Current Date

Search
Close this search box.
Search
Close this search box.

ഹലാല്‍ സിനിമ ; ഹറാം സിനിമ

ഇസ്‌ലാമിസ്റ്റുകള്‍ വളരെ നേരത്തെ തന്നെ കലാ രൂപങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചതായി നമുക്ക് കാണാം. ഇമാം ഹസനുല്‍ ബന്നയും ഇഖവാനുല്‍ മുസ്‌ലിമൂനും കലാ രംഗത്ത് കഴിവും താല്‍പര്യവുമുള്ള യുവാക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയുണ്ടായി. ആധുനിക മുസ്‌ലിം സമൂഹവും സിനിമയും എന്ന വിഷയത്തില്‍ ഉസ്മാന്‍ ഉസ്മാന്‍ ശൈഖ് യൂസുഫുല്‍ ഖറദാവിയുമായി നടത്തുന്ന അഭിമുഖം:

ഉസ്മാന്‍ ഉസ്മാന്‍: സിനിമക്ക് ഇന്നുള്ള പ്രാധാന്യം എന്താണ്?

ഖറദാവി: സിനിമ സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ്. അവര്‍ അതിന് വളരെയധികം പ്രാധാന്യം നല്‍കുന്നു. തങ്ങളുടെ അധ്വാനവും സമയവുമെല്ലാം അതിന് വേണ്ടി ചിലവഴിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ത്‌ന്നെ അതിനെ അവഗണിക്കാന്‍ സാധ്യമല്ല

? സിനിമയോടുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ നിലപാട് എന്താണ്.

– സിനിമയെ കുറിച്ച് പ്രധാനമായും മൂന്ന് തരത്തിലുള്ള വീക്ഷണങ്ങളാണ് മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയിലുളളത്. ഒന്നാമത്തെ വിഭാഗം അതിന്റെ നിയമസാധുതയെയും അടിസ്ഥാനത്തെയും പൂര്‍ണമായും നിരാകരിച്ചവരാണ്. നമ്മുടെ സലഫി സഹോദരങ്ങളില്‍ ഭൂരിഭാഗവും ഫോട്ടോ എടുക്കുന്നതിനെ നിഷിദ്ധമായി കാണുന്നവരാണ്. സിനിമ നിലനില്‍ക്കുന്നത് തന്നെ ചിത്രീകരണത്തിലാണ്. സിനിമയിലെ പ്രതിപാദന വിഷയങ്ങള്‍ ഹലാലോ ഹറാമോ സ്വീകരിക്കപ്പെടേണ്ടതോ തള്ളപ്പെടേണ്ടതോ ഏതായാലും ഈ അടിസ്ഥാനത്തില്‍ അവര്‍ സിനിമയെ തള്ളിക്കളയുന്നു.

രണ്ടാമത്തെ വീക്ഷണക്കാരുടെ അഭിപ്രായത്തില്‍ സിനിമ ചിത്രീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്. ചിത്രീകരണമാകട്ടെ വ്യാജമായ കഥകളിന്മേലോ കല്‍പിത കഥകളിലോ രൂപപ്പെടുത്തിയതാണ്. ഒരാള്‍ ശൈഖിന്റെയോ, പാഷയുടെയോ, കര്‍ഷകന്റെയോ വേഷത്തില്‍ അഭിനയിക്കുകയാണ്. അതിനാല്‍ തന്നെ അത് വ്യാജവും നിഷിദ്ധമായി അവര്‍ കാണുന്നു. അതോടൊപ്പം സിനിമ സംഗീതത്തിലധിഷ്ഠിതമാണ്. സിനിമക്കിടയില്‍ സംഗീതങ്ങളുടെ ചിത്രീകരണം ഒരനിവാര്യതയാണ്. സംഗീതത്തെ അടിസ്ഥാനപരമായി തന്നെ നിഷിദ്ധമായിക്കാണുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. മറ്റൊരു വിഭാഗം സിനിമയുടെ കാര്യത്തില്‍ നിരാശരായ വിഭാഗമാണ്.  ഇസ്‌ലാമിക സംസ്‌കാരം നിലനിര്‍ത്തിക്കൊണ്ട് സിനിമയെടുക്കുക എന്നത് അസംഭവ്യമായി അവര്‍ കരുതുന്നു. പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ഉസ്താദ് മുഹമ്മദ് ഖുതുബ് അദ്ദേഹത്തിന്റെ ഇസ്‌ലാമിക കലയുടെ രീതിശാസ്ത്രം എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ‘നിലവിലെ അവസ്ഥയില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സിനിമയിലേക്ക് പ്രവേശിക്കാനോ ഇസ്‌ലാമിന് വല്ല നേട്ടവും കരസ്ഥമാക്കാനോ സാധ്യമല്ല. അതിന്റെ സാംസ്‌കാരികവും കലാപരവുമായ വശങ്ങള്‍ ഇസ്‌ലാമില്‍ നിന്നും ഇസ്‌ലാമിക അന്തരീക്ഷത്തില്‍ നിന്നും ബഹുദൂരം അകന്നതാണ്. ‘

മൂന്നാമത്തെ വിഭാഗം പണ്ഡിതന്മാര്‍ മധ്യമമായ നിലപാട് സ്വീകരിച്ചവരാണ്. ചില ഉപാധികളോടെ സിനിമയെ ഭാഗികമായി അനുകൂലിക്കുന്നവരാണവര്‍. വിശദാംശങ്ങള്‍ പിന്നീട് നല്‍കാം.

? സിനിമയെ ഒരു കലയായി നിങ്ങള്‍പരിഗണിക്കുന്നുണ്ടോ

– സിനിമ തീര്‍ച്ചയായും ഒരു കലയാണ്. സിനിമ എന്ന കലയെ മുഹമ്മദ് ഖുതുബ് നിഷേധിച്ചിട്ടില്ല, ഇസ്‌ലാമിക കല എന്നര്‍ഥത്തില്‍  അദ്ദേഹം അതിനെ അംഗീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മറ്റു കലകളെ പോലെ ഇസ്‌ലാമിക വല്‍കരണത്തിന് സാധ്യതയുള്ള ഒന്നാണിത്. ഇതിന്റെ ഉത്ഭവം അറബ് ലോകത്താണുണ്ടായത്, എന്നാല്‍ ഹോളിവുഡിലെ അമേരിക്കന്‍ സിനിമകളും അതിലെ ഉള്ളടക്കങ്ങളും ഇസ്‌ലാമല്‍ നിന്ന് പൂര്‍ണമായും അന്യം നില്‍ക്കുന്നതും ഒരു കലാ രൂപമെന്ന അര്‍ഥത്തില്‍ തന്നെ പരിഗണിക്കപ്പടാന്‍ കഴിയാത്തതുമാണ്. നാടക കലയില്‍ പെട്ടതാണ് സിനിമ.

? സിനിമയെ കുറിച്ച് ഇസ്‌ലാമികവും ക്രിയാത്മകവുമായ ചില വിലയിരുത്തലുകളുണ്ടല്ലോ! അവയെ കുറിച്ച്….?

– എന്റെ അഭിപ്രായത്തില്‍ സിനിമ അനുവദനീയമാണ്. ജനങ്ങള്‍ക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം അവ വീക്ഷിക്കാം. പക്ഷെ അതിന് ചില ഉപാധികള്‍ ഞാന്‍ മുമ്പോട്ട് വെക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്തന്നെ വിധിവിലക്കുകള്‍ എന്ന പുസ്തകത്തില്‍ ഞാന്‍ അവ വിവരിച്ചിട്ടുണ്ട്. ഒന്നാമതായി ഇസ്‌ലാമിന് കളങ്കം വരുത്തുന്ന ഒന്നും അതില്‍ വിഷയമാകരുത്. ഇസ്‌ലാമിന്റെ ആദര്‍ശത്തിനോ ശരീഅത്തിനോ സംസ്‌കാരത്തിനോ നിരക്കാത്ത ഒന്നും ഉണ്ടാകരുത്. ഇസ്‌ലാമിന് നിരക്കാത്തതാണെങ്കില്‍ അവ നിരുപാധികം തള്ളിക്കളയേണ്ടതാണ്. മദ്യം, നഗ്ന നൃത്തങ്ങള്‍ പോലുള്ള ഹറാമായ രംഗങ്ങളൊന്നും സിനിമയിലുണ്ടാകരുത്. നമസ്‌കാരത്തിന്റെ സമയം നഷ്ട്‌പ്പെടുന്ന രീതിയിലാകരുത് അവ ദര്‍ശിക്കേണ്ടത്. ഏതെങ്കിലുമൊരു നമസ്‌കാരം നഷ്ടപ്പെടുന്ന അവസ്ഥ ഇത് കാണുന്നതു മൂലം ഉണ്ടാകരുത്.

? ഇസ്‌ലാമിക സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് സജീവമാണല്ലോ..

– ശൈഖ് ഹസനുല്‍ ബന്ന മുപ്പതുകളില്‍ തന്നെ ഇസ്‌ലാമിക നാടകങ്ങള്‍ രൂപപ്പെടുത്താന്‍ പരിശ്രമിക്കുകയുണ്ടായി. അന്‍വര്‍ വജ്ദി , ഹുസൈന്‍ സിദ്ഖി തുടങ്ങിയ പ്രശസ്തരായ സാഹിത്യകാരന്മാരോട് അദ്ദേഹം അതിന് സഹായം തേടുകയുണ്ടായി. അതിന് ശേഷം ഈ രംഗത്തേക്ക് നിരവധി പണ്ഡിതന്മാര്‍ കടന്നുവരുകയുണ്ടായി. മര്‍ഹൂം ശൈഖ് സ്വവാഫ് നിരവധി ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഇസ് ലാമിക നാടകങ്ങളും സിനിമകളും രൂപീകരിക്കുക എന്ന ലക്ഷ്യത്തിനായി മൂന്ന് പതിറ്റാണ്ടുകളോളം സഞ്ചരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ വിജയം കണ്ടില്ല. തുര്‍ക്കിയിലെ ചില സഹോദരങ്ങള്‍ ഇസ്‌ലാമിക യോദ്ധാവ് മുഹമ്മദുല്‍ ഫാതിഹിനെ കുറിച്ച സിനിമ നിര്‍മിക്കുകയുണ്ടായി. ഹസന്‍ ഹുസൈന്‍, ഉമറുബ്‌നു അബ്ദുല്‍ അസീസ്, നൂറുദ്ദീന്‍ ശരീഫ്, ജമാലുദ്ദീന്‍ അഫ്ഗാനി, തുടങ്ങിയവരെ കുറിച്ചുള്ള സീരിയലുകള്‍ മഹ്മൂദ് യാസീന്‍ നിര്‍മിക്കുകയുണ്ടായി. ശൈഖ് ശഅറാവി, മറാഗി തുടങ്ങിയവരുടെ ജീവിതം ഹസന്‍ യൂസുഫ് ചിത്രീകരിക്കുകയുണ്ടായി. മെസ്സേജ്, ഉമര്‍ മുഖ്താര്‍ തുടങ്ങിയ സിനിമകള്‍ ലോകത്ത് വലിയ ജനശ്രദ്ധ നേടിയവയാണ്. തികവുറ്റ ഇത്തരം കലാരൂപങ്ങള്‍ക്ക് നല്ല അധ്വാനവും മികച്ച ഫലവുമാണുള്ളത്.

? പര്‍ദ്ദയും ഇസ്‌ലാമിക വേഷവിധാനവുമായി സ്ത്രീകള്‍ സിനിമ രംഗത്തുവരുന്നതിനെ ചിലര്‍ എതിര്‍ക്കുന്നു…

– സ്ത്രീകളെ സിനിമയില്‍ നിന്നും നാടകത്തില്‍ നിന്നും മാറ്റി നിര്‍ത്തുക സാധ്യമല്ല. കാരണം അവള്‍ സമൂഹത്തിന്റെ പാതിയാണ്. സ്ത്രീകള്‍ കഥാപാത്രങ്ങളാകാത്ത കഥകള്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയില്ല. ആദമിന്റെയും ഹവ്വയുടെയും കഥ, നൂഹ് നബിയുടെയും ഭാര്യയുടെയും കഥ, മൂസാനബിയുടെ ഉമ്മയുടെയും സഹോദരിയുടെയും കഥ, ഫറോവയുടെ ഭാര്യയുടെ കഥ, ഇംറാന്റെ ഭാര്യ, പ്രവാചക പത്‌നിമാര്‍….തുടങ്ങി ഖുര്‍ആനിക കഥാവിഷ്‌കാരങ്ങളിലെല്ലാം നിങ്ങള്‍ക്ക് സ്ത്രീകളെ കാണാം. സ്ത്രീകളെ മാറ്റിനിര്‍ത്തി യഥാര്‍ത്ത ചിത്രീകരണം സാധ്യമല്ല. ഇറാന്‍ സിനിമകളെ പോലെ അശ്ലീലതകളില്‍ നിന്നും നഗ്നതകളില്‍ നിന്നും മുക്തമായ സിനിമകള്‍ നാം നിര്‍മിക്കേണ്ടതുണ്ട്. ഫിഖ്ഹുത്തൈസീര്‍, ഫിഖ്ഹുത്തദര്‍റുജ് തുടങ്ങിയ കര്‍മശാസ്ത്ര സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ മാത്രമേ ഈ മേഖലയില്‍ നമുക്ക് കൂടുതല്‍ വെളിച്ചം ലഭിക്കുക. തുടക്കത്തില്‍ തന്നെ പൂര്‍ണ ഇസ്‌ലാമിക ആവിഷ്‌കാരങ്ങള്‍ രംഗത്തുകൊണ്ടുവരാന്‍ നമുക്ക സാധിച്ചെന്നു വരില്ല. ക്രമാനുഗതമായി  അവയെ പരിവര്‍ത്തിപ്പിക്കുവാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്‌

Related Articles