Interview

‘സാമ്പത്തിക സ്ഥിതി വളരെ മോശം, കൂടുതല്‍ മോശമായേക്കും’

ഇന്ത്യയിലെ നിലവിലെ സാമ്പത്തിക അവസ്ഥകളെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുകയാണ് ഇന്ത്യയിലെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റ്യീഷനും പുതുതായി നിയമിതനായ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റി ചെയര്‍മാനുമായ പ്രണാബ് സെന്‍. സെനുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

നിലവിലെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്

ഇന്ത്യയിലെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. മാത്രമല്ല, കാര്യങ്ങള്‍ ഇനിയും കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഒന്നാം മോദി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട രണ്ട് നയങ്ങളാണ്. അതില്‍ ഒന്ന് നോട്ട് നിരോധനവും രണ്ടാമത്തേത് ജി.എസ്.ടിയുമാണ്. സമ്പദ് വ്യവസ്ഥയെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയാണ് പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമായത്. മാത്രമല്ല, നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും പ്രത്യാഘാതങ്ങള്‍ നിഷേധിച്ച് അവ അംഗീകരിക്കാന്‍ തയാറാകാതെ അതിനെ ന്യായീകരിച്ചതും കൂടുതല്‍ പ്രതിസന്ധിക്കിടയാക്കി. 2016-17ന് ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നിരക്ക് കണക്കാക്കുക എന്നത് പ്രധാനമായും ഊഹിച്ചുള്ള ഒരു ജോലിയായി മാറി.

തൊഴിലില്ലായ്മ

യുവാക്കളുടെ തൊഴിലില്ലായ്മ വലിയ രീതിയില്‍ വര്‍ധിച്ചു. അടുത്തിടെ നടന്ന സര്‍വേ പ്രകാരം 2011-12 9 മില്യണ്‍ ആയിരുന്ന തൊഴിലില്ലായ്മ 2017-18ല്‍ 25 മില്യണ്‍ ആയി വര്‍ധിച്ചു. അനൗപചാരിക മേഖലയില്‍ നോട്ട് നിരോധനം ബാധിച്ചതാണ് പ്രധാനമായും ഇതിന് കാരണം. മിക്ക ചെറുപ്പക്കാരും ആദ്യം അനൗപചാരിക മേഖലയില്‍ ജോലി കണ്ടെത്തും. കുറച്ച് വര്‍ഷത്തെ ട്രെയിനിങിന് ശേഷം അവര്‍ മുഖ്യധാര മേഖലയിലേക്ക് മാറാമെന്ന് പ്രതീക്ഷിക്കും. എന്നാല്‍ നോട്ട് നിരോധനത്തോടെ ഇത് ഇല്ലാതായി. അനൗപചാരിക മേഖലയില്‍ ജോലിക്കാരെ എടുക്കാതായി. ഇതു മൂലം ചെറുപ്പക്കാര്‍ക്ക് മുഖ്യധാര മേഖലയില്‍ ജോലി ലഭിക്കാതെയായി. ഇത് അവരെ തൊഴില്‍ രഹിതരാക്കി.

സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട കാര്യം

വരാനിരിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ ഏറ്റവും അടിയന്തിരമായ കാര്യങ്ങള്‍ക്കാണ് നടപടിയെടുക്കേണ്ടത്. ദേശീയ തൊഴിലുറപ്പ് പദ്ധതി,പ്രധാനമന്ത്രി കര്‍ഷക പദ്ധതി,ഗ്രാമീണ റോഡുകള്‍ ഇവയെല്ലാം പണം ഏറ്റവും അര്‍ഹരിലേക്കും താഴെത്തട്ടിലേക്കും ചിലവഴിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ്. ഇവക്ക് കൂടുതല്‍ പണം നീക്കി വെക്കുകയാണ് ചെയ്യേണ്ടത്.

വ്യക്തിഗത ആദായ നികുതി റദ്ദാക്കലിനെ എതിര്‍ക്കണം

വ്യക്തിഗത ആദായ നികുതി റദ്ദാക്കുന്ന സര്‍ക്കാര്‍ നടപടിയെ ഞാന്‍ എതിര്‍ക്കുന്നു. കാരണം ഇത് 30-50 ദശലക്ഷം ജനങ്ങളില്‍ വളരെ പരിമിതമായ വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നാണ്. ഇതുമൂലം നികുതിയിനത്തില്‍ ചെറിയ ശതമാനം മാത്രമേ സര്‍ക്കാരിന് ലാഭം വരുന്നുള്ളൂ.

അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പണം ചിലവഴിക്കണം

സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പണം ചിലവഴിക്കേണ്ടത്. സാമ്പത്തിക സഹായം ആവശ്യമുള്ള പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധാപൂര്‍വമാകണം. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ഇതിനാണ്. പ്രാരംഭ ഘട്ടത്തില്‍ നിലവിലുള്ള പദ്ധതികള്‍ക്കാണ് കൂടുതല്‍ പണം ചിലവഴിക്കേണ്ടത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളില്‍ ഒന്നെങ്കിലും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

വ്യാവസായികളുടെ മനസ്സ് മാറ്റണം

വ്യവസായികളുടെയും സമൂഹത്തിലെ വിശാലമായ വിഭാഗങ്ങളുടെയും മാനസികാവസ്ഥ മാറ്റിയെടുക്കാനും അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനുമാകണം. രാഹുല്‍ ബജാജ് നടത്തിയ പ്രസ്താവന മൂലം ഇത്തരം നിക്ഷേപത്തെ തടസ്സപ്പെടുത്തരുത്. അദ്ദേഹം പറഞ്ഞതുപോലെ ഒരു നിക്ഷേപം എന്നത് ദീര്‍ഘകാല പ്രതിബദ്ധതയാണ്. അതില്‍ അരക്ഷിതവും ഭയവും ഉണ്ടായാല്‍ വ്യാവസായികള്‍ക്ക് മടിയാകും.

Facebook Comments
Related Articles
Close
Close