Current Date

Search
Close this search box.
Search
Close this search box.

യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം യൂറോപ്പിലെ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിക്കാണ് കാരണമായിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ 2 ദശലക്ഷത്തിലധികം യുക്രേനിയക്കാര്‍ അവരുടെ രാജ്യത്ത് നിന്നും പലായനം ചെയ്തത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിറിയന്‍ അഭയാര്‍ത്ഥികളോട് പ്രതികരിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി യൂറോപ്യന്മാര്‍ ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. ഈ നിലപാടിനെ പാശ്ചാത്യ മാധ്യമങ്ങള്‍ ഇരട്ടത്താപ്പും കാപട്യവുമാണെന്ന് ആരോപിച്ചു. വംശീയ വിവേചനാണെന്നും ‘വെളുത്ത അഭയാര്‍ത്ഥികളെ’ നിറമുള്ള അഭയാര്‍ത്ഥികളുമായി ചിത്രീകരിക്കുന്ന രീതിയില്‍ ‘വംശീയ പക്ഷപാതവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

സിറിയന്‍ അഭയാര്‍ത്ഥികളുമായി താരതമ്യം ചെയ്തുകൊണ്ട് യുക്രൈന്‍ അഭയാര്‍ത്ഥികളോടുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പ്രതികരണം എന്നീ വിഷയങ്ങളില്‍ ‘No Refuge: Ethics and the Global Refugee Crisis’ഗ്രന്ഥകര്‍ത്താവ് സെറീന പരീഖുമായി അല്‍ജസീറ പ്രതിനിധി സൈഫ് ഖാലിദ് നടത്തിയ അഭിമുഖം.

നിലവിലെ അഭയാര്‍ത്ഥി പ്രതിസന്ധിയെ എങ്ങനെ കാണുന്നു ?

ഈ പ്രതിസന്ധിയുടെ ഒരു സവിശേഷത, അഭയാര്‍ത്ഥികള്‍ പൂര്‍ണ്ണമായും സ്ത്രീകളും കുട്ടികളുമാണ് – കാരണം 18 നും 60 നും ഇടയില്‍ പ്രായമുള്ള ഉക്രേനിയന്‍ പുരുഷന്മാര്‍ രാജ്യത്ത് തുടരാന്‍ നിര്‍ബന്ധിതരാണ്. യെമന്‍, അഫ്ഗാനിസ്ഥാന്‍, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തി യുക്രൈനില്‍ അഭയം തേടിയവര്‍ക്കും ഇത് ബാധകമാണ്.

ഉക്രേനിയന്‍ ഭാഗത്തും കിഴക്കന്‍ യൂറോപ്യന്‍ ഭാഗത്തും വലിയ ജനകീയ പിന്തുണ പ്രസ്ഥാനമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ശക്തവും ഉടനടിയുള്ള പിന്തുണയുമാണ് എന്നെ സംബന്ധിച്ചിടത്തോളം, ഈ പ്രതിസന്ധിയുടെ ഏറ്റവും അഭൂതപൂര്‍വമായ വശമായി തോന്നുന്നത്.

നിലവിലെ പ്രതിസന്ധി മറ്റുള്ളവരില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?

സിറിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ – പ്രത്യേകിച്ച് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ – പ്രതികരണത്തില്‍ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ആരംഭിക്കാം.

2015-2016 കാലഘട്ടത്തില്‍ സിറിയക്കാരും പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള മറ്റ് ആളുകളും അനധികൃത ബോട്ടുകളിലൂടെയും മറ്റും ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ചേരുന്നത് നാം കണ്ടു. തുടക്കത്തില്‍, അവരോട് സഹതാപത്തിന്റെ സമീപനം ഉണ്ടായെങ്കിലും വളരെ വേഗം അത് ശത്രുതയിലേക്ക് വഴിമാറി. ആദ്യ വര്‍ഷത്തില്‍ 1 ദശലക്ഷത്തിലധികം ആളുകള്‍ ആണ് അങ്ങിനെയെത്തിയത്. അഭയാര്‍ത്ഥികളുടെ ആധിക്യവും അഭൂതപൂര്‍വമായതും കൈകാര്യം ചെയ്യാന്‍ അസാധ്യവുമാണെന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍, രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വളരെ ചിട്ടയോടെ അവിടെ എത്തി, യൂറോപ്പിന് ഒരു ദശലക്ഷം അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന വാദം വ്യാജമാണെന്ന് വെളിപ്പെടുത്തുന്നതാണ്.

2015ലെ അഭയാര്‍ത്ഥി പ്രതിസന്ധി കാല്ഘട്ടത്ത് വരുന്നവര്‍ ‘തീവ്രവാദികള്‍’ ആയിരിക്കുമെന്ന ഭയം സൃഷ്ടിക്കപ്പെട്ടു. കാരണം അവരുടെ പശ്ചാത്തലത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു എന്നായിരുന്നു പറയപ്പെട്ടത്. ഇത് മുസ്ലീം വിരുദ്ധ വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുക എന്നതാണ് കൂടുതല്‍ ശരി. അതായത് ഇസ്ലാമോഫോബിയ, അത് എല്ലാ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാരെയും അന്തര്‍ലീനമായി ‘ഭീകരത’ യിലേക്ക് ബന്ധിപ്പിക്കുകയാണ്.

അറബ്, ഏഷ്യന്‍, ആഫ്രിക്കന്‍ അഭയാര്‍ത്ഥികളോടുള്ളത് ക്രൂരതയെന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുക്രേനിയന്‍ അഭയാര്‍ത്ഥികളെ യൂറോപ്പ് സ്വാഗതം ചെയ്തത് വംശീയതയെ ചുറ്റിപ്പറ്റിയുള്ള ഒരു ചര്‍ച്ചയ്ക്ക് കാരണമായി. അതിനെ വംശീയമായി വ്യാഖ്യാനിക്കാന്‍ കഴിയുമോ ?

ഉത്തരം വളരെ സങ്കീര്‍ണ്ണമാണ്. എന്നാല്‍ പ്രതികരണത്തിലെ വ്യത്യാസം മനസ്സിലാക്കണമെങ്കില്‍ ഇതിന് പിന്നിലെ വംശീയത കണക്കിലെടുക്കേണ്ടതുണ്ട്. കിഴക്കന്‍ യൂറോപ്യന്മാര്‍ ഉക്രേനിയക്കാരോട് കൂടുതല്‍ അനുഭാവം കാണിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്: ഇവ അയല്‍ രാജ്യങ്ങളാണ്, പരസ്പരം രാജ്യങ്ങളില്‍ വലിയ വിഭാഗം പ്രവാസികളുണ്ട്. സോവിയറ്റ് അധിനിവേശത്തിന് കീഴിലുള്ള ജീവിതം എങ്ങനെ അനുഭവപ്പെടും എന്ന് കിഴക്കന്‍ യൂറോപ്യന്മാര്‍ക്കും അറിയാം.

ഭൂമിശാസ്ത്രപരമായ പ്രചോദനവുമുണ്ട്

ഉക്രേനിയക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ എവിടെയും പ്രവേശിക്കാന്‍ നിയമപരമായ അവകാശമുണ്ട്, അവര്‍ക്ക് 90 ദിവസം വരെ മറ്റൊരു രാജ്യത്ത് തുടരാം. അതിനാല്‍, അവരെ പ്രവേശിക്കാന്‍ അനുവദിക്കണമോ വേണ്ടയോ എന്ന ചോദ്യം അവിടെ ഉദിക്കുന്നില്ല. സിറിയക്കാരും അഫ്ഗാനികളും മറ്റുള്ളവരും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്. എല്ലാ അഭയാര്‍ത്ഥികള്‍ക്കും അഭയം തേടാനുള്ള സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട അവകാശമുണ്ടെങ്കിലും, യൂറോപ്പിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ഈ അവകാശം പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ല.

വംശവും ഒരു പങ്ക് വഹിക്കുന്നു

ഉക്രേനിയക്കാരോട് കൂടുതല്‍ അനുകമ്പ കാണിക്കുന്നതിന് ആളുകള്‍ പറയുന്ന കാരണങ്ങളിലൊന്ന് ഇതാണ്.
‘നോക്കൂ, ഉക്രേനിയക്കാര്‍ നമ്മളെപ്പോലെയാണ്, അവര്‍ക്ക് സുന്ദരമായ മുടിയുണ്ട്, നീലക്കണ്ണുകളുണ്ട്, നമ്മള്‍ ചെയ്യുന്ന അതേ കാര്‍ അവര്‍ ഓടിക്കുന്നു, അവര്‍ വിദ്യാസമ്പന്നരാണ്’. പല സിറിയക്കാരും ഉയര്‍ന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ളവരായിരുന്നു, പക്ഷേ അവരെ അങ്ങനെ കണ്ടില്ല. ഇതൊരു തരം വര്‍ഗീയതയായി നമുക്ക് കാണാം.

ചില അഭയാര്‍ത്ഥികള്‍ നമ്മുടെ വംശം പങ്കിടുന്നതിനാല്‍, അവര്‍ മറ്റുള്ളവരേക്കാള്‍ സഹായത്തിന് അര്‍ഹരാണ് എന്ന മനോഭാവം അവകാശങ്ങളും സഹായവും സംരക്ഷണവും നിഷേധിക്കാന്‍ വംശം കാരണമാകുന്നു എന്നുള്ളതാണിത്.

ഇത്തരം ആഖ്യാനം രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്താണ്? നിലവിലെ മാധ്യമ കവറേജ് യുക്രേനിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നുണ്ടോ ?

അഭയാര്‍ത്ഥികള്‍ ആരാണെന്ന് ആളുകള്‍ എങ്ങനെ മനസ്സിലാക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. എന്തിനാണ് അവര്‍ ഓടിപ്പോകുന്നത്, അവര്‍ എന്താണ് അന്വേഷിക്കുന്നത് എന്നൊക്കെയാണ് പ്രതികരണത്തിന്റെ ഭൂരിഭാഗവും. 2015-2016 കാലഘട്ടത്തില്‍, അഭയാര്‍ത്ഥികള്‍ അന്തര്‍ലീനമായി കുറ്റവാളികളാണെന്ന് കരുതുന്നത് നിങ്ങള്‍ ക്ഷമിച്ചേക്കും. എന്നാല്‍ അഭയാര്‍ത്ഥികളെയും തീവ്രവാദത്തെയും ബന്ധിപ്പിക്കുന്ന നിരവധി കഥകള്‍ ഉണ്ടായിരുന്നു.

2016ല്‍, അഭയാര്‍ഥികളെക്കുറിച്ചുള്ള എന്റെ ആദ്യ പുസ്തകം പുറത്തുവന്നപ്പോള്‍, ഞാന്‍ ഒരുപാട് പൊതുപ്രസംഗങ്ങള്‍ നടത്തിയിരുന്നു. ‘തീവ്രവാദം’ എന്നതിനെ കുറിച്ചുള്ള ഡാറ്റ ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ പ്രസംഗം തുടങ്ങുന്നത്. യുഎസിലെ അഭയാര്‍ത്ഥികളും, യു.എസ് അഭയാര്‍ത്ഥി പദ്ധതി വഴി വരുന്നവരിലും ‘തീവ്രവാദികള്‍’ ഉണ്ടെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ല എന്ന് ഞാന്‍ പറഞ്ഞു. ഇതുകേട്ട് സദസ്സിലിരുന്ന് ഒരു സ്ത്രീ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ശരി, നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍, പിന്നെ എന്തിനാണ് അഭയാര്‍ത്ഥികളെ നമ്മള്‍ ഇത്ര ഭയക്കുന്നത്?

മാധ്യമങ്ങള്‍ എങ്ങനെയാണ് ഒരു നെഗറ്റീവ് സ്റ്റീരിയോടൈപ്പ് സൃഷ്ടിക്കുന്നത് എന്നാണ് അത് ശരിക്കും കാണിക്കുന്നത്. സൂക്ഷ്മതയോടയല്ല നിങ്ങള്‍ സാഹചര്യം പൂര്‍ണ്ണമായി മനസ്സിലാകുന്നത് എങ്കില്‍ അഭയാര്‍ത്ഥികള്‍ മനുഷ്യരാണെന്ന തിരിച്ചറിവ് നിങ്ങള്‍ക്ക് ഉണ്ടാകില്ല.

ന്യൂസ് റൂമുകളില്‍ വെള്ളക്കാരാണ് ആധിപത്യം പുലര്‍ത്തുന്നതെന്നും ആളുകള്‍ ചൂണ്ടിക്കാട്ടി. വൈവിധ്യവും കാഴ്ചപ്പാടിന്റെ അഭാവം അവിടെ നന്നായുണ്ട്. തല്‍ഫലമായി, സ്റ്റീരിയോടൈപ്പുകള്‍ ശാശ്വതമാക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടാതെ അവ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു.

ഉക്രെയ്ന്‍ ഒരു പരിഷ്‌കൃത രാജ്യമാണെന്ന് പറയുന്നത് സാധാരണമാണെന്ന് തോന്നുന്നു, തീര്‍ച്ചയായും നമ്മള്‍ അവരോട് അനുകമ്പ കാണിക്കണം.

മറ്റ് അഭയാര്‍ത്ഥി പ്രതിസന്ധികളിലോടുള്ള യൂറോപ്യന്മാരുടെ ഈ ഉദാഹരണം കാപട്യമാണോ ?

വ്യക്തമായിട്ടും അതെ. യുക്രയ്‌നോടുള്ള പ്രതികരണത്തെ വിമര്‍ശിക്കുകയല്ല എന്റെ ഉദ്ദേശം. എന്നാല്‍ ഇപ്പോള്‍ അഭയാര്‍ത്ഥികളോട് ഇതുപോലെ പെരുമാറാന്‍ കഴിയുമെങ്കില്‍ മറ്റു സാഹചര്യത്തില്‍ എന്തുകൊണ്ട് നമുക്ക് അങ്ങനെ ചെയ്യാന്‍ കഴിയുന്നില്ല ? ഇതാണ് എന്റെ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ സഹായിക്കാന്‍ നമുക്ക് കൂടുതല്‍ ചെയ്യാന്‍ കഴിയും.

അഭയാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും ഗ്ലോബല്‍ സൗത്തിലാണ്, പാശ്ചാത്യ രാജ്യങ്ങളുടെ ബോധപൂര്‍വമായ നയങ്ങള്‍ കാരണം അഭയം തേടുന്നത് മാരകമല്ലെങ്കിലും അത്യന്തം പ്രയാസകരമാണെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞു. വിവിധ പ്രതിരോധ നയങ്ങളും നിയമങ്ങളും ഉപയോഗിച്ച് അഭയം തേടാനുള്ള സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട അവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് അഭയാര്‍ത്ഥികളെ തടയുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വളരെ സജീവമാണ്. അവരെ തിരിച്ചയക്കുന്നത് മുതല്‍ കടലില്‍ ആളുകളെ രക്ഷിക്കുന്നത് കുറ്റകരമാക്കുന്നതും ഓഫ്ഷോര്‍ പ്രോസസ്സിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നത് വരെയെത്തി നില്‍ക്കുന്നു അത്.

അഭയാര്‍ത്ഥി ക്യാമ്പുകള്‍ പാര്‍പ്പിടവും ഭക്ഷണവും പ്രദാനം ചെയ്യുമെങ്കിലും, സഞ്ചാര സ്വാതന്ത്ര്യത്തിനും അടിസ്ഥാനപരമായ സ്വയംനിര്‍ണ്ണയ അവകാശത്തെ വലിയതോതില്‍ നിഷേധിക്കുന്നു. യു.എന്‍ ഭരിക്കുന്ന സ്ഥലങ്ങളിലൊഴികെ മിക്ക അഭയാര്‍ത്ഥികള്‍ക്കും ജോലി ചെയ്യാന്‍ നിയമപരമായി അനുവാദമില്ല.

2005 മുതല്‍, അഭയാര്‍ത്ഥികളില്‍ പകുതിയും അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും പകരം നേരിട്ട് നഗരങ്ങളിലേക്ക് പോകുകയും ചെയ്യുന്നു. ഇത് എല്ലാ തരത്തിലുള്ള യു.എന്‍ സഹായം നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നു. ലോകമെമ്പാടുമുള്ള 10 നഗര അഭയാര്‍ത്ഥികളില്‍ ഒരാള്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള അന്താരാഷ്ട്ര സഹായം ലഭിക്കുന്നുള്ളൂ എന്നുമാണ് റിപ്പോര്‍ട്ട്.

വിവ: സഹീര്‍ വാഴക്കാട്
അവലംബം: അല്‍ജസീറ

Related Articles