Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി കേരളത്തിന്റെ യൂത്ത് കള്‍ച്ചര്‍ സെറ്റുചെയ്യുകയാണ്

സോളിഡാരിറ്റി യൂത്ത് സ്പ്രിങിന്റെ പശ്ചാത്തലത്തില്‍  ഇസ്‌ലാം ഓണ്‍ലൈവിന് വേണ്ടി സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളവുമായി അബ്ദുല്‍ബാരി കടിയങ്ങാട് നടത്തിയ അഭിമുഖം:

? സോളിഡാരിറ്റിക്ക് പത്ത് തികയുന്നു.  ഈ കാലയളവില്‍ കേരളത്തിലെ യുവ സംസ്‌കാരത്തില്‍ സോളിഡാരിറ്റി വരുത്തിയ കാതലായ മാറ്റങ്ങള്‍ എന്തെല്ലാമായിരുന്നു?

– കേരളത്തിന്റെ പൊതു യുവജന സംസ്‌കാരത്തിലും ഇസ്‌ലാം മത യുവജന സംസ്‌കാരത്തിലും വളരെ നിശബ്ദമായും സര്‍ഗാത്മകമായും ഇടപെട്ടുകൊണ്ടാണ് സോളിഡാരിറ്റി കഴിഞ്ഞ പത്തു വര്‍ഷക്കാലം പ്രവര്‍ത്തിച്ചത്. അതു മനസ്സിലാക്കാനുള്ള ചില ഇന്‍ഡക്‌സുകള്‍ ഇന്ന് സമൂഹത്തിലുണ്ട്. യു.ഡി.എഫിലെ ഹരിത എം.എല്‍. എമാര്‍ എന്ന പ്രതിഭാസം ഇതിന്റെ നല്ല ഒരു ഇന്‍ഡിക്കേറ്ററാണ്. സോളിഡാരിറ്റി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കേരളത്തിന്റെ യൂത്ത് കള്‍ച്ചര്‍ എന്നത് അതിവേഗ പാതകകളും അതില്‍ ബഹുദൂരം സഞ്ചരിക്കുന്ന വാഹനങ്ങളുമൊക്കെ തന്നെയായിരുന്നു. അന്നാണ് മണ്ണിനും മനുഷ്യനും വേണ്ടി ഒരു തിരുത്ത് എന്ന മുദ്രാവാക്യവും അതിനെ ശക്തിപ്പെടുത്തുന്ന നിരവധി ഇടപെടലുകളുമായി സോളിഡാരിറ്റി രംഗത്ത് വന്നത്. ഇന്ന് തിരിഞ്ഞു നോക്കിയാല്‍ ഹരിത എം എല്‍ എമാര്‍ എന്നത് അവരുടെ പ്രായം നോക്കിയാല്‍ യൂത്തിന്റേതാണ്. രണ്ടാമത്തേത് അവരില്‍ പ്രമുഖനായ ഹൈബി ഈഡനോട് ചില മാധ്യമ പ്രവര്‍ത്തകര്‍ നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന ഒരു ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരായി നിങ്ങളിങ്ങനെ രംഗത്ത് വരുന്നതിന്റെ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇവിടെ വളരെ പ്രസക്തമാണ്. ‘ഞങ്ങള്‍ ചെറുപ്പക്കാരാണ്, പുതിയ ചെറുപ്പക്കാര്‍ ഇങ്ങനെ ചിന്തിക്കുന്നവരാണ്. അതുകൊണ്ട് ഇങ്ങനെയല്ലാതെ ഞങ്ങള്‍ക്ക് നിലപാടെടുക്കാന്‍ കഴിയുകയില്ല’. ചെറുപ്പക്കാര്‍ ഇങ്ങനെ ചിന്തിക്കുന്നവരാണ്. കേരളത്തിന്റെ ഒരു യൂത്ത് കള്‍ച്ചര്‍ ഇങ്ങനെയാണ് എന്ന ഒരു സാമൂഹ്യസാഹചര്യം സൃഷ്ടിക്കുന്നതില്‍ സോളിഡാരിറ്റി വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ യൂത്ത് കള്‍ച്ചറിനെ ഇന്നു കാണുന്ന രീതിയില്‍ സെറ്റ് ചെയ്യുന്നതില്‍ സോളിഡാരിറ്റി നിര്‍ണായകമായ പങ്കുവഹിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മതസംഘടനകള്‍ക്ക് സോളിഡാരിറ്റിയെ കുറിച്ച് പലതരത്തിലുള്ള ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. അതില്‍ ഇസ്‌ലാമില്ല, തൗഹീദില്ല തുടങ്ങിയ പല ആക്ഷേപങ്ങളും അവര്‍ ഉന്നയിച്ചിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഏതാണ്ട് എല്ലാ മതസംഘടനകളും പ്രത്യേകിച്ച്, അവരുടെ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ സോളിഡാരിറ്റിയെ പോലെ തന്നെ  പൊതു സാമൂഹിക പ്രശ്‌നങ്ങള്‍ തങ്ങളുടെ സംഘടനയുടെയും ഇസ്‌ലാമിന്റെയും അടിത്തറയില്‍ നിന്നുകൊണ്ട് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ കഴിയുന്നു. സോളിഡാരിറ്റി അവരുമായി ഒരു നിരന്തര ഏറ്റുമുട്ടിലിന് പോയിട്ടില്ല. പക്ഷെ, സോളിഡാരിറ്റി അവരില്‍ പരകായപ്രവേശം ചെയ്യുന്നതും അവരുടെ അജണ്ടകളെ വലിയ അളവില്‍ സ്വാധീനിക്കുന്നതിനും സമീപകാല കേരളം സാക്ഷിയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുന്നത് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഔദ്യോഗിക വിദ്യാര്‍ഥി സംഘടനയാണ്. അവര്‍ തന്നെ വലിയ അളവില്‍ പിന്തുണക്കുന്ന മുസ്‌ലിം ലീഗും അവരുടെ വിദ്യാര്‍ഥി സംഘടനയും ഉണ്ടായിരിക്കെ തന്നെ അഥവാ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒരു മതവിഷയം അല്ലാതിരിക്കെ തന്നെയാണ് എസ് കെ എസ് എസ് എഫ് അതു വിഭജിക്കണമെന്ന് ശക്തമായ ആവശ്യവുമായി രംഗത്ത് വരുന്നത്. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. മുസ്‌ലിം ലീഗ് പാരിസ്ഥിതിക വിഷയങ്ങളേറ്റെടുക്കുന്നതും സി പി ഐ എം ആതുര സേവന രംഗത്തേക്ക് വരുന്നതിലെല്ലാം സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുറഞ്ഞോ, കൂടിയോ അളവിലുള്ള പങ്കുണ്ടെന്ന് കാണാന്‍ കഴിയും.

? മത ധാരയെയും മതേതര സമൂഹത്തെയും ഒരു പോലെ അഭിമുഖീകരിക്കേണ്ടി വന്ന പ്രസ്ഥാനം എന്ന നിലക്ക് ഇവയെ സമന്വയിപ്പിക്കുന്നതില്‍ പ്രസ്ഥാനം വിജയിച്ചിട്ടുണ്ടോ?

– ഇത്തരത്തിലുള്ള വിശകലനങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ ധാരാളമായി നടന്നുകൊണ്ടിരിക്കുന്നു.   സോളിഡാരിറ്റി മതത്തിന്റെ മുഴുവന്‍ ഉള്ളടക്കങ്ങളും ഏറ്റെടുക്കാന്‍ തീരുമാനിച്ച ഒരു പ്രസ്ഥാനമല്ല. സോഷ്യല്‍ ആക്ടിവിസം, സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നമ്മുടെ പൊതുമണ്ഡലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് സോളിഡാരിറ്റി അതിന്റെ പ്രവര്‍ത്തനപഥമായി നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളതും അതിന്റെ മാതൃസംഘടന അതിന് നിശ്ചയിച്ചിട്ടുള്ളതും.  ആ രംഗത്തുള്ള മതത്തിന്റെ അനുശാസനകള്‍, താല്‍പര്യങ്ങള്‍, ധാര്‍മികവും വിമോചനാത്മകവുമായ മൂല്യങ്ങള്‍ തുടങ്ങിയവയെ പ്രതിനിധീകരിക്കാനും ഉയര്‍ത്തിപ്പിടിക്കാനും ഇസ്‌ലാമിന്റെ അടിത്തറയില്‍ ഇടപെടാനുമാണ് സോളിഡാരിറ്റി ശ്രമിച്ചിട്ടുളളത്.  അതിനപ്പുറത്തും മതത്തിനൊരുപാട് ഭാവങ്ങളുണ്ട്, ഉള്ളടക്കങ്ങളുണ്ട്. അതിനെയെല്ലാം ഉള്‍ക്കൊള്ളാന്‍ സോളിഡാരിറ്റി തീരുമാനിച്ചിട്ടില്ല, അതുകൊണ്ട് ശ്രമിച്ചിട്ടുമില്ല. സമഗ്രമായി ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന ഒരു മാതൃസംഘടനയുടെ യുവജന പ്രസ്ഥാനം മാത്രമാണ് സോളിഡാരിറ്റി. പൊതുമണ്ഡലത്തില്‍ സജീവമായി ഇടപെടുന്ന ഒരു യുവജനപ്രസ്ഥാനം എന്ന നിലക്കാണ് സോളിഡാരിറ്റിയെ അതിന്റെ മാതൃപ്രസ്ഥാനം ഡിസൈന്‍ ചെയ്തത്. ആ ദൗത്യം ഇസ്‌ലാമിക ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി കേരളീയ പൊതുമണ്ഡലത്തില്‍ വളരെ ശക്തമായും ഫലപ്രദമായും നിര്‍വഹിക്കാന്‍ സോളിഡാരിറ്റിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

? മതരംഗത്തും മതേതര രാഷ്ട്രീയ രംഗത്തും നിരവധി യുവ സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ നിന്ന് സോളിഡാരിറ്റിയെ വേറിട്ടുനിര്‍ത്തുന്ന സവിശേഷതകള്‍ എന്തെല്ലാമാണ്?

– വിമോചനാത്മകമായ ഒരു ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്നതു തന്നെയാണ് സോളിഡാരിറ്റിയുടെ സവിശേഷത. സോളിഡാരിറ്റിയുടെ സവിശേഷതകള്‍ പലതും എണ്ണി, അക്കമിട്ട് പറയാന്‍ സാധിക്കും. പക്ഷെ, ഈ സവിശേഷതകളെല്ലാം വിമോചനാത്മകമായ ഇസ്‌ലാമിനെ  പ്രതിനിധീകരിക്കുന്നതിന്റെ ഫലമായി ഉണ്ടായിത്തീരുന്നതാണ്. ഉദാഹരണത്തിന് സോളിഡാരിറ്റിയുടെ സമര രീതി അങ്ങേയറ്റം അഹിംസാത്മകമാണ്. കേരളത്തിലെ മറ്റേത് യുവജന സംഘടനയേക്കാളും വലിയ അളവില്‍ സോളിഡാരിറ്റി സമരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ, നമ്മുടെ മാധ്യമങ്ങള്‍ അതൊരു റിയാലിറ്റി ഷോ അല്ലാത്തത് കൊണ്ട് നിരന്തരം സോളിഡാരിറ്റി സമരങ്ങളെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ അവഗണനകളെല്ലാം ഉണ്ടായിരിക്കെ സോളിഡാരിറ്റി അതിന്റെ കര്‍മശൈലിയില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. അതിന്റെ കാരണം, സമരത്തെ കുറിച്ച് ഇസ്‌ലാമിന് ഒരു കര്‍മശാസ്ത്രമുണ്ട് എന്നതാണ്. ആ കര്‍മശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുകയാണ് സോളിഡാരിറ്റി ചെയ്തത്. സോളിഡാരിറ്റിയുടെ സമരങ്ങള്‍ അക്രമാസ്‌കതമല്ലാതാകുന്നത് യാദൃശ്ചികമോ, ഭീരുത്വത്തിന്റേതായ ഒരു താല്‍ക്കാലിക അടവുനയമോ അല്ല. മറിച്ച്, മത-ധര്‍മ സംഹിതയുടെ അനുശാസനത്തിന്റെ ഭാഗമാണ്.
പ്രത്യേകിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമരസ്ഥലങ്ങളില്‍ സേവനങ്ങള്‍ നടത്തുന്നു എന്നത് ഒരു മതപ്രചോദനത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. സമരം ചെയ്യുക എന്നത് ആത്യന്തികമായ ലക്ഷ്യമല്ല, മറിച്ച് മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സാധ്യമാകുന്ന രീതിയില്‍ പരിഹരിക്കുക എന്നതാണ്. ആ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരോടുള്ള സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ബഹിസ്ഫുരണമായും പ്രതിഫലനമായുമാണ് സോളിഡാരിറ്റിയുടെ സമരങ്ങള്‍ രൂപം കൊള്ളുന്നത്. അപ്പോള്‍ സമരം മാത്രമല്ല, തങ്ങളെ കൊണ്ടാകുന്ന വിധത്തിലുള്ള താല്‍ക്കാലിക പരിഹാര മാര്‍ഗങ്ങളും അവരോടുള്ള സാഹോദര്യം രേഖപ്പെടുത്തലുകളും ആവശ്യമായി വരും. സോളിഡാരിറ്റിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ആ സുഹൃത്തുക്കളോടുള്ള സാഹോദര്യബോധത്തിന്റെ ഭാഗമാണ്. മതത്തിന്റെ മൂല്യങ്ങളെയും നിഷ്ഠകളെയും ഒരു സവിശേഷ സന്ദര്‍ഭത്തില്‍  സമൂഹത്തിനകത്ത് വളരെ സര്‍ഗാത്മകമായി പ്രയോഗിക്കുകയാണ് സോളിഡാരിറ്റി ചെയ്തിട്ടുള്ളത്. ഇസ്‌ലാമിന്റെ ഈ സാമൂഹിക പ്രയോഗവല്‍ക്കരണമാണ് സോളിഡാരിറ്റിയെ മറ്റു മത-മതേതര സംഘടനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

? നൂറോളം സമര മേഖലകളില്‍ സോളിഡാരിറ്റിയുടെ സാന്നിധ്യം ഉണ്ട്. ഇവ പൊതുജന-മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവുനയത്തിന്റെ ഭാഗമായിരുന്നു എന്ന വിമര്‍ശനത്തെ എങ്ങനെ നോക്കിക്കാണുന്നു. സോളിഡാരിറ്റിയുടെ ശ്രദ്ദേയമായ സമരങ്ങളെ കുറിച്ച് വിവരിക്കാമോ?

– രണ്ട് ചോദ്യങ്ങളതിലുണ്ട്. ഒന്ന്, ശ്രദ്ധപിടിച്ചുപറ്റാന്‍ ലോകത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ശ്രദ്ധപിടിച്ചുപറ്റാനുള്ള അടവുനയത്തിന്റെ ഭാഗമായല്ല സോളിഡാരിറ്റി ജനകീയ സമരങ്ങളില്‍ ചെന്നു ചേരുന്നത്. പിന്നെ ഒരു സംഘടന അതിന്റെ ലക്ഷ്യത്തിലും നയത്തിലും മുന്നോട്ട് പോകുമ്പോള്‍ അതിനനുസൃതമായി സംഘടനപ്രവര്‍ത്തനത്തിന് ജന-മാധ്യമ ശ്രദ്ധ നേടിയെടുക്കുന്നു എന്നത് ഒരു ചീത്ത കാര്യമേ അല്ല. ഏതൊരു സംഘടനയും സംഘടന എന്ന നിലക്ക് നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിര്‍ബന്ധമായും നടത്തിയിരിക്കേണ്ട പ്രവര്‍ത്തനമാണത്. ജനകീയ സമരങ്ങളില്‍ സോളിഡാരിറ്റി ചെന്നുചേരുന്നത് പ്രശ്‌നങ്ങളും പ്രതിസന്ധിയും അഭിമുഖീകരിക്കുന്ന മനുഷ്യര്‍, അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍,  അതു പരിഹരിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ എന്ന നിലക്കാണ്. അതു എവിടെയാണെങ്കിലും സോളിഡാരിറ്റിക്ക് സാധ്യമാകുന്ന വിധത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലവും സോളിഡാരിറ്റി ശ്രമിച്ചിട്ടുണ്ട്. അത് ചില സമരങ്ങളില്‍ കൂടിയ അളവില്‍ ചെയ്തിട്ടുണ്ടാവും, ചില സമരങ്ങളില്‍ കുറഞ്ഞ അളവിലായിരിക്കും. അത് സമരങ്ങളുമായും അവിടുത്തെ ആവശ്യങ്ങളുമായും ഒക്കെ ബന്ധപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. ചില സമരങ്ങളില്‍ ചെയ്ത ഒരുപാട് പ്രവര്‍ത്തനങ്ങളുണ്ടാകും. ഇത് ഒരുപക്ഷെ, പൊതുസമൂഹം വേണ്ടത്ര അറിഞ്ഞുകൊള്ളണമെന്നില്ല. ചില സമരങ്ങളില്‍ ചെറിയ ചില സംഭാവനകളായിരിക്കും യഥാര്‍ഥത്തില്‍ അര്‍പ്പിച്ചിട്ടുണ്ടാവുക. പക്ഷെ, അത് വലിയ അളവില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവും. അതിന് നിരവധി കാരണങ്ങളുണ്ടാകുകയും ചെയ്യും.

? സോളിഡാരിറ്റിയുടെ ഇടപെടലുകളിലെ ഇസ്‌ലാമിക അടിത്തറ അണികളെയും സമൂഹത്തെയും ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്ന വിലയിരുത്തലുകളെ കുറിച്ചുള്ള പ്രതികരണമെന്താണ്?

– ഇത് യഥാര്‍ഥത്തില്‍ വളരെ ലളിതമായ കാര്യമാണ്. അക്രമം നടക്കുന്നിടത്ത് അക്രമിക്കെതിരെ മര്‍ദ്ധിതന്റെ പക്ഷത്ത് നില്‍ക്കുക, അല്ലാഹു മുഴുവന്‍ ജീവജാലങ്ങള്‍ക്കുമായി നല്‍കിയിട്ടുള്ള ഭൂമിയിലെ വിഭവങ്ങള്‍ മനുഷ്യരിലെ ചില വ്യക്തികള്‍ കൊള്ളയടിക്കാനും നശിപ്പിക്കാനും ശ്രമിക്കുമ്പോള്‍ അവരുടെ കൈക്ക് പിടിക്കുക, ഇതൊക്കെ ഇസ്‌ലാമാണ്, ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ സുപ്രധാന ഭാഗമാണ് എന്നത് നിരന്തരമായി വിശദീകരിക്കേണ്ട ഒരു കാര്യമല്ല. ഇത് വിശദീകരിക്കേണ്ട ഭാഗമാണ് എന്ന് തോന്നുന്നത് മതമെന്നു പറയുന്നത് ആധ്യാത്മികവും അനുഷ്ഠാനപരവുമായ കാര്യങ്ങളും, മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാര ശ്രമങ്ങളാണ് എന്നൊക്കെയുള്ള ഒരു ബോധം ശക്തമായി നിലനില്‍ക്കുന്നതു കൊണ്ടാണ്. നീതിക്ക് സാക്ഷികളാകുക, ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങളാണ് ഇതിന്റെ ആശയ തലം എന്നു പറയുന്നത്. ഇത് സോളിഡാരിറ്റി ധാരാളമായി വിശദീകരിച്ചിട്ടുണ്ട്. ഇത് ബോധ്യപ്പെട്ട ആളുകളാണ് മുസ്‌ലിം സമുദായത്തില്‍ നിന്ന് സോളിഡാരിറ്റിയില്‍ അണിനിരന്നിട്ടുള്ളവര്‍. ഇതൊരു സങ്കീര്‍ണമായ വിഷയമായി സോളിഡാരിറ്റി മനസ്സിലാക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് മുസ്‌ലിം മതസംഘടനകള്‍ ആദ്യഘട്ടത്തില്‍ വലിയ ആശങ്കകളും ആക്ഷേപങ്ങളും സോളിഡാരിറ്റിയെ കുറിച്ച് ഉന്നയിച്ചെങ്കിലും, അടുത്ത ഒരു ഘട്ടം വന്നപ്പോള്‍ അവര്‍ തന്നെ സോളിഡാരിറ്റിയെ സ്വാംശീകരിക്കാന്‍ ശ്രമിച്ചത് എന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് ഖുര്‍ആനിന്റെയും ഹദീസിന്റെയും പ്രമാണങ്ങള്‍ മാത്രമല്ല, ഇന്ത്യയിലെയും കേരളത്തിലെയും ലോകത്തിലെയും മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തില്‍ പതിഞ്ഞുകിടക്കുന്ന ഒന്നാണ്. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ, ജന്മിത്തത്തിനെതിരെ, ജാതിമേല്‍ക്കോയ്മക്കെതിരെ, സര്‍വ അനീതികള്‍ക്കെതിരെയും അതത് കാലങ്ങളില്‍ മുസ്‌ലിം സമൂഹം പണ്ഡിതന്മാരുടെയും സദ്‌വൃത്തരായ ആളുകളുടെയും നേതൃത്വത്തില്‍ വമ്പിച്ച സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനെ കുറിച്ച് മുസ്‌ലിം സമൂഹത്തിന് ഒരു ആശയക്കുഴപ്പവുമുണ്ടായിരുന്നില്ല. മത-ജീവിത വിഭജന വാദവും അതിനെ പിന്തുണച്ച മതപണ്ഡിതന്മാരും മതവിഭാഗങ്ങളും സൃഷ്ടിച്ചതാണ് ഈ ആശയക്കുഴപ്പം.  ഈ ദിശയില്‍ മുന്നോട്ട് പോകുമ്പോള്‍ ഇത്തരം ആശയക്കുഴപ്പങ്ങള്‍ ക്രമേണ സ്വാഭാവികമായും പരിഹരിക്കപ്പെടും എന്നാണ് സോളിഡാരിറ്റി വിശ്വസിക്കുന്നത്.

? ഇടതു പക്ഷ ചട്ടക്കൂടില്‍ നിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് എന്നു വിലയിരുത്തപ്പെടുന്നത് എന്തുകൊണ്ട്?

– സക്കറിയ എഴുതിയ ‘നബിയുടെ നാട്ടില്‍’ എന്നൊരു പുസ്തകമുണ്ട്.  ഫഌറ്റിലെ ലിഫ്റ്റില്‍ ഇറങ്ങിവരുന്ന പെണ്ണിനെ ഒരാള്‍ കടന്നുപിടിച്ചു. ഉടന്‍ ആ പെണ്ണ് ഇയാളുടെ കരണത്തടിച്ചു. അതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ‘അവളൊരു DYFIക്കാരിയാണല്ലേ’ എന്നു ഒരാള്‍ ചോദിക്കുന്നുണ്ട്. ഇതു കേരളത്തിന്റെ ഒരു ബോധമാണ്. എല്ലാ ശക്തമായ സാമൂഹിക ഇടപെടലുകളും അതിനുള്ള ശേഷിയും കമ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ ഉള്ളൂ, ഇനി അത് വേറെ ആരെങ്കിലും പ്രകടിപ്പിക്കുന്നുവെങ്കില്‍ കമ്യൂണിസത്തെ അനുകരിക്കുകയാണ്  എന്ന വിമോചന ആശയങ്ങളെ കുറിച്ചുള്ള വൈജ്ഞാനികമായ പരിമിതിയില്‍ നിന്നാണ് ഈ ആരോപണം ഉണ്ടാകുന്നത്. മറ്റൊന്ന് ഇടതുപക്ഷത്തിന്റെ ഒരു അധീശത്വമാണ്. ‘എല്ലാ വിമോചനാത്മകതകളും ഞങ്ങളുടേതാണ്’, മറ്റാരെങ്കിലും അതു ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതു ഞങ്ങളെ കോപ്പി ചെയ്യുന്നതാണ് എന്ന ഇടതുപക്ഷ അധീശത്വത്തില്‍ അഥവാ ജ്ഞാനപരമായ അവരുടെ മേല്‍ക്കോയ്മക്ക് മറ്റുള്ളവരും അടിമകളായിത്തീരുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്. കാറല്‍ മാക്‌സും എംഗല്‍സും ജനിക്കുന്നതിന് മുമ്പാണ് ചരിത്രത്തിലെ ഇസ്‌ലാം, വിശ്വാസികളും അല്ലാത്തവരുമായ മനുഷ്യര്‍ക്ക് വേണ്ടിയുള്ള വലിയ വിമോചന പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തില്‍ തന്നെ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരായി രാഷ്ട്രീയവും സൈദ്ധാന്തികവുമായ സമരത്തിന് നേതൃത്വം നല്‍കുന്നത് മാര്‍ക്‌സിസം എന്ന പ്രത്യയശാസ്ത്രം ഭൂമിയിലില്ലാത്ത കാലത്ത്, അ്‌ല്ലെങ്കില്‍ അതിനും എത്രയോ മുമ്പ് ഇസ്‌ലാമും ഇസ്‌ലാമിക പണ്ഡിതന്മാരുമായിരുന്നു. ജന്മിത്തത്തിനും ജാതിമേല്‍ക്കോയ്മകള്‍ക്കുമെതിരായ സമരം തുടങ്ങിയത്, ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ സമരം ആരംഭിച്ചത്, നികുതിനിഷേധ പ്രസ്ഥാനം ആരംഭിച്ചത്…ഇതൊന്നും കേരളത്തിലെ മതേതരോ ഇടതുപക്ഷമോ ആയിരുന്നില്ല, ഇസ്‌ലാമും ഇസ്‌ലാമിക പണ്ഡിതന്മാരുമായിരുന്നു എന്ന് കാണാന്‍ കഴിയും.  അത് കൊണ്ട് തന്നെ വിമോചനപ്പോരാട്ടങ്ങള്‍ എല്ലാം ഇടതുപക്ഷമാണ് എന്നത്  വിമോചനത്തെ കുറിച്ചുള്ള ഇടതുപക്ഷ അവകാശവാദത്തിന്റെ വകവെച്ചുകൊടുക്കലാണ്, മുസ്‌ലിം സമൂഹത്തിന്റെ കാര്യം വളരെ കഷ്ടമാണ്, സ്വന്തം പാരമ്പര്യത്തെ കുറിച്ച അജ്ഞതയില്‍ നിന്നാണ് ഈ നിരൂപണങ്ങളവരിലുണ്ടാകുന്നത്.  പിന്നെ ചരിത്രമെന്നത് കൊടുക്കല്‍ വാങ്ങലുകളുടെതാണ്. ആ അര്‍ഥത്തില്‍ ലോകത്തിലെ എല്ലാ വിമോചന പ്രസ്ഥാനങ്ങലും കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനവും അതിന്റെ ശക്തമായ സാമൂഹ്യഇടപെടല്‍ വേദിയായ സോളിഡാരിറ്റിയുമെല്ലാം ഒരുപാട് കാലം സാമൂഹിക വിവേചനങ്ങള്‍ക്കെതിരെ  അതിശക്തമായി പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്ന് ശൈലികളോ മാര്‍ഗങ്ങളോ ഒക്കെ സ്വാംശീകരിച്ചിട്ടുണ്ടാവാം. അത് ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നു മാത്രമല്ല, ഇടതുപക്ഷ വിരുദ്ധമായ ഇടതുപക്ഷാനന്തര സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സോളിഡാരിറ്റി പോലുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സ്വാംശീകരിച്ചിട്ടുണ്ട്. ഇടതു പക്ഷാനന്തര സാമൂഹിക പ്രസ്ഥാനങ്ങളുമായ സമ്പര്‍ക്കത്തെ കുറിച്ച് ആളുകള്‍ക്ക് വേണ്ടത്ര വിവരമില്ലാത്തതുകൊണ്ട് അതൊക്കെ ഇടതുപക്ഷമാണെന്നാണ് പല ആളുകളും വളരെ ഉപരിപ്ലവമായി ധരിക്കുന്നത് എന്നാണ് കാര്യം.

? ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗം എന്ന നിലയില്‍ സോളിഡാരിറ്റി മതമൗലിക വാദ പ്രസ്ഥാനമാണെന്ന ഇടതുപക്ഷ-മതേതര വിമര്‍ശനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

– ജമാഅത്തെ ഇസ്‌ലാമി ഒരു മതമൗലിക വാദ പ്രസ്ഥാനമല്ല, ഒരു മതവിമോചന പ്രസ്ഥാനമായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്. മതമൗലിക വാദമെന്നത് യഥാര്‍ഥത്തില്‍ ക്രിസ്ത്യന്‍ സാഹചര്യത്തിലുള്ള ഒരു പദപ്രയോഗമാണ്. ഇസ്‌ലാമിനകത്ത് ആര്‍ക്കൊക്കെ എത്രത്തോളം ഫിറ്റാകുമെന്നതു തന്നെയും ആലോചിക്കേണ്ടതാണ്. രണ്ടാമത്തെത്, മതപ്രസ്ഥാനം- സാമൂഹിക ഇടപെടലുകള്‍ എന്നത് ഒരിക്കലും യോജിക്കുന്നതല്ല, അതിന്റെ അജണ്ട വേറെയെന്തോ ആയിരിക്കണം എന്ന മുന്‍വിധിയുള്ളവര്‍ മതപ്രസ്ഥാനങ്ങളുടെ സാമൂഹിക ഇടപെടലുകള്‍ അടവുനയമായികാണുന്നു. ഈ ബോധ്യത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള ചോദ്യങ്ങളും ആരോപണങ്ങളും ഉയരുന്നത്.  മതമെന്നത് മനുഷ്യന്റെ ഭൗതിക ജീവിതത്തില്‍ വളരെ ക്രിയാത്മകവും സജീവവും വിമോചനാത്മകവുമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. അതു തന്നെയാണ് പ്രവാചകന്മാരുടെയും മുന്‍ഗാമികളുടെയും പാരമ്പര്യവും. രാഷ്ട്രം, കുടുംബം, നാഗരികത എന്നിവയെ കുറിച്ചെല്ലാം അതിന് കൃത്യമായ സങ്കല്‍പമുണ്ട്, ആ ദിശയിലേക്ക് സഞ്ചരിക്കാനും മനുഷ്യരാഷിയെ പ്രസ്തുത സരണയില്‍ മുന്നോട്ട് കൊണ്ടുപോകാനുമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. പക്ഷെ, അതിന്റെ തന്നെ ഭാഗമാണ് മനുഷ്യനനുഭവിക്കുന്ന എല്ലാ മര്‍ദ്ധനങ്ങള്‍ക്കും പീഢനങ്ങള്‍ക്കും അനീതികള്‍ക്കുമെതിരായി പൊരുതുക എന്നു പറയുന്നത്. അനീതികളും മര്‍ദ്ധനങ്ങളും പീഢനങ്ങളുമില്ലാത്ത ദൈവദത്തമായ നീതിയും സമത്വവും കളിയാടുന്ന ഒരു സാമൂഹ്യക്രമത്തെ കുറിച്ചാണ് ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സംസാരിക്കുന്നത്. അത്തരം പ്രത്യയശാസ്ത്രപരമായ അജണ്ടകളും വിമോചന പോരാട്ടങ്ങളും പരസ്പര വിഭിന്നങ്ങളാണ് എന്ന ധാരണ കാര്യങ്ങളെ യഥാവിധി മനസ്സിലാക്കത്തത് കൊണ്ട് സംഭവിക്കുന്നതാണ്.

? അറബ് വസന്തം കേരളത്തിലെ യുവജനങ്ങള്‍ക്കും യുവജന സമരങ്ങള്‍ക്കും നല്‍കുന്ന സന്ദേശം എന്താണ്?

– 1789-ലെ ഫ്രഞ്ച് വിപ്ലവം പത്തൊമ്പാം നൂറ്റാണ്ടിനെയും 1917-ലെ റഷ്യന്‍ വിപ്ലവം ഇരുപതാം നൂറ്റാണ്ടിനെയും എങ്ങനെയാണ് സ്വാധീനിച്ചത,് അതുപോലെ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നിര്‍ണ്ണയിക്കാന്‍ പോകുന്ന ഒരു വിപ്ലവമാണ് അറബ് വസന്തം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ‘വിപ്ലവം തോക്കിന്‍ കുഴലിലൂടെ’ എന്നാണ് വിപ്ലവത്തെ കുറിച്ചുള്ള ഒരു പരമ്പരാഗത ധാരണ. വിപ്ലവത്തിന്റെ നിറം തന്നെ ചുവപ്പാണ്. അതില്‍ നിന്ന് വ്യത്യസ്തമായി ആയുധരഹിതമായി വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും, സേഛ്വാധിപതിയായ ഭരണാധികാരിയോട് എല്ലാ അമര്‍ഷങ്ങളും ഉണ്ടായിരിക്കെ തന്നെ  അവരെ തെരുവില്‍ കൊലപ്പെടുത്താതെയും ഒരു ജനാധിപത്യ വിപ്ലവം സാധ്യമാകുമെന്നാണ് അറബ് വസന്തം നമ്മെ പഠിപ്പിക്കുന്നത്. ഒരു വിപ്ലവത്തിന് ഒരു പ്രത്യയശാസ്ത്ര മുന്നണിപ്പട ഉണ്ടാവണം, അവര്‍ക്കു മാത്രമേ വിപ്ലവം നയിക്കാന്‍ കഴിയുകയുള്ളൂ എന്ന ധാരണ തിരുത്തപ്പെടുകയാണ്. പല ആശയങ്ങളിലുള്ളവര്‍ വിപ്ലവം ബഹുവചനമാണ് എന്ന അര്‍ഥത്തില്‍ പങ്കുചേരുകയാണ്. മതത്തിന് സാമൂഹിക പരിവര്‍ത്തനത്തില്‍ ഗുണപരമായി ഒന്നും ചെയ്യാനില്ല, മതത്തിന്റെ സ്ഥാനം മര്‍ദ്ധകന്റെ പക്ഷത്താണ്  എന്ന ധാരണ അട്ടിമറിക്കപ്പെടുകയാണ്. ഇങ്ങനെ നമ്മുടെ ആശയപരമായ ഭാവനകളെയും ധാരണകളെയും പൊളിച്ചെഴുതുന്ന ഒരു വിപ്ലവമാണ് അറബ് വസന്തം. അത് അറബ് നാടുകളില്‍ നടന്ന ഒരു രാഷ്ട്രീയ വിപ്ലവം മാത്രമല്ല. നമ്മുടെയൊക്കെ മാനസിക ചക്രവാളങ്ങളില്‍ നടന്ന ഭാവനയുടെയും ആശയത്തിന്റേതുമായ ഒരു വിപ്ലവം കൂടിയാണ്. ഇത് തീര്‍ച്ചയായും ഇസ്‌ലാമിക വിമോചന യുവജനസമൂഹത്തെ ആവേശഭരിതരാക്കുന്നതാണ്, അവരുടെ പ്രതീക്ഷകള്‍ അങ്ങേയറ്റം വര്‍ദ്ധിപ്പിക്കുന്നതാണ്. പൊതു സമൂഹവുമായുള്ള സമ്പര്‍ക്കങ്ങളിലും സംവാദങ്ങളിലും് എളുപ്പത്തില്‍ സംവേദനങ്ങള്‍ സാധ്യമാക്കുന്ന ഒന്നാണെന്നാണത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

? യൂത്ത് സ്പ്രിങ്ങിലൂടെ പ്രകാശിപ്പിക്കാനുദ്ദേശിക്കുന്നത് എന്താണ്?

– യൂത്ത് സ്പ്രിങ്ങ് ഒരു ഫെസ്റ്റാണ്, ഒരു കാര്‍ണിവെല്‍ ആണ്. സോളിഡാരിറ്റി കുറേകൂടി യൂത്ത് ഓറിയന്റ് ആകണമെന്ന് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് സോളിഡാരിറ്റി കൂടി പിന്തുണക്കുന്ന ഒരു ബഹുജന രാഷ്ട്രീയ പ്രസ്ഥാനം ദേശീയ തലത്തില്‍ രൂപപ്പെടുകയും കേരളത്തിലടക്കം സജീവമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ബഹുജന രാഷ്ട്രീയ അജണ്ടകളില്‍ നിന്ന് കുറേ കൂടി യൂത്ത് അജണ്ടകളിലേക്ക് സംഘടന മാറണമെന്നാണ് അത് സ്വയം ആഗ്രഹിക്കുന്നത്. സോളിഡാരിറ്റിയുടെ ഇപ്പോഴുള്ള മൂന്ന് അജണ്ടകള്‍ എന്നുപറയുന്നത് സമരം, സേവനം, പഠനം എന്നതാണ്. ചെറുപ്പക്കാരുടെ അഭിരുചി എന്നു പറയുന്നത് ഇതു മാത്രമല്ല. പൊതുവില്‍ ആ എയ്ജ് ഗ്രൂപ്പ് ആഹ്ലാദത്തെയും ആഘോഷത്തെയും ഉത്സവത്തെയും ഇഷ്ടപ്പെടുന്നവരാണ്. അത് യൗവനത്തിന്റെ ഒരു മുഖമുദ്രയാണ്. അതേ പോലെ പലതരത്തിലുള്ള ഇന്നവേഷന്‍സ്, കണ്ടുപിടുത്തങ്ങള്‍ ഇതൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പാണ്. അവരില്‍ ബിസിനസ്സ് രംഗത്ത് ക്രിയാത്മകമായ പലതരത്തിലുള്ള പരീക്ഷണങ്ങള്‍,  ചുവടുവെപ്പുകള്‍ നടത്തുന്നവരുണ്ട്. സേവന രംഗത്തും സാമൂഹിക രംഗത്തും ഇടപെടുന്നവരുണ്ട്. ഇതിനെയെല്ലാം അഭിമുഖീകരിക്കാന്‍ സോളിഡാരിറ്റി നടത്തുന്ന ഒരു ശ്രമമാണിത്. മാത്രമല്ല, മുമ്പ് കാലത്തെതിന് വ്യത്യസ്തമായി യുവത്വത്തിന്റെ രസങ്ങള്‍, അഭിരുചികള്‍ അത് വളരെ പൊളിറ്റിക്കലായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു കാലം കൂടിയാണ് ഇന്ന്. ഇതിന്റെ ഒരു വലിയ പ്രകടനവേദിയായിരുന്നു അറബ് വസന്തം എന്നത്.
ചെറുപ്പക്കാരെ കുറിച്ച് ഒരാക്ഷേപം അവര്‍ കമ്പ്യൂട്ടറില്‍ ചത്തുപോയ ഒരു തലമുറയാണ് എന്നാണ്, പക്ഷെ ആ കമ്പ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയും തന്നെയാണ് അവര്‍ വിപ്ലവത്തിന്റെ മാധ്യമമാക്കിയത്. തമാശകളില്‍ സമയം കളയുന്നവരാണ് എന്നാണ് ചെറുപ്പക്കാരെ കുറിച്ചുള്ള മറ്റൊരു ആക്ഷേപം. തമാശയെ തന്നെ വലിയ സമരായുധമാക്കി എന്നതാണ് അറബ് വസന്തത്തില്‍ നമ്മള്‍ കാണുന്നത്. പാട്ടും നൃത്തവുമെല്ലാം സമര രൂപങ്ങളായി മാറുകയാണ്. പരമ്പരാഗത സമരശൈലികളില്‍ നിന്ന് വ്യത്യസ്തമായിട്ട് പ്രാര്‍്ഥനയും നമസ്‌കാരവും ജുമുഅയുമെല്ലാം ഉയര്‍ത്തെഴുന്നേല്‍പിന്റെ ഭാഗമായി മാറുന്നു്. കേരളത്തിലേക്കു വന്നാല്‍ പലതരം കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന, തൊഴിലന്വേഷകര്‍ക്കപ്പുറം തൊഴിലുല്‍പ്പാദകര്‍ കൂടിയായ ചെറുപ്പക്കാറെ കാണാം. അവരുടെ പ്രാദേശികമായ പലതരം ക്ലബ്ബുകള്‍, കൂട്ടായ്മകള്‍ കാണാം. ഡോക്യുമെന്ററികള്‍, ആല്‍ബങ്ങള്‍, ഹിപ്പ്‌ഹോപ്പുകള്‍ ഇത്തരത്തില്‍ പുതിയ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച്  നിരവധി സാഹിത്യ സൃഷ്ടികള്‍ നിര്‍മിക്കുന്ന ചെറുപ്പക്കാരുണ്ട്, ഇന്റര്‍നെറ്റ് ആക്ടീവിസ്റ്റുകളുണ്ട്,  ഇവരെയെല്ലാം സമാഹരിച്ച് ഇതിന്റെയെല്ലാം ഒത്തുചേരലും ആഘോഷവുമായിട്ടുള്ള പരിപാടിയെന്നതാണ് യൂത്ത് സ്പ്രിങ്ങിനെ കുറിച്ചുള്ള ഒരു കണ്‍സെപ്റ്റ് എന്നു പറയുന്നത്.  ഒരിക്കലും അതൊരു പ്രഭാഷണ പരിപാടിയല്ല, മറിച്ച് അനുഭവങ്ങള്‍, പാട്ട്, സംഗീതം, പുതിയ സമരരൂപങ്ങള്‍, സംരംഭകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും അനുഭവങ്ങള്‍…ഇങ്ങനെ പ്രഭാഷണത്തിനുമപ്പുറത്തുള്ള ആവിഷ്‌കാരത്തിന്റേതും സംവേദനത്തിന്റേതുമായ മൂന്ന് ദിനരാത്രങ്ങളാണ്  യൂത്ത് സ്രപ്രിങ്ങിലൂടെ അവതരിപ്പിക്കാന്‍ സോളിഡാരിറ്റി ശ്രമിക്കുന്നത്. യുവാക്കളെ സമഗ്രമായും അവരുടെ സമസ്താഭിരുചികളേയും അഭിമുഖീകരിക്കാന്‍ സോളിഡാരിറ്റി നടത്തുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.

? സോളിഡാരിറ്റി തന്നെ പിന്തുണക്കുന്ന ഒരു ബഹുജന രാഷ്ട്രീയ പ്രസ്ഥാനം ദേശീയ തലത്തില്‍ രൂപപ്പെടുകയും കേരളത്തിലടക്കം സജീവമായിരിക്കുന്ന സന്ദര്‍ഭത്തില്‍ സോളിഡാരിറ്റിയെ കുറിച്ച ചില പുനരാലോചനകള്‍ അനിവാര്യമല്ലേ!, സമരരംഗത്ത് സജീവമായ പ്രസ്ഥാനം പെട്ടെന്ന് ഒരു പിന്‍വലിയല്‍ നടത്തുമ്പോള്‍ പ്രസ്ഥാനത്തിന്റെ ഇമേജിന് അത് ദോഷം ചെയ്യുകയില്ലേ?

– പുതിയ കാലത്ത് ഇസ്‌ലാമിക സമൂഹം വളരെ ചടുലവും ചലനാത്മകവുമാണ്. ഇന്ത്യയിലും അതിന്റെ പ്രതിഫലനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. പലതരത്തിലുള്ള പുതിയ പരീക്ഷണങ്ങള്‍, എല്ലാ ജനവിഭാഗങ്ങളുമായുള്ള സമ്പര്‍ക്കങ്ങള്‍… എന്നിവയുമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുമ്പോട്ട് പോയിക്കൊണ്ടിരിക്കുകയാണ്, സംഘടനകള്‍ എന്നത് യഥാര്‍ഥത്തില്‍ പുതിയ എങ്കേജ്‌മെന്റിനുള്ള രൂപങ്ങളാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതിന്റെ പരമ്പരാഗത ഘട്ടത്തില്‍ നിന്ന് പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. ഈ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പുനക്രമീകരണം നടത്തേണ്ടത് കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ കേരളീയ സമൂഹത്തില്‍ ശക്തമായി നിലയുറപ്പിച്ച സോളിഡാരിറ്റി മാത്രമല്ല, അതിന്റെ മാതൃപ്രസ്ഥാനം, വിദ്യാര്‍ഥി പ്രസ്ഥാനം, വനിത പ്രസ്ഥാനം, കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെല്ലാം പുതിയ ക്രമീകരണങ്ങള്‍ക്ക് വിധേയമാകേണ്ടി വരും. അത്തരം ക്രമീകരണങ്ങള്‍ ഒരു നഷ്ടമോ തളര്‍ച്ചയോ പിറകോട്ട് പോകലോ അല്ല, മറിച്ച് മൊത്തത്തിലുള്ള ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും വികാസവും ശക്തിയും വളര്‍ച്ചയുമാണത്. അത് എങ്ങനെയെന്ന് ഇപ്പോള്‍ ഒരു സ്‌ക്രിപ്റ്റ് എഴുതി പറയുക സാധ്യമല്ല. അത് സന്ദര്‍ഭങ്ങളോട് പ്രശ്‌നങ്ങളോട് പ്രതികരിച്ചുകൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒരു പുതിയ ശൈലി രൂപപ്പെടുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

Related Articles