Current Date

Search
Close this search box.
Search
Close this search box.

“ ഇറാഖ് രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ താല്പര്യമുണ്ടോ?”

സദ്ദാം ഹുസൈൻറെ മൂത്ത പുത്രി റഗദ് സദ്ദാം ഹുസൈൻ കഴിഞ്ഞ ദിവസം സഊദി ചാനലായ അൽ അറേബ്യയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് അവർ സിറിയ വഴി ജോർദ്ദാനിൽ അഭയം തേടിയിരിക്കുകയാണ്. ഇറാഖ് രാഷ്ട്രീയവുമായി സദ്ദാം കുടുബത്തിനു ഇപ്പോൾ ഒരു ബന്ധവുമില്ല. ശിയാക്കൾക്ക് ഭൂരിപക്ഷമുള്ള നാട്ടിൽ ഇപ്പോൾ ശിയാക്കൾ തന്നെ ഭരണം നടത്തുന്നു. “ ഇറാഖ് രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ താല്പര്യമുണ്ടോ?” എന്ന ചോദ്യത്തിന് “ എല്ലാം സാധ്യമാണ് “ എന്നായിരുന്നു അവരുടെ പ്രതികരണം. കൂട്ടത്തിൽ അവർ ഇറാനെ കുറിച്ച് പറയാനും സമയം കണ്ടെത്തി. “ ഇറാഖിൽ യഥാർത്ഥത്തിൽ ഉണ്ടാകേണ്ട ഭരണം ഇല്ലാത്ത കാരണത്താൽ ഇറാൻ കയറി ക്കളിക്കുന്നു” എന്നായിരുന്നു അവരുടെ ആരോപണം.

വിഷയത്തിൽ ഇറാഖ് ഭരണകൂടം ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. സഊദി, ജോർദാൻ എന്നിവടങ്ങളിലെ അംബാസഡർമാരെ വിളിപ്പിച്ചാണ് ഇറാഖ് വിദേശകാര്യ മന്ത്രി തങ്ങളുടെ എതിർപ്പ് അറിയിച്ചത്. ഇറാഖ് ആവശ്യപ്പെടുന്ന കുറ്റവാളിയുടെ ലിസ്റ്റിലാണ് അവരിപ്പോളുള്ളത്. ഇറാഖ് ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും നാട്ടിൽ കുഴപ്പമുണ്ടാക്കാനും ശ്രമിച്ചു എന്നതിനോടൊപ്പം ഐ എസിന് സഹായകരമായ രീതിയിൽ പ്രവർത്തിച്ചു എന്നെല്ലാം അവരുടെ മേൽ കുറ്റം ചാർത്തിയിട്ടുണ്ട്, അതെ സമയം അവർ ജോർദ്ദാനിൽ താമസിക്കുന്നു എന്ന വിവരം എല്ലാവർക്കും അറിയുന്നതുമാണ്.

സദ്ദാം ഹുസൈൻ ദീർഘ കാലം ഇറാഖ് അടക്കി ഭരിച്ച ഭരണാധികാരിയാണ്. അന്ന് കണക്കിൽ ഭരിച്ചിരുന്നത് ബാത്ത് പാർട്ടി ആയിരുന്നെങ്കിലും സദ്ദാം കുടുബത്തിന്റെ ഭരണമായിരുന്നു. ഇറാഖ് രാഷ്ട്രീയത്തിൽ സദ്ദാം കുടുംബത്തിന്റെ ഇടപെടൽ ഭരണകൂടം ഭയക്കുന്നു എന്നത് വസ്തുതയാണ്. സദ്ദാം അനുകൂലികൾ ഇറാഖിൽ ഇപ്പോഴും ധാരാളമുണ്ട്. അവർ അസംഘടിതരാണ്. സുന്നി ഷിയാ എന്ന വിഷയം കൂടുതൽ ബാധിക്കുന്ന രാജ്യം കൂടിയാണ് ഇറാഖ്. ബഹുഭൂരിപക്ഷവും ശിയാക്കളായ നാട്ടിൽ സദ്ദാം എന്ന സുന്നി ഭരിച്ചു എന്നത് ഒരു അത്ഭുതമായി പലരും പറഞ്ഞിരുന്നു. തന്റെ ഭരണം ഉറപ്പിക്കാം പലപ്പോഴും ഷിയാ മേഖലകളിൽ സദ്ദാം ആക്രമണം നടത്തിയിരുന്നു. അത് കൊണ്ട് തന്നെയാണ് സദ്ദാമിനെ തൂക്കി ക്കൊല്ലുന്ന രംഗം ശിയാക്കൾ കൂടുതലായി ആഘോഷിച്ചതും. ഒരു കണക്കിൽ പറഞ്ഞാൽ സദ്ദാമിന്റെ കൊലക്ക് ശേഷമാണു പശ്ചിമേഷ്യയിൽ സുന്നി ഷിയാ വിഭാഗീയത വർധിച്ചതും.

ചില പശ്ചിമേഷ്യൻ വാർത്താ മാദ്ധ്യമങ്ങളിലല്ലാതെ അന്താരാഷ്ട്ര തലത്തിൽ ഈ അഭിമുഖം വലിയ സ്ഥാനം പിടിച്ചിട്ടില്ല. അഭിമുഖത്തിന്റെ കൂടുതൽ ഭാഗവും അവരുടെ സ്വകാര്യ കുടുംബ ജീവിതവുമായി ബന്ധപ്പെട്ടതാണ്. തന്റെ പിതാവിന്റെ ഓർമ്മളകും അവർ പങ്കു വെക്കുന്നു. പശ്ചിമേഷ്യൻ മാധ്യമങ്ങൾ സാധാരണ രീതിയിൽ രാഷ്ട്രീയ ചോദ്യങ്ങൾ അങ്ങിനെ ഉന്നയിക്കാറില്ല. രാഷ്ട്രീയം അവരുടെ മുഖ്യ വിഷയമല്ല എന്നത് തന്നെ കാരണം. ഒരിക്കൽ പരസ്പരം യുദ്ധം ചെയ്ത രാഷ്ട്രങ്ങളാണ് ഇറാനും ഇറാഖും. കാലം മാറിയപ്പോൾ അവർക്കിടയിൽ നല്ല ബന്ധം രൂപം കൊണ്ടു. രണ്ടു ഭരണകൂടങ്ങളും ശിയാക്കൾ കൈകാര്യം ചെയ്യുന്നു എന്നതാണ് അടിസ്ഥാന കാരണം.

സദ്ദാം പുത്രി പഴയ കാലമാണ് ഓർക്കാൻ ശ്രമിക്കുന്നത്. ഇറാനിൽ നിന്നും മോചിതമായ ഒരു ഇറാഖിനെ കുറിച്ചാണ് അവർ സ്വപ്നം കാണുന്നത്. പക്ഷെ പുതിയ സാഹചര്യത്തിൽ അവരുടെ രാഷ്ട്രീയ ഇടപെടൽ ഒരു സമസ്യയായി അവശേഷിക്കും. സുന്നി ഷിയാ എന്ന വംശീയ വികാരം നിലനിൽക്കുന്ന കാലത്തോളം അവരുടെ തിരിച്ചു വരവ് അസാധ്യമാണ്. ഈ വിവേചനത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ട്രംപും കൂട്ടരും. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ബൈഡന്റെ വരവ് ഗുണം ചെയ്യുമോ എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ കിടക്കുന്നുണ്ട്. സദ്ദാം പുത്രിയുടെ ആഗ്രഹം ആ വഴിയിലാണോ എന്നതും കാത്തിരുന്നു കാണണം.

വിവ- അബ്ദുസ്സമദ് അണ്ടത്തോട്

Related Articles