Current Date

Search
Close this search box.
Search
Close this search box.

‘ഇത് യോഗി ആദിത്യനാഥിനെതിരെ സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടം’

ആസാദ് സമാജ് പാര്‍ടി നേതാവും പ്രമുഖ ദലിത് ആക്റ്റിവിസ്റ്റുമായ ചന്ദ്രശേഖര്‍ ആസാദ് ഇപ്പോള്‍ യു.പിയിലെ സാമൂഹ്യ-രാഷ്ട്രീയ-രംഗത്തെ സജീവസാന്നിധ്യമാണ്. ഉത്തര്‍പ്രദേശിലെ ദലിത് സമൂഹത്തിന്റെ ചെറുത്തുനില്‍പ്പിന്റെ ശക്തിയായും രക്ഷകനായും പ്രചോദനം നല്‍കുന്ന നേതാവായുമാണ് അദ്ദേഹത്തെ കാണുന്നത്.

2017ല്‍ സഹാറന്‍പൂരില്‍ നടന്ന ജാതി അക്രമത്തിനിടെ അഭിഭാഷകന്‍ കൂടിയായ ആസാദിനെതിരെ എന്‍.എസ്.എ കുറ്റം ചുമത്തുകയും ഒരു വര്‍ഷത്തിലേറെ തടവിലടക്കുകയും ചെയ്തിരുന്നു. പിന്നീട് രാജ്യത്ത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമങ്ങള്‍ക്കെതിരെ 2019ല്‍ നടന്ന ചരിത്രപരമായ പ്രതിഷേധത്തിലും ആസാദ് നിറസാന്നിധ്യമായി. സി.എ.എയ്ക്കും എന്‍.ആര്‍.സിക്കും എതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു.

ഇപ്പോള്‍, അദ്ദേഹം തന്റെ മേഖല സജീവ രാഷ്ട്രീയത്തിലേക്ക് മാറ്റുകയാണ്. ബി.ജെ.പിയുടെ ഏറ്റവും ശക്തമായ സീറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഗോരഖ്പൂരില്‍ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദുമായി മക്തൂബ് മീഡിയ പ്രതിനിധി അര്‍ഷി ഖുറൈശി നടത്തിയ അഭിമുഖത്തിന്റെ ഏതാനും ഭാഗങ്ങള്‍.

ആസാദ് സമാജ് പാര്‍ട്ടിയെക്കുറിച്ച് ?

ആസാദ് സമാജ് പാര്‍ട്ടി കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ല. ഡോ. ബി.ആര്‍ അംബേദ്കറുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു പ്രസ്ഥാനമാണിത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പോടെ അത് സജീവരാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുകയാണ്.

യോഗിക്കെതിരെയാണല്ലോ മത്സരിക്കുന്നത് ?

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആതിഥ്യനാഥ് തുടര്‍ ഭരണം പ്രതീക്ഷിച്ചാണ് മത്സരിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങളാണ് അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കുന്നത്. ബി.ജെ.പിയുടെ ഏറ്റവും ശക്തനായ നേതാവായിട്ടാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ യോഗിയെ പരാജയപ്പെടുത്താന്‍ ചന്ദ്രശേഖര്‍ ആസാദിന് മാത്രമേ കഴിയൂ.

ഗോരഖ്പൂരില്‍ മത്സരിക്കാനുള്ള കാരണം ?

കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പി ഭരിച്ച മണ്ഡലമാണിത്. അടിസ്ഥാന വികസനം, ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, വൈദ്യുതി തുടങ്ങിയ എല്ലാ മേഖലകളിലും വലിയ പരാജയമാണ് ഇവിടെ. സാധാരണ ജനങ്ങള്‍ക്ക് ഇവിടെ വീടില്ല. സ്മാര്‍ട് സിറ്റിയാക്കും എന്നാണ് ബി.ജെ.പി പറയുന്നത്. ദലിതുകള്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ നിരന്തരം ജാതീയ-വംശീയ അതിക്രമങ്ങള്‍ നേരിട്ട മണ്ഡലം കൂടിയാണിത്. ഉന്നാവ്,ഹത്‌റസ് പീഡനങ്ങള്‍,ഗോരഖ്പൂര്‍ ആശുപത്രിയിലെ ശിശുമരണം തുടങ്ങി നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. അതിനാല്‍ തന്നെ യു.പിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയ മണ്ഡലം കൂടിയാണ് ഗൊരഖ്പൂര്‍. അതിനാലാണ് ഇവിടെ മത്സരിക്കാന്‍ തെരഞ്ഞെടുത്തത്.

2017ലെ താങ്കള്‍ക്കെതിരെയുള്ള കേസ്, അറസ്റ്റിനെക്കുറിച്ച് ?

ആദ്യമേ പറയട്ടെ ഞാന്‍ ഒരു അംബേദ്കറൈറ്റ് ആണ്. അംബേദ്കര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നയാളാണ് ഞാന്‍. അംബേദ്കര്‍ ഒരിക്കലും ആക്രമത്തെയും വര്‍ഗ്ഗീയതയെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. അതിനാല്‍ തന്നെ ഞാന്‍ ആ പാത സ്വീകരിക്കാറില്ല. നിയമം പഠിച്ച ഒരു അഭിഭാഷകന്‍ കൂടിയാണ് ഞാന്‍. ഞാന്‍ ഒരു ക്രിമിനല്‍ അല്ല. അതിനാല്‍ തന്നെ നിയമത്തെയും എല്ലാ അര്‍ത്ഥത്തിലും ഞാന്‍ അനുസരിക്കാറുണ്ട്. എന്നാല്‍, സ്വയം പ്രതിരോധിക്കാന്‍ നമുക്ക് അവകാശമുണ്ട്. അത് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. സ്വയം പ്രതിരോധിക്കുന്നത് എങ്ങിനെയാണ് ആക്രമണമാവുക. എനിക്കെതിരെയുള്ളത് ചതിയാണ്, കെട്ടിച്ചമച്ച കേസാണ്. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ ഭീകരവാദികളും നക്‌സലുകളുമാക്കുകയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഒരു വ്യക്തിക്ക് പ്രതികരിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവകാശമുണ്ട്.

പാര്‍ശ്വവത്കൃത സമൂഹവുമായി ചേര്‍ന്ന് ഭാവിയില്‍ എന്തെങ്കിലും സഖ്യം ഉണ്ടാക്കുമോ ?

ഞാന്‍ ഇന്ത്യയിലെ സമകാലിക വിഷയങ്ങളില്‍ ഇടപെടാറുണ്ട്. ഓരോ വിഷയത്തിലും അപ്പോഴത്തെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയും സ്വീകരിക്കുകയും ചെയ്യും. ദലിത്-പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ഉയിര്‍പ്പ് ഉണ്ടാവേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് രൂപീകരിച്ച കോര്‍ കമ്മിറ്റിയാണ് അതിന്റെ ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കുക. അവര്‍ ഭാവികാര്യങ്ങള്‍ അറിയിക്കും. അത് പറയേണ്ടത് ഞാനല്ല.

തെരഞ്ഞെടുപ്പില്‍ മുസ്ലിം-ദലിത് ഐക്യത്തിന്റെ പ്രാധാന്യം ?

ജനാധിപത്യ സംവിധാനത്തില്‍ ഓരോ വോട്ടിനും അതിന്റേതായ മൂല്യമുണ്ട്. വോട്ടുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഏകീകരിക്കുക എന്നതാണ് തെരഞ്ഞെടുപ്പിലെ വിജയം. സി.എ.എ-എന്‍.ആര്‍.സി സമരത്തില്‍ ഇത്തരം ദലിത്-മുസ്ലിം ഐക്യവും ജനകീയ കൂട്ടായ്മകളും ഇന്ത്യയില്‍ നാം കണ്ടതാണ്. അതിനാല്‍ തന്നെ മുസ്ലിം-ദലിത് ഐക്യത്തിനും യോജിച്ച കൂട്ടായ്മകള്‍ക്കും എല്ലാവിധ പിന്തുണയും നല്‍കും. ഇവിടെയും അത്തരം കൂട്ടായ്മകള്‍ ഉയര്‍ന്നുവരുന്നുണ്ട്.

അവലംബം: maktoobmedia

Related Articles