Current Date

Search
Close this search box.
Search
Close this search box.

സ്ഥിരതയാര്‍ന്ന രാജ്യം പ്രതീക്ഷിച്ച് അഫ്ഗാന്‍ ജനത കാത്തിരിക്കുന്നു

കലുഷിതമായ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് ഒരു തെരഞ്ഞെടുപ്പ് കൂടി നേരിടാന്‍ ഒരുങ്ങുകയാണ് അഫ്ഗാന്‍ ജനത.2014 ഏപ്രിലില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആശങ്കകളും പ്രതീക്ഷകളും പങ്കുവച്ചു കൊണ്ട് പ്രമുഖ സ്ഥാനാര്‍ഥിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല അബ്ദുല്ലയുടെ വാക്കുകളെ മുന്‍നിര്‍ത്തി അല്‍ ജസീറ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
കാബൂളിലെ തന്റെ വീട്ടിലെ പുല്‍തകിടിയിലിരുന്ന് സന്ദര്‍ശകരോട് സംസാരിക്കുകയായിരുന്നു അബ്ദുല്ല അബ്ദുല്ല. സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ ഒരു ഡസനോളം പേര്‍ തങ്ങളുടെ മുന്‍ വിദേശകാര്യമന്ത്രിയും വരുന്ന തെരഞ്ഞെടുപ്പിലെ പ്രസിഡന്റ്  സ്ഥാനാര്‍ഥിയുമായ അദ്ദേഹത്തെ കാണാനും അവരെ മദിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനുമായി ക്ഷമയോടെ കാത്തു നില്‍ക്കുന്നു.
‘അഫ്ഗാന്‍ ജനത ആകെ ആശയക്കുഴപ്പത്തിലാണ്.’ അബ്ദുല്ല പറയുന്നു. എങ്ങോട്ടാണ് അഫ്ഗാനിസ്ഥാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അവര്‍ക്കറിയില്ല. കാഴ്ചപ്പാടിന്റെ അപര്യാപ്തത കൊണ്ട് സംഭവിച്ചതാണത്.  മൊത്തത്തില്‍ ജനങ്ങളും അഫ്ഗാന്‍ സര്‍ക്കാരും തമ്മില്‍ ഒരു അവിശ്വാസ്യതയുടെ അന്തരീക്ഷം നിലനില്‍ക്കുന്നതായി അദ്ദേഹം പറയുന്നു. തെരുവിലെ സാധാരണക്കാരനായ ആരോടും അവര്‍ സ്ത്രീയോ പുരുഷനോ ആരുമാകട്ടെ, നിങ്ങള്‍ ഈ സര്‍ക്കാരിനെ ഇഷ്ടപ്പെടുന്നുണ്ടോ എന്നു ചോദിച്ചാല്‍ അവര്‍ പറയും ഇല്ല എന്ന്. അഴിമതിയും അനീതിയും വ്യാപകമായതും നിയമപാലന സംവിധാനം കുത്തഴിഞ്ഞതുമാണ് അവരെക്കൊണ്ട് അങ്ങനെ പറയിക്കുന്നത്.
2001ല്‍ അമേരിക്കന്‍ അധിനിവേശം താലിബാനെ പുറന്തള്ളിയതിനു ശേഷമുള്ള അഫ്ഗാന്‍ ജനതയുടെ പ്രതീക്ഷകളെ തിരിച്ചുകൊണ്ടുവരാനും അതിലൂടെ നഷ്ടപ്പെട്ട വിശ്വാസ്യതയെ പുനസ്ഥാപിക്കാനും അബ്ദുല്ല ആഗ്രഹിക്കുന്നു. സര്‍ക്കാരും അന്താരാഷ്ട്ര സമൂഹവും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുറെ അബദ്ധങ്ങള്‍ കാണിച്ചതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അത്തരം അബദ്ധങ്ങളെ മാറ്റാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ജൂഡീഷ്യല്‍ സംവിധാനത്തിനകത്തും സര്‍ക്കാര്‍ തലത്തിലും അഴിമതിയെ തുടച്ചു നീക്കുകയെന്നത് തന്റെ മുന്‍ഗണനകളില്‍ ഒന്നാണെന്ന് അദ്ദേഹം പറയുന്നു. ‘നമ്മുടെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത അഫാഗാനെ ഒരു പരാജയ രാജ്യമാക്കി മാറ്റിയില്ലെങ്കിലും സര്‍വ്വവ്യാപിയായ അഴിമതി അഫ്ഗാനെ വളരെപെട്ടെന്ന് ഒരു പരാജിത രാജ്യമാക്കി മാറ്റും.’ ‘ഇവിടെ തീരുമാനിക്കപ്പെട്ട് രേഖകളില്‍ വിശ്രമിക്കുന്ന അഴിമതി വിരുദ്ധ തീരുമാനങ്ങളോട് എനിക്ക് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ നല്ല രാഷ്ട്രീയ ഇഛാശക്തിയില്ലെങ്കില്‍ ഒന്നും സംഭവിക്കുകയില്ല.’ അബ്ദുല്ല പറയുന്നു.
ഇതൊരു ഭഗീരഥയത്‌നം തന്നെയെന്ന് അദ്ദേഹം സമ്മതിക്കുന്നു. സര്‍ക്കാര്‍ തലത്തിലും എല്ലാ ഔദ്യോഗിക ഓഫീസുകളിലും അഴിമതി വ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്. അല്ലെങ്കില്‍ ഒരു രേഖ ലഭിക്കുന്നതിന് എന്നു വേണ്ട സര്‍ക്കാരുമായി ബന്ധപ്പെട്ട എന്തിനും കൈക്കൂലി കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാണ്.
സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പുകള്‍
2009ല്‍ അബ്ദുല്ല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. 30 ശതമാനത്തോളം വോട്ട് നേടുകയും ചെയ്തു. വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വില്‍പന നടത്തിയതിനെക്കുറിച്ച് അല്‍ ജസീറ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014 ഏപ്രിലില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് കൂടുതല്‍ നല്ല നിലയില്‍ നടക്കുമെന്ന് അദ്ദേഹം പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു.
‘തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാം ഉദ്ദേശിക്കുന്നത് സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പിനെയാണ്. തീര്‍ച്ചയായും ആ മേഖലയില്‍ വെല്ലുവിളികളുണ്ടാകും. പക്ഷെ നാം പിറകോട്ടടിക്കുകയല്ല വേണ്ടത്. തെരഞ്ഞെടുപ്പ് മുമ്പത്തേക്കാളും മോശമായാല്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുകയും രാജ്യത്തിന്റെ സ്ഥിരതക്കും ദേശീയതയുടെ നിര്‍മ്മാണത്തിനും അത് വലിയ ഒരു തിരിച്ചടിയാകുകയും ചെയ്യും.’ അദ്ദേഹം പറയുന്നു.
തെരഞ്ഞെുടുപ്പ് പ്രഖ്യാപിച്ച പ്രകാരം മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് ഹാമിദ് കര്‍സായി പ്രഖ്യാപിക്കുകയുണ്ടായി. 2009 ലെ തെരഞ്ഞെടുപ്പിലുണ്ടായ ചില പാളിച്ചകള്‍ പരിഹരിക്കുന്നതിനായി ജൂലൈയില്‍ അദ്ദേഹം രണ്ട് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്ക് ഒപ്പ് വക്കുകയുണ്ടായി. അതുപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനിലും തെരഞ്ഞെടുപ്പ് പരാതി കമ്മീഷനിലും പ്രസിഡന്റിന് നിയമിക്കാവുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി. മാത്രമല്ല, പ്രസിഡന്റ് സ്ഥാനാര്‍ത്തിയാകുന്നതിനുള്ള മാനദണ്ഡങ്ങള്‍ കടുത്തതാക്കുകയും ചെയ്തു. അന്താരാഷ്ട്ര നീരീക്ഷകര്‍ക്കുള്ള ക്ഷണം വിദേശകാര്യ മന്ത്രാലയം വഴി യൂറോപ്യന്‍ യൂണിയന്‍, യൂറോപ്പിലെ സുരക്ഷക്കും സഹകരണത്തിനുമായുള്ള സംഘം തുടങ്ങി മറ്റു ഒന്നോ രണ്ടോ ഏജന്‍സികള്‍ക്കു കൂടി മാത്രമേ നല്‍കൂ എന്ന് കാബൂളിലെ ഒരു യു. എന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി എത്രപേര്‍ വരണമെന്നത് ഈ സംഘടനകള്‍ തീരുമാനിക്കും. ഈ തെരഞ്ഞെടുപ്പ് മുമ്പത്തേതിനേക്കാള്‍ നന്നായി സൂക്ഷ്മ നിരീക്ഷണം നടത്തപ്പെടുമെന്ന് അബ്ദുല്ല പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു.
‘അന്താരാഷ്ട്ര നിരീക്ഷണം നല്ലതുതന്നെ. എന്നാല്‍ എവിടെയാണ് അത് കാര്യക്ഷമമായി നടക്കുന്നത്? സുരക്ഷാ കാരണങ്ങള്‍ മൂലം എവിടെയാണത് സാധ്യമാകുന്നത്? ദേശീയ നിരീക്ഷണങ്ങള്‍ രാഷ്ട്രീയമായ സ്വാധീനത്തില്‍ പെടാന്‍ സാധ്യതയുണ്ട്. സ്വാഭാവികമായും രണ്ട് കമ്മീഷനുകളുടെയും സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടാവുന്നതാണ്? ‘ അബ്ദുല്ല പറയുന്നു.
താലിബാന്‍ എന്ന യാഥാര്‍ഥ്യം
സെപ്തംബറില്‍ പ്രസിഡന്റ് നോമിനേഷന്‍ ആരംഭിച്ച ഉടനെ താലിബാന്‍ കുന്ദുസില്‍ വച്ച് മുതിര്‍ന്ന തെരഞ്ഞെടുപ്പുദ്യോഗസ്ഥനെ കൊന്നുകളഞ്ഞു. ഐ. ഇ. സി തലവന്‍ അമാനുല്ല അമാനിനെ വെടിവെച്ചിട്ടു. ഇനിയും കൊലപാതകങ്ങള്‍ നടത്തുമെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.
ഈ വര്‍ഷം കര്‍സായി സര്‍ക്കാര്‍ താലിബാനുമായി സംസാരിക്കാനുള്ള ഒരു പരാജിത ശ്രമം നടത്തിയിരുന്നു. താലിബാന്‍ തങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ ഒരു ഭാവി ഉദ്ദേശിക്കുന്നെങ്കില്‍ അവര്‍ മാറാന്‍ തയ്യാറാവേണ്ടതുണ്ടെന്ന് അബ്ദുല്ല പറയുന്നു. ‘എത്രമാത്രം തീവ്രവാദ ശൈലി താലിബാന്‍ സ്വീകരിക്കുന്നുവോ, ലോകത്ത് വ്യാപിച്ചു കിടക്കുന്ന തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്നുവോ, അത്രമാത്രം രാജ്യത്തിന്റെ നിര്‍മ്മാണാത്മകമായ മേഖലകളില്‍ നിന്നും അവര്‍ സ്വയം തടഞ്ഞു വക്കുകയാണ്.’ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
അവലംബം : അല്‍ ജസീറ
വിവ: അത്തീഖുറഹ്മാന്‍

Related Articles