Current Date

Search
Close this search box.
Search
Close this search box.

യു.പിയിലെ ഗ്രാമത്തില്‍ നിന്നും ഓക്‌സ്‌ഫോഡും കടന്ന് ഐ.പി.എസ് നേടിയ ധീര വനിത

14ാം വയസ്സില്‍ ക്യാന്‍സര്‍ പിടിപെട്ട് പിതാവ് മരിച്ചതോടെ മാതാവിന്റെ കടുത്ത പിന്തുണയില്‍ ഉന്നത പഠനം നടത്തി അവസാനം ഐ.പി.എസ് കരസ്ഥമാക്കി വേറിട്ട പ്രവര്‍ത്തനം കാഴ്ചവെക്കുന്ന യു.പി സ്വദേശിനി ഇല്‍മ അഫ്‌റോസ് ഐ.പി.എസുമായി ബി.ബി.സി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ജീവിതത്തെക്കുറിച്ച്…

‘ഇരുണ്ട ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന ഏറ്റവും ദുര്‍ബലനായ വ്യക്തിയെക്കുറിച്ച് മനസ്സില്‍ ചിന്തിക്കുകയും അയാളുടെ കണ്ണീര്‍ തുടക്കാന്‍ നിങ്ങളുടെ ജോലി കൊണ്ടോ തീരുമാനങ്ങള്‍ കൊണ്ടോ സാധിച്ചോ എന്ന് സ്വയം ചോദിക്കുക. ഇതാണ് ജീവിതത്തോടുള്ള എന്റെ കാഴ്ച്ചപ്പാട്’.

ഇന്ത്യന്‍ ഭരണഘടനയില്‍ എല്ലാ പൗരന്മാര്‍ക്കും, അത് ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പ്രായം കൂടിയവര്‍ക്കും കുറഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും തുല്യ അവകാശമാണുള്ളത്. നീതി,സ്വാതന്ത്ര്യം,തുല്യത,സാഹോദര്യം എന്നിവയിലൂന്നിയാണ് ഞാന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

വിദ്യാഭ്യാസം,പഠനം ?

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ കുന്ദര്‍കി ഗ്രാമത്തിലാണ് ജനനം. ഹൈസ്‌കൂള്‍ വരെ എന്റെ ഗ്രാമത്തില്‍ തന്നെയാണ് പഠിച്ചത്. പിതാവ് മരിച്ചതോടെ എന്റെ ബന്ധുക്കളും അയല്‍വാസികളും എന്നെ വിവാഹം കഴിപ്പിച്ചു വിടാന്‍ ഉമ്മയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ക്ക് ഉന്നത പഠനത്തിന്റെ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ എന്റെ ഉമ്മ അത് നിരസിക്കുകയായിരുന്നു. പിന്നീട് എന്റെ ഉപരിപഠനത്തിനായി അവര്‍ കഠിനമായി അധ്വാനിച്ചു. യു.പി.എസ്.സി പരീക്ഷയിലെ ഉന്നത വിജയത്തിനു ശേഷം അയല്‍വാസികളും ബന്ധുക്കളും എനിക്കും മാതാവിനും പിന്തുണയുമായി വരികയുണ്ടായി. 2017-18 കാലഘട്ടത്തിലാണ് ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്നത്. ആള്‍ ഇന്ത്യ റാങ്ക് 217 ആയിരുന്നു. ആ വര്‍ഷം 990 ഉദ്യോഗാര്‍ത്ഥികള്‍ സിവില്‍ സര്‍വീസ് പാസായിരുന്നു. ഇതില്‍ ആകെ 50 മുസ്ലിംകള്‍ മാത്രമാണുണ്ടായിരുന്നത്.

പിതാവിന്റെ മരണം ?

എനിക്ക് 10 വയസ്സുള്ളപ്പോഴാണ് പിതാവിന് കാന്‍സര്‍ പിടിപെടുന്നത്. എനിക്ക് 14 വയസ്സായപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. പിന്നീട് എന്റെ മാതാവ് എന്റെ വിദ്യാഭ്യാസത്തിനായി കഠിനാധ്വാനം ചെയ്യുകയായിരുന്നു. അതിന്റെ പേരില്‍ പല ആളുകളില്‍ നിന്നും അവര്‍ക്ക് കുറ്റപ്പെടുത്തലുകളും പരിഹാസവും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്താണ് നമ്മുടെ സമൂഹത്തിന് പറ്റിയത്. ഒരു പെണ്‍കുട്ടിക്ക് തന്റെ പിതാവിനെ നഷ്ടപ്പെട്ടാല്‍ പിന്നെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് പണം സ്വരൂപിച്ച് സ്ത്രീധനം വാങ്ങുകയും രണ്ട് വസ്ത്രം വാങ്ങി വിവാഹം കഴിപ്പിച്ചു വിടുകയുമാണ് ചെയ്യുന്നത്. താന്‍ മറ്റൊരാള്‍ക്കുള്ളതാണ് അയാളുടെ കൂടെ പോകാണ്ടവളാണെന്നുമാണ് സമൂഹം പെണ്‍കുട്ടികളോട് പറയുന്നത്.

സിവില്‍ സര്‍വീസ് പരിശീലനം ?

സ്‌കൂള്‍ പഠനത്തിനു ശേഷം ഞാന്‍ ഡല്‍ഹിയിലേക്ക് പോയി. അവിടെ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ചേര്‍ന്നു. ഫിലോസഫിയിലാണ് ബിരുദമെടുത്തത്. പിന്നീട് എനിക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ അഡ്മിഷന്‍ ലഭിക്കുകയും ചെയ്തു. ലണ്ടനിലെ പഠന ശേഷം ഞാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് പോയി. അവിടെ മാന്‍ഹാട്ടന്‍ ഏരിയയില്‍ വോളണ്ടറി സര്‍വീസ് പ്രോഗ്രാമില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

എന്നാല്‍ സ്വന്തം രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. മാന്‍ഹാട്ടനില്‍ നിന്ന് റൂമിലെത്തുന്ന എല്ലാ ദിവസവും ഞാന്‍ എന്റെ വീടിനെക്കുറിച്ച് ആലോചിക്കും. ഉമ്മയെക്കുറിച്ചും അവരുടെ ആ പുഞ്ചിരിയും മനസ്സില്‍ വരും. എന്റെ റൂമിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ചീറിപ്പായുന്ന യെല്ലോ ടാക്‌സികളെ കുഞ്ഞു തീപ്പെട്ടിക്കൂടുകളെ പോലെ കാണാം. ഇതാണ് പൊതുവെ ന്യൂയോര്‍ക്കിനെ കാണിക്കാന്‍ പൊതുവെ ഉപയോഗിക്കുന്ന ചിത്രം. ഓക്‌സ്‌ഫോര്‍ഡ് പഠന ശേഷം എന്റെ വിദേശ ജീവിതം എന്ന എന്റെ സ്വപ്‌നത്തിനും സാക്ഷാത്കാരമായി. എന്നാല്‍ ഇനിയെന്ത് എന്ന് അവിടെ നിന്നും ് ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.

പ്രചോദനം ?

‘എല്ലാവരുടെയും കണ്ണില്‍ നിന്നും മുഴുവന്‍ കണ്ണുനീരും തുടക്കുക എന്ന ഗാന്ധിജിയുടെ സ്വപ്‌നമാണ് എനിക്ക് ജീവിതത്തില്‍ പ്രചോദനം നല്‍കിയത്. എന്റെ വിദ്യാഭ്യാസത്തിന്റെയും അനുഭവങ്ങളുടെയും നേട്ടം രാഷ്ട്രം തന്നെ കൊയ്യണമെന്ന തോന്നല്‍ എന്നില്‍ പലവട്ടമുണ്ടായി. ഗാന്ധിജിയുടെ ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ഞാന്‍ പരമാവധി ശ്രമിക്കുന്നു. അങ്ങിനെയാണ് 2018ല്‍ തിരിച്ച് ഇന്ത്യയിലേക്കെത്തി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെടുക്കുന്നത്. എന്റെ അവസാന ശ്വാസം വരെ എന്റെ രാജ്യത്തിന്റെ വികസനത്തിനായി ജോലിയെടുക്കുമെന്ന് എനിക്ക് പൂര്‍ണ്ണ ഉറപ്പുണ്ട്’- ഇല്‍മ പറഞ്ഞു നിര്‍ത്തി.

വിവ: സഹീര്‍ വാഴക്കാട്
അവലംബം: indiatomorrow.net

Related Articles