Current Date

Search
Close this search box.
Search
Close this search box.

ഹിസ്റ്ററി കോണ്‍ഫറന്‍സ് മുസ്‌ലിം സമൂഹത്തിന്റെ പ്രതിബിംബം കാണാനുള്ള ശ്രമമാണ്

ഡിസംബര്‍ 22,23,24 തിയ്യതികളില്‍ ജെ.ഡി.റ്റി ഇസ്‌ലാം കാമ്പസില്‍ വെച്ച് സംഘടിപ്പിക്കപ്പെടുന്ന കേരള മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഫറന്‍സിന്റെ പശ്ചാതലത്തില്‍ കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ ഇസ്‌ലാം ഓണ്‍ലൈവിന് നല്‍കിയ അഭിമുഖം

? കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് നടത്തുന്നതിനുള്ള പശ്ചാത്തലം/ ലക്ഷ്യം എന്താണ്.

– കേരള മുസ്‌ലിം ചരിത്രത്തെയും പൈതൃകത്തെയും കുറിച്ചുള്ള ഹിസ്റ്ററി കോണ്‍ഫറന്‍സ് ഏഴ് മാസം മുമ്പ് പ്രഖ്യാപിച്ച ഒരു പ്രോഗ്രാമാണ്. യഥാര്‍ഥത്തില്‍ ഇത് കേരളത്തില്‍ വളരെ നേരത്തെ നടത്തേണ്ട പരിപാടിയായിരുന്നു. പ്രധാനമായും കേരളത്തിന്റെ ചരിത്രം മൂന്ന് രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. 1.ബ്രിട്ടീഷുകാര്‍ എഴുതിയ ചരിത്രം 2. ദേശീയ ചരിത്രം 3.ഇടതുപക്ഷ സമീപനത്തിലുള്ള ചരിത്രം. കേരളത്തിലെ പ്രബല സമുദായമായ മുസ്‌ലിം സമുദായത്തിന്റെ ചരിത്രം വേണ്ടത്ര രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് ഈ മൂന്ന് ചരിത്രത്തിന്റെയും പ്രധാന പ്രശ്‌നം. രേഖപ്പെടുത്തിയ ചരിത്രം തന്നെ വസ്തുത വിരുദ്ധവും മുന്‍വിധിയോടെയുള്ള വാര്‍പ്പുമാതൃകകള്‍ നിറഞ്ഞതുമാണ്. മുസ്‌ലിം സമൂഹം നടത്തിയ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍, പോര്‍ച്ചുഗീസ് വിരുദ്ധ സമരങ്ങള്‍, കേരളത്തിന്റെയും ഇന്ത്യയുടെയും സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ വലിയ പോരാട്ടങ്ങള്‍, രക്തസാക്ഷിത്വങ്ങള്‍ ഇതൊന്നും വേണ്ടത്ര രീതിയില്‍ ക്രോഡീകരിച്ചിട്ടില്ല എന്നത് കേരളത്തിന്റെ വലിയ ഒരു പരിണിതിയാണ്. മാത്രമല്ല, കേരളത്തിന്റെ പൊതുപാഠ്യപദ്ധതിയിലും മുസ്‌ലിം ചരിത്രമില്ല. ഇതു സംബന്ധിച്ച ഒരു പുനരന്വേഷണവും, ക്രോഡീകരണവും കേരളത്തില്‍ നടക്കണമെന്ന ഒരാവശ്യത്തിന്റെ ഭാഗമായാണ് മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് നടത്തുന്നത്.

? കേരളത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും അധിനിവേശവിരുദ്ധ പോരാട്ടത്തിലും പ്രധാന പങ്കുവഹിച്ച മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തെ തമസ്‌കരിക്കപ്പെടാനുള്ള പ്രധാന കാരണം എന്താണ്.

-ഇതിന് അന്താരാഷ്ട്രപരമായ കാരണങ്ങള്‍ കൂടിയുണ്ട്. ഒന്നാമതായി കേരളത്തില്‍ അധിനിവേശം നടത്തിയ പോര്‍ച്ചുഗീസുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ഒരു ക്രിസ്ത്യന്‍ മിഷണറി സങ്കല്‍പം ഉണ്ടായിരുന്നു. കുരിശുയുദ്ധത്തിന്റെ തുടര്‍ച്ചയുമായിരുന്നു അവരുടെ ഈ അധിനിവേശം. ഒരു സമുദായമെന്ന രീതിയില്‍ ലോകത്തുടനീളം അധിനിവേശത്തിനെതിരെ പോരാടിയത് മുസ്‌ലിം സമുദായമായിരുന്നു. അബ്ദുല്‍ ഖാദര്‍ അല്‍ ജസാഇരി, ഉമര്‍ മുഖ്താര്‍, ഈജിപ്തില്‍ മുഹമ്മദ് അലി തുടങ്ങിയവരാണ് ഇതിന്റെ മുമ്പിലുണ്ടായിരുന്നത്. കേരളത്തിലും ഇതേ അനുഭവമായിരുന്നു അവര്‍ക്കുണ്ടായത്. കേരളത്തിന്റെ ആദ്യകാല ചരിത്രം എഴുതിയതില്‍ എഴുപതു ശതമാനം ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും അവരോട് അനുഭാവമുള്ളവരുമായിരുന്നു. സ്വാഭാവികമായും മുസ്‌ലിം സമൂഹത്തെ വര്‍ഗീയവാദികളും തീവ്രവാദികളുമാക്കുന്നതില്‍ അവര്‍ക്ക് നേരത്തെ തന്നെ താല്‍പര്യങ്ങളുണ്ട്. അത് അവരുടെ ചരിത്രമെഴുത്തില്‍ മുഴച്ചുനില്‍ക്കുകയും ചെയ്തു. അതുകൊണ്ടാണ് കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വലിയ പോരാട്ടങ്ങളെയും സംഭാവനകളെയും കേവലം ലഹള, കലാപം എന്ന രീതിയില്‍ ചിത്രീകരിക്കുകയും എഴുതുകയും ചെയ്തത്. അതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കാന്‍ ദേശീയ ചരിത്രമെഴുത്തുകാരോ ഇടതുപക്ഷ ചരിത്രകാരന്മാരോ തയ്യാറായില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ ദുരന്തം എന്നു പറയുന്നത്.

? ഈ തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന് ഒരു ബദല്‍ അന്വേഷണം മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുകയും നമ്മുടെ മദ്‌റസകള്‍, കോളേജുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലൂടെ അവ പകര്‍ന്നു നല്‍കി ഇതിനെ മറികടക്കുകയും ചെയ്യാമായിരുന്നില്ലേ.

-ഇത് മുസ്‌ലിം സമുദായത്തിന്റെ കൂടി പ്രശ്‌നമാണ്. മുസ്‌ലിം സമുദായം അവരുടെ ചരിത്രത്തെ കുറിച്ച് അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല. ഉദാഹരണമായി കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഭാഗമായി വാരിയന്‍കുന്നത്തിനെയും ആലിമുസ്‌ലിയാരെയും കുറിച്ച് നെല്ലിക്കുത്ത് വെച്ച് ഒരു സെമിനാര്‍ നടത്തി. രണ്ടുപേരുടെയും ജന്മദേശമാണത്. ഇവര്‍ രണ്ടുപേരും രക്തസാക്ഷികളായിട്ട് ഏകദേശം 92 വര്‍ഷം കഴിഞ്ഞു. ഈ കാലയളവില്‍ ഒരിക്കല്‍ പോലും നെല്ലിക്കുത്ത് വെച്ച് അവരുടെ ചരിത്രം അനുസ്മരിക്കുകയോ അവരുടെ ചരിത്രം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതായത്, മുസ്‌ലിം സമുദായത്തിന് അവരുടെ പൈതൃകത്തെ കുറിച്ച് വലിയൊരു അജ്ഞത നിലനില്‍ക്കുന്നുണ്ട്. സാധാരണ ആട്ടിന്‍കുട്ടിയുടെ കൂടെ ചെന്നായ നടന്ന ഒരു കഥ പറയാറുണ്ട്. കുറേ കാലം ആട്ടിന്‍ കുട്ടിയുടെ കൂടെ നടന്ന ചെന്നായ പിന്നീട് ആട്ടിന്‍കുട്ടി തന്നെ ആകുകയാണ്. പിന്നീട് ഒരുദിവസം സുപ്രഭാതത്തില്‍ വെള്ളം കുടിക്കാനായി ജലാശയത്തില്‍ പോയപ്പോഴാണ് അതിന്റെ പ്രതിബിംബം കാണുകയും ഞാന്‍ ഒരു ആട്ടിന്‍കുട്ടിയല്ല എന്ന് തിരിച്ചറിയുകയും ചെയ്യുന്നത്. ഇതുപോലെ പ്രതിബിംബം കാണാനുള്ള ശ്രമം മുസ്‌ലിം സമൂഹം യഥാര്‍ഥത്തില്‍ നടത്തിയിട്ടില്ല. മദ്‌റസ പാഠ്യപദ്ധതികള്‍, അറബി കോളേജുകള്‍, ഇസ്‌ലാമിയ കോളേജുകള്‍, സര്‍വകലാശാല പാഠ്യപദ്ധതികള്‍ തുടങ്ങിയ കേരളത്തിലെ കലാലയങ്ങളിലൊന്നും ഉമവിയ്യ, അബ്ബാസിയ ചരിത്രം കഴിഞ്ഞാല്‍ മുസ്‌ലിംകള്‍ക്ക് പിന്നെ ചരിത്രം തന്നെ ഇല്ല എന്ന രീതിയാണുള്ളത്. ഇതു ഒരു പ്രശ്‌നം തന്നെയാണ്.

? മുസ്‌ലിം പക്ഷത്ത് നിന്ന് ചരിത്ര രചന തീരെ ഉണ്ടായിട്ടില്ല എന്നാണോ.

-കേരളത്തില്‍ പല വ്യക്തിത്വങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ അവയൊന്നും ക്രോഡീകരിക്കപ്പെട്ടിട്ടില്ല. വാരിയന്‍കുന്നത്തിനെയും ആലിമുസ് ലിയാരെയും കുറിച്ചെല്ലാം കെ കെ കരീം സാഹിബിന്റെ വലിയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. വൈദ്യശാസ്ത്രത്തെ കുറിച്ച് നാല് വാള്യങ്ങളുള്ള ഗ്രന്ഥം അറബിയില്‍ കേരളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. അറബി-മലയാളത്തിന് അന്ന് നല്ല ജനകീയത ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ബൈബിള്‍ ആ ഭാഷയില്‍ ഇറക്കിയിരുന്നു എന്നത്. കൃസ്ത്യാനികള്‍ ഏത് ഭാഷയില്‍ അത് ഇറക്കുമ്പോഴും അതിന്റെ മാര്‍ക്കറ്റ് നോക്കും. വാരിയന്‍ കുന്നത്തുമായുള്ള അഭിമുഖം ഇംഗ്ലീഷില്‍ അന്ന് ഹിന്ദു പത്രം പ്രസിദ്ദീകരിച്ചിരുന്നു. പത്ത് ഇരുപത് വര്‍ഷത്തിനുള്ളിലാണ് ഇസ്‌ലാമിന്റെ വിമോചനപരത അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ പുറത്ത് വരുന്നത്. ഇവ മുഖ്യധാരയിലേക്ക് കൊണ്ടുവരാനോ ക്രോഡീകരിക്കാനോ ഉള്ള ശ്രമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്ത് നിന്നു പോലും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

? അക്കാദമിക-ചരിത്ര ഗവേഷണ രംഗത്ത് മുസ്‌ലിംകളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ ഇല്ലാത്തത് കൂടിയാണല്ലോ ഇടതുപക്ഷ- ദേശീയ ചരിത്രകാരന്മാര്‍ ഇപ്രകാരം ഇതിനെ അട്ടിമറിക്കാന്‍ കാരണം.

–  മണ്ഡല്‍ കമ്മീഷന്‍ വന്നതിന് ശേഷമാണ് സംവരണത്തിലൂടെ മുസ്‌ലിം സമുദായവും ഒ ബി സി കാറ്റഗറിയില്‍ പെട്ടവരും യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ അക്കാദമിക രംഗത്തേക്ക് വലിയ രീതിയില്‍ ഒഴുകുന്നത്. അതിന് മുമ്പ് അത് ഉണ്ടായിട്ടില്ല. ഇവിടെയുണ്ടായിരുന്ന വരേണ്യ ബുദ്ധിജീവികളും ഇടതുപക്ഷ ബുദ്ധിജീവികളും തമ്മിലുള്ള വ്യത്യാസം വളരെ കുറവായിരുന്നു. സംവരണത്തെ എതിര്‍ത്തവരും അവര്‍ തന്നെയാണ്. ഇപ്പോള്‍ നാം ഹൈദരാബാദ് യൂനിവേഴ്‌സിറ്റി മാത്രം പരിശോധിക്കുകയാണെങ്കില്‍ മുസ്‌ലിം സമുദായത്തില്‍ പെട്ട മുപ്പതിലധികം ഗവേഷണ വിദ്യാര്‍ഥികള്‍ കൊണ്ടോട്ടിയില്‍ നിന്നു മാത്രമുണ്ട്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ പതിനൊന്നു പേര്‍ വാണിമേലില്‍ നിന്നുണ്ട്. ഇവരെല്ലാം മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ്. ഇതിലൂടെ വലിയ ഒരു നേളേജ് കാപിറ്റില്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളില്‍ നിന്നും മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ചരിത്രത്തെ കുറിച്ചും പ്രത്യേകിച്ച് മലബാര്‍ ചരിത്രത്തെ കുറിച്ചുള്ള പി എച്ച് ഡിയും ഗവേഷണങ്ങളും ധാരാളമായി വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

?മുസ്‌ലിം ചരിത്ര കോണ്‍ഫറന്‍സ് എന്ന പേരില്‍ സമുദായം നടത്തുന്ന ഒരു സംരംഭത്തെ അക്കാദമിക സമൂഹത്തില്‍ എപ്രകാരം സ്വീകാര്യതയുണ്ടാകും.

– അക്കദാമിക തലത്തില്‍ ഇപ്പോള്‍ separate History ആണുള്ളത്. കള്‍ച്ചറില്‍ സ്റ്റഡീസ് ഇന്ത്യയില്‍ വന്നതിന് ശേഷം ദലിതെഴുത്ത്, ദലിത് സ്റ്റഡീസ്, സബാള്‍ട്ടന്‍ സറ്റഡീസ് എന്നിങ്ങനെയാണ് അക്കാദമിക സമൂഹം സ്വീകരിച്ച ലൈന്‍. കേരള ഹിസ്റ്ററിയെ കുറിച്ച് പഠിക്കുന്നതിനേക്കാള്‍ കേരളത്തിലെ ഈഴവര്‍, നായര്‍, മുസ്‌ലിം ഹിസ്റ്ററിയെ കുറിച്ച് പഠിക്കുക എന്നത് അക്കാദമിക തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു രീതിയാണ്. അതുകൊണ്ട് തന്നെ കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിനോട് അയിത്തവും പ്രശ്‌നവും തന്നെയുണ്ടാകാനിടയില്ല. ഇതില്‍ പേപ്പര്‍ അവതരിപ്പിക്കുന്ന 60ശതമാനം ആളുകളും അക്കാദമിക തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

?ഇപ്പോള്‍ ഇടതുപക്ഷം മുഖ്യധാരയിലൂടെയും മറ്റും നവോഥാന നായകന്മാരായി വാരിയന്‍കുന്നത്തിനെയും ആലി മുസ്‌ലിയാരെയും മമ്പുറം തങ്ങന്മാരെയും അവതരിപ്പിക്കുകയും അതിന്റെ പിന്മുറക്കാരാണ് തങ്ങളെന്ന് അവകാശപ്പെടുകയും ചെയ്യുന്നു…

– ഇടതുപക്ഷത്തിന്റെ ഈ സമീപനം വലിയൊരു കാപട്യമാണ്. പള്ളിയും പാര്‍ട്ടിയും ഒരു മെമ്പര്‍ക്ക് ഓപ്ഷന്‍ വന്നാല്‍ പാര്‍ട്ടിക്കാണ് അവര്‍ ഇപ്പോഴും പ്രാമുഖ്യം നല്‍കേണ്ടത്. അത്തരത്തിലുള്ള ഒരു പ്രസ്ഥാനം പള്ളി കേന്ദ്രീകരിച്ച് സമാന്തര ഭരണം സ്ഥാപിച്ച ആലിമുസ്‌ലിയാരെ ഏറ്റെടുക്കുക എന്നത് തന്നെ വലിയ വൈരുദ്ധ്യമാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ ഒരു ഇതിഹാസം(legend) എന്നു പറയാന്‍ കഴിയുന്ന ആളാണ് വാരിയന്‍ കുന്നത്ത്. മുപ്പത് രാഷ്ട്രങ്ങളില്‍ ബ്രിട്ടീഷുകാര്‍ അധിനിവേശം നടത്തിയിട്ടുണ്ട്. ഈ രാഷ്ട്രങ്ങളില്‍ ചെറുത്തുനില്‍പുകളും പോരാട്ടങ്ങളും ബ്രിട്ടീഷുകാര്‍ക്കെതിരെ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സമാന്തര രാഷ്ട്രം ഉണ്ടായിട്ടില്ല. വാരിയന്‍കുന്നത്തിന് മാത്രമാണ് അതിന് കഴിഞ്ഞിട്ടുള്ളത്. അതിന് അദ്ദേഹം പേര് നല്‍കിയത് ദൗല അല്‍ ഖിലാഫ (ഖിലാഫത്ത് രാഷ്ട്രം)എന്നാണ്. അദ്ദേഹം നയതന്ത്ര ബന്ധം സ്ഥാപിച്ചത് തുര്‍ക്കി ഖലീഫയുമായിട്ടാണ്. അദ്ദേഹത്തിന്റെ സൈന്യത്തിലെ നാല്‍പത് ശതമാനം പേര്‍ മുസ്‌ലിംകളായിരുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രത്തിന്റെ അടിസ്ഥാനമായി വികസിപ്പിച്ച ഒരു കരാറിന് മദീന ചാര്‍ട്ടര്‍ എന്നാണ് അദ്ദേഹം പേര് നല്‍കിയിട്ടുള്ളത്. ഇപ്രകാരം ഇസ്‌ലാമും ഇസ്‌ലാമിക വിമോചനവും ഉള്ളടക്കമാക്കിയ അദ്ദേഹത്തെ യഥാര്‍ഥത്തില്‍ ഇടതുപക്ഷത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല. പിന്നെ ഇപ്പോള്‍ കാണുന്നതെല്ലാം ഒരു രാഷ്ട്രീയതന്ത്രം (Political Tactsim) മാത്രമാണ്. ആലിമുസ്‌ലിയാരായാലും വാരിയന്‍ കുന്നത്തായാലും ഫസല്‍ തങ്ങളായാലും എല്ലാവരും ഇസ്‌ലാമിന്റെ വിമോചനമുഖം ഉയര്‍ത്തിപ്പിടിച്ച് പോരാടിയവര്‍ ആയിരുന്നു. ‘അല്ലാഹുവിന്റെ ഭൂമിക്ക് നികുതി പിരിക്കാന്‍ എന്തവകാശം’ എന്നാണ് ഉമര്‍ ഖാദി നികുതിനിഷേധത്തിന്റെ ആധാരമായി ചോദിച്ചത്. ‘അല്ലാഹുവിന്റെ പരമാധികാരത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ മനുഷ്യന്റെ മുമ്പില്‍ തലകുനിക്കാന്‍ പാടില്ല’ എന്നതായിരുന്നു ഫസല്‍ പൂക്കോയ തങ്ങളുടെ അയിത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ അടിസ്ഥാനം. മതവിരുദ്ധമായ ഒരു സംഗതിക്ക് യഥാര്‍ഥത്തില്‍ ഇതൊന്നും സ്വീകരിക്കാന്‍ കഴിയുകയില്ലല്ലോ..മാത്രമല്ല, ഇടതുപക്ഷത്തിന്റെ ഈ സമീപനം ആത്മാര്‍ഥവും സത്യസന്ധവുമാണെങ്കില്‍ അവര്‍ക്ക് ഭരണമുണ്ടായിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവരുടെ ചരിത്രം അവര്‍ ശേഖരിക്കുകയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടിയിരുന്നത്.

? മുസ്‌ലിം സ്ത്രീ, അവരുടെ സംഭാവനകള്‍, സാമൂഹിക വളര്‍ച്ചയില്‍ അവരുടെ പങ്ക് തുടങ്ങിയവ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെടുമോ.

– ഇതിലെ ഒരു സെഷന്‍ തന്നെ മുസ്‌ലിം സ്ത്രീയാണ്. ഈ കോണ്‍ഫറന്‍സിലെ 28 സെഷനുകളില്‍ ഒന്ന് പൊതുമണ്ഡലവും മുസ്‌ലിം സ്ത്രീയും (public sphere and muslim women) എന്നതാണ്. അതില്‍ പേപ്പര്‍ അവതരിപ്പിക്കുന്നതും അതിന്റെ ചെയറും കേരളത്തിലെ മുസ്‌ലിം സമുദായത്തിനകത്തെ മുസ്‌ലിം സ്ത്രീകളുമാണ്. മുസ്‌ലിം സ്ത്രീയുടെ വലിയ സംഭാവനകള്‍ അതില്‍ അടയാളപ്പെടുത്തും എന്നുതന്നെയാണ് നമ്മുടെ പ്രതീക്ഷ.

? ഹെറിറ്റേജ് കോണ്‍ഫറന്‍സിന്റെ മുന്നോടിയായി നടന്ന പ്രധാന പരിപാടികള്‍ എന്തെല്ലാമായിരുന്നു. അതിന്റെ പ്രതികരണങ്ങള്‍?

– കേരളത്തിലെ എല്ലാ ചരിത്രപ്രധാനമായ സ്ഥലങ്ങളിലും ഇതിനെ അഡോപ്റ്റ് ചെയ്യാന്‍ നാം ശ്രമിച്ചിട്ടുണ്ട്. പൊന്നാനി, മമ്പുറം, വെളിയങ്കോട്, പൂക്കോട്ടൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, കുഞ്ഞാലി മരക്കാരുടെ വടകര, കാസര്‍ഗോഡ്, കണ്ണൂര്‍ അറക്കല്‍, അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ  എ ആര്‍ നഗര്‍, ഹാജി സാഹിബ്, ഇസ്സുദ്ദീന്‍ മൗലവി, ടി മുഹമ്മദ് സാഹിബ്, മോയിന്‍കുട്ടി വൈദ്യര്‍, കെ കെ കരീം തുടങ്ങിയ വ്യക്തികളുടെ നാടുകള്‍..അപ്രകാരം ഏകദേശം 22 സെമിനാറുകള്‍ ഇതിന്റെ ഭാഗമായി നാം സംഘടിപ്പിച്ചിട്ടുണ്ട്. ചേരമാന്‍ പെരുമാള്‍ മുതല്‍ പൊന്നാനി, മമ്പുറം തുടങ്ങിയ ഒരു ക്രമത്തിലാണ് ഇത് നടന്നു പോന്നിട്ടുള്ളത്. മിക്ക സ്ഥലങ്ങളിലും വലിയ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. നെല്ലിക്കുത്തില്‍ നാട്ടുകാര്‍ ഇത് ഏറ്റെടുക്കുകയും അത് നടത്തുകയും 92 വര്‍ഷമായി ഞങ്ങള്‍ക്കിത് നടത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനും വലിയ സ്വീകാര്യത ലഭിക്കാനും ഇത് സഹായകമായി.
ഇടതുപക്ഷ അക്കാദമിക കേന്ദ്രം ഇതിനെ ഭീതിയോടെയാണ് കണ്ടത് എന്നതും ഈ പരിപാടി കേരളീയ പൊതുമണ്ഡലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവാണ്. മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ കീഴിലുള്ള സെമിനാറുകളും പരിപാടികളും വ്യാപകമാകുകയും അതില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചരിത്രപണ്ഡിതന്മാര്‍ പോലും പലയിടങ്ങളിലായി പങ്കെടുക്കുകയുമുണ്ടായി. ഇസ്‌ലാമിന്റെ വിമോചന ഉള്ളടക്കമുള്ള ചരിത്രത്തിന് വലിയ പാരമ്പര്യം കേരളത്തിലുണ്ട് എന്ന് പല സന്ദര്‍ഭങ്ങളിലായി തെളിഞ്ഞ് വരികയും ചെയ്തു. ഇത് ഒരു ഇസ് ലാമിക് മൂവ്‌മെന്റ് ഏറ്റെടുക്കുന്നതില്‍ വലിയ അപകടമുണ്ട് എന്നതായിരിക്കാം ഇടതുപക്ഷത്തെ ‘മുഖ്യധാര’യും ജമാഅത്തു വിമര്‍ശനവുമായി മുമ്പോട്ട് പോകാന്‍ ഒരു പക്ഷെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. അതുപോലെ ജന്മഭൂമി ഇതിനെതിരെ വര്‍ഗീയവാദം ഉന്നയിച്ചതും സിറാജ് പ്രതികരിച്ചതുമെല്ലാം പല രീതിയില്‍ ഇത് ശ്രദ്ധിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്.

? കേരള മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഫറന്‍സിന്റെ സ്വഭാവം/സെഷനുകള്‍ എപ്രകാരമാണ്.

-ഡിസംബര്‍ 21,22,23 തിയ്യതികളില്‍ ജെ ഡി റ്റി ഇസ്‌ലാം കാമ്പസില്‍ വെച്ചാണ് ഇത് നടക്കുന്നത്. 1921-ലെ പോരാട്ടത്തിലും വാഗണ്‍ട്രാജഡിയിലും രക്തസാക്ഷികളായവരുടെ മക്കളെ പഠിപ്പിക്കാന്‍ വേണ്ടി നിര്‍മിച്ച സ്ഥാപനമാണ് ജെ ഡി റ്റി ഇസ്‌ലാം. കേരളത്തിലെ ആദ്യത്തെ യതീംഖാന എന്ന നിലയിലും ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥാപനമാണിത്. ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, കേരളത്തിലെ മുസ്‌ലിംകളെ കുറിച്ച് പ്രഗല്‍ഭ വ്യക്തികള്‍ പങ്കെടുക്കുന്ന സെമിനാര്‍, മുസ്‌ലിം കലകളുടെ ആവിഷ്‌കാരം, മുസ്‌ലിം ഹെറിറ്റേജ് എക്‌സിബിഷന്‍, അതോടൊപ്പം 28-ഓളം അക്കാദമിക് സെഷനുകള്‍ എന്നിവയാല്‍ സമ്പന്നമാണ.  ചരിത്രാധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഗവേഷകന്മാര്‍, ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍, ദേശീയ അന്തര്‍ ദേശീയ അതിഥികള്‍ തുടങ്ങിയവരെല്ലാം ഇതില്‍ പങ്കെടുക്കുന്നുണ്ട്. 28 സെഷനുകളില്‍ 220-ഓളം പേപ്പറുകള്‍ അവതരിപ്പിക്കുന്ന  കേരളത്തിലെ ഏറ്റവും വലിയതും ആദ്യത്തേതുമായ ചരിത്ര കോണ്‍ഫറന്‍സായിരിക്കുമിത്.

തയ്യാറാക്കിയത് : അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles