Current Date

Search
Close this search box.
Search
Close this search box.

നജീബ് ഒരു നാള്‍ തിരിച്ചു വരും,അല്ലെങ്കില്‍ തിരിച്ചു കൊണ്ടുവരാന്‍ അവര്‍ നിര്‍ബന്ധിതരാകും

najeeb-mother.jpg

നജീബിന്റെ ഉമ്മ കോഴിക്കോട് വന്നിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ തന്നെ ഒന്ന് നേരില്‍ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കേവലം ഒരു മാതാവ് എന്നതില്‍ നിന്നും അവരെ വ്യത്യസ്തമാക്കുന്ന പലതുമുണ്ട്. ഫാസിസം പത്തി വിടര്‍ത്തി ആടുന്ന കാലത്ത് തന്റെ മകന് വേണ്ടി നിര്‍ത്താതെ അലഞ്ഞു കൊണ്ടിരിക്കുന്ന ഒരു മനസ്സിന്റെ ഉടമ. ശാരീരിക അവശതകള്‍ ധാരാളം ഉണ്ടായിട്ടും പതറാത്ത മനസ്സുമായി മുന്നേറുന്ന ഒരു മാതാവിനെ നേരില്‍ കാണണം എന്നാഗ്രഹിക്കുന്നത് ഒരു പുണ്യമായി തോന്നി. ഈച്ച വാരിയര്‍ എന്ന പിതാവിനെ മനസ്സിലേറ്റിയ കേരള മണ്ണിനു നജീബിന്റെ ഉമ്മയെ പെട്ടെന്ന് മനസ്സിലാകും. അത് മനസ്സിലാകാതെ പോകുന്നെങ്കില്‍ അത് ഈച്ച വാരിയറില്‍ നിന്നും ഫാത്തിമ നഫീസിലെക്കുള്ള ദൂരം മാത്രമാകും. സമയക്കുറവ് കാരണം അവരുമായി ഒന്നിച്ച് കണ്ണൂര്‍ യാത്രയില്‍ ഒപ്പംകൂടി. ഇസ്‌ലാം ഓണ്‍ലൈവിനു വേണ്ടി അബ്ദുസ്സമദ് അണ്ടത്തോട് ഫാത്തിമ നഫീസുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.

കേസിന്റെ ഇപ്പോഴത്തെ അവസ്ഥ?

സി ബി ഐ കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു സാധാരണ തിരോധാനം എന്നതിലപ്പുറം മറ്റൊന്നും അവര്‍ കണ്ടില്ല. നജീബിനെ വിളിച്ചു സംസാരിച്ച എ ബി വി പിക്കാരുടെ ഫോണുകള്‍ തുറക്കാന്‍ പറ്റുന്നില്ല എന്ന കാരണം പറഞ്ഞ് അവര്‍ അന്വേഷണം വേണ്ടെന്നു വെച്ചു. തിരോധാനത്തിനു മുമ്പുണ്ടായ അക്രമവും അവര്‍ വേണ്ടത്ര പരിഗണിച്ചില്ല. കേസ് തുടര്‍ന്നും അന്വേഷിക്കണം എന്ന് പറഞ്ഞു പട്യാല കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. അടുത്ത ഫെബ്രുവരിയിലാണ് കേസ് വീണ്ടും കോടതി പരിഗണിക്കുക.

നജീബിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ?

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പായതിനു ശേഷം മുസ്ലിം ദളിത് വിഭാഗത്തിലെ കുട്ടികള്‍ കൂടുതലായി യൂണിവേഴ്‌സിറ്റികളില്‍ എത്തുന്നു. പുതിയ കാലത്തെ വിദ്യാര്‍ഥി രാഷ്ട്രീയം മാറി വരാന്‍ അതൊരു കാരണമാണ്. രോഹിത് വെമുലയും നജീബുമൊക്കെ ആ രീതിയിലാണു മനസ്സിലാക്കപ്പെടേണ്ടത്. നജീബ് അങ്ങിനെ ഒരു രാഷ്ട്രീയ ചായ്വും ഇല്ലാത്ത കുട്ടിയായിരുന്നു.

നജീബിനെതിരായ ആക്രമണം എന്തിന്റെ ഭാഗമായാണ് കരുതുന്നത് ?

നേരത്തെ പറഞ്ഞത് തന്നെ കാരണം. ചില സ്വത്വങ്ങളെ ഫാസിസ്റ്റുകള്‍ ഭയക്കുന്നു. ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക എന്നതാണു എതിരാളികള്‍ സ്വീകരിച്ച നയം. അതിനു മുമ്പ് കനയ്യ കുമാറും മറ്റും അനുഭവിച്ച കാര്യങ്ങള്‍ നാം നേരില്‍ കണ്ടതാണ്. നജീബ് അവിടെ ചേര്‍ന്നിട്ട് രണ്ടു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ക്ലാസ് തുടങ്ങിയിട്ട് രണ്ടാഴ്ചയും. 2016 ഒക്ടോബര്‍ 14ന് പുലര്‍ച്ച രണ്ടു മണിക്കാണ് നജീബിന്റെ ഫോണ്‍ വന്നത്. ആരോ ചിലര്‍ ആക്രമിച്ചു എന്നാണ് പറഞ്ഞത്. ആശുപത്രിയില്‍ പോയിരുന്നു. ഇപ്പോള്‍ കുഴപ്പമില്ല എന്നും പറഞ്ഞു. ഉമ്മയെ കാണണം എന്ന് പറഞ്ഞപ്പോള്‍ കാലത്ത് വരാം എന്ന് ഞാന്‍ പറഞ്ഞു. വീട്ടില്‍ നിന്നും ഏകദേശം എട്ടു മണിക്കൂറോളം ദൂരമുണ്ട് നജീബിന്റെ അടുത്തേക്ക്. അവസാനമായി സംസാരിച്ചത് ഒക്ടോബര്‍ 15ന് കാലത്ത് 11 മണിക്കാണ്. അവിടെ എത്തുമ്പോള്‍ ഒരു മണിയായിരുന്നു. അപ്പോഴേക്കും അവനെ കാണാതായിരുന്നു. എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. അതെ സമയം സി ബി ഐ നജീബിന്റെ തിരോധാനവും തലേ ദിവസം നടന്ന അക്രമവും ബന്ധിപ്പിക്കാന്‍ തയ്യാറാകുന്നില്ല.

നജീബിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട് എന്ന ആരോപണം ?

നജീബ് ഐ എസ് സൈറ്റുകള്‍ തിരഞ്ഞിരുന്നു എന്ന ആരോപണങ്ങള്‍ പോലീസ് ഉന്നയിച്ചിരുന്നു. അവസാനം അത് തെറ്റായ ആരോപണമാണ് എന്ന് കോടതിക്ക് തന്നെ മനസ്സിലായി,. പക്ഷെ അതൊന്നും നമ്മുടെ മാധ്യമങ്ങള്‍ കണ്ടെന്നു നടിച്ചില്ല. അതെ സമയം ആദ്യത്തെ ആരോപണം അവര്‍ കാര്യമായി തന്നെ കൊടുത്തിരുന്നു. നവംബര്‍ ആറിനു ഈ വിഷയകമായി ഒരു സമരം നടന്നിരുന്നു. എന്നെ പോലീസ് വലിച്ചിഴച്ചു കൊണ്ട് പോയി. അന്ന് ചില മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പോഴാണു എട്ടാം തിയ്യതി മോഡിയുടെ നോട്ടു നിരോധനം നടന്നത്. പിന്നെ മാധ്യമങ്ങള്‍ കുറെ കാലം അതിന്റെ പിറകിലായിരുന്നു. നജീബ് അങ്ങിനെ പതുക്കെ രംഗത്ത് നിന്നും മാറിപ്പോയി.

പുറത്തു നിന്നുള്ള പിന്തുണ എങ്ങിനെയായിരുന്നു ?

ഒരു രാഷ്ട്രീയ പാര്‍ട്ടിയും സഹായത്തിനു എത്തിയില്ല. ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ചിലര്‍ മത്സരിച്ചിരുന്നു. ഒരു ദിവസം ഞാന്‍ വീട്ടില്‍ ഇല്ലാതിരുന്ന ദിവസം ഏതോ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് വീട് വളഞ്ഞിരുന്നു. നജീബ് അവിടെ ഒളിച്ചിരിക്കുന്നു എന്ന വാര്‍ത്ത അവര്‍ക്ക് ആരോ നല്‍കിയിരുന്നു. അത് എന്നെ കേസില്‍ നിന്നും പിന്മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് പിന്നീട് മനസ്സിലായി. വീട്ടിലെ എല്ലാ മുക്ക് മൂലകളും ലാപ്‌ടോപ്പും അവര്‍ അരിച്ചു പെറുക്കി.

കുടുംബങ്ങളുടെ പിന്തുണ എങ്ങിനെയാണ് ?

ഞങ്ങളുടേത് ഒരു കുഗ്രാമമാണ്. അധികവും നിരക്ഷരര്‍. ഇപ്പോള്‍ എന്റെ കുടുംബം വളരെ വലുതാണ്. എല്ലാ നന്മയെ സ്‌നേഹിക്കുന്ന മനുഷ്യരും കൂടി ചേര്‍ന്നതാണ് എന്റെ കുടുംബം. ഒരിക്കലും അറിയാത്ത കാണാത്ത ആയിരങ്ങള്‍ ഇന്ന് ഞങ്ങളോടോപ്പമുണ്ട്. അവരുടെ പ്രാര്‍ത്ഥനകളും പ്രചോദനവുമാണ് ഈ വഴിയില്‍ ഞങ്ങളെ പിടിച്ചു നിര്‍ത്തുന്നത്. നാല് മക്കളാണ്. മൂത്തവന്‍ നജീബ്. (മറ്റൊരു മകന്‍ ഫാത്തിമയുടെ കൂടെ കേരള യാത്രയില്‍ ഉണ്ട്) ഒരാള്‍ ഖത്തറില്‍. അവസാനത്തേത് ഒരു പെണ്‍കുട്ടിയും. ഭര്‍ത്താവ് കുറെ കാലമായി രോഗിയാണ്.

അവസാനമായി എന്താണ് പ്രതീക്ഷ ?

എന്റെ മകന്റെ തിരോധാന കേസില്‍ എ ബി വി പി ക്ക് പങ്കുണ്ട് എന്ന് തന്നെയാണ് ഞങ്ങളുടെ പൂര്‍ണ വിശ്വാസം. പക്ഷെ ഒരിക്കല്‍ നജീബ് തിരിച്ചു വരും എന്ന് എന്റെ മനസ്സ് പറയുന്നു. ഹേബിയസ് കോര്‍പ്പസ് ഇപ്പോള്‍ കോടതി റദ്ദ് ചെയ്തിരിക്കുന്നു. അത് വീണ്ടും തുറപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്റെ മകനെ അവര്‍ അന്യായമായി തടഞ്ഞു വെച്ചിരിക്കുകയാണ്. ഒരു ദിനം അവന്‍ തിരിച്ചു വരും. അല്ലെങ്കില്‍ തിരിച്ചു കൊണ്ടുവരാന്‍ അവര്‍ നിര്‍ബന്ധിതരാകും. എന്റെയും കുടുംബത്തിന്റെയും നല്ല മനുഷ്യരുടെയും പ്രാര്‍ത്ഥനകളും അധ്വാനനങ്ങളും വെറുതെയാകില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ഇടയ്ക്കിടയ്ക്ക് അവരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. ചിലപ്പോള്‍ വാക്കുകള്‍ പതറി പോകുന്നുണ്ടായിരുന്നു. മകന് വേണ്ടിയുള്ള ഒരമ്മയുടെ കാത്തിരിപ്പ്. ഫാസിസം നാടിനെയും നാട്ടുകാരെയും എങ്ങിനെ ബാധിക്കുന്നു എന്നവരുടെ കണ്ണുനീര്‍ പറഞ്ഞു തരും. വണ്ടിയില്‍ നിന്നും ഇടക്കിറങ്ങി യാത്ര പറയുമ്പോള്‍ അവരുടെ കണ്ണുകളിലെ നനവ് മാറിയിരുന്നില്ല. പക്ഷെ അപ്പോഴും അവരുടെ വാക്കിലും നോക്കിലും ഒരു പ്രതീക്ഷയുടെ നാമ്പ് കണ്ടിരുന്നു. ശരീരത്തില്‍ അങ്ങിങ്ങ് വേദന അനുഭവിക്കുമ്പോഴും അവരുടെ മനസ്സുറപ്പിനു മുന്നില്‍ എല്ലാ ശത്രുക്കളും തോറ്റുപോകും, തീര്‍ച്ച. എന്റെ ചോദ്യങ്ങള്‍ അവരെ പഴയ ഓര്‍മയിലേക്ക് കൊണ്ട് പോയിരിക്കണം. അവരുടെ കലങ്ങിയ കണ്ണും ഇരുണ്ട മുഖവും കണ്ടപ്പോള്‍ അടുത്തിരുന്ന സുഹൃത്തിനോട് ഞാന്‍ പറഞ്ഞു ‘ഇവരോട് ഇതൊന്നും ചോദിക്കേണ്ടിയിരുന്നില്ല.’തനിക്കും തന്റെ മകനും നീതി നല്‍കാന്‍ തയ്യാറാകാത്ത ഭരണകൂടത്തോടും വ്യവസ്ഥകളോടും അവരുടെ മനസ്സ് കലഹിച്ചു കൊണ്ടിരിക്കും. അവസാനം അവര്‍ ഉറപ്പിച്ചു പറഞ്ഞു ‘ഇനി മറ്റൊരു നജീബ് ആവര്‍ത്തിക്കരുത്’.

Related Articles