Current Date

Search
Close this search box.
Search
Close this search box.

മനസ്സ് തുറന്ന് ആദ്യ അറബ് വനിത ബഹിരാകാശ യാത്രിക നൂറ അല്‍ മത്‌റൂഷി

അറബ് ലോകത്തെ ആദ്യ വനിത ബഹിരാകാശ യാത്രികയായി മാറുകയാണ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ കൂടിയായ യു.എ.ഇ പൗരയായ നൂറ അല്‍ മത്‌റൂഷി. ഈ വര്‍ഷം ആദ്യത്തില്‍ യു.എ.ഇ വിജയകരമായി പൂര്‍ത്തിയാക്കിയ ‘ഹോപ്’ എന്ന ബഹിരാകാശ ദൗത്യത്തിന് പിന്നാലെയാണ് യു.എ.ഇ രണ്ടാം ബാച്ച് ബഹിരാകാശ യാത്രികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭച്ചത്. നാലായിരത്തോളം വരുന്ന അപേക്ഷകരില്‍ നിന്നാണ് 28കാരിയായ നൂറയെ തെരഞ്ഞെടുത്തത്.

ദുബൈ എക്‌സ്‌പോ 2020ന്റെ ഭാഗമായി ‘ദി എക്‌സ്‌പോ ന്യൂസ് സര്‍വീസ്’ നൂറയുമായി നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം.

 

ആദ്യ അറബ് ബഹിരാകാശ യാത്രികയായി താങ്കളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് നിങ്ങള്‍ക്കും യു.എ.ഇക്കും അതിലുപരി എല്ലാ സ്ത്രീകള്‍ക്കും എത്ര പ്രധാനമാണ് ?

ആദ്യ അറബ് വനിത ബഹിരാകാശ യാത്രികയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്വമാണ്. ബഹിരാകാശ പര്യവേക്ഷണ മേഖല ഒരു ലിംഗത്തിലോ രാജ്യത്തിലോ പരിമിതപ്പെടുന്നില്ല. അത് എല്ലാവര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണ്. നമ്മുടെ അറബ് ലോകത്തെ സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ പ്രവേശിക്കാന്‍ ഞാന്‍ പ്രോത്സാഹനം ആകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഹസ്സ അല്‍ മന്‍സൂരി നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കിയിട്ടുണ്ടോ? അദ്ദേഹത്തിന്റെ ദൗത്യം നിങ്ങളെ എങ്ങനെയാണ് പ്രചോദിപ്പിച്ചത് ?

ഹസ്സ അല്‍ മന്‍സൂരിയും സുല്‍താന്‍ അല്‍ നയാദിയും എമിറാത്തി ബഹിരാകാശ യാത്രക്കാരുടെ ആദ്യ ബാച്ചിലുള്ളവരാണ്. അവര്‍ക്ക് വലിയ അനുഭവമുണ്ട്. അവരുടെ അനുഭവത്തില്‍ നിന്ന് നമുക്ക് ഒരുപാട് ഗുണങ്ങളുണ്ട്. നിരന്തരമായ വ്യായാമത്തിലൂടെ കൈകളുടെ പേശികളെ ശക്തിപ്പെടുത്തണമെന്ന് അവര്‍ ഉപദേശിച്ചു, കാരണം ബഹിരാകാശത്ത് നമ്മുടെ കൈകളുടെ ചലനത്തെയാണ് നമ്മള്‍ കൂടുതലായും ആശ്രയിക്കുന്നത്.

നിങ്ങളുടെ പരിശീലന കാലഘട്ടം ആരംഭിച്ചോ ? എവിടം വരെയെത്തി ?

സഹയാത്രക്കാരനായ മുഹമ്മദ് അല്‍ മുല്ലയുമൊത്ത് Mohammed Bin Rashid Space Centre (MBRSC)ല്‍ പരിശീലനം ആരംഭിച്ചു. ഇതോടൊപ്പം ഞങ്ങള്‍ റഷ്യന്‍ ഭാഷയും പഠിക്കുന്നുണ്ട്. മീഡിയ പരിശീലനവും ലഭിച്ചു. ഫ്‌ളൈറ്റ് പരിശീലനം ഉടന്‍ ആരംഭിക്കും. നാസയുമായുള്ള പരിശീലനം ആരംഭിക്കുന്നതിന് മുന്നോടിയായി നന്നായി തയാറാകണം.

ആദ്യത്തെ ദൗത്യത്തിന് മുന്നോടിയായുള്ള പ്രതീക്ഷകള്‍ എന്തൊക്കെയാണ് ?

എന്റെ ആദ്യ ദൗത്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാന്‍ പ്രതീക്ഷിക്കുന്നത് എന്റെ ആദ്യ ദൗത്യം ചന്ദ്രനിലേക്കായിരിക്കുമെന്നാണ്. അതോടെ ചന്ദ്രനില്‍ കാല്‍വെപ്പ് നടത്തിയെന്ന് എനിക്ക് പറയാനാകും.

ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളോട് നിങ്ങള്‍ക്ക് നല്‍കാനുള്ള ഉപദേശങ്ങള്‍ ?

നിങ്ങളുടെ ലക്ഷ്യം നേടാന്‍ കഠിനമായി പരിശ്രമിക്കുക. അവ നേടിയെടുക്കാനുള്ള നിരവധി അവസരങ്ങള്‍ നിലവിലുണ്ട്. ഇനി അവസരങ്ങള്‍ നിലവിലില്ലെങ്കില്‍ നമ്മള്‍ അത് സൃഷ്ടിക്കണം.

നിങ്ങള്‍ കുട്ടിക്കാലത്ത് ഒരു ബഹിരാകാശ യാത്രികയാകാന്‍ ആഗ്രഹിച്ചിരുന്നോ?

ഞാന്‍ ഒരു ബഹിരാകാശ യാത്രികയാകാന്‍ എല്ലായിപ്പോഴും സ്വപ്‌നം കണ്ടിരുന്നു. അധ്യാപകന്‍ ക്ലാസ് റൂമില്‍ ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളെക്കുറിച്ചും വിവരങ്ങള്‍ പങ്കുവെച്ചതുമുതല്‍ അത് എന്നെ പ്രചോദിപ്പിക്കുന്നുണ്ടായിരുന്നു.

അവലംബം: മക്തൂബ് മീഡിയ
വിവ: പി.കെ സഹീര്‍ അഹ്‌മദ്

Related Articles