Current Date

Search
Close this search box.
Search
Close this search box.

സുരക്ഷാ ഭീഷണിയായ പശുക്കളുടെ കഥ

wanted18.jpg

ഒന്നാം ഇന്‍തിഫാദയുടെ സമയത്ത് ഫലസ്തീനിലെ ബൈത്ത് സാഹൂര്‍ പ്രദേശത്ത് ഒരു ചെറിയ ക്ഷീരവ്യവസായ പദ്ധതി തുടങ്ങാനുള്ള ഫലസ്തീനികളുടെ ശ്രമങ്ങള്‍ വിവരിക്കുന്ന അധിനിവേശ വിരുദ്ധ ഡോക്യുമെന്ററി ചിത്രമാണ് ‘ദ വാന്റഡ് 18’. പശുക്കളെ ഇസ്രയേലിന്റെ ദേശീയസുരക്ഷക്ക് ഭീഷണിയായി കാണുന്ന സൈനികരില്‍ നിന്നും 18 പശുക്കളെ ഒളിപ്പിക്കാനുള്ള ശ്രമമാണ് അതില്‍ ചിത്രീകരിക്കുന്നത്. 2015 ജൂണ്‍ 16ന് സിനിമ പുറത്തുവന്ന സമയത്ത് ചിത്രത്തിന്റെ സംവിധായകന്‍ ആമിര്‍ ശുമലിയുമായി ഫലസ്തീനിലെ റാമല്ലയില്‍ വെച്ച് നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണ് ചുവടെ:

ഐസീസ് നുസൈര്‍: ഈ സിനിമയുടെ ആശയം എവിടെ നിന്നായിരുന്നു?
ആമിര്‍ ശുമലി: സിറിയയിലെ യര്‍മൂക് അഭയാര്‍ഥി ക്യാമ്പിലാണ് ഞാന്‍ വളര്‍ന്നത്. ഒന്നാം ഇന്‍തിഫാദ നടക്കുമ്പോള്‍ (1987) എന്റെ മാതാപിതാക്കള്‍ ഫലസ്തീന്റെ കഥകള്‍ എനിക്ക് വിവരിച്ചു തന്നിരുന്നു. ഒരു കുട്ടിയായതു കൊണ്ട് സംഭവിച്ചതെല്ലാം അവര്‍ എന്നോട് പറഞ്ഞില്ല. ഒരു പനക്കുള്ളില്‍ ഒളിച്ച അമ്മാവനെ ഇസ്രയേല്‍ അറസ്റ്റ് ചെയ്ത കഥ ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഫലസ്തീനെയും എന്നോടൊപ്പം ജീവിച്ച ആളുകളെ കുറിച്ചുമായിരുന്നു ഈ കഥകള്‍. ആസ്റ്ററിക്‌സ്,് ടിന്റിന്‍ പോലുള്ള കോമിക് പുസ്തകങ്ങളോടും സൂപ്പര്‍ ഹീറോകളും അക്കാലത്തെ് എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു.

ഓസ്‌ലോ ഉടമ്പടിക്ക് ശേഷം 1997-ല്‍ ഫലസ്തീനിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നിരാശയും ഞെട്ടലുമാണ് അതുണ്ടാക്കിയത്. എന്റെ സങ്കല്‍പത്തിലുണ്ടായിരുന്ന ഫലസ്തീന്‍ ആയിരുന്നില്ല അത്. ‘ഒന്നാം ഇന്‍തിഫാദയെ സംബന്ധിച്ച നിന്റെ സങ്കല്‍പങ്ങള്‍ യാഥാര്‍ഥ്യമാണ്, എന്നാല്‍ നീ വന്ന സമയം ശരിയായില്ല’ എന്ന് ബൈത് സാഹൂറിലെ ചിലര്‍ എന്നോട് പറഞ്ഞു. ‘ദ വാന്റഡ് 18’ലൂടെ പ്രേക്ഷകരെ ആ അനുഭവങ്ങളിലേക്ക് മടക്കി കൊണ്ടുപോവുകയാണ്. സിനിമ നിര്‍മിക്കുന്നതിന് വേണ്ട എല്ലാവിധ സഹായവും അവരില്‍ നിന്നും ലഭിച്ചു. ആര്‍ക്കൊക്കെ എന്തൊക്കെ റോള്‍ നല്‍കണമെന്നും എങ്ങനെയായിരിക്കണം അവരുടെ വസ്ത്രധാരണം, അവര്‍ ഒന്നാം ഇന്‍തിഫാദയെ പ്രതിനിധീകരിക്കേണ്ടത് എങ്ങനെയായിരിക്കണമെന്നുമുള്ള ഉപദേശ നിര്‍ദേശങ്ങള്‍ അവര്‍ നല്‍കി.

ബൈത്ത് സാഹൂറിലെ ജനങ്ങളുടെ ഒരു നാടകീയാവതരണമാണല്ലോ സിനിമയിലുടനീളം കാണുന്നത്?
നാടകീയമായ രീതിയില്‍ ഇന്‍തിഫാദയെ പുനസൃഷ്ടിക്കാനും വിവിധ തലമുറകള്‍ എങ്ങനെയായിരുന്നു അതിനെ സമീപിച്ചതെന്ന് കാണിക്കാനുമാണ് ഞാനുദ്ദേശിച്ചത്. ആളുകള്‍ വളരയധികം സഹകരിച്ചു. ഓരോ വീടും ഒരോ സ്റ്റുഡിയോകളായി മാറി. ഞങ്ങളെ വീടുകളിലേക്ക് ക്ഷണിക്കുകയും ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ചായ തന്ന് സല്‍ക്കരിക്കുകയുമെല്ലാം ചെയ്തു. സിനിമക്ക് ആവശ്യമായ പഠനം പൂര്‍ത്തീകരിക്കുന്നതിന് അഞ്ച് വര്‍ഷമെടുത്തു. സിനിമയുടെ കഥ നിരന്തരം ആളുകളുമായി പങ്കുവെക്കുകയും ചരിത്രം രേഖപ്പെടുത്തുന്നതില്‍ അവര്‍ പങ്കാളികളാവുകയും ചെയ്തു. ബൈത്ത് സാഹൂര്‍ പ്രദേശം ഒരു വലിയ ഓപറേഷന്‍ മുറി പോലെയായി മാറി.

ഷൂട്ടിംഗിന്റെ അവസാന ദിവസം ഒരു പ്രകടനം ചിത്രീകരിക്കാന്‍ ഞങ്ങള്‍ വിചാരിച്ചിരുന്നു. അമ്പത് ആളുകളെ ഞങ്ങള്‍ക്ക് അതിന് വേണ്ടിയിരുന്നു. ഞാന്‍ പ്രാദേശിക റേഡിയോ സ്‌റ്റേഷനില്‍ ചെന്ന് ഒരു ഇന്‍തിഫാദ ഗാനം ആവശ്യപ്പെട്ടു. പ്രസ്തുത രംഗത്തിന് വേണ്ടി കടും നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് വരാന്‍ ആളുകളോട് റേഡിയോയിലൂടെ ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇരുന്നൂറോളം ആളുകള്‍ അതിനായി ഒരുങ്ങി വന്നു. അവരില്‍ പലരും സഹസംവിധായകരെ പോലെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടേയിരുന്നു. സിനിമയുടെ ആഖ്യാനത്തിന്റെ ഉടമസ്ഥാവകാശം അവര്‍ക്ക് നല്‍കുന്നത് ഇതാണ്.

സിനിമ അവസാനിക്കുന്നത് എങ്ങിനെയാണ്?
സിനിമയുടെ അവസാനം ഞാന്‍ പ്രേക്ഷകന് വിട്ടു കൊടുക്കുകയാണ് ചെയ്തത്. നാം മരുഭൂമിയിലേക്കിറങ്ങി അന്വേഷിച്ചാല്‍ തിരിച്ചെത്താന്‍ തയ്യാറായി നില്‍ക്കുന്ന ഒരു പശുവാണ് അവസാന രംഗത്തിലുള്ളത്. ഒന്നാം ഇന്‍തിഫാദയുടെ സമയത്ത് യുവാക്കള്‍ ഇസ്രയേല്‍ സൈനികരില്‍ നിന്ന് അഭയം തേടിയത് ഇതേ മരുഭൂമിയിലായിരുന്നു. യേശു ക്രിസ്തു അഭയം തേടിയതും അവിടെയായിരുന്നു.

സിനിമയില്‍ ഫിക്ഷനും ഡോക്യുമെന്ററിക്കും ഇടയില്‍ ഒരു നേര്‍ത്ത രേഖയാണല്ലോ ഉള്ളത്?
ഒന്നാം ഇന്‍തിഫാദയെ സംബന്ധിച്ച ചരിത്ര രേഖകളൊന്നും നമ്മുടെ പക്കലില്ല. വിദേശികള്‍ ചിത്രീകരിച്ച രേഖയാണ് നമ്മുടെ പക്കലുള്ളത്. ഇസ്രയേല്‍ സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞ ഫലസ്തീനികളുടെയും ഫലസ്തീന്‍ കുട്ടികളുടെയും കൈകള്‍ തല്ലിത്തകര്‍ക്കുന്ന ചിത്രമാണ് അതില്‍ മികച്ചു നില്‍ക്കുന്നത്. ആളുകള്‍ നടത്തിയിരുന്ന നിയമലംഘനങ്ങള്‍ അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പിന്റെ ഭാഗമായിരുന്നു. ഒരു ബദല്‍ ചരിത്രരേഖ നിര്‍മിക്കാനുള്ള ശ്രമമാണ് ചിത്രത്തിലെ ആനിമേഷനിലൂടെ നടത്തുന്നത്. പശുക്കളുടെ ഓര്‍മയെ അടിസ്ഥാനപ്പെടുത്തി അവയുടെ കാഴ്ച്ചപ്പാടിലാണ് കഥ പറയുന്നത്. അക്കാലത്ത് ഫലസ്തീനികളേക്കാളുപരി പശുക്കളെയാണ് ‘പടിഞ്ഞാറ്’ തിരിച്ചറിഞ്ഞത്. ഇസ്രയേല്‍ അധിനിവേശത്തിന് കീഴില്‍ പശുക്കള്‍ എങ്ങനെ ജീവിച്ചു എന്നതാണ് സിനിമ വിവരിക്കുന്നത്.

സിനിമയിലെ സ്ത്രീ-പുരുഷ വ്യവഹാരങ്ങളെ കുറിച്ചെന്ത് പറയുന്നു?
ആന്റണിന്റെ അമ്മയും സഹോദരിയും സിഹാമും സിനിമയിലെ ശക്തമായ കഥാപാത്രങ്ങളാണ്. ആളുകള്‍ സ്വന്തം കഥകള്‍ ഞങ്ങളോട് പറയുകയും കരയുകയും ചെയ്യാറുണ്ടായിരുന്നു. പുരുഷന്‍മാര്‍ വരെ കരഞ്ഞിരുന്നു. എന്നാല്‍ ആന്റണിന്റെ അമ്മ കരഞ്ഞിരുന്നില്ല. അവരുടെ കണ്ണുനീര്‍ വറ്റിപ്പോയതു പോലെയായിരുന്നു. സിനിമയുടെ ഒരുക്കങ്ങള്‍ക്കായി ആളുകളെ ഞങ്ങള്‍ സമീപിച്ചപ്പോള്‍ വ്യത്യസ്തമായ കാഴ്ച്ചപാടുകളായിരുന്നു സ്ത്രീകള്‍ പങ്കുവെച്ചിരുന്നത്. സഹാനുഭൂതിയുടെ പുതിയ ഇടങ്ങള്‍ തുറക്കുന്ന രീതിയിലാണ് സിഹാം കഥ പറയുന്നത്. ഒന്നാം ഇന്‍തിഫാദയുടെ കാലത്ത് ഇസ്രയേല്‍ അധിനിവേശത്തിനെതിരെ നടന്ന പ്രകടനങ്ങളുടെ മുന്‍ നിരയില്‍ സ്ത്രീകളും ഉണ്ടായിരുന്നു.

താങ്കള്‍ ഒന്നാം ഇന്‍തിഫാദക്ക് ഇത്രത്തോളം പ്രാധാന്യം കൊടുക്കുന്നതെന്തുകൊണ്ട്?
അക്കാലത്തെ പുനര്‍നിര്‍മിക്കാനും എന്റെ കുട്ടിക്കാലത്തിന്റെ ഓര്‍മകളിലേക്കും ചരിത്രത്തിലേക്കും മടങ്ങി പോകാനും സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഭൂതകാലത്തിലേക്ക് മടങ്ങിപ്പോവുകയോ അതിനെ അപ്പടി ചിത്രീകരിക്കുകയോ അല്ല സിനിമ ചെയ്യുന്നത്. മുന്നോട്ടുള്ള ഗമനം സാധ്യമാകുന്നതിന് ഭൂതകാലത്തെ മനസ്സിലാക്കാനുള്ള ശ്രമമാണത്. അന്ന് ജനങ്ങള്‍ക്ക് ഒരു ബദല്‍ മാര്‍ഗം ആവശ്യമായിരുന്നു. തീവ്രമായ രണ്ട് മാര്‍ഗങ്ങള്‍ അവരുടെ മുന്നിലുണ്ടായിരുന്നു. പലായനവും പൊട്ടിത്തെറിക്കലുമായിരുന്നു അവ. അധിനിവേശത്തിന്റെ ഉപകരണമായി മാറാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഇങ്ങനെയുള്ള ഭൂതകാലത്തില്‍ നിന്നും വരുന്നത് കൊണ്ടാണ് അതിനോട് പ്രത്യേക താല്‍പര്യം.

ഇസ്രയേല്‍ ബഹിഷ്‌കരണ പ്രസ്ഥാനമായ BDS മായി എങ്ങനെയാണ് നിങ്ങളുടെ സിനിമ ബന്ധപ്പെട്ടു കിടക്കുന്നത്?
ബീര്‍സൈത്ത് യൂണിവേഴ്‌സിറ്റിയിലും കാനഡയിലും ബ്രിട്ടനിലും ഞാന്‍ പഠിച്ചിട്ടുണ്ട്. ബഹിഷ്‌കരണ പ്രസ്ഥാനത്തിന് വേണ്ടി ചില പോസ്റ്ററുകള്‍ ഞാന്‍ ഡിസൈന്‍ ചെയ്തിരുന്നു. ഇന്ന് വളരെ ശക്തമാണ് ആ പ്രസ്ഥാനം. ഒന്നാം ഇന്‍തിഫാദയുടെ സമയത്ത് ബദല്‍ സമര്‍പ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു അതിന്റെ ഫലമായി ഉണ്ടായതാണ് നിയമ ലംഘനം.

ന്യൂയോര്‍ക്കില്‍ നടന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് വിസ ലഭിക്കുന്നതിനായി ജറൂസലേമിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നതിന് ഇസ്രയേല്‍ താങ്കള്‍ക്ക് അനുമതി നിഷേധിച്ചുവല്ലോ, അതിനെ കുറിച്ച് എന്ത് പറയുന്നു?
ജറൂസലേമില്‍ പ്രവേശിക്കുന്നതിനായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ പകുതിയും സുരക്ഷയുടെ പേരില്‍ തള്ളുകയാണ് ചെയ്യാറുള്ളത്. അമ്മാന്‍ വഴി എനിക്ക് രാജ്യം വിടാമായിരുന്നു. പക്ഷേ, ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ജറൂസലേമില്‍ എനിക്ക് പ്രവേശനം അനുവദിച്ചില്ല. സുരക്ഷാ ഭീഷണിയുടെ പേരിലായിരുന്നില്ല അത്, മറിച്ച് ഒരു വിഭാഗത്തിനെതിരെയുള്ള ശിക്ഷയുടെ പേരിലായിരുന്നു. സിനിമയില്‍ പശുക്കള്‍ പോലും സുരക്ഷാ ഭീഷണിയാണല്ലോ.

മൊഴിമാറ്റം: നസീഫ്‌

Related Articles