ ?

വടക്കന്‍ താഴ്‌വരയിലെ ബിദൗഇന്‍ ഗ്രാമത്തിലാണ് അല്‍ മാലിഹ് സ്ഥിതി ചെയ്യുന്നത്. ഓസ്ലോ കരാര്‍ പ്രകാരം പൂര്‍ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ഏരിയ C മേഖലയാണിത്. ഈ പ്രദേശത്തെ സൈനിക മേഖല, പ്രകൃതി സംരക്ഷണ കേന്ദ്രം എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്, അതായത് ഫലസ്തീനികള്‍ക്ക് ഇവിടെ അധികാരമില്ല.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവിടെ കൃഷി ചെയ്യുന്ന ഫലസ്തീനി കര്‍ഷകരെയും ഇസ്രായേല്‍ സൈന്യം വെറുതെ വിടുന്നില്ല. ട്രാക്ടറുകളും മറ്റു കാര്‍ഷിക ഉപകരണങ്ങളും അവര്‍ പിടിച്ചെടുക്കുകയാണ്. കോവിഡിനിടെയാണ് ഇത്തരം ദുരിതവും ഇവര്‍ അനുഭവിക്കുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതോടെ വിലയും ഇടിഞ്ഞു. ഇതിനിടെ യാത്ര വിലക്ക് കൂടി ഏര്‍പ്പെടുത്തിയതോടെ പാലും വെണ്ണയും വില്‍പ്പന നടത്താനാകാതെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായി. സ്‌കൂള്‍ പൊളിക്കാനുള്ള നീക്കം തടയാന്‍ ഒന്നു മുതല്‍ മൂന്ന് ഗ്രേഡ് വരെയുള്ള 30 വിദ്യാര്‍ത്ഥികള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

എങ്ങിനെ അതിജീവിക്കും ?

ഇസ്രായേല്‍ ഈ മേഖലയില്‍ നിരന്തരം നടത്തുന്ന വേട്ടയാണിത്. അതിനാല്‍ ഫലസ്തീനികള്‍ക്ക് ഇതില്‍ പുതുമയില്ല. അവര്‍ സ്‌കൂളുകള്‍ തകര്‍ത്താല്‍ ഞങ്ങള്‍ അതേ സ്ഥലത്ത് വീണ്ടും ടെന്റ് കെട്ടും. അവര്‍ ടെന്റും തകര്‍ത്താല്‍ ഞങ്ങള്‍ മരച്ചുവട്ടില്‍ വെച്ച് സ്‌കൂള്‍ നടത്തും. കുട്ടികള്‍ അവിടെ വന്നിരിക്കും, ഞങ്ങള്‍ അവരെ പഠിപ്പിക്കുന്നത് തുടരുക തന്നെ ചെയ്യും- അധ്യാപികയായ മഹ്ദി പറയുന്നു.

അവലംബം: middleeastmonitor.com
വിവ: സഹീര്‍ വാഴക്കാട്

Related Articles