അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ വേണ്ടിയും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് കണ്ടെത്താനും 2400 കിലോമീറ്റര്‍ സൈക്കിളോടിച്ച് വ്യത്യസ്തരായിരിക്കുകയാണ് രണ്ട് സൈക്ലിസ്റ്റുകള്‍. യു.കെയിലെ ഗ്ലാസ്‌കോവില്‍ നിന്നുള്ള ജോര്‍ജിയും ബോണ്‍മൗതില്‍ നിന്നുള്ള ഡേവിഡുമാണ് മഹത്തായ സന്ദേശമുയര്‍ത്തി സൈക്കിള്‍ യാത്ര നടത്തിയത്. ‘മിഡീലീസ്റ്റ് മോണിറ്റര്‍’ പ്രതിനിധി അഞ്ജുമാന്‍ റഹ്‌മാന്‍ ഇരുവരോടും നടത്തിയ അഭിമുഖത്തിന്റെ സംഗ്രഹം.
യാത്രയെക്കുറിച്ച്
2015 മുതല്‍ എല്ലാ വര്‍ഷവും ലണ്ടനില്‍ നിന്നും ഏഥന്‍സിലേക്ക് ഇത്തരത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി അഭയാര്‍ത്ഥികള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ വേണ്ടി യാത്ര നടത്താറുണ്ട്. യു.കെയിലെ ‘തൈയ്‌സ് ഓഫ് സ്റ്റീല്‍സ്’ എന്ന സൈക്ലിങ് കൂട്ടായ്മയാണ് ഇത്തരത്തില്‍ റാലി നടത്താറുള്ളത്. ഓഗസ്റ്റ് 17നാണ് കോണ്‍വാളില്‍ നിന്നും യാത്ര ആരംഭിക്കുന്നത്. ഒരു മാസം നീണ്ടുനിന്ന യാത്രയില്‍ ഞങ്ങളുടെ കൂടെ മറ്റു അന്‍പതോളം സഹസൈക്ലിസ്റ്റുകളും പങ്കാളികളായിരുന്നു.
യാത്രക്ക് പിന്നിലെ രാഷ്ട്രീയ കാരണം ?
ദേശീയതയെക്കുറിച്ചുള്ള പുതിയ പാര്‍ലമെന്റ് ബില്ലിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് ഈ യാത്ര. ബ്രക്‌സിറ്റിന് പിന്തുണ നല്‍കുന്ന ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവും ആഭ്യന്തര സെക്രട്ടറിയുമായ പ്രീതി പട്ടേലാണ് ഈ ബില്ല് കൊണ്ടുവന്നതിന് പിന്നില്‍. യു.കെയിലെ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് പുതിയ ദേശീയത ബില്‍ കൊണ്ടുവന്നതാണെന്നാണ് അവരുടെ അവകാശ വാദം. എന്നാല്‍ അഭയാര്‍ത്ഥികളോട് പുറംതിരിക്കുന്ന സമീപനമാണ് യു.കെ ഭരണകൂടം സ്വീകരിക്കുന്നത് എന്ന ആരോപണമുണ്ട്.
1951ലെ ജനീവ കണ്‍വെന്‍ഷനെ എതിര്‍ക്കുന്ന പ്രീതി പട്ടേലിന്റെ ദേശീയത, അഭയാര്‍ത്ഥി വിഷയത്തിലുള്ള പുതിയ ബില്ലിനോടുള്ള പ്രതിഷേധം കൂടിയാണ് ഞങ്ങളുടെ യാത്ര. ഞങ്ങള്‍ ഇതിനോട് യോജിക്കുന്നില്ലെന്ന് കാണിക്കാന്‍ വേണ്ടിയും ഇതിനെതിരെ കാംപയിന്‍ ചെയ്യാനും ഞങ്ങള്‍ ഏറ്റവും മികച്ചത് സൈക്ലിംഗ് വഴിയുള്ള ഒരു സന്ദേശമാണെന്ന് തീരുമാനിക്കുകയായിരുന്നു.
പുതിയ ബില്‍ എങ്ങിനെയുള്ളതാണ് ?
പുതിയ ദേശീയത ബില്‍ പ്രകാരം അനധികൃതമായി ആരെയും ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കില്ല. അതായത് കടല്‍ കടന്ന് ബോട്ട് വഴിയും മറ്റും എത്തുന്ന അഭയാര്‍ത്ഥികളെ നിയമവിരുദ്ധ കുടിയേറ്റക്കാരായാണ് ചിത്രീകരിക്കുക. ഇത്തരക്കാരെ നാല് വര്‍ഷം വരെ തടവു ശിക്ഷക്ക് വിധേയമാക്കുമെന്നും ബില്ലില്‍ പറയുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇവരോടൊപ്പം ചേരുന്നതിനും വിലക്കുണ്ട്.
യാത്രയുടെ റൂട്ട് ?
‘തൈസ് ഓഫ് സ്റ്റീല്‍സ്’ സഹസ്ഥാപകരായ ഹാരി സിംസും ഒലി ഹാരിയുമാണ് സൈക്ലിങിന്റെ ആശയം മുന്നോട്ടുവെച്ചത്. ‘കോമൂട്ട്’ എന്ന നാവിഗേഷന്‍ ആപ്പിന്റെ സഹായത്തോടെ തെക്കന്‍ ഇംഗ്ലണ്ട് മുഴുവന്‍ കറങ്ങാനുള്ള റൂട്ട് തയാറാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്ത് യാത്ര ആസൂത്രണം ചെയ്യാനുള്ള കാരണം നിരവധി അഭയാര്‍ത്ഥികളുടെ പ്രവേശന കവാടമായ ഡോവര്‍ ഈ മേഖലയിലായതുകൊണ്ടാണ്.
അവശത അനുഭവിക്കുന്ന ആളുകള്‍ക്ക് താമസവും പിന്തുണയും നല്‍കുന്നതിനായി ആറ് വര്‍ഷമായി സ്‌കോട്ട്ലന്‍ഡിലെ സേഫിന്റെ പ്രോജക്റ്റ് വര്‍ക്കറായും ജോര്‍ജി പ്രവര്‍ത്തിക്കുന്നുണ്ട്.
യു.എന്നിന്റെ മുന്നറിയിപ്പ് ?
യു.കെയില്‍ അഭയാര്‍ത്ഥികളെ ബാധിക്കുന്ന ഒരു ബില്‍ അവതരിപ്പിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ യു.എന്നിന്റെ അഭയാര്‍ത്ഥി ഹൈകമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് അഭയം തേടുന്ന ഭൂരിഭാഗം അഭയാര്‍ത്ഥികളെയും ഇത് ദ്രോഹകരമായി ബാധിക്കുമെന്നും ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ വലിയ ശിക്ഷകളാണുണ്ടാവുകയെന്നുമായിരുന്നു മുന്നറിയിപ്പ്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്തേണ്ടതുണ്ട്.
യു.കെയില്‍ അഭയം തേടുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് ഭയാനകമായ അനുഭവങ്ങളാണ്. അവര്‍ക്ക് ഭക്ഷണം, വസ്ത്രങ്ങള്‍, മറ്റ് അടിസ്ഥാന കാര്യങ്ങള്‍ക്കുമായി ജീവിക്കാന്‍ ഒരു ദിവസം ചുരുങ്ങിയത് ആറ് യൂറോയില്‍ താഴെയാണ് ലഭിക്കുന്നത്, ആ ചുരുങ്ങിയ പണം പോലും ലഭിക്കാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടാകണം.
സൈക്കിള്‍ യാത്രയുടെ ഗിന്നസ് റെക്കോര്‍ഡ് ?
ഏറ്റവും നീളം കൂടിയ ജി.പി.എസ് ഡ്രോയിങ് സൈക്കിള്‍ യാത്ര 761 കിലോമീറ്റര്‍ ആയിരുന്നു. ഇത് മറികടന്ന് 2400 കിലോമീറ്ററാണ് ഞങ്ങള്‍ സൈക്കിള്‍ ചവിട്ടിയത്. ഗിന്നസ് റെക്കോര്‍ഡിന്റെ ഔദ്യോഗിക രേഖ നല്‍കുന്നതിനുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ അനുസരിച്ച്, യാത്രക്കിടയില്‍ ഓരോ 20 കിലോമീറ്ററില്‍ ആ സമയത്തും സ്ഥലത്തും തങ്ങളുടെ സാന്നിധ്യം പരിശോധിക്കാന്‍ ഒരു ലോഗ് ബുക്ക് പൂരിപ്പിക്കേണ്ടതുണ്ട്. ഇതുകൂടാതെ, എണ്ണമറ്റ ഫോട്ടോകളും പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളും എല്ലാ ദിവസവും റെക്കോര്‍ഡുചെയ്ത് സമര്‍പ്പിക്കണം.
യാത്രയിലെ വെല്ലുവിളികള്‍ ?
മലയും കുന്നും വളവും തിരിവുമുള്ള റൂട്ട് ആയതിനാല്‍ യാത്ര ദുഷ്‌കരമായിരുന്നു. ഞങ്ങള്‍ പരിചയസമ്പന്നരായ റൈഡര്‍മാരാണെങ്കിലും മുട്ടുവേദനയും അസഹനീയമായിരുന്നു. പലപ്പോഴും മടുപ്പ് തോന്നിയെങ്കിലും ശ്രമം ഫലം കണ്ടു.
സൈക്കിള്‍ യാത്രയുടെ സമാപനം ?
സെപ്റ്റംബര്‍ 18ന് വൈകീട്ട് ഏഴിനാണ് ഞങ്ങള്‍ ഡോവറിലെ കെന്റ് ബീച്ചിലെത്തിയത്. യാത്രക്കിടെ 55,000 യൂറോയാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ശേഖരിച്ചത്. അവസാനം അതൊരു തീവ്രമായ അനുഭവമായിരുന്നു, കാരണം ഒരു മാസം മുഴുവന്‍ നിരന്തരമായ സവാരിയിലൂടെയും യാത്രയിലൂടെയും ഞങ്ങള്‍ ലോക റെക്കോര്‍ഡ് തകര്‍ത്തു. എല്ലാവരും അവരവരുടെ ഭാഗം സഹായിക്കാന്‍ കൂടെയുണ്ടായിരുന്നു, അതിനാല്‍ തന്നെ ഈ യാത്ര ഏറെ ഹൃദയസ്പര്‍ശിയായിരുന്നു.
അവലംബം: www.middleeastmonitor.com
വിവ: സഹീര്‍ വാഴക്കാട്
📱വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU